Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

പൊലീസ് ഏകപക്ഷീയമായി മനുഷ്യരെ, അവരെത്ര വലിയ ക്രിമിനലുകളാണെങ്കിലും, നേരിട്ട് വെടിവെച്ചു കൊല്ലുന്നതിനെ ആഘോഷിക്കുന്ന മുഴുവൻ ഫാഷിസ്റ്റ് മനസ്സുകളും ഫ്രണ്ട് ലിസ്റ്റിൽ നിന്ന് പുറത്തേക്കുള്ള വഴി സ്വയം തെരഞ്ഞെടുത്താൽ വലിയ ഉപകാരം; ഗാന്ധിയെ കൊന്നത് ഒരു ഗോഡ്‌സേ മാത്രമല്ല, ആൾക്കൂട്ട നീതിക്കുവേണ്ടി വാദിക്കുന്ന എല്ലാവരുമാണ്: ഹൈദരാബാദിലെ ക്രിമിനലുകളെ വെടിവച്ച് കൊന്നതിനോട് വിയോജിച്ച് വിടി ബൽറാം; തൃത്താല എംഎൽഎ സോഷ്യൽ മീഡിയയിൽ ആക്രമണത്തിന് വിധേയമാകുമ്പോൾ

പൊലീസ് ഏകപക്ഷീയമായി മനുഷ്യരെ, അവരെത്ര വലിയ ക്രിമിനലുകളാണെങ്കിലും, നേരിട്ട് വെടിവെച്ചു കൊല്ലുന്നതിനെ ആഘോഷിക്കുന്ന മുഴുവൻ ഫാഷിസ്റ്റ് മനസ്സുകളും ഫ്രണ്ട് ലിസ്റ്റിൽ നിന്ന് പുറത്തേക്കുള്ള വഴി സ്വയം തെരഞ്ഞെടുത്താൽ വലിയ ഉപകാരം; ഗാന്ധിയെ കൊന്നത് ഒരു ഗോഡ്‌സേ മാത്രമല്ല, ആൾക്കൂട്ട നീതിക്കുവേണ്ടി വാദിക്കുന്ന എല്ലാവരുമാണ്: ഹൈദരാബാദിലെ ക്രിമിനലുകളെ വെടിവച്ച് കൊന്നതിനോട് വിയോജിച്ച് വിടി ബൽറാം; തൃത്താല എംഎൽഎ സോഷ്യൽ മീഡിയയിൽ ആക്രമണത്തിന് വിധേയമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈദരാബാദിലെ പീഡനക്കേസ് പ്രതികളെ പൊലീസ് വെടിവച്ചു കൊന്നതിനോട് യോജിക്കാൻ തൃത്താല എംഎൽഎ വിടി ബൽറാമിനാകുന്നില്ല. കൃത്യമായ ഭാഷയിൽ കാര്യകാരണ സഹിതം അതിന് വിമർശിക്കുകയാണ് ബൽറാം. രണ്ട് പോസ്റ്റുകളാണ് ഇതുമായി ബന്ധപ്പെട്ട് ബൽറാം ഇട്ടത്. എന്നാൽ ഈ പോസ്റ്റുകൾക്ക് തൃത്താല എംഎൽഎയ്ക്ക് നേരിടേണ്ടി വരുന്നത് വിമർശനങ്ങളാണ്. ഹൈദരാബാദിലെ പീഡകർ കടുത്ത ശിക്ഷ അർഹിക്കുന്ന എന്ന തരത്തിലെ സോഷ്യൽ മീഡിയയിലെ പൊതു നിലപാടിനൊപ്പമാണ് വിമർശനവും. അങ്ങനെ എപ്പോഴും സോഷ്യൽ മീഡിയയുടെ കൈയടികൾ ഏറെ കിട്ടുന്ന ബൽറാം വിമർശനത്തിനും വിധേയനാകുന്നു. എന്നാൽ നിയമവ്യവസ്ഥയുള്ള രാജ്യത്ത് എങ്ങനെ ക്രിമിനലുകൾ ശിക്ഷിക്കപ്പെടണമെന്ന് മാത്രമേ ബൽറാം പറഞ്ഞു വയ്ക്കുന്നുള്ളൂ. രണ്ടാമത് ഇട്ട പോസ്റ്റിൽ പരിവാറുകാരേയും കുറ്റപ്പെടുത്തുന്നു.

പലർക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകൾ പരമാവധി ശിക്ഷ അർഹിക്കുന്നുണ്ടായിരിക്കാം, എന്നാൽ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പൊലീസല്ല, നീതിപീഠമാണ്. അതിൽ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകൾ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകൾക്കുള്ള പരിഹാരം കാണേണ്ടത് കയ്യിൽക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല. ഇപ്പോൾ നടന്നത് പൊലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടൽ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം, കാരണം അതാണ് ഇന്ത്യൻ പൊലീസ്. പലരും കരുതുന്നത് പോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യിൽ കിട്ടിയ നാല് പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാർത്ഥത്തിൽ ഇല്ലാതാവുന്നത്. മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഈ വാർത്ത കേട്ട് ആവേശഭരിതരായി കമന്റിടുന്ന ആൾക്കൂട്ടം ഒരു ജനാധിപത്യമെന്ന നിലയിൽ ഈ രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഈ ആൾക്കൂട്ടം അർഹിക്കുന്നത് ഒരു പൊലീസ് സ്റ്റേറ്റാണ്, ഫാഷിസമാണ്-ഇതാണ് ബൽറാം ആദ്യം ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

കോടതി വിചാരണയിലാതെ ശിക്ഷിക്കുന്നത് തെറ്റാണ്. ഓടി രക്ഷപ്പൊൻ ശ്രമിച്ചാൽ വെടി വെയ്ക്കുന്നത് ശരിയാണ്. വ്യാജ ഏറ്റുമുട്ടല്ലെന്ന് സംശയിക്കാൻ താങ്കൾക്കും അല്ലെന്ന് വിശ്വസിക്കാൻ മറ്റുള്ളവർക്കും അവകാശമുണ്ടെന്നായിരുന്നു ഒരു കമന്റ്. എത്ര പെൺകുട്ടികളെ കൊന്നു തള്ളി .. എന്നിട്ടും ജനങ്ങളുടെ നികുതി പണത്തിൽ നിന്നു പ്രതികളെ തീറ്റിപ്പോറ്റി വളർത്തുന്നു . ഇതൊക്കെ കണ്ടു മരവിച്ചു പോയ ജനത ഇത്തരം വാർത്ത കേൾകുമ്പോൾ സന്തോഷിക്കുന്നത് ഇന്നാട്ടിലെ നിയമത്തിന്റെയും രാഷ്ട്രീയക്കാരുടെയും പിടിപ്പു കേടു കൊണ്ടാണു ... ആ പെൺകുട്ടിയെ ചുട്ടെരിച്ച സ്ഥലത്തു വെച്ചു തന്നെ ചങ്കിലേക്കു നിറയൊഴിച്ചു നീതി നടപ്പാക്കിയ പൊലീസിന് സല്യൂട്ട് ..-ഇതായിരുന്നു ആദ്യ പോസ്റ്റിലെ മറ്റൊരു കമന്റ്. ബൽറാമിനെ അനുകൂലിച്ച് പോസ്റ്റ് ഇട്ടത് വളരെ കുറച്ചു പേർ മാത്രമായിരുന്നു. സാധാരണ ബൽറാമിന്റെ പോസ്റ്റിന് താഴെ അഭിനന്ദനവും മറ്റുമാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ ഇവിടെ ചിത്രം മാറുന്നു. ഈ കൊലപാതകം ഫാഷിസമാണെങ്കിൽ ആ ഫാഷിസത്തിന്റെ കൂടെനിൽക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. ഇത്രയേറെ അപ്പ്രീസിയേഷൻ ഇതിനു നേതൃത്വം കൊടുത്ത പൊലീസുദ്യോഗസ്ഥർക്കു കിട്ടുന്നുണ്ടെങ്കിൽ അതിനർത്ഥം ഇന്ത്യയിലെ കറന്റ് പൊളിറ്റിക്കൽ സിസ്റ്റം ജനങ്ങൾ അത്രമാത്രം വെറുക്കുന്നു എന്നാണു. വലിയ തെറ്റിനെ ചെറിയ തെറ്റുകൊണ്ടു കുഴിച്ചുമൂടിയ ഹൈദരാബാദ് പൊലീസ് മാസ്സ് ആണ്-ഇങ്ങനെയും എത്തി കമന്റ്.

ഇതിനിടെയാണ് രണ്ടാമത്തെ പോസ്റ്റും ബൽറാം ഇട്ടത്. ഗാന്ധിജിയുടെ വാക്കുകളുടെ കൂടെ പിന്തുണയോടെയാണ് കാര്യങ്ങൾ വിശദീകരിച്ചത്.  'An eye for an eye leaves the whole world blind' - മഹാത്മാ ഗാന്ധി. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ഗോത്രനീതിക്കെതിരായ പോരാട്ടത്തിന്റെ നേട്ടം കൂടിയാണ് ഇന്നീ കാണുന്ന സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ. ഗാന്ധിയെ കൊന്നത് ഒരു ഗോഡ്‌സേ മാത്രമല്ല, ആൾക്കൂട്ട നീതിക്കുവേണ്ടി വാദിക്കുന്ന എല്ലാവരുമാണ്. കൊന്നുകൊണ്ടേയിരിക്കുകയാണ്. നിങ്ങളർഹിക്കുന്നത് ഗോഡ്‌സേയേയും പ്രഗ്യാ ഠാക്കൂറിനേയും അമിത് ഷായേയും ഒക്കെത്തന്നെയാണ്. അനുഭവിക്ക്. പൊലീസ് ഏകപക്ഷീയമായി മനുഷ്യരെ, അവരെത്ര വലിയ ക്രിമിനലുകളാണെങ്കിലും, നേരിട്ട് വെടിവെച്ചു കൊല്ലുന്നതിനെ ആഘോഷിക്കുന്ന മുഴുവൻ ഫാഷിസ്റ്റ് മനസ്സുകളും ഫ്രണ്ട് ലിസ്റ്റിൽ നിന്ന് പുറത്തേക്കുള്ള വഴി സ്വയം തെരഞ്ഞെടുത്താൽ വലിയ ഉപകാരം.-ഇങ്ങനെ ബൽറാം നിലപാട് കടുപ്പിച്ചു. ഇതോടെ വിമർശകരും കൂടുതൽ മൂർച്ചയോടെ പ്രതികരണവുമായി എത്തി. ചിലപ്പോൾ മാത്രമാണ് സാർ ഇത്തരം പൊലീസ് നടപടികളിൽ ഞങ്ങൾ ഭൂരിപക്ഷം സാധാരണ ജനങ്ങൾ കൈ അടിക്കുന്നത്. അതിന്റെ കാരണം പോലും തിരിച്ചറിയാനുള്ള ജനാധിപത്യ ബോധം താങ്കൾക്ക് ഇല്ലാതെ പോയതിൽ സ്വയം ലജ്ജിക്കുക! ജനപ്രതിനിധി സ്ഥാനം രാജീവയ്ക്കുക!-ഇതായിരുന്നു രണ്ടാമത്തെ പോസ്റ്റിന നേരിടേണ്ടി വന്ന വിമർശനം.

ഇന്ന് തെലുങ്കാനയിൽ പൊലീസ് നടപടിയിൽ നമ്മൾ സന്തോഷിക്കുന്നതിന് കാരണം നിർഭയയ, കത്വ, ഉന്നാവ്, സൗമ്യ, ജിഷ, വാളയാർ, പോലെയുള്ള പെൺകുട്ടിക്കൾക്ക് ഇന്നും നീതി ലഭിക്കാത്തതുകൊണ്ടുമാത്രമാണ്... ശരിയാണ് .നീതിന്യായ വ്യവസ്ഥയുടെ കണ്ണിലൂടെ നോക്കിയാൽ ഈ എൻകൗണ്ടർ ന്യായീകരിക്കാൻ പറ്റാത്തതാണ്. നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. പക്ഷെ അങ്ങനെ തെറ്റാവണമെങ്കിൽ പ്രതികളെ പിടികൂടി വർഷങ്ങൾ നീട്ടാതെ ചെയ്ത തെറ്റിന് തക്കതായ ശിക്ഷ വിധിച്ച് നടപ്പാക്കുന്ന ഒരു രാജ്യമാകണമായിരുന്നു. ജയിലിലെ സുഖജീവിത സാഹചര്യം ഇല്ലാതാക്കണം. പണത്തിന്റെയും, പിടിപാടിന്റെയും ബലത്തിൽ ഒരു പ്രതികളും രക്ഷപെടാത്ത രാജ്യമാകണമായിരുന്നു. എന്നാൽ നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥ ഈ കാര്യങ്ങളിൽ പരാജയമാണ്. അതിനാലാണ് ഈ എൻകൗണ്ടർ 100% ന്യായമുള്ളതാണ് എന്ന് പൊതുജനം അഭിപ്രായപ്പെടുന്നത്. ഇന്നിയെങ്കിലും കണ്ണ് കെട്ടിയ നീതിദേവതയ്ക്ക് കാഴ്ച തിരികെ കൊടുത്ത് കോടതി കണ്ണ് തുറക്കട്ടെ . അതില്ലാത്തിടത്തോളം കാലം ഇത്തരം ധീര പൊലീസ് ഓഫീസർമാർ ശിക്ഷ നടപ്പാക്കട്ടെ.-ഇതാണ് വിഷയത്തിലെ പൊതു നിലപാട്.

തെലുങ്കാനപൊലീസ് നടപടിയോട് വിയോജിച്ചുകൊണ്ടു ചാനലിലും fb യിലും കുരയ്ക്കുന്നവരോട്.... '''നിന്റെയൊക്കെ പെങ്ങൾക്കോ അമ്മക്കോ ഇങ്ങനൊക്കെ സംഭവിക്കുമ്പോൾ തീരാവുന്ന സൂക്കേടെ നിങ്ങൾക്കുള്ളു എന്ന് മനസിലാക്കുക'''''...തെലുങ്കാന പൊലീസിന് അഭിനന്ദനങ്ങൾ!-ഇതാണ് മറ്റൊരു കമന്റ്. ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. സംഭവം വിവാദമായതിന് പിന്നാലെയാണ് സംഭവ സ്ഥലം ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. ഹൈദരാബാദിൽ ഇന്നലെ രാത്രി തെളിവെടുപ്പിനെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കുന്നതിനിടയിലായിരുന്നു പ്രതികൾ കൊല്ലപ്പെട്ടത്. തെളിവെടുപ്പിനിടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

ഇക്കാര്യത്തിൽ സംയവും ആരോപണവും ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

പൊലീസ് നടപടിയെ സംശയിച്ച് ഇതോടകംതന്നെ പ്രതികരണങ്ങൾ വന്നുതുടങ്ങി. ഏറ്റുമുട്ടൽ നടക്കാൻ സാധ്യതയില്ലെന്നും ഇത് പൊലീസിന്റെ നാടകമാണെന്നുമാണ് ആരോപണം. രാജ്യം മുഴുവൻ വിവാദമായ കേസിലെ പ്രതികൾ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവ സംഭവമായതിനാലാണ്. ഇത്തരം വിമർശനങ്ങൾക്കിടയിലും സോഷ്യൽ മീഡിയാ പൊലീസിന് കൈയടിക്കുകയാണ്. ഇതിനെതിരായ വികാരം ചർച്ച വച്ചതു തന്നെയാണ് ബൽറാമിനും സോഷ്യൽ മീഡിയയുടെ വിമർശനം ഏറ്റുവാങ്ങാൻ അവസരമൊരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP