Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീവ്രവാദ ബന്ധമുണ്ടോയെന്നതു സംബന്ധിച്ച തലത്തിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്ന ഡിഐജി; ചില സംശയങ്ങളുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും കേരള പൊലീസും കേന്ദ്ര ഏജൻസികളും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എഡിജിപി; വിഴിഞ്ഞത്ത് പൊലീസിനുള്ളിൽ ആശയക്കുഴപ്പമോ? നിശാന്തിനിയും അജിത് കുമാറും മുഖ്യമന്ത്രിയും ചർച്ചയാക്കുന്നത് എന്ത്?

തീവ്രവാദ ബന്ധമുണ്ടോയെന്നതു സംബന്ധിച്ച തലത്തിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്ന ഡിഐജി; ചില സംശയങ്ങളുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും കേരള പൊലീസും കേന്ദ്ര ഏജൻസികളും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എഡിജിപി; വിഴിഞ്ഞത്ത് പൊലീസിനുള്ളിൽ ആശയക്കുഴപ്പമോ? നിശാന്തിനിയും അജിത് കുമാറും മുഖ്യമന്ത്രിയും ചർച്ചയാക്കുന്നത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ തീവ്രവാദ ബന്ധമുണ്ടോയെന്നതിൽ ഡിഐജി ആർ.നിശാന്തിനിക്കും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിനും വ്യത്യസ്താഭിപ്രായം. തീവ്രവാദ ബന്ധമുണ്ടെന്നതിനെക്കുറിച്ച് നിലവിൽ പറയാനാകില്ലെന്ന നിലപാടാണ് നിശാന്തിനിയുടേത്. എന്നാൽ, ഈ വാദത്തെ എഡിജിപി തള്ളിയത് പൊലീസ് തലപ്പത്ത് ചർച്ചയായി. വിഴിഞ്ഞത്ത് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചത് ദേശാഭിമാനിയാണ്. സിപിഎം മുഖപത്രത്തിന്റെ ഈ നിലപാടാണ് നിശാന്തിനി തള്ളിയത്. എന്നാൽ എഡിജിപിയും ഡിജിപിയുമെല്ലാം ദേശാഭിമാനിയ്‌ക്കൊപ്പവും.

വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിനായി നിയോഗിച്ച സ്‌പെഷൽ ഓഫിസർ കൂടിയാണ് നിശാന്തിനി. തീവ്രവാദ ബന്ധമുണ്ടോയെന്നതു സംബന്ധിച്ച തലത്തിലേക്ക് അന്വേഷണം എത്തിയിട്ടില്ലെന്നായിരുന്നു ബുധനാഴ്ച വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ സന്ദർശിച്ച ശേഷം അവർ മാധ്യമങ്ങളോടു പറഞ്ഞത്. വൈകിട്ടോടെ മാധ്യമങ്ങളെ കണ്ട എഡിജിപി, ഡിഐജിയുടെ പരാമർശങ്ങളെ തള്ളി. ചില സംശയങ്ങളുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും കേരള പൊലീസും കേന്ദ്ര ഏജൻസികളും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നുമായിരുന്നു എഡിജിപി പറഞ്ഞത്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു ശേഷം വിഴിഞ്ഞത്ത് യോഗം നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മുഖ്യമന്ത്രി അടക്കമുള്ളവരും വിഴിഞ്ഞം ചർച്ചയാക്കി പ്രതികരണവുമായി എത്തി. മുഖ്യമന്ത്രിയും ഭീകരത എന്ന വാക്ക് ഉപയോഗിക്കുന്നില്ല.

വിഴിഞ്ഞത്ത് പൊലീസുകാരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നടത്തിയ അക്രമ സമരത്തെ സമചിത്തത കൈവിടാതെ ഉത്തരവാദിത്വത്തോടെ നേരിട്ട സേനാംഗങ്ങളെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. നാട് മറ്റൊരുതലത്തിലേക്ക് മാറാതെ അക്രമികളെ നേരിടാൻ പൊലീസ് തയ്യാറായി. രാമവർമപുരം പൊലീസ് അക്കാദമിയിൽ 18സി ബാച്ച് വനിതാ പൊലീസ് പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവിധ രീതികളിലുള്ള പരീക്ഷണങ്ങൾ പൊലീസിന് നേരിടേണ്ടിവരുന്നുണ്ട്. അക്രമസമരങ്ങളും പൊലീസ് സ്റ്റേഷൻ ആക്രമണങ്ങളും നടത്തുന്നു. നിരവധി പൊലീസുകാർക്കാണ് പരിക്കേൽക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നത്.

വിഴിഞ്ഞം സംഭവത്തിൽ തീവ്രസ്വഭാവമുള്ള സംഘടനകളുടെ ഇടപെടൽ പരിശോധിക്കുമെന്നു ഡിജിപി അനിൽകാന്തും പറയുന്നു. വിഴിഞ്ഞം ആക്രമണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു പരിശോധിക്കും. പൊലീസിനെതിരേ ആക്രമണം നടത്തുന്നവരെ കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് പക്വതയോടെ ഇടപെട്ടു. അലംഭാവം ഉണ്ടായിട്ടില്ല. കേസിൽ തുടർനടപടികൾ ഉണ്ടാകും. ഇതു സംബന്ധിച്ച അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കും. കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞിട്ടുണ്ട്.

ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ വിഴിഞ്ഞം സമരക്കാർ ലംഘിച്ചെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു കഴിഞ്ഞു. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തിരുവനന്തപുരം സിറ്റി പൊലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. സംഭവദിവസത്തെ വീഡിയോ ദൃശ്യങ്ങളടക്കം പൊലീസ് കോടതിക്ക് കൈമാറി. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ വൈദികർക്കടക്കം പങ്കുണ്ടെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. സമരക്കാർ പൊലീസിനെയും പദ്ധതിയെ അനുകൂലിക്കുന്നവരെയും കൈയേറ്റം ചെയ്തു.

മൂവായിരത്തിലധികം പേർ സംഘടിച്ചെത്തിയാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചത്. സ്ത്രീകളും കുട്ടികളും മുതിർന്നവരടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും ഹൈക്കോടതിയെ പൊലീസ് അറിയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP