Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഴിയരികിൽ ബസ് കാത്തു നിന്നയാളെ അകാരണമായി മർദ്ദിച്ചവശനാക്കി; പിറ്റേദിവസം മർദ്ദനമേറ്റയാൾ മരിച്ചു; നീതിതേടി ബന്ധു കോടതിയിൽ ചെന്നപ്പോൾ പിണറായിയുടെ പൊലീസ് പറഞ്ഞത് മർദ്ദനം കൃത്യനിർവ്വഹണത്തിന്റെ ഭാഗമെന്ന്; വാളയാർ പെൺകുട്ടികളുടെ കേസ് അന്വേഷിച്ചു ഇല്ലാതാക്കിയ ഡിവൈഎസ്‌പി എം ജെ സോജനെ കൊലക്കേസിൽ നിന്നും സർക്കാർ രക്ഷിച്ചെടുത്തത് ഇങ്ങനെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഡിവൈഎസ്‌പി പറഞ്ഞതായും ആരോപണം

വഴിയരികിൽ ബസ് കാത്തു നിന്നയാളെ അകാരണമായി മർദ്ദിച്ചവശനാക്കി; പിറ്റേദിവസം മർദ്ദനമേറ്റയാൾ മരിച്ചു; നീതിതേടി ബന്ധു കോടതിയിൽ ചെന്നപ്പോൾ പിണറായിയുടെ പൊലീസ് പറഞ്ഞത് മർദ്ദനം കൃത്യനിർവ്വഹണത്തിന്റെ ഭാഗമെന്ന്; വാളയാർ പെൺകുട്ടികളുടെ കേസ് അന്വേഷിച്ചു ഇല്ലാതാക്കിയ ഡിവൈഎസ്‌പി എം ജെ സോജനെ കൊലക്കേസിൽ നിന്നും സർക്കാർ രക്ഷിച്ചെടുത്തത് ഇങ്ങനെ; പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമെന്ന് ഡിവൈഎസ്‌പി പറഞ്ഞതായും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വാളയാറിൽ ദളിത് സഹോദരിമാർ പീഡനത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ട സംഭവം പൊലീസ്് വകുപ്പിനെതിരായ കടുത്ത പ്രതിഷേധം ഉയർത്തുന്ന സംഭവവമായി മാറുകയാണ്. വാളയാർ സഹോദരിമാർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും ക്യാമ്പെയ്നുകൾ ശക്തമാണ്. സംഭവത്തിൽ പൊലീസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. കേസ് അന്വേഷണിച്ച ഡിവൈഎസ്‌പി എം ജെ സോജൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായി പ്രതികൾക്ക് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമെന്ന് പറഞ്ഞതായി റിപ്പോർട്ടുകളും പുറത്തുവന്നതോടെ വിവാദം കൂടുതൽ ശക്തമായി.

കേസിലെ തുടക്കത്തിലെ വീഴ്‌ച്ചക്ക് ശേഷം അന്വേഷണം വീണ്ടും ശക്തമായതോടെ ഡിവൈഎസ്‌പി എം ജെ സോജനെതിരെ ആക്ഷേപം ശക്തമാകുകയാണ്. 11 വയസുള്ള ലൈംഗികപീഡന കേസിലെ ഇരയെപ്പറ്റി അശ്ലീലം പറയുന്ന ഉദ്യോഗസ്ഥർ പൊലീസ് സേനയിൽ വേണോ എനന്ന ചോദ്യങ്ങളാണ് ഉയർത്തുന്നത്. ഇതിൽ മുഖ്യമന്ത്രി പിണറായി തന്നെ മറുപടി പറയണമെന്ന ആവശ്യമാണ് ഉയരുന്നത്. മുമ്പ് വഴിയരികിൽ ബസ് കാത്തു നിന്നയാളെ അകാരണമായി മർദ്ദിച്ച് അവശനാക്കി കൊലപ്പെടുത്തിയ കേസിലാണ് എം ജെ സോജനെതിരെ ആരോപണം മുമ്പ് ഉയർന്നിരുന്നത്. ഈ കേസിൽ ഡ്യൂട്ടിയുടെ ഭാഗമായി മർദ്ദിച്ചു എന്നു പറഞ്ഞാണ് ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനെ രക്ഷിച്ചത്.

കുന്നംകുളം പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന വേളയിലാണ് എം ജെ സോജനെതിരെ ആരോപണം ഉയർന്നത്. 2001 ജനവരി മാസം ഒന്നിന് വൈകീട്ട് ആറ മണിയോടെ കുന്നംകുളം ടൗണിൽ പട്രോൾ നടത്തുന്നതിനിടെ നാരായണൻ നായർ എന്ന വ്യക്തിയെ ശല്യക്കാരനെന്ന് ആരോപിച്ച് ഉദ്യോഗസ്ഥൻ മർദ്ദിക്കുകയായിരുന്നു. എന്നാൽ, മർദ്ദനമേറ്റയാൾ അടുത്ത ദിവസം നെഞ്ചുവേദനയെ തുടർന്ന് മരിക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അന്ന് പറഞ്ഞിരുന്നത് ഹൃദയസ്തംഭനം എന്നതായിരുന്നു. ഈ കേസിൽ ഉദ്യോഗസ്ഥനായ സാജനെതിരെ ആരോപണം ഉയർന്നതോടെ കേസ ്‌കോടതിയിൽ എത്തി. എന്നാൽ കൃത്യനിർവ്വഹണത്തിന്റെ ഭാഗമായി ലാത്തി വീശി എന്നാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് ചെയ്തത്.

പൊലീസിന്റെ അനുകൂല നിലപാടോടെയാണ് സാജൻ അന്ന് കേസിൽ നിന്നും രക്ഷപെട്ടത്. പിന്നീട് ഇദ്ദേഹത്തിന് ഡിവൈഎസ്‌പിയായി പ്രമോഷനും ലഭിച്ചു. നാർക്കോട്ടിക് ഡിവൈഎസ്‌പി ആയിരിക്കവേയാണ് എം ജെ സോജൻ വാളയാർ പീഡന കേസ് അന്വേഷിക്കാൻ എത്തിയത. ഈ കേസ് അന്വേഷണത്തിൽ അദ്ദേഹം വരുത്തിയ വീഴ്‌ച്ചയാണ് ഇപ്പോൾ വാളയാറിലെ കുടുംബത്തിന് നീതി കിട്ടാൻ ഇടയാക്കിതെ പോയത്. കേസ് അന്വേഷിച്ച ശേഷം രണ്ട് പെൺകുട്ടികളും ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് റിപ്പോർട്ടു നൽകിയത്.

വാളയാറിലെ പതിമൂന്ന് വയസുകാരിയായ പെൺകുഞ്ഞിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത് 2017 ജനുവരി പതിമൂന്നിനാണ്. പിന്നീട് മാർച്ച് നാലിന് നാലാംക്ലാസുകാരി അനുജത്തിയെയും ഇതേ രീതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂത്തകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടെത്തിയത് അനുജത്തിയായിരുന്നു. താൻ വീട്ടിലേക്ക് വരുമ്പോൾ മുഖം മറച്ച് രണ്ടുപേർ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നതായി കണ്ടെന്ന നിർണായക മൊഴിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംശയം ഒക്കെ നിലനിൽക്കവേ പൊലീസ് കണ്ടെത്തിയത് ആത്മഹത്യ എന്നായിരുന്നു.

രണ്ടാമത്തെ കുട്ടിയുടെയും ദുരന്തം സംഭവിച്ച ശേഷമാണ് ഇവരുടെ അമ്മ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. മൂത്ത കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. ഒരു ബന്ധുവായിരുന്നു പീഡിപ്പിച്ചത് പലതവണ താക്കീത് ചെയ്തിട്ടും പീഡനം തുടർന്നു. പൊലീസിനോട് ഇത് അറിയിച്ചിട്ടും നടപടി ഉണ്ടായിരുന്നില്ല. പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന വിവരം മകൾ തന്നെയാണ് പറഞ്ഞത്. നേരിട്ട് കണ്ടതിനെ തുടർന്ന് താക്കീത് നൽകിയിരുന്നു. കൂലിപ്പണിക്കാരായ തങ്ങൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് വീട്ടിലെത്തി ഈ പീഡനം നടത്തിയിരുന്നതെന്നും അമ്മ വ്യക്തമാക്കിയിരുന്നു.

ആദ്യ മരണത്തിൽ ബന്ധുക്കൾ ആരും തന്നെ കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പറഞ്ഞിരുന്നില്ല. എന്നാൽ ഇതിനെ ആത്മഹത്യയാക്കി ചിത്രീകരിക്കാനാണ് വാളയാർ എസ്‌ഐ പി.സി ചാക്കോ അടക്കമുള്ള അന്വേഷണ സംഘം ആദ്യം മുതൽ ശ്രമിച്ചത്. പെൺകുട്ടി മനോവിഷമം മൂലം ആത്മഹത്യ ചെയ്തുവെന്നാണ് എഫ്‌ഐആറിൽ പൊലീസ് രേഖപ്പെടുത്തിയത്. ഈ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത മധു എന്നയാളെ സിപിഎം പ്രാദേശിക നേതാക്കൾ സ്റ്റേഷനിൽ നിന്ന് ഇറക്കി കൊണ്ടുവരികയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന വിമർശനങ്ങൾ മാധ്യമങ്ങളിൽ ഉയർന്നതോടെ എസ്‌ഐ പി.സി ചാക്കോയെ സസ്‌പെൻഡ് ചെയ്തു. കൂടാതെ മുൻ സിഐ വിപിൻദാസ്, നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എന്നിവർക്കെതിരെയും നടപടി എടുത്തു.

പെൺകുട്ടികൾ രണ്ടുപേരും മരണത്തിന് മുമ്പ് ലൈംഗിക ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. രണ്ടാമത്തെ കുട്ടി നിരവധി തവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിട്ടുണ്ട്. കഴുത്ത് മുറുകി ശ്വാസം മുട്ടിയാണ് മരണം. തുങ്ങിമരിച്ച സ്ഥലവും കുട്ടിയുടെ പ്രായവും കണക്കാക്കുമ്പോൾ കൊലപാതക സൂചനയാണ്. 22 കിലോ ഭാരവും 122 സെന്റിമീറ്റർ ഉയരവുമുള്ള കുട്ടിക്ക് വീടിന്റെ ഉത്തരത്തിൽ തനിയെ തൂങ്ങുക പ്രയാസമാണ്. സ്വയം തൂങ്ങിയതോ, ബലമായി തൂക്കിയതോ ആകാം. അതുകൊണ്ട് കൊലപാതക സാധ്യതയെക്കുറിച്ച് പൊലീസ് അന്വേഷിക്കണം എന്ന റിപ്പോർട്ടും ഉണ്ടായി.

രണ്ട് കുട്ടികളുടെയും മരണത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണ ചുമതല പിന്നീട് ഡിവൈഎസ്‌പി എം.ജെ സോജനും എഎസ്‌പി ജി പൂങ്കുഴലിക്കുമായിരുന്നു. കുഞ്ഞുങ്ങളുടെ അമ്മ പറഞ്ഞ ബന്ധുക്കളെ അടക്കം കസ്റ്റഡിയിൽ എടുത്തായിരുന്നു പുതിയ സംഘത്തിന്റെ ആദ്യ നീക്കം. വി.മധു, എം മധു, ഷിബു, പ്രദീപ് കുമാർ, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിങ്ങനെ അഞ്ചുപേരെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം, പോക്‌സോ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. എന്നാൽ, ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയതാണ് പല ചോദ്യങ്ങൾക്കും ഇടയാക്കുന്നത്. കൊലപാതകമെന്ന് വളരെ സാധ്യതയുള്ള കേസിൽ എം ജെ സോജൻ അടക്കമുള്ളവർ എന്തുകൊണ്ട് ആത്മഹത്യയാക്കി മാറ്റിയെന്നതാണ് ഉയരുന്ന ചോദ്യം.

പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന് കോടതി കണ്ടെത്തിയെങ്കിലും പൊലീസ് പ്രതി ചേർത്തവരാണ് അത് ചെയ്തതെന്ന് തെളിയിക്കാനായില്ലെന്നാണ് കോടതി നിരീക്ഷണം. കുറ്റം ചുമത്താനുള്ള തെളിവുകൾ കണ്ടെത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാന പ്രതികളെ വിട്ടയച്ചത്. 52 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. ഇതിൽ പലരും കൂറുമാറി. രഹസ്യവിചാരണ വേളയിലും ശക്തമായ സാക്ഷിമൊഴികളും തെളിവുകളും ഹാജരാക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെടുകയും ചെയ്തു. ഇതിന് പുറമെ കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ എൻ രാജേഷിനെ വിചാരണ വേളയിൽ തന്നെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായി നിയമിച്ചതും ഏറെ വിവാദമായി.

ആദ്യം കേസ് അന്വേഷിച്ച പൊലീസ് സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ട്. തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വിട്ടയച്ചത് പ്രോസിക്യൂഷന്റെ വീഴ്ചയാണ്. കൃത്യമായ തെളിവുകളോ, ശക്തമായ സാക്ഷിമൊഴികളോ ശേഖരിക്കാൻ ആദ്യഘട്ടത്തിൽ പൊലീസിന് കഴിഞ്ഞില്ല. ഈ വീഴ്ചയിൽ എസ്‌ഐക്കെതിരെ നടപടി എടുത്തു. എന്നാൽ മറ്റൊരു സംഘം കേസ് ഏറ്റെടുത്തെങ്കിലും തെളിവുകളുടെ കുറവ് ബാധിച്ചു. അന്വേഷണ സംഘം കണ്ടെത്തിയ കാര്യങ്ങൾ കോടതിയെ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ഉറ്റ ബന്ധുക്കൾ ഉൾപ്പെടെ സാക്ഷിയായ കേസിൽ പ്രതിഭാഗം ഉയർത്തിയ ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഒരു പ്രതിയെ വിട്ടയച്ചപ്പോൾ തന്നെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സാക്ഷികളെ വിസ്തരിക്കുന്നതിൽ അടക്കം പിഴവ് ആവർത്തിച്ചു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി എം ജെ സോജനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. വാളയാർ കേസിൽ ഒന്നര വർഷം ജയിലിൽ കിടന്നത് തന്നെയാണ് പ്രതികൾക്കുള്ള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസിൽ ഒരു തെളിവും ഇല്ലെന്നും ഡിവൈഎസ്‌പി പറഞ്ഞതാണ് ഇപ്പോഴത്തെ വിവാദമായി മാറുന്നത്. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ലെന്നിരിക്കെയാണ് എം ജെ സോജന്റെ വിശദീകരണം വിവാദമായി മാറുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP