Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആരവവും ആഘോഷവുമില്ലാതെ നാളെ വിഷു; ലോക് ഡൗണിനെ തുടർന്ന് പടക്ക കടകൾ തുറക്കാത്തതിനാൽ ശബ്ദഘോഷങ്ങളും പൂത്തിരിയുമില്ല; ക്ഷേത്രങ്ങളിലും ആൾത്തിരക്കുണ്ടാകില്ല; ആഘോഷങ്ങളും കൂടിച്ചേരലുകളും ഇല്ലെങ്കിലും കാർഷിക പാരമ്പര്യത്തിലേക്ക് തിരിച്ചു നടക്കുന്ന മലയാളി ഇക്കുറി വിഷു ആഘോഷിക്കുന്നത് ഇങ്ങനെ

ആരവവും ആഘോഷവുമില്ലാതെ നാളെ വിഷു; ലോക് ഡൗണിനെ തുടർന്ന് പടക്ക കടകൾ തുറക്കാത്തതിനാൽ ശബ്ദഘോഷങ്ങളും പൂത്തിരിയുമില്ല; ക്ഷേത്രങ്ങളിലും ആൾത്തിരക്കുണ്ടാകില്ല; ആഘോഷങ്ങളും കൂടിച്ചേരലുകളും ഇല്ലെങ്കിലും കാർഷിക പാരമ്പര്യത്തിലേക്ക് തിരിച്ചു നടക്കുന്ന മലയാളി ഇക്കുറി വിഷു ആഘോഷിക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബ്ദ ഘോഷവും ആഘോഷവുമില്ലാതെ നാളെ വിഷു. മലയാളികളെ സംബന്ധിച്ചിടത്തോളം വിഷു, വിളവെടുപ്പെന്റെ മാത്രം ഉത്സവമായിരുന്നില്ല. മറിച്ച് ഒത്തുചേരലിന്റെ ആഘോഷം കൂടിയായിരുന്നു. എന്നാൽ ഇക്കുറി ആഘോഷവും ആരവവും ഒത്തുചേരലുകളും ഇല്ലാതെയാകും കേരളം വിഷു ആഘോഷിക്കുക. ലോക് ഡൗണിനെ തുടർന്ന് പടക്കക്കടകൾക്ക് അനുമതിയില്ലാത്തതിനാൽ ഈ വിഷുവിന് ശബ്ദഘോഷങ്ങളുണ്ടാകില്ല. വിഷുവിനു മുന്നോടിയായി പടക്കവിൽപ്പന കേന്ദ്രങ്ങൾക്ക് അനുമതി നൽകാറുണ്ടെങ്കിലും ഇത്തവണ അനുവദിച്ചിട്ടില്ല.

ഇളവുനൽകി ചില സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയെങ്കിലും അതിൽ പടക്കവിൽപ്പന ഉൾപ്പെട്ടിട്ടില്ല. അതേസമയം, ​ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം നാളെ പുലർച്ചെ 2.30 മുതൽ 3 വരെ നടക്കും. മണിക്കൂറുകൾ കാത്തിരുന്ന് വിഷുപ്പുലരിയിൽ കണ്ണനെ കണി കണ്ട് മടങ്ങുന്നത് ആയിരങ്ങളുടെ പതിവായിരുന്നു. എന്നാൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്ഷേത്രവും പരിസരവും ഇപ്പോൾ ശൂന്യമാണ്. നാലു നടകളിലെ ഗേറ്റുകൾക്കപ്പുറം ഭക്തർക്ക് പ്രവേശനമില്ല.

ശാന്തിയേറ്റ കീഴേടം വാസുണ്ണി നമ്പൂതിരി, കൊടയ്ക്കാട് ശശി നമ്പൂതിരി എന്നിവർ ഇന്നു രാത്രി ശ്രീലകത്ത് കണിയൊരുക്കും. ഓട്ടുരുളിയിൽ ഉണക്കലരി,കണിക്കൊന്ന, വെള്ളരി, സ്വർണം, ഗ്രന്ഥം, പുതുപ്പണം, മുല്ലപ്പൂവ്, നന്ദ്യാർവട്ടം, ചക്ക, മാമ്പഴം എന്നിവയടങ്ങിയതാണ് കണിക്കോപ്പ്. പുലർച്ചെ 2ന് മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി കുളിച്ചുവന്ന് നാളികേര മുറിയിൽ നെയ്ത്തിരി തെളിയിച്ച് കണിക്കോപ്പ് ഉയർത്തിപ്പിടിച്ച് കണ്ണനെ കണി കാണിക്കും. കണ്ണന്റെ കയ്യിൽ ഒരു പുതുപ്പണം വിഷുക്കൈനീട്ടമായി നൽകും. പലകപ്പുറത്ത് ചുറ്റുവിളക്കുകളിൽ നറുനെയ്ത്തിരി തെളിയും.

മുഖമണ്ഡപത്തിൽ സ്വർണസിംഹാസനത്തിൽ അലങ്കാരങ്ങളോടെ തങ്കത്തിടമ്പ് വച്ച് ഭക്തർക്കായി കണിയൊരുക്കും. കണി കാണാൻ ദേവസ്വം ഭരണാധികാരികളും ഡ്യൂട്ടിയിലുള്ള പാരമ്പര്യാവകാശികളും ഉദ്യോഗസ്ഥരും മാത്രമാകും. 3ന് കൂട്ടിക്കൊട്ടോടെ തിടമ്പ് ശ്രീലകത്തേയ്ക്ക് എടുക്കും. പിന്നെ പതിവു ചടങ്ങുകളായി. നമസ്കാരസദ്യ ചടങ്ങു മാത്രമാകും. കാഴ്ചശീവേലിയും വിളക്കും ഉണ്ടാകില്ല.

ലോക് ഡൗൺ ആയതിനാൽ വിഷുക്കണിക്കൊപ്പം കാനനവാസനെ ദർശിക്കാൻ ഇത്തവണ ഭക്തരില്ല. എല്ലാവർഷവും കണിദർശനത്തിനെത്തുന്നവരെക്കൊണ്ട് വിഷുവിനുമുമ്പേ പമ്പയും സന്നിധാനവും നിറയുമായിരുന്നു. ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ കാനനക്ഷേത്രവും പരിസരവും വിജനമാണ്. കഴിഞ്ഞ മാസപൂജയ്ക്ക് കർശന നിയന്ത്രണങ്ങളോടെ തീർത്ഥാടകരെ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ഉത്സവവും പൈങ്കുനി ഉത്രത്തിന്റെ ചടങ്ങുകളും ഒഴിവാക്കി.

തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് നട തുറന്നാൽ പ്രത്യേക പൂജകളൊന്നുമില്ല. അത്താഴപൂജയ്ക്കുശേഷം മേൽശാന്തി എ.കെ.സുധീർനമ്പൂതിരി ശ്രീകോവിലിൽ വിഷുക്കണിയൊരുക്കും. 14-ന് പുലർച്ചെ അഞ്ചിന് നടതുറന്ന് നെയ്ത്തിരി തെളിച്ച് ഭഗവാനെ വിഷുക്കണി കാണിക്കും. തുടർന്ന് സന്നിധാനത്തുള്ള ജീവനക്കാരുംമറ്റും വിഷുക്കണിക്കൊപ്പം അയ്യപ്പനെ ദർശിക്കും.

തന്ത്രി മഹേശ്വര് മോഹനര് കീഴ്ശാന്തിമാർക്കും ജീവനക്കാർക്കും വിഷുക്കെനീട്ടം നൽകും. മാളികപ്പുറത്തെ ചടങ്ങുകളും ഇതോടൊപ്പം നടക്കും. ഓൺലൈനായി ബുക്ക് ചെയ്ത നീരാജനം, നെയ്‌വിളക്ക്, അഷ്ടോത്തരാർച്ചന, സഹസ്രനാമാർച്ചന, സ്വയംവരാർച്ചന, നവഗ്രഹ നെയ്‌വിളക്ക്, ഗണപതിഹോമം, ഭഗവത്‌സേവ എന്നീ വഴിപാടുകൾ നടത്തും. 18-ന് രാത്രി ഹരിവരാസനം പാടി നടയടയ്ക്കും.

കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ്‌ വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ്‌ ആചരിക്കുന്നത്‌. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്‌തമാണ്‌. വിഷുക്കണി ആണ്‌ ഏറ്റവും പ്രധാനപ്പെട്ടത്‌. വിഷുക്കൈനീട്ടം, വിഷുസദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട്‌ അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്‌.

കുടുംബത്തിലെ മുതിർന്ന സ്‌ത്രീകൾക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്‌ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്‌, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട്‌ തിരിയിട്ട്‌ കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്‌ണന്റെ വിഗ്രഹവും വച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്‌.

പ്രായമായ സ്‌ത്രീകൾ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ്‌ കണികണ്ട്‌, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന്‌ വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന്‌ പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു. കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക്‌ നൽകുന്ന സമ്മാനമാണ്‌ വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്‌. ആദ്യകാലങ്ങളിൽ സ്വർണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്ന്‌ അത്‌ വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന്‌ അനുഗ്രഹിച്ചുകൊണ്ടാണ്‌ കൈനീട്ടം.

വിഷുവിനോട്‌ അനുബന്ധിച്ച്‌ അനവധി ആചാരങ്ങൾ കൃഷിയേ സംബന്ധിച്ച്‌ നിലനിൽക്കുന്നു. ചാലിടീൽ കർമ്മം, കൈക്കോട്ടുചാൽ, വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട്‌ അനുബന്ധിച്ച്‌ നടക്കുന്ന ആചാരങ്ങളാണ്‌. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച്‌ വിത്ത്‌ ഇടുന്നതിന്‌ ചാലിടീൽ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച്‌ കുറി തൊട്ട്‌ കൊന്നപ്പൂങ്കുലകൾ കൊണ്ട്‌ അലങ്കരിച്ച്‌ കൃഷി സ്ഥലത്ത്‌ എത്തിക്കുന്നു. പുതിയ വസ്‌ത്രം നിർബന്ധമില്ലെങ്കിലും കാർഷികോപകരണങ്ങൾ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത്‌ കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്‌.

വിഷു സദ്യയ്‌ക്ക്‌ ശേഷം നടത്തുന്ന ഒരു ആചാരമാണ്‌ കൈക്കോട്ടുചാൽ. പുതിയകൈക്കോട്ടിനെ കഴുകി, കുറി തൊടുവിച്ച്‌ കൊന്നപ്പൂക്കൾ കൊണ്ട്‌ അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്‌ വീടിന്റെ കിഴക്കു പടിഞ്ഞാറു ഭാഗത്ത്‌ വച്ച്‌ പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത്‌ കൊത്തികിളയ്‌ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത്‌ അതിൽ നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ ഒരുമിച്ച്‌ നടുന്നു. പാടങ്ങളിൽ കൃഷി ഇറക്കിക്കഴിഞ്ഞ കർഷകർ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ്‌ ഈ ആചാരം.

കുടുംബാം​ഗങ്ങൾ തമ്മിൽ കൂടിച്ചേർന്നുള്ള ആഘോഷങ്ങൾ ഇല്ലെങ്കിലും കാർഷിക സംസ്കാരത്തിലേക്ക് തിരിച്ച് പോകുകയാണ് ഈ വിഷുക്കാലത്ത് മലയാളി. ലോക് ഡൗണിനെ തുടർന്ന് ഭൂരിപക്ഷവും വീടുകളിൽ ഒതുങ്ങിയതോടെ ഉള്ള സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യാൻ സർക്കാർ തന്നെ നിർദ്ദേശിച്ചിരിക്കുകയാണ്. ആ നിർദ്ദേശം ഏറ്റെടുത്ത് ആയിരക്കണക്കിന് ആളുകളാണ് പാടങ്ങൾ മുതൽ ബാൽക്കണി വരെ കൃഷിയിങ്ങളായി മാറ്റിയിരിക്കുന്നത്. അതിനാൽ തന്നെ ഈ വിഷുക്കാലത്തെ ആഘോഷത്തിന് ഇത്തിരി മാറ്റ് കുറഞ്ഞാലും നൂറുമേനി വിളവ് കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് കാർഷിക കേരളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP