Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വളർത്തു മൃഗങ്ങൾക്ക് വൈറസ് രോഗം പടരുന്നു; വേളം മേഖലയിൽ പടരുന്നത് ഓർഫ് എന്ന വൈറസ് രോഗം; ആടുകളുടെ മുഖം വികൃതമാകുന്നു; മൃഗഡോക്ടർക്ക് കോവിഡ് ചുമതല നൽകിയതിനാൽ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപം; മെഡിക്കൽ സംഘം പ്രദേശത്തെത്തി പരിശോധന നടത്തി

വളർത്തു മൃഗങ്ങൾക്ക് വൈറസ് രോഗം പടരുന്നു; വേളം മേഖലയിൽ പടരുന്നത് ഓർഫ് എന്ന വൈറസ് രോഗം; ആടുകളുടെ മുഖം വികൃതമാകുന്നു; മൃഗഡോക്ടർക്ക് കോവിഡ് ചുമതല നൽകിയതിനാൽ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപം; മെഡിക്കൽ സംഘം പ്രദേശത്തെത്തി പരിശോധന നടത്തി

കെ വി നിരഞ്ജൻ

കോഴിക്കോട്: വളർത്തു മൃഗങ്ങൾക്ക് വൈറസ് രോഗം പടരുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. ഓർഫ് എന്ന വൈറസ് രോഗമാണ് വേളം, പെരുവയൽ പ്രദേശത്തെ വളർത്തു മൃഗങ്ങളിൽ പടരുന്നത്. രോഗം ബാധിച്ച ആടുകളുടെ മുഖം വികൃതമാകുകയാണ്. പെരുവയൽ സ്വദേശിയായ കുഞ്ഞമ്മത്ത് കണ്ടി കരീമിന്റെ മുപ്പതോളം ആടുകളിൽ ഭൂരിഭാഗത്തിനും രോഗം പിടിപെട്ടു. ആറോത്ത് ആദിരാജിന്റെ ആടുകൾക്കും രോഗം ബാധിച്ചിട്ടുണ്ട്.

രോഗവ്യാപനം രൂക്ഷമാകുമ്പോഴും ആവശ്യമായ ചികിത്സ നൽകുവാൻ കഴിയാതെ വലിയ പ്രയാസമനുഭവിക്കുകയാണ് കർഷകർ. രോഗം പടർന്നു പിടിക്കുന്ന പെരുവയൽ മേഖലയിൽ മൃഗഡോക്ടറുടെ സേവനം ലഭ്യമാകാത്തതാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. മൃഗാശുപത്രിയിൽ ഡോക്ടറെ നിയമിച്ചിട്ടുണ്ടെങ്കിലും കോവിഡ് ചുമതല നൽകിയത് കാരണം ഇപ്പോൾ മൃഗപരിചരണ രംഗത്ത് സേവനം ലഭിക്കുന്നില്ല. അടുത്തുള്ള മൃഗാശുപത്രിയിലെ ഡോക്ടർക്കും ചുമതല കോവിഡ് രംഗത്ത് തന്നെയാണ് നൽകിയിരിക്കുന്നത്.

ഇവരൊന്നും പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നും മാസ്‌ക്ക് വെക്കാത്തവരെ പിടിക്കാൻ നടക്കുകയാണെന്നും കർഷകർ പരാതിപ്പെട്ടിരുന്നു. പലയിടങ്ങളിൽ നിന്നും വായ്പയെടുത്ത് വളർത്തുമൃഗങ്ങളെ വാങ്ങിയ കർഷകർക്ക് രോഗം വലിയ തിരിച്ചടിയായി മാറുകയാണ്. ആവശ്യമായ ചികിത്സ നൽകാൻ പോലും പലർക്കം കഴിയുന്നില്ല. മൃഗങ്ങളെ വാങ്ങിയ ബാധ്യത തന്നെ തീർക്കാൻ ഇവർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനൊപ്പം വലിയ ചികിത്സാ ചെലവും കൂടി താങ്ങാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.

ഇഞ്ചക്ഷൻ മരുന്നിന് മാത്രം അഞ്ഞൂറ് രൂപ വിലയുണ്ട്. ഒന്നര ദിവസത്തേക്കുള്ള മരുന്നിന് സ്വകാര്യ മെഡിക്കൽ ഷോറൂമുകളിൽ രണ്ടായിരത്തഞ്ഞൂറോളം രൂപയോളം വിലവരും. മുപ്പതും നാൽപ്പതും ആടുകളുള്ള കർഷകർക്ക് ചികിത്സയ്ക്കായി എത്ര രൂപ വേണ്ടിവരുമെന്ന് കർഷകർ ചോദിക്കുന്നു. പാവപ്പെട്ട കർഷകരുടെ ആശ്രയ കേന്ദ്രമായ സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടർമാരുടെ സേവനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് മാറ്റിയതുകൊണ്ടാണ് സഹായമൊന്നും ലഭിക്കാത്തതെന്നും ഇവർ വ്യക്തമാക്കുന്നു.

സംഭവം ചർച്ചയായതോടെ വൈറസ് രോഗം പടർന്നു പിടക്കുന്ന വേളം പെരുവയൽ മേഖലയിൽ മെഡിക്കൽ സംഘമെത്തി പരിശോധന നടത്തിയിട്ടുണ്ട്. എപ്പിഡമിയോളജിസ്റ്റ് ഡോ: നിഷ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാ പെരുവയൽ പ്രദേശത്ത് പരിശോധന നടത്തിയത്. രോഗം ബാധിച്ച മുഴുവൻ ആടുകൾക്കും കുത്തിവെപ്പ് നൽകുകയും രക്തസാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും കുത്തിവെപ്പ് നൽകുമെന്നും അവർ പറഞ്ഞു. ഡോ: ആകാശ്, ഡോ: അയന, ഡോ: അനുശ്രീ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ഷിജു എന്നിവരാണ് മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP