Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

വെള്ളാപ്പള്ളിക്കെതിരായ കേസിൽ കോടതി നിരീക്ഷണം വേണം; ചില സാക്ഷികളെ ചോദ്യം ചെയ്യാൻ നിർദ്ദേശിക്കണം; ഇക്കാല റിപ്പോർട്ടുകൾ നേരിട്ട് നൽകാൻ നിർദ്ദേശിക്കുകയും വേണം; പിറന്നാൾ തിരക്കിലും സഖാവിന്റെ ഹർജി കോടതിയിൽ; എസ് എൻ ഡി പിയിലെ തട്ടിപ്പിൽ പോരാട്ടം തുടർന്ന് വി എസ്; 98ലേക്ക് കടക്കുമ്പോഴും പോരാട്ടം കൈവിടാതെ അച്യുതാനന്ദൻ സഖാവ്

വെള്ളാപ്പള്ളിക്കെതിരായ കേസിൽ കോടതി നിരീക്ഷണം വേണം; ചില സാക്ഷികളെ ചോദ്യം ചെയ്യാൻ നിർദ്ദേശിക്കണം; ഇക്കാല റിപ്പോർട്ടുകൾ നേരിട്ട് നൽകാൻ നിർദ്ദേശിക്കുകയും വേണം; പിറന്നാൾ തിരക്കിലും സഖാവിന്റെ ഹർജി കോടതിയിൽ; എസ് എൻ ഡി പിയിലെ തട്ടിപ്പിൽ പോരാട്ടം തുടർന്ന് വി എസ്; 98ലേക്ക് കടക്കുമ്പോഴും പോരാട്ടം കൈവിടാതെ അച്യുതാനന്ദൻ സഖാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നലെ വി എസ് അച്യൂതാനന്ദന് 97-ാം വയസ്സായി. പിറന്നാൾ ആഘോഷം പോലും കോവിഡു കാലത്ത് ഒഴിവാക്കുകയായിരുന്നു മുതിർന്ന നേതാവ്. ഒരു കൊല്ലമായി ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ് ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ. അപ്പോഴും അനീതിക്കെതിരെ പോരാടാൻ നിയമ വഴികളിൽ സജീവമാണ് വി എസ്. പ്രായം തന്നെ തളർത്തിയിട്ടില്ലെന്നും ഏറ്റെടുത്ത വിഷയങ്ങളിൽ സജീവമായി നിലയുറപ്പിക്കുമെന്ന സന്ദേശമാണ് പിറന്നാൾ ദിനത്തിലും മുന്മുഖ്യമന്ത്രി നൽകുന്നത്. ഇതിന് തെളിവാണ് ഈ നിയമ നടപടിയും.

വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതികളായ മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ നടക്കുന്ന വിജിലൻസ് അന്വേഷണത്തിൽ കോടതിയുടെ പ്രത്യേക നിരീക്ഷണം വേണമെന്നാവശ്യപ്പെട്ട് വി എസ്.അച്യുതാനന്ദൻ കോടതിയിൽ ഹർജി നൽകി. പ്രത്യേക വിജിലൻസ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. ഈ വിഷയം ചർച്ചയാക്കിയതും വെള്ളാപ്പള്ളിയ്‌ക്കെതിരെ കേസ് എടുക്കേണ്ട സാഹചര്യമുണ്ടാക്കിയതും വിഎസിന്റെ ഇടപെടലാണ്. അസുഖമില്ലെന്ന വിലയിരുത്തൽ പൊതു സമൂഹം നടത്തുമ്പോഴും താൻ സജീവമാണെന്ന് തെളിയിക്കുകയാണ് വി എസ്. താൻ അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്ന സന്ദേശമാണ് വി എസ് അന്നും ഇന്നും നൽകുന്നതെന്നും വ്യക്തം.

വെള്ളാപ്പള്ളിക്കെതിരായ ഹർജിയോടൊപ്പം ചില സാക്ഷികളെ ചോദ്യംചെയ്ത് അവരുടെ മൊഴി രേഖപ്പെടുത്താൻ വിജിലൻസിന് കർശന നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെടുന്നു. അന്വേഷണത്തെ സംബന്ധിച്ച ഇടക്കാല റിപ്പോർട്ടുകൾ യഥാസമയം കോടതിയിൽ നേരിട്ട് നൽകാൻ വിജിലൻസ് അന്വേഷണ സംഘത്തോട് നിർദ്ദേശിക്കണമെന്നും ഹർജിയിലുണ്ട്. അഡ്വ. എസ്.ചന്ദ്രശേഖരൻ നായർ മുഖേനയാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്. ഈ കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്ക സജീവമാണ്. ഇതിനിടെയാണ് അതിന് അനുവദിക്കില്ലെന്ന സന്ദേശവുമായി വി എസ് എത്തുന്നത്. അസുഖ ബാധിതനായ വി എസ് ഇനി ഇത്തരം വ്യവഹാരങ്ങൾക്കുണ്ടാകില്ലെന്ന പൊതു ധാരണയും തെറ്റുകയാണ്. കോവിഡ് ആയതു കൊണ്ട് മാത്രമാണ് വീട്ടിനുള്ളിൽ വി എസ് കഴിയുന്നതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ എടുത്തശേഷം ഉയർന്ന പലിശയ്ക്ക് മൈക്രോ ഫിനാൻസ് പദ്ധതി പ്രകാരം സമുദായ അംഗങ്ങൾക്ക് വിതരണം ചെയ്ത് കോടികളുടെ അഴിമതി നടത്തിയെന്നാണ് വി എസ്.നൽകിയ ഹർജിയിൽ ഉള്ളത്. പല അംഗങ്ങളുടെയും വ്യാജ ഒപ്പിട്ട് വായ്പ സംഘടിപ്പിച്ചശേഷം അവ തിരിച്ചടയ്ക്കാതെ വന്നപ്പോൾ ബാങ്കുകൾ ജപ്തി നോട്ടീസുമായി വന്നപ്പോഴാണ് സമുദായ അംഗങ്ങൾ ചതിക്കപ്പെട്ട വിവരം അറിയുന്നത്. വി എസ്. നൽകിയ പുതിയ ഹർജിയിൽ മൈക്രോ ഫിനാൻസിന്റെ കോ-ഓർഡിനേറ്റർ ആയിരുന്ന അന്തരിച്ച കെ.കെ.മഹേശന്റെ അടുത്ത ബന്ധുക്കൾ, സുഭാഷ് വാസു, സ്വാമി ഭദ്രാനന്ദ, എസ്.എൻ.കോളേജ് മുൻ പ്രൊഫസർ ചിത്രാംഗദൻ എന്നിവരുടെ മൊഴിയെടുക്കണമെന്ന് എടുത്ത് പറയുന്നുണ്ട്.

അച്യുതാനന്ദന്റെ 97ാം പിറന്നാൾ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ ആരവവും ആൾക്കൂട്ടവുമൊന്നുമില്ലാതെ ആഘോഷിച്ചു. വിഎസിന്റെ പതിവു ദിനചര്യകൾക്കും മാറ്റമുണ്ടായില്ല. പത്രവിശേഷങ്ങൾ ഓരോന്നായി പ്രസ് സെക്രട്ടറി ജയനാഥ് വിശദീകരിച്ചു. എല്ലാം കേട്ടിരിക്കുന്ന ശീലത്തിൽനിന്ന് മാറി വി എസ് ചോദിച്ചു: ''എൽ.ഡി.എഫ്. എന്നാണ്''. രാവിലെ വീടിന്റെ പൂമുഖത്തുവന്നിരുന്ന് വി എസ് മക്കൾക്കും കൊച്ചുമക്കൾക്കുമൊപ്പം സമയം ചെലവഴിച്ചു. ഇതിനിടെ പാർട്ടി നേതാക്കളും സമൂഹികപ്രവർത്തകരുമായ പലരും ഫോണിൽ ആശംസകൾ നേർന്നു. ഉച്ചയോടെ മകൾ ഡോ. ആശയും മരുമകൻ ഡോ. തങ്കരാജും മടങ്ങി. വൈകീട്ട് ഭാര്യ വസുമതി, മകൻ അരുൺകുമാർ, മരുമകൾ ഡോ. രജനി ബാലചന്ദ്രൻ എന്നിവരും കൊച്ചുമക്കളും ചേർന്ന് കേക്ക് മുറിച്ചു. വസുമതി നൽകിയ മധുരം നുകർന്ന് ജനനായകൻ 98-ാം വയസ്സിലേക്ക് പ്രവേശിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വക പൂച്ചെണ്ടും പിറന്നാൾ ആശംസയുമായി രാജ്ഭവനിൽനിന്ന് രാവിലെ പ്രതിനിധിയെത്തിയിരുന്നു. എ കെ ആന്റണി, കോടിയേരി ബാലകൃഷ്ണൻ, എം എ യൂസഫലി എന്നിവർ ഫോണിൽ വിളിച്ച് ആശംസ അറിയിച്ചു. സീതാറാം യെച്ചൂരി വീഡിയോ കോളിലൂടെ സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ് ബുക്കിൽ ആശംസനേർന്ന് കുറിപ്പിട്ടു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP