Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാസങ്ങൾ നീണ്ട പ്രതിസന്ധി പരിഹരിക്കാൻ തീരശോഷണ പഠനവും ജുഡീഷ്യൽ അന്വേഷണവും അടക്കമുള്ള പാക്കേജ് വന്നേക്കും; ഒത്തു തീർപ്പിൽ തീരുമാനത്തിന് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രിയും; സമര സമിതിയുടെ യോഗവും ഇന്ന് വൈകിട്ട് നടന്നേക്കും; വീട് നഷ്ടപ്പെടുന്നവർക്ക് അധിക വാടകയും നൽകും; കേസുകളിലും സമവായ സാധ്യത; വിഴിഞ്ഞത്തെ പ്രതിസന്ധി ഇന്ന് തീർന്നേക്കും

മാസങ്ങൾ നീണ്ട പ്രതിസന്ധി പരിഹരിക്കാൻ തീരശോഷണ പഠനവും ജുഡീഷ്യൽ അന്വേഷണവും അടക്കമുള്ള പാക്കേജ് വന്നേക്കും; ഒത്തു തീർപ്പിൽ തീരുമാനത്തിന് മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രിയും; സമര സമിതിയുടെ യോഗവും ഇന്ന് വൈകിട്ട് നടന്നേക്കും; വീട് നഷ്ടപ്പെടുന്നവർക്ക് അധിക വാടകയും നൽകും; കേസുകളിലും സമവായ സാധ്യത; വിഴിഞ്ഞത്തെ പ്രതിസന്ധി ഇന്ന് തീർന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം പ്രതിഷേധ സമരം ഒത്തുതീർന്നേക്കും. വിഴിഞ്ഞം സമരത്തിൽ സമവായ നീക്കത്തിനുള്ള സർക്കാർ ശ്രമം വിജയിച്ചുവെന്നാണ് റിപ്പോർ്ട്ട്. വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരുടെ യോഗം വിളിച്ചു. വിഴിഞ്ഞം വിഷയത്തിൽ ചർച്ചകൾ നടത്തിയ മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചത്. വൈകീട്ട് അഞ്ചുമണിക്കാണ് യോഗം ചേരുക.

മാസങ്ങൾ നീണ്ട പ്രതിസന്ധി പരിഹരിക്കാൻ തീരശോഷണ പഠനം, ജുഡീഷ്യൽ അന്വേഷണം എന്നിവയടക്കമുള്ള പാക്കേജ് സർക്കാരിന്റെ പരിഗണനയിലുണ്ട്. സഭയ്ക്കും ഇതു സമ്മതമാണ്. പഠനസമിതിയിൽ സഭയുടെ പ്രതിനിധിയെ ഉൾപ്പെടുത്താമെന്ന് അറിയിച്ചിട്ടുണ്ട്. തീരദേശ മേഖലയിലെ വലിയൊരു വിഭാഗത്തെ പിണക്കേണ്ടെന്നാണു സർക്കാർ നിലപാട്. ഒത്തുതീർപ്പ് നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്ന സിറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് ബാവ, ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ എന്നിവരുമായി ചീഫ് സെക്രട്ടറി വി.പി. ജോയി ആശയവിനിമയം നടത്തിയിരുന്നു. പൊലീസ് സ്റ്റേഷൻ ആക്രമണം അടക്കം നൂറിലധികം കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും സഭാ നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഉടൻ തീരൂമാനമുണ്ടാകില്ല. അതേ സമയം, മന്ത്രി അബ്ദുറഹ്‌മാനെ തീവ്രവാദി എന്നു വിളിച്ചതുൾപ്പടെയുള്ള കേസുകൾ ഒത്തുതീർപ്പിലെത്തിയേക്കും.

മന്ത്രിസഭ ഉപസമിതി യോഗം ചേർന്നതിനു ശേഷം ഇന്നു തന്നെ സമരസമിതിയുമായി ചർച്ച നടത്തും. മുന്നോടിയായി മന്ത്രി ആന്റണി രാജു കർദിനാൾ മാർ ക്ലിമീസ് കാതോലിക്കബാവയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ക്ലീമീസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ ചില അനുരഞ്ജന ചർച്ചകൾ നടന്നിരുന്നു. ഇതിൽ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, മോൺസിഞ്ഞോർ യൂജിൻ പെരേര തുടങ്ങിയവരും പങ്കെടുത്തിരുന്നു. ഈ ചർച്ച വിജയമാണെന്നാണ് സൂചന.

വീട് ഒഴിഞ്ഞതിനെത്തുടർന്ന് വാടക വീട്ടിൽ താമസിക്കുന്നവർക്ക് 5500 രൂപ വാടക നൽകാമെന്നാണ് സർക്കാർ നേരത്തെ നൽകിയിരുന്ന വാഗ്ദാനം. ഇത് പോരാ, 2500 രൂപ കൂടി കൂട്ടി നൽകണമെന്നാണ് ഉയർന്നു വന്നിട്ടുള്ള ഒരു ആവശ്യം. അദാനി ഗ്രൂപ്പിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും ഈ തുക സർക്കാർ വാങ്ങി തൊഴിലാളികൾക്ക് നൽകുക എന്ന നിർദേശമാണ് സർക്കാരിന് മുന്നിലുള്ളത്. ഇതിനോട് അദാനി ഗ്രൂപ്പും സമ്മതം അറിയിച്ചേക്കും. കേസുകളിലും മറ്റും കടുത്ത നടപടിയിലേക്ക് പോകില്ലെന്ന് സർക്കാർ ലത്തീൻ അതിരൂപതയ്ക്ക് വാഗ്ദാനം നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

തീരശോഷണം പഠിക്കുന്നതിന് സമരസമിതിയും ഒരു പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുമായി സർക്കാർ നിയോഗിച്ച സമിതി ചർച്ച ചെയ്ത് പരിഹാരം കണ്ടെത്താമെന്ന നിർദേശവും പരിഗണനയിലുണ്ട്. മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി സമരസമിതി വൈകീട്ട് മൂന്നുമണിക്ക് വെള്ളയമ്പലം ബിഷപ്പ് ഹൗസിൽ യോഗം ചേരും. ഇതിൽ സർക്കാരിന്റെ സമവായ നിർദ്ദേശം ചർച്ചയാകും. അതിനിടെ വിഴിഞ്ഞം വിഷയം ഇന്ന് നിയമസഭയിലും ഉന്നയിക്കപ്പെട്ടു. സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനാണ് വിഷയം ശ്രദ്ധ ക്ഷണിക്കലായി സഭയിൽ ഉന്നയിച്ചത്. തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം അപമാനകരമായ സാഹചര്യത്തിലേക്ക് കടന്നെന്ന് കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി.

വിഴിഞ്ഞം തുറമുഖം വികസനത്തിന് അനിവാര്യമാണ്. ഏതാനും ചില മാസം കൂടി കഴിയുമ്പോൾ യാഥാർത്ഥ്യത്തിലേക്ക് എത്തുന്ന പദ്ധതി പെട്ടെന്ന് നിർത്തി വയ്ക്കണമെന്ന് പറയുന്നത് എന്തിനെന്ന് മനസിലാകുന്നില്ല. മത്സ്യത്തൊഴിലാളികളുടെ ആശങ്ക തീർത്ത് തുറമുഖ നിർമ്മാണം പൂർത്തിയാക്കണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു. വിഴിഞ്ഞത്തേയും പരിസര പ്രദേശങ്ങളിലേയും പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ മറുപടിയായി നിയമസഭയെ അറിയിച്ചു.

ലത്തീൻ സഭയുടെ ആവശ്യങ്ങളോട് പ്രായോഗിക നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പദ്ധതി പൂർത്തീകരണത്തിന് തൊട്ടുമുമ്പാണ് സമരം പൊട്ടിപ്പുറപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP