Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാഗി ആയിരങ്ങളിൽ ഒരുവൻ മാത്രം; മിക്ക ബ്രാൻഡുകളും വിഷം തന്നെ; പരിശോധന ഒഴിവാക്കിയും കൈക്കൂലി വാങ്ങിയും ഇന്ത്യക്കാരനെ വിഷം തീറ്റിക്കുന്നത് ഇങ്ങനെ

മാഗി ആയിരങ്ങളിൽ ഒരുവൻ മാത്രം; മിക്ക ബ്രാൻഡുകളും വിഷം തന്നെ; പരിശോധന ഒഴിവാക്കിയും കൈക്കൂലി വാങ്ങിയും ഇന്ത്യക്കാരനെ വിഷം തീറ്റിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാഗി വാങ്ങിക്കഴിക്കണമെന്ന് വാശിപിടിക്കുന്ന കുഞ്ഞുങ്ങളെ ഇനി രക്ഷിതാക്കൾ കണ്ണുരുട്ടി പേടിപ്പിക്കുമെന്നുറപ്പാണ്. അതിലും ഭേദം വിഷം വാങ്ങിക്കഴിക്കുന്നതാണെന്ന് അവരോട് പറഞ്ഞെന്നും വരും. വീണ്ടും വാശി തുടരുന്ന കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാനായി മറ്റേതെങ്കിലുമൊരു നൂഡിൽസ് വാങ്ങി നൽകുകയും ചെയ്യും...!!.

എന്നാൽ കടുത്ത വിഷാംശമുണ്ടെന്ന് തെളിഞ്ഞിരിക്കുന്ന മാഗി അത്തരം ഭക്ഷ്യബ്രാൻഡുകളിൽ ഒന്നു മാത്രമാണെന്ന് എത്ര പേർക്കറിയാം. മിക്കബ്രാൻഡുകളിലും വിഷം തന്നെയാണുള്ളതെന്നറിയാവുന്നവർ വിരളമാണ്. മാഗിക്ക് പുറമെ മറ്റ് നിരവധി നൂഡിൽസ് ബ്രാൻഡുകളിൽ വിഷമുണ്ടെന്ന് സൂചനകൾ ലഭിച്ചിട്ടുണ്ട്. വിഷാംശമുള്ള ബ്രാൻഡുകളിൽ മാഗി ആയിരങ്ങളിൽ ഒന്നു മാത്രമാണ്. മിക്ക ബ്രാൻഡുകളും വിഷം തന്നെയാണുള്ളത്. മിക്കകമ്പനികളും ഉദ്യോഗസ്ഥന്മാരെ ചാക്കിട്ട് പിടിച്ച് പരിശോധന ഒഴിവാക്കുകയാണ് ചെയ്യുന്നത്. സർക്കാർ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥന്മാർ കൈക്കൂലി വാങ്ങി ഇന്ത്യക്കാരനെ വിഷം തീറ്റിക്കാൻ കൂട്ട് നിൽക്കുകയും ചെയ്യുന്നു.

മാഗിക്കൊപ്പം മറ്റ് 20 നൂഡിൽസ് ബ്രാൻഡുകളെയും ഡൽഹി ഫുഡ് ആൻഡ് ഡ്രഗ് ഡിപ്പാർട്ട്‌മെന്റ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അവയുടെ ഫലം അടുത്തയാഴ്ച പുറത്ത് വരാനിരിക്കുകയുമാണെന്നാണ് കെകെ ജിൻഡാൽ പറയുന്നത്.നാം നിത്യവും ഉപയോഗിക്കുന്ന നൂഡിൽസ് ബ്രാൻഡുകളും ഇവയിൽ ഉൾപ്പെട്ടിരിക്കാം. അവയിൽ പലതും വിഷമാണെന്ന് നാം അടുത്ത ആഴ്ച അറിഞ്ഞ് ഞെട്ടുകയും ചെയ്യും. ബ്രാൻഡഡ് പാസ്റ്റ, മാകറോണി പ്രൊഡക്ടുകൾ എന്നിവയും പരിശോധിക്കുമെന്നാണ് ദി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പറയുന്നത്. എന്നാൽ ഇവയുടെ ബ്രാൻഡ് അംബാസിഡർമാർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നും എഫ്എസ്എസ്എഐ പറയുന്നു. തിങ്കളാഴ്ച ഈ ഗണത്തിൽ പെട്ട എല്ലാം നൂഡിൽസുകള ുടെയും മാകറോണി, പാസ്റ്റ എന്നിവയുടെയും ബ്രാൻഡുകൾ പ്രഖ്യാപിക്കുമെന്നാണ് എഫ്എസ്എസ്എഐ സിഇഒ ആയ യുദ്വീർ സിങ് പറയുന്നത്. ഇവയെല്ലാം എഫ്എസ്എസ്എഐയിൽ നിന്നും വിൽപനാനുമതി നേടിയവയുമാണ്.

എന്തിന് നൂഡിൽസ് ബ്രാൻഡുകളിലൊതുക്കണം, നമ്മുടെ മുന്നിൽ മനോഹരമായ പായ്ക്കുകളിലും അല്ലാതെയുമെത്തുന്ന മിക്ക ഭക്ഷ്യവസ്തുക്കളിലും ആളെക്കൊല്ലികളായ മാരകവിഷങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഒളിഞ്ഞും തെളിഞ്ഞും സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇവിടെ കർക്കശമായ ഭക്ഷ്യസുരക്ഷാ നിയമങ്ങളുണ്ടെങ്കിലും അതെല്ലാം നോക്കുകുത്തികളായിച്ച് ഏറെ വർഷങ്ങളായി.പരിശോധന ഒഴിവാക്കിയും കൈക്കൂലി വാങ്ങിയും അധികൃതർ ഇത്തരം ഭക്ഷണവ്യഭിചാരങ്ങൾക്ക് കൂട്ടു നിൽക്കുകകയാണെന്ന് നിസ്സംശയം പറയാം.

ഏതൊരു രാജ്യത്തിന്റെയും തലസ്ഥാനമാണ് എല്ലാ കാര്യത്തിലും രാജ്യത്തിനാകമാനം മാതൃകയാവേണ്ടത്. എന്നാൽ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനയുടെ കാര്യത്തിൽ ഡൽഹിയിൽ ദയനീയമായ അവസ്ഥയാണ് നിലനിൽക്കുന്നത്. അതായത് ഇവിടെ ആവശ്യത്തിന് വേണ്ട ഭക്ഷ്യസുരക്ഷാ ഓഫീസർമാർ ഇല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനാൽ മാഗിയിലെ വിഷാംശത്തെക്കുറിച്ചുള്ള വാർത്തകളുടെ പശ്ചാത്തലത്തിൽ ഡൽഹിനിവാസികൾ കനത്ത ഭയാശങ്കകളിലാണ് ഇപ്പോൾ കഴിയുന്നത്. തങ്ങൾ വാങ്ങിക്കഴിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ എത്രത്തോളം വിഷമയമാണെന്ന ഭയമാണ് ഡൽഹിയിലെ മിക്കവരെയും അലട്ടുന്നത്. യഥാർത്ഥത്തിൽ ഇവിടെ 32 ഫുഡ് സേഫ്റ്റി ഓഫീസർമാരാണ് വേണ്ടത്. എന്നാൽ ഇതിൽ 20 ലപോസ്റ്റുകളും ഇപ്പോൾ ഒഴിഞ്ഞ് കിടക്കുകയാണെന്നാണ് പുതിയറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഒഴിവുകൾ വന്നിട്ട് ഒരു വർഷമായിട്ടും അത് നികത്തിയിട്ടില്ലെന്നതാണ് ദയനീയമായ വസ്തുത. ഡൽഹിയിൽ മാത്രമല്ല രാജ്യത്തിന്റെ പലഭാഗങ്ങളിലും ഏറെക്കൂറെ ഇതേ സ്ഥിതിയാണുള്ളത്.

ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ടിട്ടുള്ള ഏതൊരു പരിശോധനയ്ക്കും ചുമതലപ്പെടുത്തിയ ഓഫീസറെ സഹായിക്കുകയാണ് ഒരു ഫുഡ് സേഫ്റ്റി ഓഫീസറുടെ കർത്തവ്യം. ഫീൽഡിൽ പോയുള്ള പരിശോധന, ഭക്ഷ്യസാംപിളുകൾ ശേഖരിക്കൽ,നിയമം ലംഘിക്കുന്നവരെ കോടതിക്ക് മുന്നിലെത്തിക്കുന്നതിന് ചുക്കാൻ പിടിക്കുക തുടങ്ങിയ നിരവധി കർത്തവ്യങ്ങൾ ഒരു ഫുഡ് സേഫ്റ്റി ഓഫീസറിൽ നിക്ഷിപ്തമാണ്. ഇത്തരം സ്റ്റാഫുകൾ വേണ്ടത്രയില്ലെങ്കിൽ ഒരു പ്രദേശത്തെ ഭക്ഷ്യസുരക്ഷാ പരിശോധന താറുമാറാകുകയും ജനങ്ങളുടെ ആരോഗ്യത്തിന് കനത്ത വില നൽകേണ്ടി വരുമെന്നും ഉറപ്പാണ്. അതുപോലെത്തന്നെ ഫുഡ് അനലിസ്റ്റകളുടെ 70 ശതമാനം പോസ്റ്റുകളും ഒഴിഞ്ഞ് കിടക്കുകയാണ്. ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കൾ ശേഖരിക്കുകയും അതനുസരിച്ച് റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യുന്നത് ഇവരാണ്. അതിനാൽ ഇതൊരു മാഗിയുടെ മാത്രം പ്രശ്‌നമല്ലെന്ന് സ്ഥാപിക്കാനാണ് ഇത്രയും പറഞ്ഞത്. രാജ്യത്തെ ഭക്ഷ്യ സുരക്ഷാമേഖലയാകെ കുത്തഴിഞ്ഞു കിടക്കുകയാണെന്ന് നിസ്സംശയം തെളിഞ്ഞിരിക്കുകയാണ്.

നിത്യേനയെന്നോണം നാം വിഷാംശം കലർ നിരവധി ബ്രാൻഡുകളാണ് അറിയാതെ അകത്താക്കുന്നത്. ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാൻ വേണ്ടത്ര ഫുഡ് ഇൻസ്‌പെക്ടർമാരെ നിയോഗിക്കുന്നതിലും സർക്കാർ സംവിധാനം പരാജയപ്പെട്ടിരിക്കുകയാണ്. ഉദാഹരണത്തിന് ഡൽഹിയിലെ ഫുഡ് ഇൻസ്‌പെക്ടർമാരുടെ തസ്തികയിൽ 60 ശതമാനവും ഇപ്പോഴും ഒഴിഞ്ഞ് കിടക്കുകയാണ്. അക്കാരണത്താൽ ഭക്ഷ്യവസ്തുക്കളും വിഭ വങ്ങളും ഉൽപന്നങ്ങളും വേണ്ടവിധം പരിശോധിക്കാൻ സാധിക്കുന്നില്ല. പല വിഷഭക്ഷണങ്ങളും തീരെ പരിശോധനയ്ക്ക് വിധേയമാകു്ന്നു പോലുമില്ല.

സർക്കാരിന്റെ ഫുഡ് ആൻഡ് ഡ്രഗ് ഡിപ്പാർട്ട്‌മെന്റിന് മാസത്തിൽ 125 ഭക്ഷ്യസാംപിളുകളെങ്കിലും പരിശോധനയ്ക്കായി ലഭിക്കുന്നുണ്ട്. 2014 2015 വർഷത്തിൽ ഡിപ്പാർട്ട്‌മെന്റ് 1480 സാംപിളുകളെങ്കിലും പരിശോധനയ്ക്കയച്ചിരുന്നു. വിവിധ ബ്രാൻഡുകളിലുള്ള ഭക്ഷ്യ വിഭവങ്ങൾ ഇതിലുൾപ്പെട്ടിരുന്നു.തലസ്ഥാനത്ത് മൊത്തം 11 ജില്ലകളിലുമായി ആകെ 12 ഫുഡ് സേഫ്റ്റി ഓഫീസർമാർ മാത്രമാണുള്ളത്. പതിവ് പരിശോധനകൾക്ക് പുറമെ മറ്റ് ഡ്യൂട്ടികൾ കൂടി ചെയ്യാൻ ഇവർ നിർബന്ധിതരാകുന്നുണ്ട്.ഇതിൽ രണ്ട് ഫുഡ് ഓഫീസർമാരെയെങ്കിലും എല്ലാ മാസത്തിലും വിഐപി ഡ്യൂട്ടിക്കായി നിയോഗിക്കുന്നുണ്ടെന്നാണ് ഡൽഹിയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫുഡ് സേഫ്റ്റിയിലെ കമ്മീഷണറായ കെകെ ജിൻഡാൽ പറയുന്നത്.

ഫുഡ് സേഫ്റ്റി ഡിപ്പാർട്ട് മെന്റിന് ഏതെങ്കിലുമൊരു ഭക്ഷ്യവിഭവത്തെച്ചൊല്ലി ജനങ്ങളുടെ പരാതിയെത്തുടർന്നും നടപടികൾ സ്വീകരിക്കാവുന്നതാണ്. ഈ പരാതി ഡിസ്ട്രിക്ട് ഓഫീസർക്ക് കൈമാറപ്പെടുകയും അയാളും ഫുഡ് സേഫ്റ്റി ഓഫീസറും കൂടി അവിടെ പോയി പരിശോധന നടത്തി സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ഫുഡ് അനലിസ്റ്റിന്റെ അടുത്തേക്ക് പരിശോധനയ്ക്കായി അയക്കുകയും ചെയ്യും. എന്നാൽ വേണ്ടത്ര ഉദ്യോഗസ്ഥന്മാർ ഇല്ലാത്തതിനാൽ ഈ പ്രക്രിയകളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ഡൽഹിയിൽ നിരവധി ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ ഉള്ളതിനാൽ ഇത്തരം ഓഫീസർമാരുടെ ലഭ്യത തലസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. ഉദ്യോഗസ്ഥന്മാരില്ലാത്തതിനാൽ പരിശോധനയ്ക്കയക്കുന്ന സാംപിളുകളുടെ ഫലം അറിയാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നതും പ്രശ്‌നമുണ്ടാക്കുന്നുണ്ട്.

നിലവാരം കുറഞ്ഞ ഏത് നൂഡിൽ ബ്രാൻഡിനെതിരെയും കർക്കശമായ നടപടിയെടുക്കുമെന്നാണ് ശനിയാഴ്ച ഹിമാചൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മിസോറാം മാഗിയുടെ ഇറക്കുമതിയും വിൽപനയും ഇന്ന് മുതൽ നിരോധിച്ചിട്ടുണ്ട്. മോഗ പ്ലാന്റിൽ നിന്നുള്ള മാഗിയുടെ ഒമ്പത് അംഗീകൃത വേരിയന്റുകൾ ശനിയാഴ്ച മുതൽ പഞ്ചാബ് സർക്കാർ നിരോധിച്ചിരിക്കുന്നു.ഒരു വർഷക്കാലത്തേക്കാണീ നിരോധനം. ഇന്ത്യയിൽ നിർമ്മിക്കുന്ന മാഗി നൂഡിൽസ് നെസ്റ്റിൽ കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. എന്നാൽ ഇന്ത്യൻ ഉപഭോക്താക്കൾക്കായി വിൽക്കുന്ന ഉൽപന്നമേ അല്ല ഇതെന്നാണ് തെളിഞ്ഞിട്ടുള്ളത്.

ഇതിന്റെ ഫ്‌ലേവറുകൾ ഒരുപോലെയാണെങ്കിലും ഗുണമേന്മയിൽ വളരെയേറെ വ്യത്യാസമുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്. കയറ്റുമതിക്ക് വേണ്ടി അതീവ ഗുണമേന്മകൾ പാലിച്ച ്‌കൊണ്ടാണിത് തയ്യാറാക്കിയതെന്നും തെളിഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കനേഡിയൻ ഫുഡ് ആൻഡ് ഇൻസ്‌പെക്ഷൻ ഏജൻസി മാഗി നൂഡിൽസിന് മുകളിൽ കർക്കശ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ മാഗിയുടെ നെറികെട്ട നിലപാടാണ് വ്യക്തമാകുന്നത്. അതായത് ഇന്ത്യക്കാരെ എന്ത് വിഷം തീറ്റിച്ചാലും ആരും ചോദിക്കില്ലെന്നും എന്നാൽ കാനഡയിൽ അത് നടക്കില്ലെന്നും മാഗിക്ക് നന്നായറിയാം.

ഈ ഒരു നയമാണ് മിക്ക ബ്രാൻഡുകളും പിന്തുടരുന്നതെന്ന് പറഞ്ഞാൽ അത് തെറ്റാവില്ല. ഇത് തടയാൻ ഇവിടുത്തെ ഭക്ഷ്യനയങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നിലവിലുള്ള നിയമങ്ങളെ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കുകയും വേണം. അല്ലെങ്കിൽ ഇനിയും കോടിക്കണക്കിന് ജനങ്ങളെ വിഷം തീറ്റിക്കാൻ വിവിധ ബ്രാൻഡുകൾ ആട്ടിൻ തോലിട്ട ചെന്നായകളെപ്പോലെ പൊട്ടിമുളച്ച് കൊണ്ടേയിരിക്കും. ഒരു തലമുറയെ തന്നെ മാറാരോഗത്തിന്റെ പിടിയിലേക്ക് തള്ളിവിടുന്ന നടപടിയായിരിക്കുമിത്. കോടികൾ പ്രതിഫലം വാങ്ങി ഇവിടുത്തെ താരങ്ങൾ തന്നെ ഇവ വിൽക്കാൻ ബ്രാൻഡ് അംബാസിഡർമാരുടെ കുപ്പായവുമിട്ട് ഇറങ്ങിത്തിരിക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP