Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി എം എം മണിയെ അടക്കിയിരുത്തണമെന്നു കമ്യൂണിസ്റ്റ് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ലേഖനം; മണിയാശാന്റെ വൺ...ടു...ത്രീ പ്രസംഗംകൊണ്ട് മെച്ചമൊന്നുമുണ്ടായില്ല; പ്രസവിക്കാത്ത അമൃതാനന്ദമയിയെ അമ്മയായി കൊണ്ടാടുന്നതിലും ഭേദം മഹിജയെക്കുറിച്ചുള്ള ചർച്ച

മന്ത്രി എം എം മണിയെ അടക്കിയിരുത്തണമെന്നു കമ്യൂണിസ്റ്റ് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ലേഖനം; മണിയാശാന്റെ വൺ...ടു...ത്രീ പ്രസംഗംകൊണ്ട് മെച്ചമൊന്നുമുണ്ടായില്ല; പ്രസവിക്കാത്ത അമൃതാനന്ദമയിയെ അമ്മയായി കൊണ്ടാടുന്നതിലും ഭേദം മഹിജയെക്കുറിച്ചുള്ള ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി എം എം മണിയെ അടക്കിയിരുത്താൻ ഇടതുപക്ഷം തയാറാകണമെന്നും അദ്ദേഹം നാക്കടക്കം ശീലിക്കണമെന്നും ഇടതുപക്ഷ സഹയാത്രികനായ സംന്യാസി സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ലേഖനം സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ. ജിഷ്ണുവിന്റെ അമ്മയുടെ പ്രതിഷേധത്തെ സർക്കാർ നേരിട്ട രീതിയെക്കുറിച്ചു സിപിഐ ശക്തമായി വിമർശിക്കുന്നതിനിടെയാണ് എം എം മണിയെ നിയന്ത്രിക്കണമെന്നും പറയുന്ന ലേഖനം പാർട്ടി മുഖപത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. വിവിധ വിഷയങ്ങളിൽ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും അനുകൂലമായ നിലപാടു സ്വീകരിക്കുന്ന ഹിന്ദു സംന്യാസിയാണു സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി.

മലയാളിയുടെ മാതൃഭൂമിയും മഹിജമാതാവും എന്ന തലക്കെട്ടിലാണു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രസവിക്കാത്ത അമൃതാനന്ദമയിയെ അമ്മയായി ആഘോഷിക്കുന്നതിനേക്കാളും ഉചിതം നൊന്തുപെറ്റ മഹിജ എന്ന മാതാവിനെക്കുറിച്ചു ചർച്ച ചെയ്യുന്നതാണ്. സ്വാശ്രയ പ്രസ്ഥാനത്തിന്റെ കാശുപിടുങ്ങി ചെകുത്താന്മാർക്ക് ഇരയായി ആത്മാഹുതി ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മയുടെ നിലവിളിക്കു നൽകിയ പ്രാധാന്യത്തിന്റെ നൂറിലൊന്നു പ്രധാന്യം ശാഖയിൽനിന്നു വിട്ടുമാറിയതിന്റെ പേരിൽ ആർഎസ്എസ് കാപാലികർ ചവിട്ടിക്കൊന്ന ആലപ്പുഴയിലെ നിഷ്പക്ഷ മാധ്യമങ്ങൾ നൽകിയില്ല. നമ്മുടെ നാട്ടിലെ മാധ്യമപ്രവർത്തനരംഗം എല്ലായ്പോഴും നിഷ്പക്ഷമല്ലെന്നാണ് ഇതു തെളിയിക്കുന്നത്. മഹിജയെ റോഡിലിട്ടു വലിച്ചിഴച്ചു എന്നാണു മാധ്യമങ്ങൾ വാർത്ത കൊടുത്തത്. എന്നാൽ ഇങ്ങനെ ഒരു വീഡിയോ ദൃശ്യത്തിലും കാണാനില്ല. ചോറ്റാനിക്കര മകം തൊഴാനോ ശബരിമല മകരവിളക്കു ദർശിക്കാനും ഉണ്ടാകുന്ന ഉന്തിത്തള്ളലിനിടെ തിരക്കു നിയന്ത്രിക്കാൻ പൊലീസ് കൈക്കൊള്ളുന്ന നടപടികൾക്കു സമാനമായിരുന്നു പൊലീസ് ആസ്ഥാനത്തെ നടപടി.

പിണറായി വിജയൻ സർക്കാരിനെ കരിവാരിത്തേക്കാൻ തക്കം പാർത്തിരുന്നവർക്കു ആഘോഷിക്കാൻ അവസരം നൽകിയ സംഭവമായിരുന്നു ഇതെന്നാണ് സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി പറയുന്നത്. ഒരു ഡോക്ടറെ കാണാൻ പോയാൽ ആദ്യം ടോക്കൺ വാങ്ങി ഊഴം കാത്തിരിക്കണം. രോഗിയോടൊപ്പം ചെല്ലുന്നവർക്കെല്ലാം ഡോക്ടറുടെ കാബിനിലേക്കു പോകാനാവില്ല. ഇതൊക്കെ ഏതു സ്ഥാപനത്തിലും ഉണ്ട്. ഡോക്ടർമാർക്കും ഐഎഎസുകാർക്കും ഐപിഎസുകാർക്കും സഭാകമ്പമുണ്ടാകുന്നതുകൊണ്ടല്ല ഇത്, ഒരു അച്ചടക്കം ഉണ്ടാകാൻ വേണ്ടിയാണ്. മഹിജയടക്കം ആറുപേരെ കടത്തി വിടാൻ പൊലീസ് തയാറായിരുന്നു. കൂടെ വന്നവരെയെല്ലാം കടത്തിവിടണം എന്ന വാശിയുണ്ടായപ്പോഴാണ് പൊലീസ് തടസപ്പെടുത്തിയത്. ആവേശത്തിന്റെ ആലോചനാശൂന്യമായ അതിവൈകാരികതയെ അഭിമുഖീകരിക്കുമ്പോൾ പൊലീസുകാരും വികാരാവേശബാധിതരായെന്നും സ്വാമി പറയുന്നു.

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ ലേഖനത്തിന്റെ പൂർണരൂപം ചുവടെ

നേരും പോരും 
സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ഗ്രന്ഥം എഴുതിയ ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി സഖാവ് ഇഎംഎസിന്റെ മന്ത്രിസഭയുടെ 60ാ!ം വാർഷിക ദിനത്തിൽ, മലയാളികളുടെ മാതൃഭൂമി ചർച്ച ചെയ്തത് മഹിജ എന്ന മാതാവിനെ കുറിച്ചാണ്. മഹിജയെപ്പറ്റി ചർച്ചയുണ്ടായതിൽ സന്തോഷമേയുള്ളൂ. കാരണം, ലോക ദൃഷ്ടിയിൽ പ്രസവിക്കാത്തവളായ അമൃതാനന്ദമയിയെ 'അമ്മ'യായി കൊണ്ടാടുന്നതിലുള്ളതിനേക്കാൾ സഹജവീര്യവും സത്യസന്ധതയും നൊന്തുപ്രസവിച്ച് 'അമ്മ'യായ ഒരു സ്ത്രീയെപ്പറ്റി ചർച്ചചെയ്യുന്നതിൽ അമ്മയുള്ളവർക്കെല്ലാം കണ്ടെത്താനാവും.

പക്ഷേ, സ്വാശ്രയ പ്രസ്ഥാനത്തിന്റെ കാശുപിടുങ്ങി ചെകുത്താന്മാർക്ക് ഇരയായി ആത്മാഹുതി ചെയ്ത ജിഷ്ണു പ്രണോയിയുടെ 'അമ്മ'യുടെ നിലവിളിക്ക് നൽകിയ പ്രാധാന്യത്തിന്റെ നൂറിലൊരംശം പ്രാധാന്യം ശാഖയിൽ നിന്നു വിട്ടുമാറിയതിന്റെ പേരിൽ ആർഎസ്എസ് കാപാലികർ ചവിട്ടിക്കൊന്ന ആലപ്പുഴ ജില്ലയിലെ വിദ്യാർത്ഥിയായിരുന്ന അനന്തുവിന്റെ അമ്മയുടെ കണ്ണീരിനു മലയാളികളുടെ 'മാതൃഭൂമി'യായ കേരളത്തിലെ നിഷ്പക്ഷ മാധ്യമങ്ങൾ നൽകിയില്ല. ഇതു നമ്മുടെ മാധ്യമപ്രവർത്തനരംഗം എല്ലായ്‌പ്പോഴും നിഷ്പക്ഷമല്ലെന്നുതന്നെയാണ് തെളിയിക്കുന്നത്!

മകന്റെ ജീവൻ കുരുന്നിലേ നുള്ളിയെടുത്ത കാപാലികരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് ഡിജിപിയെ കാണാനെത്തിയ മഹിജ എന്ന മാതാവിനേയും ബന്ധുക്കളെയും പൊലീസ് ക്രൂരമായി മർദ്ദിച്ച് റോഡിലിട്ടു വലിച്ചിഴച്ചു എന്നാണു മാധ്യമങ്ങൾ വാർത്തകൊടുത്തത്. എന്നാൽ ഇതേ മാധ്യമങ്ങളുടെ ഒരു വീഡിയോ ദൃശ്യത്തിലും മർദ്ദനവും വലിച്ചിഴയ്ക്കലും ഒന്നും ഇല്ല. ആകെ കാണാനാവുന്നത് ചോറ്റാനിക്കര മകം തൊഴൽ ദിനത്തിലും ശബരിമല മകരവിളക്കു ദിനത്തിലും ഉന്തിത്തള്ളൽ ഉണ്ടാവുമ്പോൾ തിരക്കു നിയന്ത്രിക്കാൻ പൊലീസ് കൈക്കൊള്ളുന്ന നടപടികൾക്ക് സമാനമായ ദൃശ്യങ്ങൾ മാത്രമാണ്. ഡിജിപി ആസ്ഥാനത്തിന് മുന്നിൽ നിന്നു ബഹളം കൂട്ടിയവരെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിനിടയിൽ ഏന്തെങ്കിലും മർദ്ദനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

അനാവശ്യമായ വിവാദങ്ങൾക്കും പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാരിനെ കരിവാരിത്തേയ്ക്കാൻ തക്കം പാർത്തിരിക്കുന്നവർക്ക് ആഘോഷിക്കുവാൻ അവസരം നൽകിയതുമായ അനാശാസ്യസംഭവം ഉണ്ടാവാൻ കാരണമായത് എന്തുകൊണ്ട്? നിയമപരമായ സാങ്കേതികത്വം മാനിക്കാത്ത വൈകാരികമായ പിടിവാശി! ഇതാണു മേലുന്നയിച്ച ചോദ്യത്തിനു നൽകാവുന്ന ചുരുക്കത്തിലുള്ള മറുപടി. നമ്മുടെ കയ്യിൽ നിന്നു കാശുവാങ്ങി നമ്മളെ ചികിത്സിക്കുന്ന ഡോക്ടർമാരെ കാണാൻ പോലും ആദ്യം ടോക്കൺ വാങ്ങി ഊഴം കാത്തുനിൽക്കണം. എന്നാലും രോഗിയോടൊപ്പം ചെന്നവർക്കെല്ലാം ഡോക്ടറുടെ കാബിനിലേയ്ക്ക് പ്രവേശിക്കാനാവില്ല. ഇത്തരം ചിട്ടവട്ടങ്ങളൊക്കെ ഏതു സ്ഥാപനത്തിലും ഉണ്ട്. ഇതൊക്കെ ഏർപ്പെടുത്തിയിട്ടുള്ളത് ഡോക്ടർമാർക്കും ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കുമൊക്കെ കൂടുതൽ ആളുകളെ കാണുമ്പോൾ 'സഭാകമ്പം' ഉണ്ടാവാതിരിക്കാനല്ല; ഒരു അച്ചടക്കം ഉണ്ടാക്കാനാണ്. ഡിജിപി മഹിജ ഉൾപ്പെടെ ആറുപേർക്ക് സന്ദർശനാനുമതി നൽകിയിരുന്നു. അവരെ കടത്തിവിടുവാൻ പൊലീസ് തയ്യാറുമായിരുന്നു. കൂടെ വന്നവരെയെല്ലാം കടത്തിവിടണം എന്ന വാശിയുണ്ടായപ്പോഴാണ് പൊലീസ് തടസപ്പെടുത്തിയത്. തീർച്ചയായും ഉന്തും ബഹളവും ആയപ്പോഴെങ്കിലും പൊലീസിന് അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മഹിജയുടേയും കൂട്ടരുടേയും ആവശ്യത്തിനു വഴങ്ങാനുള്ള വിവേകം കാണിക്കാമായിരുന്നു.

പക്ഷേ, ആവേശത്തിന്റെ ആലോചനാശൂന്യമായ അതിവൈകാരികതയെ അഭിമുഖീകരിക്കുമ്പോൾ പൊലീസുകാരും വികാരാവേശബാധിതരായി. കാക്കിയോ കാവിയോ ഇട്ടാലുടനെ ഇല്ലാതാവുന്നതല്ലല്ലോ വികാരാവേശബാധയും വിവേകശൂന്യതയും. എന്തായാലും ഡിജിപി ഓഫീസിനു മുന്നിൽ ജിഷ്ണുവിന്റെ അമ്മയ്ക്കും കൂട്ടർക്കും നേരിടേണ്ടിവന്ന ഉന്തും തള്ളും രാഷ്ട്രീയ മുതലെടുപ്പിനുള്ള ആയുധമാക്കാൻ കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി തീരുമാനിച്ചു. അങ്ങനെ ഗാന്ധിഘാതകനായ ഗോഡ്സെയെ രാഷ്ട്രഭക്തനായി കൊണ്ടാടുന്നവരായ ബിജെപിക്കാരും ഗാന്ധിഭക്തരായി മേനിനടിക്കുന്ന കോൺഗ്രസുകാരും 'അമ്മ'യുടെ കണ്ണീരിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പിണറായി സർക്കാരിനെതിരെ ഒരു ഹർത്താ ൽ പ്രഖ്യാപിച്ചു. ഹർത്താൽ വിരുദ്ധബില്ല് ഉണ്ടാക്കി രമേശ് ചെന്നിത്തല (മാധ്യമഭാഷയിൽ പറഞ്ഞാ ൽ ചെന്നിത്തല ഗാന്ധി)യും ആർത്തവം അശുദ്ധമാണെന്നും ഹർത്താൽ ജനദ്രോഹമാണെന്നും പറഞ്ഞ് നിരാഹാരമിരുന്ന എം എം ഹസ(ഹസൻ ഗാന്ധി) നും ആർഎസ്എസുകാർ തല്ലിക്കൊന്ന അനന്തുവിന്റെ അമ്മയുടെ കണ്ണീരിനു വിലകൽപ്പിക്കാത്ത കുമ്മനം രാജശേഖരനും എല്ലാം ചേർന്നു നടത്തിയ ഹർത്താൽ അതിന്റെ ലക്ഷ്യം പുറമേക്ക് അമ്മയുടെ കണ്ണീരിനൊപ്പം എന്നതാണെങ്കിലും അകമേ പിണറായി സർക്കാരിനോടുള്ള കണ്ണുകടിയാണെന്നതുകൊണ്ടുതന്നെ കപടസമരങ്ങളുടെ ചരിത്രദൃഷ്ടാന്തമായി.

മാധ്യമങ്ങളും ഈ കപടസമരത്തെ വെള്ളപൂശുന്നതിൽ മത്സരിച്ചു. പക്ഷേ, ഈ കപടനാടകം തിരിച്ചറിയാനുള്ള കണ്ണ് ജനങ്ങൾക്ക് ഉണ്ടെന്നു ബോധ്യപ്പെടുത്തുന്ന നിരവധി പ്രതികരണങ്ങൾ സൈബർ മീഡിയകളിൽ ഉണ്ടായി. അതിൽ ഏറ്റവും സരസവും സുചിന്തിതവുമായ ഒരു പ്രതികരണം ഇവിടെകുറിക്കാം.''സി.പി.എം പ്രഖ്യാപിക്കുന്ന ഹർത്താലിൽ മാത്രമേ വണ്ടികിട്ടാതെ ഗർഭിണി വഴിയരികിൽ പ്രസവിക്കാറുള്ളു എന്നതും ചികിത്സ കിട്ടാതെ ആൾക്കാർ മരണമടയാറുള്ളൂ എന്നതും റയിൽവേ സ്റ്റേഷനിലും ബസ്സ്റ്റാൻഡിലും വിദേശസഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നട്ടംതിരിഞ്ഞുനിൽക്കുന്നതു സംഭവിക്കാറുള്ളൂ എന്നതും ആശ്വാസം തന്നെ! കുറേ നേരമായി ചാനലുകൾ മാറ്റിമാറ്റി നോക്കുന്നു; ഹർത്താൽ കാരണം നട്ടം തിരിഞ്ഞ പാവം പൊതുജനം എന്ന വാർത്തകാണാൻ' ഈ കുറിപ്പിൽ ഹർത്താൽ കപടനാടകവും അതിന് ഒത്താശ ചെയ്യുന്ന നിഷ്പക്ഷ മാധ്യമങ്ങളുടെ നേരും നെറിവും നിലപാടും ഇല്ലായ്മയും എല്ലാം ജനങ്ങൾ എങ്ങനെ തിരിച്ചറിയുന്നു എന്നതിന്റെ എല്ലാ സൂചനകളും ഉണ്ട്. എന്തു കാരണവശാലും ഹർത്താൽ നടത്തുന്നത് ശരിയല്ല എന്നു പറഞ്ഞുകൊണ്ട് 2015 മാർച്ച് 14 ന് രാവിലെ 11.24 ന് ഇപ്പോഴത്തെ കോഴിക്കോട് ഡിസിസി പ്രസിഡന്റായ കോൺഗ്രസ് യുവ നേതാവ് ടി സിദ്ദിഖ് എഴുതിയ ഒരു ഫെയ്സ് ബുക്ക് കുറിപ്പുകൂടി ഇവിടെ പകർത്താം. 'കേരളത്തിന്റെ തീരാശാപമായി ഹർത്താലുകൾ മാറുന്നു. ഒരു ഹർത്താലിലൂടെ കേരളത്തിന് സംഭവിക്കുന്ന നഷ്ടം മൊത്തം 990 കോടി രൂപയുടെ നഷ്ടമാണ്.... മുല്ലപ്പെരിയാർ അണക്കെട്ടിൽ വെള്ളം പൊങ്ങുന്നതു മുതൽ കൊലപാതകങ്ങൾ വരെ ഹർത്താലിനുള്ള വിഭവങ്ങളാണ്. തല്ലിയാലും നുള്ളിയാലും തെറി പറഞ്ഞാലും കടിച്ചാലും ആക്രമണം നടത്തിയാലും ഇതൊക്കെ ചെയ്തവർ തന്നെ ഹർത്താലിന് ആഹ്വാനം ചെയ്യുന്ന സംസ്ഥാനം കേരളമല്ലാതെ മറ്റൊന്നില്ല'ഇതെല്ലാം ചേർത്തുവച്ചു ചിന്തിച്ചാൽ മഹിജയുടെ പേരിൽ ഹർത്താൽ പ്രഖ്യാപിച്ചവർ ജിഷ്ണു പ്രണോയിക്കു നീതി ലഭിക്കണമെന്ന സദുദ്ദേശത്തോടെ മാത്രമാണോ അതു ചെയ്തതെന്ന് ഏവർക്കും മനസിലാക്കാനാവും.

ജിഷ്ണു പ്രണോയി എന്ന സ്വാശ്രയ കോളജ് വിദ്യാർത്ഥി ജീവൻ വെടിയുവാൻ ഇടവരുത്തിയ ഇടിമുറിക്കാരായ വിദ്യാഭ്യാസ കച്ചവടക്കാർ ഏതു മന്ത്രിയുടേയും രാജാവിന്റെയും മകനായാലും ശിക്ഷിക്കപ്പെടണം. അതുമായി ബന്ധപ്പെട്ട നടപടികളിൽ വന്നിട്ടുള്ള വീഴ്ചകളും കാലവിളംബങ്ങളും ഒക്കെ വിമർശിക്കപ്പെടുകയും പരിഹരിക്കപ്പെടുകയും വേണം. പക്ഷേ, 'അമ്മയെ കരയിപ്പിച്ച സർക്കാർ അമ്മയ്ക്കെതിരായ സർക്കാർ' എന്നൊക്കെ മുദ്രാവാക്യം മുഴക്കും മുമ്പ് ഇടതുപക്ഷ സർക്കാർ ജിഷ്ണു പ്രണോയി പ്രശ്നവുമായി ബന്ധപ്പെട്ടു കൈക്കൊണ്ട നടപടികളെ കൂടി പരിഗണിക്കണം. പിണറായിയോടുള്ള പകകൊണ്ട് അതൊന്നും കാണാതെ പോയ്ക്കൂടാ....

ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥിയുടെ ദുരൂഹമരണത്തിൽ അടിയന്തരമായി പത്തുലക്ഷം രൂപ അനുവദിച്ച് ആളും ആരവവും ഒന്നും കൂടാതെ കുടുംബത്തിനു കൈമാറി. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ മാറ്റി ഐപിഎസ് ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏൽപ്പിച്ചു.

സാങ്കേതികത്വം മറികടന്ന് കേസ് വാദിക്കുവാൻ കുടുംബത്തിന്റെ ആവശ്യപ്രകാരം സംസ്ഥാനത്തെ മികച്ച വക്കീലിനെ അനുവദിച്ചു. മുൻകൂർ ജാമ്യം നേടിയ കുറ്റാരോപിതനായ കോളജ് ചെയർമാനെ മറ്റൊരു കേസിൽ പ്രതിയാക്കി അറസ്റ്റു ചെയ്തു. സ്വാശ്രയ കോളജുകളുടെ പ്രവർത്തനം വിലയിരുത്താൻ ജസ്റ്റിസ് ദിനേശന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു. മരിച്ചയാളുടെ വീട്ടിൽ പോയി ചങ്കലച്ചു കരയുന്ന രാഷ്ട്രീയ നടീനടന്മാരുടെ രീതിയിൽ കപടനാടകം കളിക്കാൻ തയ്യാറായില്ല. കോടതി മുൻകൂർ ജാമ്യം നൽകിയതിനു കോടതിയോടാണ് സമരം ചെയ്യേണ്ടത്. സർക്കാരിനെതിരെയല്ല.

അവസാനമായി പറയട്ടെ;'മന്ത്രിസഭാംഗമായ മണിയാശാൻ നാക്കടക്കം ശീലിക്കണം. മുഖ്യമന്ത്രി മഹിജയെ കാണാൻ പോവാത്തതുമായി ബന്ധപ്പെട്ട് മണിയാശാൻ നടത്തിയ 'വീട്ടിൽ ചെന്നാൽ അകത്തുകയറിയതും കതകടച്ചാലോ' എന്നമട്ടിലുള്ള പ്രയോഗം അപലപനീയമാണ്. 'വൺ, ടൂ, ത്രി' മോഡൽ പ്രസംഗം കൊണ്ട് ഇടതുപക്ഷത്തിനു ഗുണമൊന്നും ഉണ്ടായിട്ടില്ല എന്നോർക്കണം. അദ്ദേഹത്തെ അക്കാര്യം ഉത്തരവാദപ്പെട്ട ഇടതുപക്ഷ നേതൃത്വം ഓർമ്മിപ്പിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP