Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാളയാറെ വിഷമദ്യ ദുരന്തം അനാഥമാക്കിയത് മൂന്നു കുരുന്നുകളെ; രാവിലെ കട്ടിലിൽ നിന്നും ഉണരാതെ പിതാവു കിടന്നപ്പോൾ മക്കൾ കരുതിയത് ഉറക്കമായിരിക്കുമെന്ന്; മരിച്ചെന്ന് അറിഞ്ഞത് ബന്ധുക്കൾ പറഞ്ഞപ്പോൾ; മദ്യ ദുരന്തത്തിലെ കണ്ണീർകാഴ്‌ച്ചയായി കുരുന്നുകൾ

വാളയാറെ വിഷമദ്യ ദുരന്തം അനാഥമാക്കിയത് മൂന്നു കുരുന്നുകളെ; രാവിലെ കട്ടിലിൽ നിന്നും ഉണരാതെ പിതാവു കിടന്നപ്പോൾ മക്കൾ കരുതിയത് ഉറക്കമായിരിക്കുമെന്ന്; മരിച്ചെന്ന് അറിഞ്ഞത് ബന്ധുക്കൾ പറഞ്ഞപ്പോൾ; മദ്യ ദുരന്തത്തിലെ കണ്ണീർകാഴ്‌ച്ചയായി കുരുന്നുകൾ

മറുനാടൻ മലയാളി ബ്യൂറോ

വാളയാർ: വാളയാർ കഞ്ചിക്കോട് മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ജില്ലാ ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികത്സയിൽ കഴിഞ്ഞിരുന്ന അരുണാണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ചെല്ലങ്കാവ് കോളനിയിലെ അയ്യപ്പന്റെ മകനാണ് അരുൺ. മായംപള്ളം ചെല്ലങ്കാവ് കോളനിയിലെ മുരുകൻ, ശിവകുമാർ, മൂർത്തി എന്നിവരാണ് മരിച്ച മറ്റുള്ളവർ. ഈ മരണങ്ങളോട് അനാഥമായി ഒറു പറ്റം കുടുംബങ്ങളാണ്. പറക്കമുറ്റാത്ത കുരുന്നുകളെ തനിച്ചാക്കിയാണ് ശിവകുമാർ വിഷമദ്യത്തിന് കീഴടങ്ങിയത്. അച്ഛൻ മരിച്ചെന്ന് പോലും ഈ കുരുന്നുകൾക്ക് ബോധ്യമായിരുന്നില്ല. ബന്ധുക്കൾ പറയുമ്പോഴാണ് പിതാവ് തങ്ങളെ വിട്ടുപോയ വിവരം ചെല്ലങ്കാവ് കോളനിയിലെ മൂന്നു കുരുന്നുകൾ അറിയുന്ന്.

ഇനി രണ്ട് ആങ്ങളമാർക്ക് കൂട്ടായി ആകെയുള്ളത് മൂന്നുവയസ്സുകാരി പെങ്ങൾ മാത്രം. ഒന്നും തിരിച്ചറിയാനുള്ള പ്രായമായിട്ടില്ല. കഴിഞ്ഞ ദിവസം പിതാവ് വീട്ടിൽ വന്നു കിടക്കുമ്പോൾ നല്ല ഉറക്കത്തിലായിരുന്നു ഇവർ. തിങ്കളാഴ്ച രാവിലെയാണ് ശിവനെ ഈ കട്ടിലിൽ മരിച്ചനിലയിൽ കണ്ടത്. അച്ഛൻ ഉറങ്ങിക്കിടക്കുകയാണ് എന്നാണ് മക്കൾ കരുതിയത്. വീട്ടിലെത്തിയ ബന്ധുക്കളിൽ ഒരാളാണ് വിവരം അയൽവാസികളെ അറിയിച്ചത്. മൃതദേഹം വീട്ടിൽനിന്ന് പോസ്റ്റ്‌മോർട്ടത്തിനായി എടുത്തപ്പോൾ കുട്ടികളെ അടുത്തുള്ള മൂപ്പന്റെ വീട്ടിലേക്ക് മാറ്റി. അച്ഛൻ മരിച്ചുവെന്നോ, തങ്ങൾ തീർത്തും ഒറ്റപ്പെട്ടുവെന്നോ ഒന്നും അവർക്ക് അറിവുണ്ടായിരുന്നില്ല.

പതിവില്ലാതെ വീടിനുമുന്നിൽ പലരും എത്തിയതോടെ കൂട്ടത്തിൽ ചെറിയവൾ എന്താണെന്ന് അറിയാതെ ചുറ്റും നോക്കി. വീട്ടുമുറ്റത്തെ കട്ടിലിൽനിന്ന് ശിവന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റാൻ ഒരുക്കം നടക്കുകയായിരുന്നു അപ്പോൾ. ഇവരുടെ അമ്മയെ കണ്ടിട്ടുതന്നെ രണ്ടുവർഷമായി. ഇവരുടെ അമ്മ ശിവനെയും കുട്ടികളെയും ഉപേക്ഷിച്ച് രണ്ടുവർഷംമുമ്പ് പോയതാണ്. അമ്മയില്ലാത്ത മക്കൾക്ക് ഏക ആശ്രസം പിതാവ് ശിവനായിരുന്നു.

അച്ഛനും വേണ്ടത്ര ശ്രദ്ധ കുഞ്ഞുങ്ങൾക്ക് കൊടുത്തിരിന്നില്ല. വീട്ടിൽ അടുപ്പ് പുകയുന്നത് വല്ലപ്പോഴുംമാത്രം. ഇളയ പെൺകുട്ടി അങ്കണവാടിയിലും മൂത്ത രണ്ടുപേരും സ്‌കൂളിലും പോയിരുന്നു. പകൽ കുട്ടികൾ വിശന്നുവലഞ്ഞ് കരയാൻപോലുമാവാതെ ഇരിക്കുമ്പോൾ ബന്ധുക്കളും അയൽപക്കക്കാരുമൊക്കെയാണ് ഭക്ഷണം നൽകുന്നത്. രാവിലെ കൂലിപ്പണിക്കുപോയാൽ ശിവൻ വരുന്നത് രാത്രി ഏറെ വൈകി. ചിലപ്പോൾ അത്താഴം ഉണ്ടാക്കും. അപ്പോഴേക്കും കുട്ടികൾ വിശന്നുതളർന്ന് കിടന്നുറങ്ങിക്കാണും.

വീടെന്ന് പറയാൻ പറ്റാത്ത ഒരു കുരയാണ് ഇവർക്കുള്ളത്. മൂന്നോ നാലോ പാത്രങ്ങൾ, ഓലമറയും ചുടുകട്ടയും വേർതിരിക്കുന്ന ഭിത്തി. മുഷിഞ്ഞ കുറച്ച് വസ്ത്രങ്ങളൊഴിച്ചാൽ ഒറ്റമുറിവീടിനകത്ത് മറ്റൊന്നുമില്ല. വൈദ്യുതിയുണ്ടെങ്കിലും ഉപകരണങ്ങളൊന്നുമില്ല. പേരിന് ഒരു ബൾബുമാത്രം മേൽക്കൂരയിൽ തൂങ്ങുന്നു. കോളനിയിലെ മിക്കവാറും വീടുകളുടെ അവസ്ഥ ഇങ്ങനെത്തന്നെയാണ്.

മദ്യത്തിന് വീര്യം കൂട്ടാൻ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചതാണ് മരണത്തിന് ഇടയാക്കിയത് എന്നാണ് പുറത്തുവരുന്ന സൂചനകൾ. കൃത്രിമ മദ്യം കഴിച്ചതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ആന്തരീകാവയവങ്ങളുടെ രാസപരിശോധനാ ഫലം കൂടി ലഭ്യമാവുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും.

മദ്യത്തിന് വീര്യം കൂട്ടാൻ സാനിറ്റൈസറോ സ്പിരിറ്റോ ഉപയോഗിച്ചെന്നാണ് കരുതുന്നത്. കഴിച്ച മദ്യത്തിന് നിറത്തിലും രുചിയിലും വ്യത്യാസമുണ്ടായിരുന്നെന്നും സോപ്പ് ചുവയുള്ള ദ്രാവകമാണ് കുടിച്ചതെന്നും ആശുപത്രിയിൽ കഴിയുന്നവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കോളനിയിൽ കൃത്രിമ മദ്യം നൽകിയ ശിവകുമാർ മരിച്ചതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. എവിടെനിന്നാണ് വ്യാജ മദ്യമെത്തിയതെന്ന് മനസ്സിലാക്കാൻ ഇനിയും സാധിച്ചിട്ടില്ല. സിഐ മാരുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായാണ് പൊലീസ് അന്വേഷണം. ജില്ലാ പൊലീസ് മേധാവി ജി ശിവ വിക്രം ഐപിഎസ് ചെല്ലങ്കാവ് കോളനിയിലെത്തിയിരുന്നു.

ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിൽ എക്സൈസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശിവകുമാർ ചാരായം വാറ്റാറുണ്ടെന്ന് കോളനിവാസികൾ മൊഴി നൽകിയിരുന്നെങ്കിലും വാറ്റുന്നതിനുപയോഗിക്കുന്ന സാമഗ്രികളൊന്നും കണ്ടെത്താനായില്ല. മദ്യത്തിലെ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ട് മദ്യം കഴിക്കാതിരുന്നവരാണ് രക്ഷപ്പെട്ടത്. മരിച്ചവരെല്ലാം സംഭവദിവസം വലിയ തോതിൽ മദ്യപിച്ചിരുന്നതായും കോളനിയിലുള്ളവർ പൊലീസിനോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP