Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

കെ എസ് ഐ ഡി സിക്ക് 72 കോടി കൊടുക്കാനുള്ളപ്പോൾ മൂന്ന് കോടി പലിശ രഹിത വായ്പ കൂടി അനുവദിച്ച ഉദാര മനസ്സ് ഇഎംഎസിന്റെ മകളുടെ ഭർതൃ സഹോദരന് വേണ്ടി; സിഎജി റിപ്പോർട്ടിലെ വൈശാലി ഫാർമ കണ്ടെത്തലിൽ ബന്ധുത്വവും! പെൻസിലിൻ കമ്പനിക്കുള്ള ഈടില്ലാ വായ്പയും കരുവന്നൂർ മോഡൽ?

കെ എസ് ഐ ഡി സിക്ക് 72 കോടി കൊടുക്കാനുള്ളപ്പോൾ മൂന്ന് കോടി പലിശ രഹിത വായ്പ കൂടി അനുവദിച്ച ഉദാര മനസ്സ് ഇഎംഎസിന്റെ മകളുടെ ഭർതൃ സഹോദരന് വേണ്ടി; സിഎജി റിപ്പോർട്ടിലെ വൈശാലി ഫാർമ കണ്ടെത്തലിൽ ബന്ധുത്വവും! പെൻസിലിൻ കമ്പനിക്കുള്ള ഈടില്ലാ വായ്പയും കരുവന്നൂർ മോഡൽ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഒന്നാം പിണറായി മന്ത്രിസഭയുടെ കാലത്തു സ്വകാര്യ മരുന്നുനിർമ്മാണ കമ്പനിയായ വൈശാലി ഫാർമ്മയക്ക് അനധികൃതമായും നയം ലംഘിച്ചും വായ്പ അനുവദിച്ചത് വിവാദത്തിൽ. ഇതുമൂലം വ്യവസായ വകുപ്പിനു കീഴിലുള്ള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ലിമിറ്റഡിന് (കെഎസ്‌ഐഡിസി) 40 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നിരീക്ഷിച്ചത് സർക്കാരിന് തിരിച്ചടിയാണ്. നിലവിൽ എൽഡിഎഫ് കൺവീനർ കൂടിയായ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് വായ്പ അനുവദിച്ചത്. ഇടപെടൽ ഇപിയും സമ്മതിക്കുന്നുണ്ട്. എന്നാൽ നിയമപരമായിട്ടാണ് ഇടപെടലെന്ന് ജയരാജൻ പറയുന്നു.

ഡോ. എ.ഡി.കൃഷ്ണന്റെ ഉടമസ്ഥതയിൽ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വൈശാലി ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിനാണ് ചട്ടങ്ങൾ ലംഘിച്ച് വായ്പ അനുവദിച്ചത്. കമ്പനിയുടെ മുൻ എംഡിയും നിലവിൽ സിഇഒയുമാണ് കൃഷ്ണൻ. 2019 ഓഗസ്റ്റിൽ, അന്നത്തെ വ്യവസായ മന്ത്രിയുടെ അനുചിത ഇടപെടലിനെത്തുടർന്നാണ്, 72 കോടി രൂപ കുടിശിക അടയ്ക്കാനുണ്ടായിരുന്ന കമ്പനിക്ക് വീണ്ടും 3 കോടി വായ്പ അനുവദിച്ചതെന്നും സിഎജി കണ്ടെത്തുന്നു. കഴിഞ്ഞ മാസം 9ന് പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ (ഓഡിറ്റ് 2 കേരള) ഓഫിസിലെ ഓഡിറ്റ് സംഘമാണ് പ്രാഥമിക റിപ്പോർട്ട് തയാറാക്കിയത്. അന്നത്തെ വ്യവസായമന്ത്രി എന്ന് പരാമർശിച്ചിട്ടുണ്ടെങ്കിലും ഇ.പി.ജയരാജന്റെ പേര് സിഎജിയുടെ പ്രാഥമിക റിപ്പോർട്ടിലില്ല.

റിപ്പോർട്ട് കെഎസ്‌ഐഡിസിക്ക് ഒക്ടോബറിൽ കൈമാറിയെങ്കിലും മറുപടി കൈമാറിയിട്ടില്ല. മറുപടി ലഭിച്ചാലുടൻ വിശദമായ റിപ്പോർട്ട് തയാറാക്കി, സർക്കാരിന്റെ അഭിപ്രായം തേടും. അതിനിടെ കെ എസ് ഐ ഡി സിയെ കുറ്റപ്പെടുത്തുകയാണ് വൈശാലി ഫാർമസ്യൂട്ടിക്കൽസ്. ''കമ്പനിയെ നഷ്ടത്തിലാക്കിയതും ഈ ഗതിയിലാക്കിയതും കെഎസ്‌ഐഡിസിയാണ്. ഇ.പി.ജയരാജൻ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം ഞങ്ങളെ കുറച്ച് സഹായിക്കാൻ ശ്രമിച്ചു. അനധികൃമായി ഒന്നും ചെയ്തിട്ടില്ല. സിഎജിയുടെ റിപ്പോർട്ട് കാണാതെ കൂടുതൽ പറയാൻ കഴിയില്ല''-മനോരമയോട് ഡോ കൃഷ്ണൻ പ്രതികരിച്ചത് ഇങ്ങനെയാണ്.

പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. എ.ഡി. ദാമോദരന്റെ സഹോദരനാണ് ഡോ കൃഷ്ണൻ. മുൻ മുഖ്യമന്ത്രി കൂടിയായ ഇ എം എസിന്റെ മകൾ ഡോ. മാലതിയുടെ ഭർത്താവാണ് പരോതനായ എഡി ദാമോദരൻ. നാലു പതിറ്റാണ്ടായി പെനിസിലിൻ ഉൽപാദിപ്പിക്കുന്ന കമ്പനിയാണ് കൃഷ്ണൻ എടത്തലയിൽ നടത്തുന്നത്. ഇഎംഎസിന്റെ ബന്ധുവിന് വേണ്ടിയാണ് വായ്പ അനുവദിച്ചതെന്നത് നിർണ്ണായകമാണ്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് കൃഷ്ണൻ. മതിയായ ഈടില്ലാതെ വായ്പ കൊടുത്ത കരുവന്നൂർ സഹകരണ ബാങ്ക് കഥകൾ ചർച്ചയാകുമ്പോഴാണ് കെ എസ് ഐ ഡി സിയിൽ നിന്നുള്ള പണമൊഴുക്കും ചർച്ചയാകുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ വഴിവട്ട ഇടപാടുകളാണ് ഇന്ന് കേരളത്തിലെ ഖജനാവ് കാലിയാക്കിയതെന്നതാണ് യാഥാർത്ഥ്യം.

വായ്പ അനുവദിക്കുന്നതിലെ ഓരോ ഘട്ടത്തിലും വ്യവസായ മന്ത്രിയുടെ അനധികൃത ഇടപെടൽ ഉണ്ടായി എന്നാണ് സിഐജി കണ്ടെത്തൽ. ഇത് കെഎസ്‌ഐഡിസി ബോർഡ് ഓഫ് ഡയറക്ടേഴ്‌സിന്റെയും മാനേജ്‌മെന്റിന്റെയും തീരുമാനത്തെ സ്വാധീനിച്ചു. 2019 ജൂൺ 30ന് കമ്പനി 72 കോടി രൂപ കുടിശിക അടയ്ക്കാനുണ്ട്. കമ്പനി ഈടായി നൽകിയ ഭൂമിയുടെ മൂല്യം 30 കോടി മാത്രമായിരുന്നു. കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടിയില്ലാത്തതു മൂലം 40 കോടി രൂപയുടെ നഷ്ടം നേരിട്ടു. ഈടായി നൽകിയ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വ്യവസായ മന്ത്രിയുടെ ഓഫിസിൽനിന്നുള്ള ഇടപെടലിനെത്തുടർന്ന് മുടങ്ങി. ഇതിന് ശേഷം മൂന്ന് കോടി കൂടി അനുവദിച്ചുവെന്നാണ് കണ്ടെത്തൽ. അതും പലിശരഹിത വായ്പയായി.

സിഎജി ഓഡിറ്റ് റിപ്പോർട്ടിനു വേണ്ടിയുള്ള സ്‌പെഷൽ ഓഡിറ്റ് ആണ് നടന്നത്. കെഎസ്‌ഐഡിസിയുടെ കഴിഞ്ഞ 5 വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിരീക്ഷണവും പരിശോധനയും ഇതിന്റെ ഭാഗമായി നടന്നുവരികയാണ്. അന്തിമ റിപ്പോർട്ട് നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP