Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌റ്റേഷൻ ആക്രമിച്ചിട്ടും കസ്റ്റഡിയിൽ ഉള്ളവരെ മോചിപ്പിക്കാൻ പ്രതിഷേധക്കാർക്കായില്ല; അടികൊണ്ട് വീഴുമ്പോഴും പ്രതികൾ രക്ഷപ്പെടാതിരിക്കാൻ പൊലീസുകാർ കാട്ടിയത് സമാനതകളില്ലാത്ത ജാഗ്രത; നശിപ്പിച്ചത് നാല് ജീപ്പും രണ്ട് വാനും ഇരുപതോളം ബൈക്കുകളും സ്റ്റേഷനിലെ ഫർണിച്ചറുകളും ഫയലുകളും; പൊതുമുതൽ നഷ്ടം കോടിക്ക് മുകളിൽ; വിഴിഞ്ഞത്ത് എട്ട് പൊലീസുകാരുടെ നില ഗുരുതരം

സ്‌റ്റേഷൻ ആക്രമിച്ചിട്ടും കസ്റ്റഡിയിൽ ഉള്ളവരെ മോചിപ്പിക്കാൻ പ്രതിഷേധക്കാർക്കായില്ല; അടികൊണ്ട് വീഴുമ്പോഴും പ്രതികൾ രക്ഷപ്പെടാതിരിക്കാൻ പൊലീസുകാർ കാട്ടിയത് സമാനതകളില്ലാത്ത ജാഗ്രത; നശിപ്പിച്ചത് നാല് ജീപ്പും രണ്ട് വാനും ഇരുപതോളം ബൈക്കുകളും സ്റ്റേഷനിലെ ഫർണിച്ചറുകളും ഫയലുകളും; പൊതുമുതൽ നഷ്ടം കോടിക്ക് മുകളിൽ; വിഴിഞ്ഞത്ത് എട്ട് പൊലീസുകാരുടെ നില ഗുരുതരം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം :മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് ശേഷം കനത്ത ജാഗ്രതയിലാണ് വിഴിഞ്ഞം. പൊലീസ് സ്റ്റേഷൻ , സമര പന്തൽ അടക്കമുള്ള സ്ഥലങ്ങൾ കനത്ത പൊലീസ് കാവലിലാണ്. ഇന്നലെ അറസ്റ്റിലായ പ്രതിഷേധക്കാരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിൽ ഇന്ന് കേസെടുക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരുന്നുണ്ട്. പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചിട്ടും കസ്റ്റഡിയിൽ ഉള്ളവരെ മോചിപ്പിക്കാൻ പ്രതിഷേധക്കാർക്കായില്ല. ജീവൻ പണയം വച്ചാണ് സാധാരണ പൊലീസുകാർ കസ്റ്റഡിയിലുള്ളവരെ സുരക്ഷിതമാക്കിയത്. പൊലീസ് സ്റ്റേഷൻ വളഞ്ഞ സമരക്കാർ പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. സമര നേതൃത്വവുമായി പലവട്ടം ചർച്ച നടത്തിയെങ്കിലും സമവായത്തിലേക്ക് എത്താൻ ആയിട്ടില്ല.

ഫോർട്ട് അസി.കമ്മിഷണർ ഷാജി, വിഴിഞ്ഞം സിഐ പ്രജീഷ് ശശി, രണ്ട് വനിതകളടക്കം 35 പൊലീസുകാരെയും ക്രൂരമായി മർദ്ദിച്ചു. ഫോർട്ട് സ്റ്റേഷനിലെ സി.പി.ഒ ശരത് കുമാർ, വിഴിഞ്ഞം പ്രൊബേഷൻ എസ്‌ഐ ലിജു പി. മണി എന്നിവരുടെ നില ഗുരുതരമാണ്. കാലിലെ എല്ലുകൾ തകർന്ന ലിജുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി മെഡി.കാേളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.16 പൊലീസുകാരെ മെഡി. കോളേജിൽ പ്രവേശിപ്പിച്ചു. ആയിരത്തോളം വരുന്ന സമരക്കാരുടെ അക്രമങ്ങളിൽ പൊലീസ് സ്റ്റേഷനും പരിസരവും കലാപഭൂമിയായി. 

കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകളും വൈദികരും ഉൾപ്പടെ വിഴിഞ്ഞം പൊലീസ്സ്‌റ്റേഷനിലേക്കെത്തിയത്. സന്ധ്യയോടെ സ്റ്റേഷൻ വളഞ്ഞ പ്രവർത്തകർ നിർത്തിയിട്ട പൊലീസ് വാഹനങ്ങൾ തകർത്തു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.പിരിഞ്ഞുപോയവർ വീണ്ടും തിരികെയെത്തി പൊലീസുമായി ഏറ്റുമുട്ടി. ലാത്തിച്ചാർജിൽ ഒട്ടേറെ സമരക്കാർക്ക് പരിക്കേറ്റു. പൊലീസുകാരെയും ആക്രമിച്ചു. സംഘർഷം മണിക്കൂറുകളോളം നീണ്ടുനിന്നു. പരിക്കേറ്റ പൊലീസുകാരെ പുറത്തിറക്കാൻ പോലും സമരക്കാർ അനുവദിച്ചില്ല. കൂടുതൽ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്.അർധരാത്രിയോടെ സ്ഥിതിഗതികൾനിയന്ത്രണ വിധേയമായതായി പൊലീസ് അറിയിച്ചു.

കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യമെങ്കിലും അവരുടെ അറസ്റ്റ് രാത്രി പൊലീസ് രേഖപ്പെടുത്തി. മുത്തപ്പൻ ലിയോൺ പുഷ്പരാജ് ഷാജി എന്നിവരുടെ അറസ്റ്റ് രേഖപ്പടുത്തുകയും സെൽറ്റനെ റിമാൻഡും ചെയ്തു. സമരസമിതിയുടെ ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ എസ്‌ഐ ലിജോ പി മണിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആകെ 36 പൊലീസുകാർക്കാണ് പരിക്കുപറ്റിയത്. ഏട്ടോളം പേരുടെ നില ഗുരുതരമാണ്. നാല് പൊലീസ് ജീപ്പും രണ്ട് വാനും ഇരുപതോളം ബൈക്കുകളും സ്റ്റേഷനിലെ ഓഫിസ് മുറിയിലുണ്ടായിരുന്ന ഫർണിച്ചറുകളും ഫയൽ ഉൾപ്പെടെ രേഖകളുമാണ് പ്രതിഷേധക്കാർ നശിപ്പിച്ചത്. ഒരു കോടിയോളം രൂപയുടെ നഷ്ടം സമരക്കാർ ഉണ്ടാക്കി.

വിഴിഞ്ഞം തുറമുഖനിർമ്മാണത്തിനെതിരെ ലത്തീൻ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ നടന്ന അക്രമങ്ങൾ അക്ഷരാർത്ഥത്തിൽ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതായി മാറി. നിർമ്മാണ പ്രവർത്തനത്തിന് തടസ്സം നിൽക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പൊതുമുതൽ നശിപ്പിക്കുകയോ സഞ്ചാരസ്വാതന്ത്ര്യം തടയുകയോ ചെയ്യരുതെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് സമരസമിതിക്കാർ പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചത്. ഇതോടെ കോടതിയിൽ ഇവരുടെ വാദങ്ങൾക്ക് എങ്ങനെ ഇനി പ്രസക്തി കിട്ടുമെന്നതാണ് ഉയരുന്ന ചോദ്യം.

കഴിഞ്ഞ ദിവസം നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറികൾ തടഞ്ഞിടുകയും, ഒരു വാഹനത്തിന്റെ ചില്ലു തകർക്കുകയും ചെയ്തു. കല്ലും കമ്പിപ്പാരയുമൊക്കെയായി സംഘടിച്ചെത്തിയ അക്രമികൾ നാട്ടുകാരെ വീടുകയറി ഭീഷണിപ്പെടുത്തുകയും അക്രമിക്കുകയും ചെയ്തു. നിരവധിയാളുകൾക്ക് പരിക്കേറ്റു. ഗുരുതരാവസ്ഥയിലായ ഒരാളെ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നു. തുറമുഖനിർമ്മാണത്തെ അനുകൂലിക്കുന്ന ജനകീയ കൂട്ടായ്മയുടെ സമരപ്പന്തൽ അടിച്ചു തകർത്തു. കാഴ്‌ച്ചക്കാരായി നോക്കിനിന്ന പൊലീസ് അക്രമികൾക്കെതിരെ നടപടികളെടുക്കുന്നതിനു പകരം നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറികൾ തിരിച്ചുവിടുകയായിരുന്നു. തുടർച്ചയായി പൊലീസ് സ്‌റ്റേഷൻ ആക്രമണവും.

വിഴിഞ്ഞം തുറമുഖ നിർമ്മാണ സാമഗ്രികളുമായെത്തുന്ന വലിയ വാഹനങ്ങൾ തടയില്ലെന്ന് തുറമുഖ വിരുദ്ധ സമര സമിതി ഹൈക്കോടതിക്ക് നൽകിയ ഉറപ്പ് ലംഘിച്ചാണ് ശനിയാഴ്ച ലോറികൾ തടഞ്ഞത്. ലോറികൾക്കോ,അക്രമത്തിനിരകളായ തുറമുഖ അനുകൂല സമരക്കാർക്കോ സംരക്ഷണം നൽകാതെ പൊലീസ് കാഴ്ചക്കാരായി നിന്നു. നിർമ്മാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി പോർട്ട് നൽകിയ ഹർജി ഹൈക്കോടതി രിഗണിക്കാനിരിക്കെ, സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് പൊലീസ് കേസും അറസ്റ്റും നടത്തിയത്.

വൈകുന്നേരത്തെ ആക്രമണത്തോടെ കോടതിക്കു മുന്നിൽ നിരത്താൻ വാദങ്ങളില്ലാതായി. ആക്രമണ ദൃശ്യങ്ങൾ കോടതിയിൽ അദാനി ഗ്രൂപ്പ് ഹാജരാക്കും. കടുത്ത നടപടികളിലേക്ക് കോടതി കടക്കാനാണ് സാദ്ധ്യത. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP