Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമ്പത് പേരുടെ ജീവനെടുത്തത് ബസിന്റെ അമിതവേഗത തന്നെ; അപകട സമയത്ത് ബസിന്റെ വേഗത മണിക്കൂറിൽ 97.5 കിലോമീറ്റർ; ജിപിഎസ് വിവരങ്ങളിൽ ചീറിപ്പായൽ വ്യക്തം; സ്‌കൂളുകൾ ഇനി ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ ഗതാഗതവകുപ്പിന് കൈമാറണമെന്ന മന്ത്രി ആന്റണി രാജു

ഒമ്പത് പേരുടെ ജീവനെടുത്തത് ബസിന്റെ അമിതവേഗത തന്നെ; അപകട സമയത്ത് ബസിന്റെ വേഗത മണിക്കൂറിൽ 97.5 കിലോമീറ്റർ; ജിപിഎസ് വിവരങ്ങളിൽ ചീറിപ്പായൽ വ്യക്തം; സ്‌കൂളുകൾ ഇനി ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ വിവരങ്ങൾ ഗതാഗതവകുപ്പിന് കൈമാറണമെന്ന മന്ത്രി ആന്റണി രാജു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വടക്കാഞ്ചേരിയിൽ ഒമ്പതു പേരുടെ ജീവനെടുത്ത അപകടം ഉണ്ടായത് ടൂറിസ്റ്റ് ബസിന്റെ അമിത വേഗത കാരണമെന്ന് വ്യക്തം. ഇത് സ്ഥിരീകരിക്കുന്ന തെളിവുകളും പുറത്തുവന്നു. അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. ബസ് അമിത വേഗതയിലായിരുന്നുവെന്നു ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളും കെഎസ്ആർടിസി ബസിന്റെ ഡ്രൈവറും നാട്ടുകാരും വെളിപ്പെടുത്തിയിരുന്നു. ബസ് അമിത വേഗതയിലാണെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടപ്പോൾ പരിചയ സമ്പന്നനായ ഡ്രൈവറാണ് എന്നായിരുന്നു മറുപടി ലഭിച്ചതെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചിരുന്നു.

അതേസമയം വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ച് ഒൻപതു പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ക്ഷിണിതനായിരുന്നുവെന്നും ആരോപണമുണ്ട്. 'വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള ഈ യാത്രയ്ക്കു പുറപ്പെട്ടത്. ഡ്രൈവർ നന്നായി വിയർത്തുകുളിച്ച് ക്ഷീണിതനായിരുന്നു. രാത്രിയാണു സൂക്ഷിക്കണമെന്നു പറഞ്ഞപ്പോൾ കുഴപ്പമൊന്നുമില്ല ഞാൻ നല്ല പരിചയസമ്പന്നനായ ഡ്രൈവർ ആണെന്ന് പറഞ്ഞു' അപകടത്തിൽപ്പെട്ട കുട്ടിയുടെ മാതാവ് പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് സ്‌കൂളിൽനിന്നു പുറപ്പെടേണ്ട ബസ് രാത്രി ഏഴോടെയാണ് പുറപ്പെട്ടത്. മറ്റൊരു യാത്രയ്ക്കു പോയി വരുന്ന വഴിയായതിനാലാണു സ്‌കൂളിൽ എത്താൻ താമസിച്ചത്.

അതേസമയം വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി. - ടൂറിസ്റ്റ് ബസ് അപകടവിവരം അറിഞ്ഞ ഉടൻതന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്ത് ഐ.പി.എസിനെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറയിച്ചു ഇനിമുതൽ ടൂറിസ്റ്റുബസുകൾ വാടകയ്ക്ക് എടുക്കുമ്പോൾ സ്‌കൂളുകൾ പാലിക്കേണ്ട ചില മാർഗനിർദേശങ്ങളും മന്ത്രി മുന്നോട്ടുവെച്ചു.

ടൂറിസ്റ്റ് ബസുകൾ വാടകയ്ക്ക് എടുക്കുന്ന സ്‌കൂൾ അധികൃതർ, സാധാരണഗതിയിൽ ബസ് ഡ്രൈവർമാരുടെ പശ്ചാത്തലം മനസ്സിലാക്കാറില്ല. ഇത്തരം ബസുകൾ വാടകയ്ക്ക് എടുക്കുമ്പോൾ, ബസിന്റെ വിവരങ്ങൾ മോട്ടോർ വാഹനവകുപ്പിന് നൽകിയാൽ ഡ്രൈവർമാരുടെ പശ്ചാത്തലം, അനുഭവപരിചയം തുടങ്ങിയ കാര്യങ്ങൾ മോട്ടോർ വാഹനവകുപ്പിന് മനസ്സിലാക്കാനും അത് കൈമാറാനും കഴിയും-മന്ത്രി പറഞ്ഞു. ഈ അപകടം നൽകുന്ന പാഠമാണിതെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

ഇനിമുതൽ വിനോദസഞ്ചാരത്തിന് ബുക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസുകളുടെ വിവരങ്ങൾ നേരത്തെ അതത് മോട്ടോർ വാഹനവകുപ്പ് ഓഫീസിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. അത്തരം വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് വിവരങ്ങൾ ശേഖരിച്ച ശേഷം മാത്രമേ വാഹനങ്ങൾക്ക് അന്തിമ അനുമതി നൽകേണ്ടതുള്ളൂ എന്നാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ തീരുമാനിക്കും- മന്ത്രി കൂട്ടിച്ചേർത്തു.

വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് ടൂറിസ്റ്റ് ബസ് കെ.എസ്.ആർടി.സി. ബസിന് പിറകിൽ ഇടിച്ചുമറിഞ്ഞ അപകടത്തിൽ ഒൻപതുപേർ മരിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച നാലുപേരും ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചവരിൽ നാലുപേരും സ്വകാര്യ ആശുപത്രിയിലെത്തിച്ച ഒരാളുമാണ് മരിച്ചത്. അൻപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. ഇവർ ഊട്ടിക്ക് വിനോദയാത്ര പോവുകയായിരുന്നു. സൂപ്പർഫാസ്റ്റ് ബസ് കൊട്ടാരക്കരയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP