Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

ഉമ്മൻ ചാണ്ടിയെ ഹൃദയപൂർവ്വം ഓർക്കുന്നുവെന്ന് തുറമുഖ മന്ത്രി; ഒരു വാക്കും മിണ്ടാതെ മുഖ്യമന്ത്രി; അന്താരാഷ്ട്ര ലോബികൾ വിഴിഞ്ഞത്തിനെതിരെ താൽപ്പര്യം വെച്ച് പ്രവർത്തിച്ചെന്നും പിണറായി; വേദിയിലെ അദൃശ്യ സാന്നിധ്യമായി ഉമ്മൻ ചാണ്ടി

ഉമ്മൻ ചാണ്ടിയെ ഹൃദയപൂർവ്വം ഓർക്കുന്നുവെന്ന് തുറമുഖ മന്ത്രി; ഒരു വാക്കും മിണ്ടാതെ മുഖ്യമന്ത്രി; അന്താരാഷ്ട്ര ലോബികൾ വിഴിഞ്ഞത്തിനെതിരെ താൽപ്പര്യം വെച്ച് പ്രവർത്തിച്ചെന്നും പിണറായി; വേദിയിലെ അദൃശ്യ സാന്നിധ്യമായി ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞത്തെ തുറമുഖ പദ്ധതി പ്രദേശത്ത് കപ്പൽ അടുക്കുമ്പോൾ കേരളക്കര ഓർക്കുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയെയാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അതുവരെ സ്വപ്‌നം മാത്രമായിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണം തുടങ്ങിയത്. കേന്ദ്ര അനുമതി നേടിയതും സ്ഥലമെടുപ്പു പൂർത്തിയാക്കിയതും നിർമ്മാണ ഉദ്ഘാടനം തുടങ്ങിയതുമെല്ലാം ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തായിരുന്നു.

ഇപ്പോൾ ക്രെയിനെയും വഹിച്ചു കൊണ്ട് കപ്പൽ വിഴിഞ്ഞം തീരത്ത് എത്തിയപ്പോൾ ആ പരിപാടി സർക്കാർ ആഘോഷമാക്കുകയാണ്. ഇന്ന് ഔദ്യോഗിക സ്വീകരണ ചടങ്ങിലെ അദൃശ്യ സാന്നിധ്യമായി ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ പേര് ഉച്ചരിക്കാതെ ക്രെഡിറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉമ്മൻ ചാണ്ടിയെ മറ്റ് മുഖ്യമന്ത്രിയുമാരുടെ കൂട്ടത്തിൽ അനുസ്മരിച്ചു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആ വേദിയിൽ വെച്ചു തന്നെ ഉമ്മൻ ചാണ്ടിയുടെ പേര് എടുത്തു പറഞ്ഞു. പദ്ധതിക്ക് പ്രതികൂലമായ കാര്യങ്ങളെ അദ്ദേഹം മറികടന്ന് എങ്ങനെയാണെന്നും സതീശൻ ഓർത്തെടുത്തു. കൂടാതെ പിണറായി ഉന്നയിച്ച അഴിമതി ആരോപണവും സതീശൻ ഓർത്തെടുത്തു.

ആദ്യം സംസാരിച്ച തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ വിഴിഞ്ഞത്തിനായി പ്രയത്‌നിച്ച മുൻ നേതാക്കളുടെ പേരു പരാമർശിക്കവേയാണ് ഉമ്മൻ ചാണ്ടിയെ കുറിച്ചു പറഞ്ഞത്. ഇ കെ നായനാർ, ഉമ്മൻ ചാണ്ടി, വി എസ് തുടങ്ങിയ മുൻ മുഖ്യമന്ത്രിമാരുടെ പേരാണ് അഹമ്മദ് ദേവർകോവിൽ പരാമർശിച്ചത്. അതേസമയം പിണറായി വിജയൻ സംസാരിച്ചപ്പോൾ ഉമ്മൻ ചാണ്ടിയെ കുറിച്ചു പറഞ്ഞില്ല. എന്നൽ പദ്ധതിക്ക് എതിരു നിന്നവരെ കുറിച്ചു അദ്ദേഹം പറഞ്ഞു.

ആറ് മാസം കൊണ്ട് കമ്മീഷൻ ചെയ്യും, അസാധ്യം എന്ന വാക്കില്ലെന്ന് മുഖ്യമന്ത്രി.

കേരളത്തെ സംബന്ധിച്ച് അസാധ്യം എന്ന വാക്കില്ല എന്നതാണ് വിഴിഞ്ഞം തുറമുഖത്തോടുകൂടി തെളിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുപോലെ എട്ട് കപ്പൽ കൂടി ഇവിടേക്ക് അടുത്ത ദിവസങ്ങളിൽ വരുമെന്ന് അദാനി പോർട്ട് ഉദ്യോഗസ്ഥർ പറഞ്ഞതായും ആറ് മാസത്തിൽ പൂർണ്ണമായി പദ്ധതി കമ്മീഷൻ ചെയ്യാനാകുമെന്നു അവർ ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.വിഴിഞ്ഞം തുറമുഖ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏത് പ്രതിസന്ധിയേയും, അതെത്ര വലുതായാലും അതിജീവിക്കും എന്ന് നമ്മുടെ ഐക്യത്തിലൂടെ നാം തെളിയിച്ചിട്ടുള്ളതാണ്. അതാണ് ഇക്കാര്യത്തിലും കാണാനാകുക. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, നമുക്കുണ്ടായ പ്രതിസന്ധികൾ എന്നിവ മൂലം അൽപം താമസം വന്നു എന്നത് വസ്തുതയാണ്. എന്നാൽ പറഞ്ഞപോലെ വേഗത്തിൽ പൂർത്തിയാക്കാൻ നമുക്ക് കഴിഞ്ഞു. പദ്ധതി യാഥാർഥ്യമാകാൻ ജനങ്ങളാകെ ആഗ്രഹിച്ചു. കാരണം ഇതുപോലൊരു തുറമുഖം ലോകത്ത് അപൂർവമാണ്. അത്രമാത്രം വികസന സാധ്യതയാണ് ഇതിനുള്ളത്. നമുക്കൽപ്പം ധാരണമാത്രമാണ് ഇതുമായി ബന്ധപ്പെട്ടുള്ളു എന്നതാണ് യാഥാർഥ്യം. ഈ പോർട്ടിന്റെ സാന്നിധ്യത്തിൽ വരാൻ പോകുന്ന വികസനം ഭാവനയ്ക്കപ്പുറമായിരിക്കും. അതിനുതകുന്ന സമീപനം നാം സ്വീകരിക്കണം എന്നെയുള്ളു.

തുറമുഖത്തിന്റെ ഭാഗമായി ഔട്ടർ റിങ് റോഡ് വികസിപ്പിക്കാൻ തീരുമാനിച്ചു. അതിലൂടെ പുതിയ പദ്ധതികൾ വരുമെന്ന് കണക്കാക്കി. എന്നാൽ കണക്കാക്കിയതിലും അപ്പുറമാണ് പുതിയ പദ്ധതിക്കുള്ള സാധ്യത. അത്രമാത്രം നമ്മുടെ വികസന കുതിപ്പിന് കരുത്തേറുന്നതായിരിക്കും ഈ പോർട്ട്. ഒരു വികസിത കേരളമാണ് നാം ആഗ്രഹിക്കുന്നത്. എല്ലാ മേഖലയും അതിനനസരിച്ച് ശക്തിപ്പെടണം.അതിനായി വ്യക്തമായ കാഴ്‌ച്ചപ്പാടോടെയാണ് നാം മുന്നോട്ട് പോകുന്നത്. നാം ഒത്തുചേർന്ന് പ്രവർത്തിച്ചാൽ അസാധ്യമായ ഒന്നല്ല അത്. ലോകത്തെ മധ്യവരുമാന രാഷ്ട്രങ്ങളുടെ ജീവിത നിലവാരത്തോതിലേക്ക് കേരളത്തെ ഉയർത്തുക എന്നതാണ് നാം ലക്ഷ്യം വക്കുനന്ത്.

വിഴിഞ്ഞത്തിന്റെയും കേരളത്തിന്റെയും ഇന്ത്യയുടെ ആകെയും അഭിമാന നിമിഷവും ദിവസവുമാണിന്നെന്ന് നാം കാണണം. 2017 ജൂണിൽ ഇതുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനം ആരംഭിക്കാനായി. എന്നാൽ ഉണ്ടായ ചില തടസം നേരത്തെസൂചിപ്പിച്ചു. ലോകത്തെ അന്താരാഷ്ട്ര തുറമുഖ പട്ടികയിൽ പ്രമുഖ സ്ഥാനത്താണ് വിഴിഞ്ഞം എത്തുന്നത്.ഇന്നത്തോടെ അത് ആരംഭിച്ചു. ഇത്തരം ഒരു വികസനം ഒരിടത്തുണ്ടാവുമ്പോൾ, ചില അന്താരാഷ്ട്ര ലോബികൾ അവരുടെ താൽപര്യം വച്ച് എതിരായ നീക്കം നടത്താറുണ്ട്.

ഇവിടേയും അത്തരം ശക്തികൾ നേരത്തെ ഉണ്ടായി എന്നത് വസ്തുതയാണ്. ചില പ്രത്യേക വാണിജ്യ ലോബികൾക്കും പോർട്ട് യാഥാർഥ്യമാകുന്നതിന് താൽപര്യമുണ്ടായില്ല. അവരും രംഗത്തുവന്നിരുന്നു. എന്നാൽ അതൊക്കെ അതിജീവിക്കാൻ കഴിഞ്ഞു. കേരളം ഇന്ത്യക്ക് നൽകുന്ന മഹത്തായ സംഭാവനകളിൽ ഒന്നാണ് പോർട്ട് എന്ന് നാം കാണണം. മറ്റൊരു തുറമുഖത്തിനും ഇല്ലാത്ത ഒരുപാട് സാധ്യതകളാണ് വിഴിഞ്ഞത്തുള്ളത്. ഇതൊരു അന്താരാഷ്ട്ര തുറമുഖമായി ഉയരണം എന്നതിൽ വ്യക്തമായ നിലപാടാണ് നമുക്ക് നേരത്തെ മുതൽ ഉണ്ടായിരുന്നത്. അത് അതുപോലെ തന്നെ ഉയർത്തിക്കൊണ്ടുവരാൻ നമുക്ക് കഴിഞഅഞിരിക്കുന്നു.

മുഖ്യ കടൽപാദയോട് ഇത്രമാത്രം അടുത്ത് നിൽക്കുന്ന മറ്റാരു തുറമുഖവും രാജ്യത്തില്ല. 2021ൽ പുലിമുട്ടിന്റെ നീളം ഭാഗികമായാണ് നിർമ്മിച്ചത്.നിർമ്മാണോത്പന്നങ്ങളുടെ ലഭ്യതക്കുറവ് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു.അതൊരു തടസമായി വന്നുകൂടാ എന്നതിനായി ഒരു പ്രത്യേകപ്രവർത്തന കലണ്ടർ തന്നെ തയ്യാറാക്കി. അതിന്റെ ഭാഗമായി പ്രതിമാസ അവലോകനങ്ങളും ദൈനംദിന അവലോകനത്തിനായി പ്രത്യേക മൊബെൽ ആപ്പും തയ്യാറാക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാറിന്റെ ഇച്ഛാശക്തിയുടെ ഫലമെന്ന് അഹമ്മദ് ദേവർകോവിൽ

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ എത്തിയതിലൂടെ സാക്ഷാത്കരിക്കപ്പെട്ടതെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. നൂറ്റാണ്ടുകളുടെ കിനാവാണ് സാക്ഷാത്കരിക്കപ്പെട്ടത്. 1995 മുതലുള്ള എല്ലാ സർക്കാരുകളും വ്യത്യസ്ത തരങ്ങളിലും തലങ്ങളിലും ഈ സ്വപ്നം പൂർത്തിയാക്കാൻ നടത്തിയ ഇടപെടലുകളുടെ തുടർച്ചയും വിജയവുമാണ് ഈ ദിനമെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിച്ച ശേഷം നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമുൾപ്പെടെയുള്ള കാരണങ്ങൾ തുറമുഖത്തിന്റെ നിർമ്മാണ പ്രവൃത്തികളെ സാരമായി ബാധിച്ചു. എന്നാൽ എല്ലാ തടസങ്ങളെയും അതിജീവിച്ച് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിലേക്ക് സർക്കാർ എത്തി. അതിന്റെ ആദ്യപടിയാണ് പദ്ധതിക്കാവശ്യമായ ക്രെയിനുകൾ വഹിച്ച് ഇന്ന് നാം സ്വീകരിച്ച ഷെൻഹുവ കപ്പൽ. 104 മീറ്റർ ഉയരമുള്ള 8 പനാമ ക്രെയിനുകളും 26 ചെറുക്രെയിനുകളുമാണ് ഇവിടെ സ്ഥാപിക്കുന്നത്. ഇതിൽ ആദ്യ ക്രെയിനാണ് എത്തിയിട്ടുള്ളത്. വരും ദിനങ്ങളിൽ ബാക്കി ക്രെയിനുകളുമായി കപ്പലുകൾ എത്തിച്ചേരും.

രാജ്യത്തിന്റെ അന്താരാഷ്ട്ര ചരക്കുനീക്കത്തിന്റെ കവാടമാകാൻ തക്ക പ്രത്യേകതകളുള്ള തുറമുഖമാണ് വിഴിഞ്ഞം. അന്താരാഷ്ട്ര കപ്പൽ ചാലുമായുള്ള അടുപ്പവും കടലിന്റെ സ്വാഭാവിക ആഴവും വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. 400 മീറ്റർ നീളമുള്ള 5 ബർത്തുകളും 3 കിമീ നീളമുള്ള പുലിമുട്ടും അടങ്ങിയ പദ്ധതിയാണ് വിഴിഞ്ഞത്ത് വിഭാവനം ചെയ്തിരിക്കുന്നത്. 2024 മെയിൽ തുറമുഖം വ്യാവസായിക അടിസ്ഥാനത്തിൽ ഒരുക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളെല്ലാം സമയക്ലിപ്തമായി പൂർത്തിയാക്കാൻ ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP