Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്; സിബിഐ അന്വേഷണ ആവശ്യത്തെ മുഖ്യമന്ത്രി പിന്തുണച്ചതായി വാളയാറിലെ മാതാപിതാക്കൾ; കേസിലെ മുഖ്യപ്രതി മധു കുറ്റക്കാരനാണെന്നും കേസിൽ പുനരന്വേഷണം വേണമെന്നും സഹോദരൻ ഉണ്ണിക്കൃഷ്ണൻ; മധു സിപിഎം പ്രവർത്തകനാണ്, പിറന്നാൾ ദിവസം വീട്ടിലെത്തിയപ്പോൾ പെൺകുട്ടികളെ മധു ഉപദ്രവിച്ചെന്ന് അവരുടെ അമ്മ പറഞ്ഞിരുന്നു; മധുവിനെ കസ്റ്റഡിയിലെടുത്ത ദിവസം പൊലീസിനോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ

മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഞങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ട്; സിബിഐ അന്വേഷണ ആവശ്യത്തെ മുഖ്യമന്ത്രി പിന്തുണച്ചതായി വാളയാറിലെ മാതാപിതാക്കൾ; കേസിലെ മുഖ്യപ്രതി മധു കുറ്റക്കാരനാണെന്നും കേസിൽ പുനരന്വേഷണം വേണമെന്നും സഹോദരൻ ഉണ്ണിക്കൃഷ്ണൻ; മധു സിപിഎം പ്രവർത്തകനാണ്, പിറന്നാൾ ദിവസം വീട്ടിലെത്തിയപ്പോൾ പെൺകുട്ടികളെ മധു ഉപദ്രവിച്ചെന്ന് അവരുടെ അമ്മ പറഞ്ഞിരുന്നു; മധുവിനെ കസ്റ്റഡിയിലെടുത്ത ദിവസം പൊലീസിനോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചതായി അവർ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്നു മാത്രമാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു. അതിനു വേണ്ട എല്ലാ സൗകര്യവും ചെയ്തുനൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. മുഖ്യമന്ത്രിയുടെ ഉറപ്പിൽ തങ്ങൾക്കു വിശ്വാസമുണ്ട്. കൂടിക്കാഴ്ചയിൽ പൂർണ തൃപ്തിയുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു.

ഇനി ഒരു അച്ഛനും അമ്മയും ഇങ്ങനെ നിൽക്കേണ്ടി വരരുത്. ഞങ്ങളുടെ കുഞ്ഞുങ്ങൾക്കു നീതി കിട്ടണം. അതു മാത്രമാണ് ആവശ്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരത്തെ പറഞ്ഞതാണെന്നും മാതാപിതാക്കൾ പറഞ്ഞു. കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനൊപ്പമാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ കോടതിയെ സമീപിച്ചാൽ സർക്കാർ എതിർക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി പുന്നല ശ്രീകുമാർ പറഞ്ഞു.

അതേസമയം വാളയാർ കേസിലെ മുഖ്യപ്രതി മധു കുറ്റക്കാരനാണെന്ന് മധുവിന്റെ ജ്യേഷ്ഠൻ ഉണ്ണിക്കൃഷ്ണൻ. പ്രതികൾക്ക് ശിക്ഷ ലഭിക്കാതെ പോകുന്നത് ശരിയല്ല. കേസിൽ പുനരന്വേഷണം വേണമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മധു പെൺകുട്ടികളെ ഉപദ്രവിച്ചെന്ന് ഇവരുടെ അമ്മ നേരത്തെ തന്നോടു പറഞ്ഞിരുന്നു. ഇക്കാര്യം മധുവിനോടു സംസാരിച്ചതിനെ തുടർന്ന് വഴക്കുണ്ടായിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ കൂട്ടിച്ചേർത്തു.

മധു സിപിഎം പ്രവർത്തകനാണ്. പിറന്നാൾ ദിവസം വീട്ടിലെത്തിയപ്പോൾ പെൺകുട്ടികളെ മധു ഉപദ്രവിച്ചിരുന്നെന്ന് അവരുടെ അമ്മ തന്നോടു പറഞ്ഞിരുന്നു. മധുവിനെ കസ്റ്റഡിയിലെടുത്ത ദിവസം തന്നെയും പൊലീസ് കൊണ്ടുപോയിരുന്നു. ആ സമയത്ത് പൊലീസിനോട് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. കോടതിയിലും ഇക്കാര്യങ്ങൾ പറഞ്ഞിരുന്നെന്ന് ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി.

അതിനിടെ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷൻ വീഴ്ചയെ തുടർന്നാണെന്ന് ഹൈക്കോടതിയിൽ പാലക്കാട് സെഷൻസ് കോടതി ജഡ്ജിയുടെ റിപ്പോർട്ട്. മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും സെഷൻസ് കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് സെഷൻസ് ജഡ്ജി റിപ്പോർട്ട് നൽകിയത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചതിന് സെഷൻസ് കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

2017 ലാണ് മധുവിനും പ്രദീപ് കുമാറിനും ജാമ്യം ലഭിച്ചത്. റിമാൻഡ് നീട്ടുന്നതിനു വേണ്ടി സെഷൻസ് കോടതിയിൽ ഹാജരാക്കിയ ദിവസം ജാമ്യഹർജി കോടതിയിൽ സമർപ്പിക്കുകയും അന്നു തന്നെ ജാമ്യഹർജി കോടതി പരിഗണിക്കുകയും മധുവിന് ജാമ്യം അനുവദിക്കുകയും ചെയ്തു. ജാമ്യത്തിനുള്ള അപേക്ഷ നൽകി തൊട്ടടുത്ത ദിവസം പ്രദീപ് കുമാറിനും ജാമ്യം ലഭിച്ചിരുന്നു. ഇതിൽ അസ്വാഭാവികത ഉണ്ടായതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. പൊലീസിന്റെ അപേക്ഷയെ തുടർന്നാണ് ഹൈക്കോടതി സെഷൻസ് കോടതിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഇതിനെ തുടർന്ന് സെഷൻസ് ജഡ്ജി നൽകിയ റിപ്പോർട്ടിലാണ് പ്രോസിക്യൂഷൻ പ്രതികളുടെ ജാമ്യാപേക്ഷ എതിർത്തില്ല എന്ന് വ്യക്തമാക്കിയിരിക്കുന്നത്.

കേസിൽ കുറ്റപത്രം നൽകിക്കഴിഞ്ഞു, പ്രതികൾ 90 ദിവസത്തിലധികമായി പൊലീസ് കസ്റ്റഡിയിലാണ് എന്നീ രണ്ട് കാര്യങ്ങളാണ് ജാമ്യഹർജി കോടതിയുടെ പരിഗണനയ്ക്കെത്തിയപ്പോൾ പ്രോസിക്യൂട്ടർ കോടതിയുടെ മുന്നിൽ സമർപ്പിച്ചത്. കൂടാതെ ജാമ്യം നൽകുന്നതിന് പ്രോസിക്യൂട്ടർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുമില്ല. ഇതിനെ തുർന്നാണ് ജാമ്യം അനുവദിച്ചതെന്നാണ് സെഷൻസ് കോടതി ജഡ്ജി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ജാമ്യം റദ്ദാക്കി ഹൈക്കോടതി ഉത്തരവിടുന്ന സമയത്ത് വീണ്ടും സെഷൻസ് കോടതിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.

പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ച ദിവസം പ്രോസിക്യൂട്ടർ അവധിയിലായിരുന്നു എന്ന ആദ്യ റിപ്പോർട്ടിലെ വിവരം തിരുത്തിയാണ് രണ്ടാമത്തെ റിപ്പോർട്ട് സെഷൻസ് ജഡ്ജി നൽകിയത്. ഈ വിവരം ജാമ്യം റദ്ദാക്കിയ ഉത്തരവിൽ ഹൈക്കോടതി ചേർത്തിട്ടുമുണ്ട്. കേസിന്റെ ഗൗരവം മനസിലാക്കാതെ പ്രതികൾക്ക് ജാമ്യം അനുവദിച്ചതിന് കീഴ്ക്കോടതിക്ക് ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടി വരികയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP