Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ഇന്ന് കപ്പൽ അടുത്തില്ലെങ്കിൽ നാളെ മുതൽ അദാനി ദിവസവും കേരളത്തിന് നൽകേണ്ടത് 12 ലക്ഷം വീതം; നിർമ്മാണകരാർ തീരുമ്പോഴും എങ്ങുമെത്താതെ തുറമുഖ നിർമ്മാണം; പുലിമുട്ട് നിർമ്മാണം തീർന്നത് വെറും 20 ശതമാനം; ഇങ്ങനെ പോയാൽ വിഴിഞ്ഞം യാഥാർത്ഥ്യമാകാൻ ഇനിയും വേണം പത്തുകൊല്ലം! വ്യവസ്ഥ പാലിക്കാത്തതിന് നൽകേണ്ട 19 കോടി വേണ്ടെന്ന് വെച്ചതിന് പിന്നാലെ സർക്കാർ വീണ്ടും വിട്ടുവീഴ്‌ച്ചക്ക്; 7525 കോടിയിൽ 5071 കോടിയും സർക്കാർ മുടക്കുന്ന 'വികസനത്തിന്റെ ലാസ്റ്റ് ബസ്' പഞ്ചറിലേക്കോ?

ഇന്ന് കപ്പൽ അടുത്തില്ലെങ്കിൽ നാളെ മുതൽ അദാനി ദിവസവും കേരളത്തിന് നൽകേണ്ടത് 12 ലക്ഷം വീതം; നിർമ്മാണകരാർ തീരുമ്പോഴും എങ്ങുമെത്താതെ തുറമുഖ നിർമ്മാണം; പുലിമുട്ട് നിർമ്മാണം തീർന്നത് വെറും 20 ശതമാനം;  ഇങ്ങനെ പോയാൽ വിഴിഞ്ഞം യാഥാർത്ഥ്യമാകാൻ ഇനിയും വേണം പത്തുകൊല്ലം! വ്യവസ്ഥ പാലിക്കാത്തതിന് നൽകേണ്ട 19 കോടി വേണ്ടെന്ന് വെച്ചതിന് പിന്നാലെ സർക്കാർ വീണ്ടും വിട്ടുവീഴ്‌ച്ചക്ക്; 7525 കോടിയിൽ 5071 കോടിയും സർക്കാർ മുടക്കുന്ന 'വികസനത്തിന്റെ ലാസ്റ്റ് ബസ്' പഞ്ചറിലേക്കോ?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിനുള്ള കാരാർ കാലാവധി ഇന്ന് തീരുമ്പോൾ കേരളം പ്രതീക്ഷിച്ചിരുന്നത് ഒരു കപ്പൽ തീരത്ത് അടുക്കും എന്നതായിരുന്നു. എന്നാൽ, ഈ സ്വപ്‌ന പദ്ധതിയുടെ നിർമ്മാണത്തിൽ മെല്ലേപ്പോക്കാണ് ഉണ്ടായിരിക്കുന്നത്. ആദ്യഘട്ട നിർമ്മാണത്തിനുള്ള കരാർ കാലാവധി ഇന്ന് തീരുമ്പോഴും അനിശ്ചിതത്വം മാറുന്നില്ല. പണി തീരാൻ അടുത്ത വർഷം ഡിസംബർ വരെയെങ്കിലും സമയമെടുക്കുമെന്നാണ് അദാനിയുടെ നിലപാട്. കരാർ ലംഘിച്ചാൽ നഷ്ടപരിഹാരം ഈടാക്കാമെങ്കിലും നയപരമായ തീരുമാനമെടുക്കാതെ സർക്കാറും മെല്ലെപ്പോക്കിലാണ്. അദാനിയെ പോലെ കേന്ദ്രസർക്കാറിന്റെയും മോദിയുടെയും അടുപ്പക്കാരനായ വ്യവസായിയെ പിണക്കാൻ സർക്കാറിന് താൽപ്പര്യമില്ലെന്നതാണ് കാര്യം.

വിഴിഞ്ഞം പൈലിംഗും ഡ്രഡ്ജിങ് ഒക്കെ പുരോഗമിക്കുമ്പോഴും പ്രധാനമായ പുലിമുട്ട് നിർമ്മാണം തീർന്നത് വെറും 20 ശതമാനം മാത്രമാണ് പൂർത്തിയായത്. പാറക്കല്ല് കിട്ടാനില്ലെന്ന് പറഞ്ഞു കൊണ്ടാണ് അദാനി ഗ്രൂപ്പ് മെല്ലെപ്പോക്ക് തുടരുന്നു. അടുത്ത ഡിസംബറിൽ തീരുമെന്ന് അദാനി പറയുമ്പോഴും സർക്കാർ ഇത് വരെ കാലാവധി നീട്ടിയിട്ടില്ല. ഓഖിദുരന്തം അടക്കമുള്ള പല കാരണം പറഞ്ഞ അദാനി സമയം നീട്ടാൻ ആവശ്യപ്പെട്ടിരുന്നു. വ്യവസ്ഥ പ്രകാരമുള്ള ഇനിയുള്ള 3 മാസം സർക്കാറിന് അദാനി നഷ്ടപരിഹാരം നൽകേണ്ട. പക്ഷെ 3 മാസം കഴിഞ്ഞാൽ പിന്നെ ഒരോ ദിവസവും 12 ലക്ഷം രൂപ വെച്ച് നഷ്ടപരിഹാരമായി സർക്കാറിന് നൽകണം. പക്ഷെ സർക്കാർ ഇപ്പോഴും നിലപാട് കൃത്യമായി വ്യക്തമാക്കുന്നില്ല.

അതേലമയം വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ കാലാവധി നീട്ടുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നും കമ്പനിയിൽ നിന്ന് നഷ്ട പരിഹാരം വാങ്ങുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ലെന്നും അദ്ദേഹം പറഞ്ഞു. കരാർ പ്രകാരമുള്ള നിർമ്മാണ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. കാലാവധി കഴിഞ്ഞാൽ നഷ്ടപരിഹാരം ഈടാക്കാമെന്നാണ് വ്യവസ്ഥ. കരാർ പ്രകാരം തുറമുഖത്തിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാകേണ്ടത് ചൊവ്വാഴ്ച ആയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് വരും മുമ്പെങ്കിലും കപ്പലെത്തണമെന്നാണ് സർക്കാറിന്റെ ഇപ്പോഴത്തെ മോഹം. അതിനാൽ തന്നെ അദാനിയെ പിണക്കാൻ സർക്കാർ തയ്യാറുമല്ല. അദാനി മെല്ലെപ്പോക്ക് തുടരുമ്പോൾ പദ്ധതിയുടെ മേൽനോട്ടച്ചുമതലയുള്ള സർക്കാറിന്റെ ഉന്നതാധികാരസമിതി നോക്കുകുത്തിയായി മാറുന്നു. മുഖ്യമന്ത്രിക്കൊപ്പം ബുസാൻ തുറമുഖം സന്ദർശിച്ച ചീഫ് സെക്രട്ടറിയാണ് ഈ സമിതിയുടെ തലവൻ.

നഷ്ടപരിഹാരമായി നൽകേണ്ട 19 കോടിയും വേണ്ടെന്ന് വെച്ച് സർക്കാർ

നേരത്തെ രണ്ടാം ഘട്ടത്തിൽ പദ്ധതിയുടെ 25 ശതമാനം ചെലവാക്കണമെന്ന് വ്യവസ്ഥ പാലിക്കാത്തതിനാൽ സർക്കാരിന് ലഭിക്കേണ്ട നഷ്ടപരിഹാരം 19 കോടി രൂപയായിരുന്നു. ഈ നഷ്ടപരിഹാരം നൽകാൻ അദാനി തയ്യാറായതുമില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാർ വ്യവസ്ഥകളിൽ വൻ വീഴ്ചകൾ വരുത്തി കൊണ്ടാണ് കമ്പനി ഇപ്പോൾ കരാർ ലംഘനത്തിന്റെ പേരിൽ സർക്കാരിനു നൽകേണ്ട തുകയായ 19 കോടി രൂപ നൽകാതെ തടിയൂരിയത്. തൊടുന്യായം പറഞ്ഞു സർക്കാരിലേക്ക് നൽകേണ്ട 19 കോടി രൂപ നല്കാതിരിക്കാൻ ശ്രമിക്കുമ്പോൾ അദാനിയുടെ ഈ ശ്രമങ്ങൾക്ക് സർക്കാരും കുട പിടിക്കുകയും ചെയ്തു. ജൂലൈ 26 നു വിഴിഞ്ഞം പദ്ധതി 600 ദിവസം പിന്നിടുമ്പോൾ അദാനി ഒന്നാംഘട്ട നിർമ്മാണ പ്രകാരമുള്ള പദ്ധതി തുകയുടെ 25 ശതമാനം പൂർത്തിയാക്കിയില്ലാ എന്നാണ് സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയ കത്തിൽ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ കരാർലംഘനത്തിന്റെ പേരിൽ 19 കോടിയോളം രൂപ അദാനി സർക്കാരിനു നൽകണം എന്നാണ് സർക്കാർ കത്തിൽ ആവശ്യപ്പെടുന്നത്.

നഷ്ടപരിഹാരത്തിനായി കത്ത് കൈമാറിയ കാര്യം നിയമസഭയിൽ സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനപക്ഷം നേതാവ് പി.സി.ജോർജിന്റെ ചോദ്യത്തിനാണ് നിയമസഭയിൽ സർക്കാർ ഈ മറുപടി നൽകിയത്. ഈ കത്ത് കൈമാറിയതോടെയാണ് കോഴയ്ക്കുള്ള സാധ്യതകൾ തിരിച്ചറിഞ്ഞു സർക്കാരിൽ തന്നെയുള്ള ചിലർ നീക്കം നടത്തുന്നത്. ഈ ഇടപാടിൽ കോഴ കൈപ്പറ്റാനുള്ള നീക്കങ്ങൾക്ക് സർക്കാരിലെ പ്രമുഖരുടെ മൗനാനുവാദമുണ്ടെന്നാണ് അറിയുന്നത്.കോഴ കൈമറിയുന്നതോടെ അദാനി നൽകേണ്ട തുകയുടെ കാര്യത്തിൽ സർക്കാർ ബലം പിടിക്കില്ല.

ഇത്തരം നീക്കങ്ങൾ നടന്നുവരുന്നതായാണ് അറിയുന്നത്.കഴിഞ്ഞ ജൂലൈ 26 നു വിഴിഞ്ഞം പദ്ധതി 600 ദിവസം പിന്നിടുമ്പോൾ ഒന്നാംഘട്ട പദ്ധതി തുകയുടെ ഇരുപത്തിയഞ്ച് ശതമാനം കമ്പനി നിർമ്മാണ മേഖലയിൽ ചെലവിടെണ്ടതാണ്. പക്ഷെ കമ്പനി ഈ തുക ചെലവിട്ടിട്ടില്ല. ചെലവാക്കേണ്ട തുകയിൽ ഗണ്യമായ കുറവ് വന്നതിനാൽ കരാർ പ്രകാരം സർക്കാരിനു കമ്പനി 19 കോടി രൂപയോളം നൽകേണ്ടതുണ്ട്. ഒന്നാംഘട്ട നിർമ്മാണത്തിനുള്ള തുക ചിലവഴിച്ചില്ല എന്ന് മാത്രമല്ല പദ്ധതിയുടെ ഒന്നാംഘട്ട പദ്ധതി പോലും പൂർത്തിയാക്കിയിട്ടില്ല. പുലിമുട്ട്, പാലം ജോലികൾ, മണ്ണിട്ട് നികത്തൽ തുടങി ഒന്നാംഘട്ട ജോലികൾ തന്നെ പാതിവഴിയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് നിർമ്മാണ പ്രവർത്തനത്തിനുള്ള തുക ചിലവഴിച്ചിട്ടില്ല എന്ന് മനസിലാക്കി സർക്കാർ ഖജനാവിലേക്ക് വേണ്ട നഷ്ടം നൽകാതിരിക്കാൻ അദാനി ശ്രമിക്കുന്നത്. തുക നൽകാതിരിക്കാൻ അദാനി ശ്രമിക്കുമ്പോൾ സർക്കാരും ഈ നീക്കത്തിന് നേരെ കണ്ണടയ്ക്കുകയാണ്.

വിഴിഞ്ഞം ഒന്നാംഘട്ട പദ്ധതി തുകയുടെ ഇരുപത്തിയഞ്ച് ശതമാനം കമ്പനി ചിലവഴിച്ചതായി സർക്കാരും സമ്മതിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂവെന്ന് മനസിലാക്കുന്നവരാണ് അദാനിക്ക് വേണ്ടി നീക്കം നടത്തുന്നത്. ആയിരം ദിവസം കൊണ്ട് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കുമെന്നാണ് കരാർ ഒപ്പിടുന്ന വേളയിൽ അദാനി പറഞ്ഞിരുന്നത്. 2015 ഡിസംബർ 5 നായിരുന്നു വിഴിഞ്ഞത്തെ തുറമുഖ പദ്ധതി ഔദ്യോഗിക ഉദ്ഘാടനം നടത്തിയത്. ആയിരം ദിനം കൊണ്ട് ആദ്യഘട്ട നിർമ്മാണം എന്നാണ് അദാനി ഗ്രൂപ്പ് അന്ന് പ്രഖ്യാപിച്ചത്.

പദ്ധതിയുടെ പ്രവർത്തന പുരോഗമതി വിലയിരുത്തുന്നതിനായി കൺസെഷൻ കരാറിൽ ഒന്നം ഘട്ടത്തെ നാല് നാഴിക കല്ലുകളായി വിഭജിച്ചിരുന്നു. ഇതിൽ രണ്ടാം നാഴികക്കല്ലനുസിച്ച് 600 ദിവസം കൊണ്ട് അദാനി കമ്പനി കണ്ടെത്തിയ മുഖ്യ വായ്പ ദാതാവായ ധനകാര്യ സ്ഥാപനം അംഗീകരിച്ചുള്ള പദ്ധതി തുകയുടെ 25 ശതമാനം അദാനി കമ്പനി ചെലവഴിക്കേണ്ടതും ആയതിന്റെ പകുതിയെങ്കിലും തുറമുഖത്തിന്റെ നിർമ്മിതികളിൽ ആയിരിക്കണം എന്ന് നിഷ്‌കർശിച്ചിട്ടുണ്ട്. സീനിയർ ലെന്റ് അംഗീകരിച്ചിട്ടുള്ള പദ്ധതി ചെലവ് 4168 കോടി രൂപയാണ്.

ഇപ്രകാരം കണക്കാക്കുമ്പോൾ കുറഞ്ഞത് 1042 കോടി രൂപ അദാനി ചെലവഴിക്കേണ്ടതും ഇതിൽ 521 കോടി രൂപ നിർമ്മിതികളിലും ആയിരക്കണക്കിനുണ്ട്. എന്നാൽ രണ്ടാം നാഴിക കല്ലെന്ന് തീയതിൽ നടത്തിയ നിക്ഷേപം ചെലവഴിക്കേണ്ട 25ശതമാനത്തിൽ കുറവായതിനാൽ 18.96 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ കത്ത് നൽകിയത്. ഇതിന് തുടർന്നാണ് മറ്റ് തുറമുഖ പദ്ധതിക്ക് വേണ്ട ഉപകരണങ്ങളും യന്ത്രസാമഗ്രികളും വാങ്ങുന്നതിനായി ബാങ്കിൽ നിന്ന് എടുത്തിട്ടുള്ള ലോണും മറ്റും കാട്ടി അപേക്ഷ നൽകിയത്. ഇത് അംഗീകരിക്കുകയാണ് സർക്കാർ ചെയ്തത്. മൂന്ന് ഘട്ടങ്ങളായാണ് തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്. ആദ്യ ഘട്ടത്തിൽ ടെർമിനൽ നിർമ്മാണം, നാവിക, തീരസംരക്ഷണ സേനാ വിഭാഗത്തിനുള്ള സജ്ജീകരണങ്ങൾ, തുറമുഖ ഓഫീസ്, മത്സ്യ ബന്ധന തുറമുഖം എന്നിവയാണ്. ഇതിനോടൊപ്പം തന്നെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളും നടപ്പാക്കും. രണ്ടാം ഘട്ടത്തിൽ എഴുന്നുറോളം മീറ്റർ തുറമുഖത്തിന്റെ വികാസം വർദ്ധിപ്പിക്കും.

കരിങ്കല്ലിനു ഉള്ളത് കൃത്രിമ ക്ഷാമമോ?

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ടു അദാനി ഗ്രൂപ്പ് ഉയർത്തുന്ന കരിങ്കൽ പ്രശ്നത്തിലും ഒട്ടേറെ ദുരൂഹതകൾ നിലനിൽക്കുന്നണ്ട്. കരിങ്കല്ലിൽ കൃത്രിമ ക്ഷാമം കാണിച്ച് പോർട്ട് നിർമ്മാണം നീട്ടിക്കൊണ്ടു പോകാനാണ് അദാനിയുടെ ശ്രമം. കരിങ്കൽ പ്രശ്നം തന്നെയാണോ വിഴിഞ്ഞം പോർട്ട് വൈകാൻ കാരണം എന്ന സംശയവും ഇപ്പോൾ ഉയർന്ന് നിൽക്കുന്നു. ഒന്ന് ഈ പോർട്ടിൽ കരിങ്കൽ ഇറക്കേണ്ട ആവശ്യം വരുന്നില്ല. ഇറക്കിയാൽ തന്നെ നാല്പത് കിലോമീറ്ററോളം റോഡ് മാർഗം കരിങ്കൽ എത്തിക്കേണ്ടി വരും. രണ്ടാമത് വിഴിഞ്ഞത്ത് തന്നെ കരിങ്കൽ എത്തിക്കാൻ കേരളത്തിലെ സ്വകാര്യ ക്വാറി ഉടമകൾ ഒരുക്കവുമാണ്.

പക്ഷെ ക്വാറി ഉടമകളിൽ നിന്ന് കരിങ്കല്ലുകൾ സ്വീകരിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറുമല്ല. ടണ്ണിനു വലിയ വില നൽകി കരിങ്കൽ എടുക്കേണ്ടതിന് പകരം സർക്കാരിൽ നിന്നും ചെറിയ തുകയ്ക്ക് കരിങ്കൽ ലഭ്യമാക്കാനുള്ള നീക്കങ്ങളിലാണ് അദാനി ഗ്രൂപ്പ് എന്നാണ് അറിയുന്നത്. ഒരു ടണ്ണിനു 800 മുതൽ 900 രൂപ വരെ സ്വകാര്യ കോറി ഉടമകൾക്ക് നൽകേണ്ടി വരും. എന്നാൽ എങ്ങിനെയെങ്കിലും സർക്കാരിൽ നിന്നും കരിങ്കൽ ലഭ്യമാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. ഒരു ടണ്ണിനു 29.40 പൈസയ്ക്ക് എങ്ങിനെയെങ്കിലും സർക്കാരിൽ നിന്നും കരിങ്കൽ ഇറക്കുമതിക്കാണ് ഇവർ ശ്രമിക്കുന്നത്. വിഴിഞ്ഞം ഉടമ്പടി പ്രകാരം സർക്കാരിൽ നിന്നും നേരിട്ട് കരിങ്കൽ ഇറക്കുമതി ചെയ്യാൻ അദാനി ഗ്രൂപ്പിന് അനുമതിയില്ല. മുന്നാം കക്ഷിയിൽ നിന്ന് വേണം അദാനി ഗ്രൂപ്പ് കരിങ്കല്ലുകൾ സ്വീകരിക്കാൻ. സംസ്ഥാനത്തിനകത്ത് നിന്നോ പുറത്ത് നിന്നോ അദാനിക്ക് കരിങ്കൽ ലഭ്യമാക്കാം. അപ്പോൾ വൻ തുക ടണ്ണിനു നല്കേണ്ടി വരും. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ നിന്ന് കരിങ്കൽ ലഭിക്കുകയാണെങ്കിൽ കോടികൾ അദാനിക്ക് ലാഭിക്കാം.

പക്ഷെ സംസ്ഥാനത്തിന്റെ സമ്പത്ത് ധൂർത്തടിക്കുന്നതിന് തുല്യമാകും. 1500 കോടി രൂപയോളമാണ് അദാനിക്ക് ഇപ്രകാരം ലാഭിക്കാൻ കഴിയുക. ഈ രീതിയിൽ തുക ലാഭിക്കാൻ കഴിയുമ്പോൾ ഏതാനും കോടികൾ ഇടനിലക്കാർക്ക് കൈമാറാൻ ഇവർ തയ്യാറാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ കരിങ്കൽ ചുളുവിലയ്ക്ക് ലഭ്യമാക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ നടക്കുന്നത്. അതേസമയം നേരിട്ട് ക്വാറികളിൽ നിന്ന് കരിങ്കൽ സ്വീകരിക്കാൻ സർക്കാർ അദാനി ഗ്രൂപ്പിന് അനുമതി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസും ഹൈക്കോടതിയിൽ നിലനിൽക്കുന്നു.

7525 കോടിയുടെ ചെലവിൽ 5071 കോടിയും മുടക്കുന്നത് സർക്കാർ

2015 ഡിസംബർ 5 നാണ് വിഴിഞ്ഞ തുറമുഖപദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നത്. 4 വർഷമായിരുന്നു കരാർ കാലാവധി. അതായത് ഈ വർഷം ഡിസംബർ 4ന് ആദ്യഘട്ട നിർമ്മാണം പൂർത്തിയാവണം. കരാർ കാലാവധിക്കും മുമ്പെ ആയിരം ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. എന്നാൽ, ഈ വാഗ്ദാനം അദാനി പാലിച്ചിട്ടില്ല. തിരുവനന്തപുരത്തിന്റെ വികസന നാഴിക കല്ലിലെ സുപ്രധാന പദ്ധതിയാണെന്ന വിധത്തിലുള്ള പ്രചരണത്തിന്റെ അകമ്പടകളോടെയാണ് പദ്ധതിയുടെ കരാർ ഗൗതം അദാനിക്ക് നൽകിയത്. അന്ന് പ്രതിപക്ഷമായ സിപിഎം ഉയർത്തിയ എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് പദ്ധതി അദാനിക്ക് നൽകി തീരുമാനം കൈക്കൊണ്ടതും കരാർ ഒപ്പുവച്ചതും. ഇങ്ങനെ കരാറിൽ ഒപ്പിടീക്കാൻ വേണ്ടി പല വിധത്തിലുള്ള കഥകളും പലരും പറഞ്ഞു. ഇതിന് അന്താരാഷ്ട്ര കപ്പൽചാലുകളെയും പലരും കൂട്ടുപിടിച്ചു. എന്താണ് കരാറിന്റെ യഥാർത്ഥ വസ്തുതകൾ ഇപ്പോഴും ഇരുളിൽ തന്നെയാണ്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സിഎജിയുടെ കണ്ടെത്തലുകൾ. അതായാത് ഈ പദ്ധതി കൊണ്ട് കേരളത്തിന് ഒരു സാമ്പത്തിക നേട്ടവും ഉണ്ടാകില്ലെന്ന വിമർശനം ശരിയാവുകായണ് ഇപ്പോൾ.

ഒരു വർഷം രണ്ടര ലക്ഷം കപ്പലുകളാണ് നമ്മുടെ സമുദ്രാതിർത്തി വഴി കടന്നു പോകുന്നതെന്നും അതിൽ പകുതിയും വിഴിഞ്ഞെത്ത് എത്തുമെന്നുമൊക്കെയായിരുന്നു വിഴിഞ്ഞത്തെ അനുകൂലിച്ച് കരാറൊപ്പിടുമ്പോൾ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടി അടക്കമുള്ളവർ പറഞ്ഞു പോന്നത്. വിഴിഞ്ഞത്തിന് വേണ്ടി ശക്തമായി വാദിച്ച പലരും ഈ വാദമുഖം ഉന്നയിച്ചു. ഇവർ ചാനൽ ചർച്ചകളിൽ വിഴിഞ്ഞത്തെ അനുകൂലിച്ച് പലതും പറഞ്ഞു. ഇങ്ങനെ പറഞ്ഞത് പലതും അസത്യമാണെന്നതാണ് വാസ്തവം. ഇത് തുറമുഖ പദ്ധതിയെ പ്രതിസ്ഥാനത്ത് നിർത്തുകയാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ടുള്ള കള്ളക്കണക്കുകൾ അവതരിപ്പിക്കുന്നവരുടെ ലക്ഷ്യം എങ്ങനേയും ഗൗതം അദാനിക്ക് തുറമുഖ പദ്ധതി നൽകുക മാത്രമായിരുന്നു.

എൽ.ഡി.എഫ്. അധികാരത്തിലെത്തിയാൽ വിഴിഞ്ഞം കരാർ പുനപരിശോധിക്കുമെന്ന് പിണറായി വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പറഞ്ഞിരുന്നെങ്കിലും പിന്നീട് അതുണ്ടായില്ല. വിഴിഞ്ഞത്ത് മുഖ്യമായും ഒരു കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാണ് നിർമ്മിക്കാൻ പോകുന്നത്. അതായാത് സമുദ്രാതിർത്ത് വഴി പോകുന്ന എല്ലാ കപ്പലുകളും വിഴിഞ്ഞത്ത് എത്തുകയിയില്ലെന്ന കാര്യം ഉറപ്പാണ്. 2013ലെ കണക്കുകൾ പ്രകാരം ലോകത്ത് ആകെയുള്ളത് 4968 കണ്ടയിനർ ഷിപ്പുകൾ ആയിരുന്നു. ഇന്നത്തെ കണക്ക് പ്രകാരം കടലിൽ സജീവമായിരുന്നത് 6040 കണ്ടൈനർ ഷിപ്പുകൾ മാത്രമാണ്. അതായത് 7000ൽ താഴെ കപ്പലുകൾ മാത്രമാണ് ഇപ്പോൾ ചരക്ക് നീക്കത്തിൽ സജീവമായിട്ടുള്ളത്. അടുത്ത അഞ്ചുവർഷം കൊണ്ട് ഇത് പരമാവധി അഞ്ചൂറെണ്ണം കൂടി ഉയരും. അതിനപ്പുറത്തേക്ക് ഒന്നും സംഭവിക്കില്ല. ഇതൊക്കെ അറിയാവുന്നവർ തന്നെയാണ് ഒരു ലക്ഷം ഇരുപതിനായിരം കപ്പലുകളുടെ കണക്ക് പറയുന്നത്.

ഇങ്ങനെ കപ്പൽചാലുകളിൽ സജീവമായിരിക്കുന്ന 7000ത്തിലേറെ കണ്ടെയ്്‌നറുകളിൽ ഒരു കണ്ടെയ്‌നർ തന്നെ വിഴിഞ്ഞം തീരത്ത് വന്നുപോകണമെങ്കിൽ ആഴ്‌ച്ചകളും മാസങ്ങളും പിടിക്കും. ഇങ്ങനെ ആയിരക്കണക്കിന് കണ്ടെയ്‌നർ കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് വന്നാൽ മാത്രമേ ലാബക്കണക്കുകൾ വിഴിഞ്ഞ് പദ്ധതിയെ അനുകൂലിക്കുന്നവരുടെ ലക്ഷം കണക്കിലേക്ക് കാര്യങ്ങൾ എത്തുകയുള്ളൂ.. അങ്ങനെ എത്തുന്ന കാലം ഉണ്ടായാൽ അതിന് ചുരുങ്ങിയത് എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന് ചോദിച്ചാൽ കൃത്യമായ ഒരു ഉത്തരവും നൽകാൻ സാധിക്കില്ല. ഇതെല്ലാം നന്നായി അദാനിക്കും അറിയാം. അതുകൊണ്ടാണ് തീർത്തും ഏകപക്ഷീയമായ കരാറിന് വേണ്ടി അദാനി നിലകൊണ്ടത്. ഇത് ഉമ്മൻ ചാണ്ടി സർക്കാർ അംഗീകരിക്കുകയും ചെയ്തു.

സർക്കാരിന്റെ കണക്ക് അനുസരിച്ച് തന്നെ പദ്ധതിക്കുവേണ്ടി വരുന്ന ആകെ ചെലവ് 7525 കോടിയാണ്. ഇതിൽ 5071 കോടിയും സർക്കാർ മുതൽമുടക്കാണ്. ബാക്കി 2454 കോടി മാത്രമാണ് അദാനി മുടക്കുന്നത്. പദ്ധതിക്കായി സർക്കാർ അദാനിക്ക് അഞ്ഞൂറ് ഏക്കർ ഭൂമിയാണ് നൽകുന്നത്. ഈ ഭൂമിക്ക് സെന്റ് ഒന്നിന് പത്തുലക്ഷം വച്ച് കണക്കാക്കിയാൽ വില അയ്യായിരം കോടി വരും. ഈ അഞ്ഞൂറ് ഏക്കറിൽ നിന്ന് മുപ്പത് ശതമാനം ഭൂമി അദാനിക്ക് ഇഷ്ടമുള്ള മറ്റ് വ്യവസായങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. തുറമുഖ പദ്ധതിക്ക് ആവശ്യമുള്ളത് 300 ഏക്കർ മാത്രമാണ്. ആകെ ലഭിക്കുന്ന 500 ഏക്കർ ഭൂമി പണയം വച്ചാൽ മൂവായിരം കോടി വരെ വായ്പ എടുക്കാം. എന്നുപറഞ്ഞാൽ, സർക്കാർ നൽകുന്ന ഭൂമി പണയം വച്ച് എടുക്കുന്ന മൂവായിരം കോടിയിൽ നിന്ന് 2454 കോടി മാത്രം പദ്ധതിക്കായി അദാനി മുടക്കിയാൽ മതി.

അതേസമയം പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയാക്കാൻ ആകുന്ന ഘട്ടത്തിൽ സർക്കാർ നൽകിയ പണം മാത്രമാണ് വിഴിഞ്ഞത്ത് അദാനി ഉപയോഗിച്ചത്. ഇനി നൽകാനുള്ള രണ്ടായിരം കോടിയോളം രൂപ കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ് അറിയുന്നത്. സർക്കാർ പണം കൊണ്ട് പദ്ധതി തീർത്ത് ഉപയോഗിക്കാനുള്ള ശ്രമമാണ് അദാനി നടത്തുന്നത്. നഷ്ടത്തിന്റെ കണക്കുകൾ രാഷ്ട്രീയ സമ്മർദ്ദം വഴി നേരിടാമെന്നും ഇവർ കണക്കൂകൂട്ടുന്നു. വിഴിഞ്ഞം തുറമുഖത്തിന്റെ 15ാം വാർഷികം മുതൽ ഒരു ശതമാനം വരുമാനവിഹിതം സർക്കാറിന് നൽകണമെന്നാണ് വ്യവസ്ഥ. വർഷംതോറും കൂടി ഇത് 40 ശതമാനം വരെയാവും. നിർമ്മാണം പൂർത്തിയാക്കാൻ നാല് വർഷമെടുക്കും. അപ്പോൾ 19ാംവർഷംമുതലേ വരുമാനവിഹിതം കിട്ടൂ. ഇത് കേരളം പദ്ധതിക്കായി ചെലവാക്കുന്ന പണത്തിന്റെ പലിശപോലുമാവില്ല. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽപ്പോലും 33 ശതമാനം വരുമാനം വ്യവസ്ഥചെയ്തിട്ടുണ്ടെന്നും ഇവർ വാദിക്കുന്നു. ഇപ്പോഴത്തെ കരാർ അനുസരിച്ച് അദാനിക്ക് 40 വർഷം ലൈസൻസ് കിട്ടും. ഭൂമി സർക്കാറിന്റെ ഉടമസ്ഥതയിലായിരിക്കും.

മൂന്നിലൊന്ന് ചെലവഴിക്കുന്നവർക്ക് 19 വർഷം പൂർണമായും വരുമാനം സ്വായത്തമാക്കുന്നതിന് അവകാശം നൽകി. മാത്രമല്ല, എത്രകാലം കഴിഞ്ഞാലും വരുമാനത്തിന്റെ 40 ശതമാനം മാത്രമേ സർക്കാരിനു ലഭിക്കൂ. അതായത്, മൂന്നിലൊന്ന് ചെലവഴിക്കുന്നവർ 60 ശതമാനം വരുമാനം എല്ലാ ഘട്ടത്തിലും കൈവശപ്പെടുത്തുന്നു. ഇതാണ് ചോദ്യം ചെയ്യപ്പെടുന്നത്. രണ്ടാംഘട്ടം സ്വന്തം പണമുപയോഗിച്ച് വികസിപ്പിച്ചാൽ പിന്നീട് 20 വർഷംകൂടി കിട്ടും. എന്നാൽ, എൽ.ഡി.എഫ്. സർക്കാറിന്റെ കാലത്ത് കരാർ കാലാവധി 30 വർഷമാണെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടാംഘട്ടത്തിന് പരിധി നിശ്ചയിച്ചിരുന്നില്ല. ഈ പദ്ധതിക്ക് വേണ്ടി കേരളം വലിയ വിലനൽകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP