Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു; സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് ലത്തീൻ രൂപത; പ്രശ്‌നം തീർത്ത് നേട്ടമുണ്ടാക്കാൻ സിപിഎമ്മും; ക്ലീമീസ് ബാവയും ഗാന്ധി സ്മാരകനിധിയും ശുഭാപ്തി വിശ്വാസത്തിൽ; വിഴിഞ്ഞം വിഷയത്തിൽ ചർച്ചകൾ രണ്ടാം ഘട്ടത്തിലേക്ക്; അനുനയത്തിൽ പ്രതീക്ഷകൾ ഏറെ

അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു; സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ലെന്ന് ലത്തീൻ രൂപത; പ്രശ്‌നം തീർത്ത് നേട്ടമുണ്ടാക്കാൻ സിപിഎമ്മും; ക്ലീമീസ് ബാവയും ഗാന്ധി സ്മാരകനിധിയും ശുഭാപ്തി വിശ്വാസത്തിൽ; വിഴിഞ്ഞം വിഷയത്തിൽ ചർച്ചകൾ രണ്ടാം ഘട്ടത്തിലേക്ക്; അനുനയത്തിൽ പ്രതീക്ഷകൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം സംബന്ധിച്ച് അനുരഞ്ജന ചർച്ചകൾ ഫം കാണുമെന്ന പ്രതീക്ഷയിൽ സർക്കാർ. കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്നലെ വൈകിട്ട് കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപതാ നേതൃത്വം ഉച്ചയോടെ ചീഫ് സെക്രട്ടറി വി.പി.ജോയിയുമായി ചർച്ച നടത്തിയതിനു പിന്നാലെയാണു കർദിനാൾ മുഖ്യമന്ത്രിയെ കണ്ടത്. തിങ്കളാഴ്ച സമരസമിതിയെയും അതിരൂപതാ നേതൃത്വത്തെയും മറ്റും പങ്കെടുപ്പിച്ച് വിശദമായ ചർച്ച നടന്നേക്കും. അനുനയ നീക്കങ്ങൾ പുരോഗമിച്ചാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലും ചർച്ച നടക്കും.

ലത്തീൻ ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ, സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ പെരേര എന്നിവരാണ് ചീഫ് സെക്രട്ടറിയെ കണ്ടത്. ഈ ചർച്ചയ്ക്കു കളമൊരുക്കിയത് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായാണ്. സംഘർഷവും പൊലീസ് സ്റ്റേഷൻ ആക്രമണവും സംബന്ധിച്ച കേസുകളിൽ പൊലീസ് അറസ്റ്റ് നടപടികളിലേക്കു നീങ്ങിയിട്ടില്ല. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിൽ സമര സമിതി നിർദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണം എന്ന ഒത്തുതീർപ്പ് നിർദേശമാണ് ഇപ്പോൾ പരിഗണനയിൽ. എങ്ങനേയും ഒത്തുതീർപ്പുണ്ടാക്കി പ്രശ്‌ന പരിഹാരം സാധ്യമാക്കാനാണ് നീക്കം. വിഴിഞ്ഞത്ത് സമവായമുണ്ടാക്കാൻ സിപിഎമ്മും ആഗ്രഹിക്കുന്നു. പ്രശ്‌നം പരിഹരിച്ച് അതിന്റെ നേട്ടം സ്വന്തമാക്കാനാണ് ഇത്.

ഗാന്ധി സ്മാരകനിധിയും ഒത്തുതീർപ്പു ചർച്ചകളുടെ ഭാഗമാണ്. ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണ് വിവിധ തലങ്ങളിലെ ചർച്ചകളിൽ ഉണ്ടായ പൊതുധാരണ. തുറമുഖ നിർമ്മാണം നിർത്തിവച്ച് പഠനം നടത്തണമെന്ന സമരസമിതിയുടെ ആവശ്യത്തിൽ ധാരണയായിട്ടില്ല. ആർച്ച് ബിഷപ്പിനും സഹായ മെത്രാനും അടക്കമുള്ളവർക്ക് എതിരെ എടുത്ത കേസിലും ചർച്ചകൾ തുടരും. മുഖ്യമന്ത്രി, സമരസമിതി, അദാനി ഗ്രൂപ്പ് എന്നിവരുമായി ചർച്ചകൾ എന്ന ലക്ഷ്യത്തോടെ ഗാന്ധി സ്മാരക നിധി കോർ ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. ഗാന്ധി സ്മാരകനിധി ചെയർമാൻ എൻ.രാധാകൃഷ്ണൻ, ജസ്റ്റിസ് എം.ആർ.ഹരിഹരൻ നായർ, മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ എന്നിവരാണ് കോർ ഗ്രൂപ്പിലുള്ളത്.

എന്നാൽ പഠനത്തിൽ ഉറച്ചു നിൽക്കുകയാണ് സമര സമിതി. തീരം നഷ്ടപ്പെടുമ്പോൾ വീടുകളും നഷ്ടപ്പെടും. തുറമുഖം നിർമ്മിച്ചതുകൊണ്ടു തീരശോഷണം ഉണ്ടാകില്ലെന്നു വിദഗ്ധ സമിതി പറഞ്ഞാൽ അംഗീകരിക്കാം. പഠനമില്ലാതെ ആഗോള പ്രതിഭാസമാണെന്നു പറഞ്ഞാൽ അംഗീകരിക്കില്ല. തുറമുഖം വേണ്ടെന്നു സമരസമിതി പറഞ്ഞിട്ടില്ല, നിർമ്മാണം നിർത്തിവച്ചു പഠിക്കണം എന്ന ആവശ്യം ശക്തമായി ഉന്നയിക്കുകയാണ് സമര സമിതി. എന്നാൽ വിഴിഞ്ഞത്ത് ഇനിയൊരു സംഘർഷം ഒഴിവാക്കാനാണ് പൊതുധാരണ. സമരം ഒത്തുതീർപ്പാക്കാൻ സമവായ നീക്കങ്ങൾ സജീവമായി.

കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ ചീഫ് സെക്രട്ടറി ലത്തിൻ അതിരൂപത ആർച്ച് ബിഷപ്പും സമരസമിതി നേതാക്കളുമായി ചർച്ച നടത്തിയതിന് പിന്നാലെ കാതോലിക്ക ബാവ മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. കർദ്ദിനാൾ ക്ലിമിസ് കാതോലിക്കാ ബാവ മുൻകെ എടുത്താണ് ചീഫ് സെക്രട്ടറിയും ലത്തീൻ രൂപതയും തമ്മിലെ ചർച്ചക്ക് കളമൊരുക്കിയത്. ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ സമരസമിതി ജനറൽ കൺവീനർ യൂജിൻ പെരേരെ എന്നിവർ ചർച്ചക്കെത്തി.

ഇനിയൊരു സംഘർഷം ഒഴിവാക്കണമെന്നാണ് പൊതുവിലുണ്ടായ ധാരണ. തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയിലേക്ക് സമരസമിതി നിർദ്ദേശിക്കുന്ന ഒരാളെ കൂടി അംഗമാക്കണമെന്ന ഒത്തുതീർപ്പ് നിർദ്ദശം പരിഗണനയിലാണ്. ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരായ കേസും പ്രശ്നമാണ്. തീരത്തെ സംഘർഷത്തിലും പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും കേസെടുത്തെങ്കിലും അറസ്റ്റിലേക്ക് ഉടൻ പൊലീസ് കടക്കാനിടയില്ല.

അതേസമയം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന തർക്ക വിഷയത്തിൽ ധാരണയായിട്ടില്ല. അടുത്തഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ട് സമരസമിതിയുമായി സംസാരിക്കുന്ന നിലയിലെക്കെത്തിക്കാനാണ് മധ്യസ്ഥരുടെ നീക്കം. മാറാട് മോഡലിൽ ഗാന്ധിസ്മാരകനിധിയും ഒത്തുതീർപ്പിന് ഇറങ്ങുകയാണ്. വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്രസേനയെ കൊണ്ടുവരാനുള്ള നീക്കത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. കേന്ദ്രസേനയെ കൊണ്ടുവരാൻ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി കമ്പനിയാണെന്നുമാണ് പരസ്യനിലപാട് . എത്ര എതിർപ്പുണ്ടായാലും വിഴിഞ്ഞ പദ്ധതിയുമായി മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെ കടുത്ത നിലപാട്.

ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ആർച്ച് ബിഷപ്പിന്റെ സർക്കുലർ വായിക്കും. കഴിഞ്ഞ ദിവസങ്ങളിലെ സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ചാണ് സർക്കുലർ. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് സർക്കുലറിലെ വിമർശനം. സർക്കാരിന്റെ നിസംഗ മനോഭാവം പ്രതിഷേധാർഹമാണ്. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നു. സമരത്തിന്റെ പേരിൽ സംഘർഷം ആഗ്രഹിക്കുന്നില്ല. സമാധാനാന്തരീക്ഷം ഉറപ്പുവരുത്താൻ സർക്കാർ മുൻകൈ എടുക്കണമെന്നും സർക്കുലറിലുണ്ട്. തുറമുഖ നിർമ്മാണം സ്ഥിരമായി നിർത്തിവയ്ക്കണം എന്നാവശ്യപ്പെടുന്നില്ല. നിർമ്മാണം നിർത്തിവച്ചുള്ള പഠനമാണ് ആവശ്യപ്പെടുന്നതെന്നും സർക്കുലറിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP