Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202112Saturday

കേരള രാഷ്ട്രീയത്തിലെ പകരം വയ്ക്കാനില്ലാത്ത ക്രൗഡ് പുള്ളർ; പാർട്ടിക്ക് രൂപം നൽകിയ 32 നേതാക്കളിൽ അവശേഷിക്കുന്ന കമ്യൂണിസ്റ്റ്; പിണറായി പക്ഷം അടിച്ചമർത്തുമ്പോഴും ജനകീയ പിന്തുണകൊണ്ട് നിലനിന്ന ഏക നേതാവ്; 'ഈ ജന്മം കമ്യൂണിസ്റ്റായി ജീവിച്ചു ഇനി മരിക്കുന്നതും കമ്യൂണിസ്റ്റകാരനായി തന്നെയായിരിക്കും' എന്നു പറഞ്ഞ അണികളുടെ കണ്ണും കരളുമായ വിഎസിന് നാളെ 96ാം പിറന്നാൾ; കെടാത്ത കനലുമായി ഇന്നും തിരഞ്ഞെടുപ്പ് വേദികളിൽ ആവേശം വിതറി വി എസ്

കേരള രാഷ്ട്രീയത്തിലെ പകരം വയ്ക്കാനില്ലാത്ത ക്രൗഡ് പുള്ളർ; പാർട്ടിക്ക് രൂപം നൽകിയ 32 നേതാക്കളിൽ അവശേഷിക്കുന്ന കമ്യൂണിസ്റ്റ്; പിണറായി പക്ഷം അടിച്ചമർത്തുമ്പോഴും ജനകീയ പിന്തുണകൊണ്ട് നിലനിന്ന ഏക നേതാവ്; 'ഈ ജന്മം കമ്യൂണിസ്റ്റായി ജീവിച്ചു ഇനി മരിക്കുന്നതും കമ്യൂണിസ്റ്റകാരനായി തന്നെയായിരിക്കും' എന്നു പറഞ്ഞ അണികളുടെ കണ്ണും കരളുമായ വിഎസിന് നാളെ 96ാം പിറന്നാൾ; കെടാത്ത കനലുമായി ഇന്നും തിരഞ്ഞെടുപ്പ് വേദികളിൽ ആവേശം വിതറി വി എസ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; ലോക രാഷ്ട്രീയത്തിൽ 96ാം വയസ്സിലും ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ കർമ്മനിരതനായി നിൽക്കുന്ന ഏക രാഷ്ട്രീയ നേതാവ് വി എസ് അച്ചുതാനന്ദന് നാളെ പിറന്നാൾ. വി എസ് ഈ പ്രായത്തിലും രാഷ്ട്രീയ പ്രവർത്തനം ലൈവായി നടത്തുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.മതികെട്ടാനിലും പൂയംകുട്ടിയിലും മൂന്നാറിലുമെല്ലാം അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്താൻ പ്രായം വകവയ്ക്കാതെ മല കയറിയും മൂന്നാറിൽ കേരളത്തെ മുൾമുനയിൽ നിർത്തിയ പൊമ്പിളൈ സമര പന്തലിൽ നേരിട്ടെത്തി കുത്തിയിരുപ്പ് സമരം നടത്തിയുമൊക്കെ രാഷ്ട്രീയ കേരളത്തിന് വിസ്മയമായ വി.എസിന് നാളെയാണ് 94 വയസ്സ് തികയുന്നത്. രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും സാധാരണക്കാരനായാലും വിശ്രമജീവിതം നയിക്കുന്ന പ്രായത്തിലാണ് വി എസ് ഇപ്പോഴും തിരഞ്ഞെടുപ്പു വേദികളിൽ പോലും സിംഹഗർജ്ജനമാകുന്നത്.

അത്യസാധാരണമായ പ്രസംഗപാടവം കൊണ്ട് ജനസാഗരത്തെ ആവേശക്കൊടുമുടിയേറ്റുന്ന മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് , പ്രായത്തെയും വെല്ലുവിളിച്ച് ഉപതെരഞ്ഞെടുപ്പ് ഗോദകളിൽ ഇടതുസ്ഥാനാർത്ഥികളുടെ വിജയത്തിനായുള്ള പ്രചാരണത്തിൽ സജീവമാണ്. വിഎസിന്റെ വേദികളിലെ പാർട്ടി പ്രവർത്തകരുടെയും അല്ലാത്തവരുടെയും തോരാപ്രവാഹം ഇപ്പോഴും കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത 'ക്രൗഡ് പുള്ളർ' താൻ തന്നെയാണെന്ന് വ്യക്തമാക്കുന്നു.

കേഡർ പാർട്ടിയായ സിപിഎം നിരവധി തവണ ഈ മുതിർന്ന കമ്യൂണിസ്റ്റിനെതിരെ അച്ചടക്കനടപടി എടുത്തിട്ടുണ്ടെങ്കിലും നടപടി ഉൾക്കൊണ്ട് ചെങ്കൊടിക്ക് കീഴിൽ നിൽക്കാൻ തന്നെയാണ് വി എസ് എന്നും താൽപ്പര്യപ്പെട്ടിരുന്നത്.രാഷ്ട്രീയപാർട്ടികൾ അച്ചടക്ക നടപടി സ്വീകരിക്കുമ്പോൾ പാർട്ടി വിട്ടു പോകുന്ന നേതാക്കളും പ്രവർത്തകരും ധാരാളമുള്ള കേരളത്തിലാണ് വി എസ് എന്ന കമ്യൂണിസ്റ്റ് വ്യത്യസ്തനാകുന്നത്.താൻ കൂടി ചേർന്ന് രൂപം കൊടുത്ത പാർട്ടിയില്ലാതെ തനിക്ക് എന്തു ജീവിതമെന്നാണ് അച്ചടക്ക നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് വി എസ് മുൻപ് മറുപടി നൽകിയിരുന്നത്.'ഈ ജന്മം കമ്യൂണിസ്റ്റായി ജീവിച്ചു ഇനി മരിക്കുന്നതും കമ്യൂണിസ്റ്റകാരനായി തന്നെയായിരിക്കും' ഇതാണ് വി.എസിന്റെ ഉറച്ച നിലപാട്.

ആലപ്പുഴ നോർത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളിൽ നാലാമനായി 1923 ഒക്ടോബർ 20നാണ് ഈ വിപ്ലവകാരിയുടെ ജനനം.വിഎസിനു നാലരവയസുള്ളപ്പോൾ അമ്മ മരിച്ചു. പിന്നാലെ അച്ഛനും. പറവൂർ, കളർകോട്, പുന്നപ്ര സ്‌കൂളുകളിൽ ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം. കുടുംബം പോറ്റാനായി സ്‌കൂൾ ഉപേക്ഷിച്ചു ജ്യേഷ്ഠന്റെ തുണിക്കടയിൽ സഹായിയായി കൂടി. കയർ ഫാക്ടി തൊഴിലാളിയായി ജോലി ചെയ്യവെ പി. കൃഷ്ണപിള്ള കുട്ടനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ നിയോഗിച്ചു. അന്നു തുടങ്ങിയതാണു വിഎസിന്റെ പോരാട്ടങ്ങൾ.1952ൽ പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി. 1956 മുതൽ ജില്ലാ സെക്രട്ടറി. 1964ൽ പാർട്ടി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം. 1967 ജൂലൈ 18നായിരുന്നു വിവാഹം. ചേർത്തല കുത്തിയതോടു സ്വദേശി വസുമതിയമ്മയായിരുന്നു വധു. പാർട്ടി നേതാവ് എൻ. സുഗതന്റെ നിർബന്ധപ്രകാരം 43ാം വയസിലായിരുന്നു വിവാഹം.

1964 ൽ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോന്ന് സിപിഎമ്മെന്ന പുതിയ പാർട്ടിക്ക് രൂപം നൽകിയ 32 നേതാക്കളിൽ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് നേതാവ് കൂടിയാണ് വി എസ്. പാർട്ടിയിൽ നിന്നും പലകുറി വിലക്കുകളും അച്ചടക്ക നടപടികളും നേരിട്ടപ്പോഴും തന്റെ ജനകീയ പിന്തുണ കൊണ്ട് അതിനെയെല്ലാം നിഷ്പ്രഭമാക്കാൻ വിഎസിന് കഴിഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരിക്കെ ഏറ്റവും സാധാരണക്കാരുടെ പ്രശ്നങ്ങളിലേക്ക് വരെ ഇറങ്ങിച്ചെന്നുള്ള പ്രവർത്തനശൈലിയാണ് അണികളുടെ കണ്ണും കരളുമായി വിഎസിനെ മാറ്റിയത്.അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ നാഷനൽ കൗൺസിലിൽനിന്നു 1964ൽ ഇറങ്ങിവന്ന 32 പേരിൽ ജീവിച്ചിരിക്കുന്നത് വി എസ് മാത്രമാണ്. എട്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിച്ചു. അഞ്ചു പ്രാവശ്യം ജയിച്ചു. രണ്ടു തവണ പ്രതിപക്ഷ നേതാവായി. ഇടതുമുന്നണി കൺവീനറായി മുന്നണിയെ നയിച്ചു.

ട്രേഡ് യൂണിയൻ നേതാവായിട്ടാണ് വി എസ് തന്റെ പൊതുപ്രവർത്തനത്തിന് തുടക്കമിടുന്നത്. പുന്നപ്ര വയലാർ സമരത്തിലും വി എസ് മുന്നണി പ്പോരാളിയായിരുന്നു. പിന്നീട് സിപിഎമ്മിന്റെ സംസ്ഥാനത്തെ പ്രധാന നേതാക്കളിലൊരാളായിത്തീർന്ന വി എസ് ഏറെക്കാലം പാർട്ടിയുടെ പരമോന്നത വേദിയായ പോളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെ സംസ്ഥാന നേതൃനിരയിലേക്ക് കൈപിടിച്ചുയർത്തിയതും വിഎസായിരുന്നു. പിന്നീട് ഇരുവരും ഭിന്നചേരികളിൽ പോരടിച്ചതും ചരിത്രം. തന്റെ നിലപാട് പാർട്ടിയിലും പുറത്തും തുറന്നുപറയാൻ കാണിക്കുന്ന ആർജ്ജവം ചില സന്ദർഭങ്ങളിൽ പാർട്ടിയെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഏറ്റവും അടിയുറച്ച കമ്യൂണിസ്റ്റുകാരനായിട്ടും വിഎസിന് ഇതുവരെയായി പാർട്ടി തലത്തിൽ 10 ഓളം അച്ചടക്ക നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്നതുതന്നെ ഇതിന് ദൃഷ്ടാന്തമാണ്. 1964 ൽ ഇന്തോ-ചൈന യുദ്ധകാലത്ത് പാർട്ടി ലൈനിനെതിരെ സ്വന്തം നിലപാട് പരസ്യമാക്കിയാണ് വി എസ് ആദ്യ അച്ചടക്ക നടപടി ഏറ്റുവാങ്ങുന്നത്. വി എസ് - പിണറായി പോര് രൂക്ഷമായ കാലത്ത് 2007 ൽ ഇരുവരെയും പോളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ തന്റെ ജനകീയതയിൽ വി എസ് 2009 ൽ പിബിയിൽ തിരിച്ചെത്തുകയും ചെയ്തു.

2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളത്തിൽ പിണറായി പക്ഷനേതാക്കൾ വിഎസിനെ, പാർട്ടി വിരുദ്ധ മനോഭാവമുള്ള സഖാവ് എന്ന് ആക്ഷേപിച്ചതും വിവാദമായിരുന്നു. പാർട്ടിക്കകത്ത് പിണറായി പക്ഷം അടിച്ചമർത്തുമ്പോഴും, തെരഞ്ഞെടുപ്പ് വേളകളിൽ ജനങ്ങൾക്ക് മുന്നിൽ ഉയർത്തിക്കാട്ടിയിരുന്നത് വിഎസിനെയായിരുന്നു എന്നതും അദ്ദേഹത്തിന്റെ ജനകീയതയ്ക്ക് തെളിവാണ്. പാർട്ടി സംസ്ഥാനനേതൃത്വം ആദ്യം സീറ്റ് നിഷേധിച്ചിട്ടും, വി എസ് തന്റെ ജനകീയതയുടെ കരുത്തിൽ സീറ്റ് നേടിയെടുക്കുകയും ഇടതുമുന്നണിയെ അധികാരത്തിലേറ്റുകയും ചെയ്തു. അന്ന് മുഖ്യമന്ത്രി പദവിയും വിഎസിനെ തേടിയെത്തി. നായനാർക്ക് ശേഷം ഇടതുസർക്കാരിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയില്ലാത്ത മുഖ്യമന്ത്രിയായതും വി എസ് അച്യുതാനന്ദനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP