Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാക്ക് പാലിക്കാൻ കോഹ്ലി ഭാര്യയോടൊപ്പം ലീഡ്സിലെ മലയാളി ഹോട്ടലിൽ; വിവരം ഇന്റർനെറ്റിൽ ചോർന്നപ്പോൾ കടയിൽ ആൾക്കൂട്ടം; മസാലദോശയുടെയും അപ്പത്തിന്റെയും മുട്ടക്കറിയുടെയും രുചി പിടിച്ചു ആരുമറിയാതെ പിറ്റേന്നും ടാക്‌സിയിലെത്തി; മലയാളി രുചി തേടി കോഹ്ലി എത്തിയത് 40 മിനിറ്റു ദൂരെ നിന്നും, ഭാര്യക്ക് വേണ്ടി സസ്യാഹാര പ്രിയനായ കഥ പറഞ്ഞതും കോഹ്ലി തന്നെ

വാക്ക് പാലിക്കാൻ കോഹ്ലി ഭാര്യയോടൊപ്പം ലീഡ്സിലെ മലയാളി ഹോട്ടലിൽ; വിവരം ഇന്റർനെറ്റിൽ ചോർന്നപ്പോൾ കടയിൽ ആൾക്കൂട്ടം; മസാലദോശയുടെയും അപ്പത്തിന്റെയും മുട്ടക്കറിയുടെയും രുചി പിടിച്ചു ആരുമറിയാതെ പിറ്റേന്നും ടാക്‌സിയിലെത്തി; മലയാളി രുചി തേടി കോഹ്ലി എത്തിയത് 40 മിനിറ്റു ദൂരെ നിന്നും, ഭാര്യക്ക് വേണ്ടി സസ്യാഹാര പ്രിയനായ കഥ പറഞ്ഞതും കോഹ്ലി തന്നെ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ''നല്ല രുചിയുള്ള ഭക്ഷണം, വീണ്ടും വരാം കേട്ടോ....'', നല്ല ഭക്ഷണം വിളമ്പുന്ന മിക്ക ഹോട്ടലുടമകളും പലവട്ടം കേട്ടിരിക്കാൻ ഇടയുള്ള വാചകം. എന്നാൽ സാധാരണക്കാർ പോലും പിന്നീട് ആ കടയുടെ പേര് മറന്നുപോകുകയും വീണ്ടും ആ വഴി എത്താൻ മിനക്കെടാറുമില്ല. എന്നാൽ സാക്ഷാൽ വിരാട് കോഹ്ലി അത്തരത്തിൽ പെട്ടയാളല്ല. മുൻപ് രണ്ടു വട്ടം യുകെ പര്യടനം നടത്തിയപ്പോൾ അറിഞ്ഞ മലയാളി രുചി തേടി ഇത്തവണ ലോകകപ്പ് തിരക്കിനിടയിൽ നിന്നും അദ്ദേഹം ലീഡ്സിലെ മലയാളി ഹോട്ടൽ തറവാടിനെ തേടിയെത്തി. അതും ഒറ്റയ്ക്കല്ല, പ്രിയതമ അനുഷ്‌കയോടൊപ്പം തന്നെ.

മുൻപ് ലീഗ് മത്സരത്തിനും കഴിഞ്ഞ വർഷം ചമ്പ്യാൻസ് ട്രോഫിക്ക് എത്തിയപ്പോഴും കോഹ്ലി ഭക്ഷണം കഴിക്കാൻ എത്തിയത് തറവാട്ടിൽ തന്നെയാണ്. അന്ന് ഭക്ഷണം ഇഷ്ടപ്പെട്ട ശേഷം ഹോട്ടൽ മാനേജ്മെന്റിന് കോഹ്ലി നൽകിയ വാക്കാണ് താൻ തിരികെ വരും എന്നത്. എന്നാൽ ലോകകപ്പിന്റെ തിരക്കിനിടയിൽ അതും ഭാര്യ അനുഷ്‌ക ശർമ്മക്കൊപ്പം തന്നെ അപ്രതീക്ഷിത ഞെട്ടൽ നൽകാൻ കോഹ്ലി എത്തുമെന്ന് ഹോട്ടലിന്റെ നടത്തിപ്പുകാരായ മലയാളി സുഹൃത്തുക്കൾ ഒരിക്കലും കരുതിയിരുന്നില്ല. തങ്ങളെ സംബന്ധിച്ച് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം തന്നെയാണെന്ന് ഹോട്ടൽ നടത്തിപ്പിലെ പ്രധാനിയായ പാലാക്കാരൻ സിബി ജോസ് പറയുന്നു.

തറവാട്ടിലെ സ്പെഷ്യൽ കോഹ്ലിക്കും പിടിച്ചു

തറവാട്ടിൽ എത്തുന്ന ഭക്ഷണ പ്രിയർക്കു മാനേജ്മെന്റ് നൽകുന്ന സ്പെഷ്യൽ ട്രീറ്റാണ് കാരണവർ മസാല ദോശ. ഒരിക്കൽ കഴിച്ചവർ വീണ്ടും കഴിക്കാൻ തേടിയെത്തുന്ന രുചിക്കൂട്ട്. സാധാരണ മസാല ദോശയിൽ തറവാടിന്റെ സ്പെഷ്യൽ ചേരുവകളും ചേർത്താണ് തറവാട് മസാല ദോശ തീൻ മേശയിൽ എത്തുക. മുൻപ് ഈ ദോശ കഴിച്ചിട്ടുള്ള കോഹ്ലി ഇത്തവണ എത്തിയപ്പോഴും അത് ചോദിച്ചു വാങ്ങുക ആയിരുന്നു. ഇന്ത്യ - ശ്രീലങ്ക മത്സരം നടക്കുന്നതിന്റെ ഭാഗമായാണ് കോഹ്ലി ലീഡ്സിൽ എത്തിയത്. മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ കളിക്കാർക്ക് ഭക്ഷണ കാര്യത്തിൽ കർശന നിർദ്ദേശമാണുള്ളത്. വല്ലതുമൊക്കെ കഴിച്ചു വയർ തകരാറിലായാൽ കളിയും കുഴപ്പത്തിലാകും.

അതിനാൽ ലോകകപ്പ് മത്സരം നടക്കുമ്പോൾ പ്രത്യേക നിഷ്‌കർഷയിലാണ് കളിക്കാർക്ക് ഭക്ഷണം നൽകുക. എന്നാൽ തറവാടിനെ വിശ്വാസമുള്ള കോഹ്ലി മുൻകൂട്ടി പറയാതെ എത്തിയപ്പോൾ തറവാട്ടുകാരും ഞെട്ടി. ഒരു മുൻ ഒരുക്കവും ഇല്ലാതിരുന്നതിനാൽ മറ്റു അതിഥികളെക്കൊപ്പം തന്നെയാണ് കോഹ്ലിയും അനുഷ്‌കയും ഇരുന്നു ഭക്ഷണം കഴിച്ചത്. തറവാട്ടിലെ പാചക വിദഗ്ധരുടെ രുചിക്കൂട്ടുകൾ അറിയാവുന്നതിനാൽ അപ്പവും മുട്ടക്കറിയും ഓർഡർ ചെയ്ത കോഹ്ലി മസാല ദോശക്കൊപ്പം താലി ഭക്ഷണവും രുചിച്ചു. ഓരോ പ്ലേറ്റ് ഭക്ഷണം ഓർഡർ ചെയ്തു രണ്ടു പേരും ചേർന്ന് പങ്കിട്ടു കഴിക്കുക ആയിരുന്നു.

ഇന്റർനെറ്റ് ചതിച്ചു, വിവരം ചോർന്നു, കടയിൽ ആൾക്കൂട്ടം

കോഹ്ലി പറയാതെ എത്തിയെങ്കിലും കടയിൽ നല്ല തിരക്കുള്ള വൈകുന്നേരമായിരുന്നതിനാൽ മാനേജ്മെന്റിന് പെട്ടെന്ന് ഒന്നും ചെയ്യാനായില്ല. ഒഴിഞ്ഞ ഒരു ടേബിൾ കണ്ടപ്പോൾ ഇരുവരും അതിൽ സ്ഥാനം പിടിച്ചു. ഇതിനിടയിൽ കടയിലെ സാധാരണ അതിഥികൾ കോഹ്ലിയെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. തങ്ങൾ ഭക്ഷണം കഴിക്കുന്ന ഫോട്ടോയും മറ്റും എടുക്കരുതെന്ന് കോഹ്ലി ഹോട്ടൽ നടത്തിപ്പുകാരോട് അഭ്യർത്ഥിച്ചിരുന്നു. ടീം സുരക്ഷാ അടക്കമുള്ള കർശന നിർദ്ദേശം ഉള്ളതിനാലാണ് അദ്ദേഹം ഈ നിയന്ത്രണം അഭ്യർത്ഥിച്ചത്.

എന്നാൽ ഏതോ മേശയിൽ ഇരുന്നു ഭക്ഷണം കഴിച്ചവർ കൊഹ്ലിയുടെയും പത്‌നിയുടെയും ഭക്ഷണം കഴിക്കുന്ന ഫോട്ടോകൾ ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ നൽകി. തങ്ങൾ കോഹ്ലിയോടൊപ്പമാണ് ഭക്ഷണം കഴിക്കുന്നത് എന്ന അടിക്കുറിപ്പും നൽകി. നിമിഷങ്ങൾക്കകം ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു. പൊടുന്നനെ കടയിലും പുറത്തും ആൾക്കൂട്ടമായി. ഇതിനകം ഒരു മണിക്കൂറിലധികം കടയിൽ ചെലവിട്ട ഇരുവരും പൊടുന്നനെ ഭക്ഷണം കഴിച്ചു പൂർത്തിയാക്കി മടങ്ങുക ആയിരുന്നു.

ആരോരുമറിയാതെ രണ്ടാം വരവ്, എത്തിയത് 40 മിനിറ്റ് ദൂരെ നിന്ന്

ബുധനാഴ്ചത്തെ ആദ്യ സന്ദർശനം ആൾക്കൂട്ടം കൂടിയതിനാൽ അൽപം ടെൻഷൻ അടിപ്പിച്ചതിനാൽ പിറ്റേന്ന് ആരും അറിയാതെ കോഹ്ലിയും ഭാര്യയും എത്തുക ആയിരുന്നു. കടയിൽ പ്രത്യേക മുറികൾ ഇല്ലാത്തതിനാൽ ഫോണിൽ വിളിച്ചു ടേക്ക് എവേ മതിയെന്നു കോഹ്ലി നിർദ്ദേശിക്കുക ആയിരുന്നു. സാധാരണ ഈ ഹോട്ടലിൽ ടേക്ക് എവേ സംവിധാനം ഇല്ലാത്തതാണ്. എന്നാൽ തങ്ങളുടെ സെലിബ്രിറ്റി ഗെസ്റ്റിനെ നിരാശപ്പെടുത്താതിരിക്കാൻ പൊടുന്നനെ ടേക്ക് എവേ സൗകര്യങ്ങൾ ഒരുക്കി അദ്ദേഹം ആവശ്യപ്പെട്ട ഭക്ഷണം വ്യാഴാഴ്ചയും നൽകാനായി എന്ന് സിബി പറയുന്നു.

സാധാരണ ലീഡ്‌സ് സ്റ്റേഡിയത്തിൽ കളി ഉള്ളപ്പോൾ മാരിയറ്റ് ഹോട്ടലിലാണ് ഇന്ത്യൻ ടീം താമസിക്കുന്നത്, എന്നാൽ ഇത്തവണ 40 മിനിറ്റ് ദൂരെയുള്ള സ്പാ ഹോട്ടലിലാണ് ടീം തങ്ങിയത്. അതിനാൽ അത്രയും ദൂരം ടാക്‌സി പിടിച്ചാണ് കോഹ്ലിയും ഭാര്യയും തറവാട് തേടിയെത്തിയത്. ബുധനാഴ്ച ലീഡ്സിൽ എത്തി താമസിക്കുന്ന ഹോട്ടലിൽ റിപ്പോർട്ട് ചെയ്ത ഉടൻ കോഹ്ലിയും ഭാര്യയും മുങ്ങിയതും തറവാട്ടിലേക്കാണ്.

പ്രാതൽ വിളമ്പി നേടിയ സ്‌നേഹം, ദോശയും ഇഡലിയും പ്രഭാത വിഭവം

മുൻപ് ഇന്ത്യൻ ടീം രണ്ടു വട്ടം കളിക്കാൻ ലീഡ്സിൽ എത്തിയപ്പോൾ താമസിച്ച മാരിയറ്റ് ഹോട്ടലിലെ മലയാളി മാനേജർ ഷമീർ വഴിയാണ് തറവാട് ഇഇന്ത്യൻ ടീമിന്റെ മെനുവിൽ എത്തിയത്. ഹോട്ടലിൽ ഇന്ത്യൻ ഭക്ഷണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ പൊടുന്നനെ ഷമീർ തറവാടിനെ കുറിച്ച് ഓർക്കുക ആയിരുന്നു. അങ്ങനെ പ്രഭാത ഭക്ഷണത്തിന്റെ ഓർഡർ തറവാട്ടിലെത്തി.

ടീം അംഗങ്ങൾക്ക് നൽകാനുള്ള ഇഡ്ഡലിയും ദോശയും ഉണ്ടാക്കാനുള്ള മാവും സാമ്പാറിനും ചട്ണിക്കും ഉള്ള വിഭവങ്ങളുമായി തറവാട്ടുകാർ മാറിയറ്റിൽ എത്തി നൽകിയ സ്‌നേഹം ടീം അംഗങ്ങൾ ഇന്നും മനസ്സിൽ സൂക്ഷ്‌കുകയാണ്. അന്ന് മുതൽ ടീമിനൊപ്പം ഉള്ള ഫിറ്റ്‌നസ് മാനേജരും മലയാളിയുമായ ശ്രീധർ ശ്രീറാം വഴിയും തറവാടിന്റെ രുചിക്കൂട്ടുകൾ ടീമിൽ പാട്ടായി. അങ്ങനെ ടീമിലെ മിക്കവരും തറവാടിന്റെ ഇഷ്ടക്കാരായി. ഇത്തവണ ടീം താമസിക്കുന്നത് ദൂരെ ആയതിനാൽ പ്രഭാത ഭക്ഷണം നൽകാനായില്ല എന്ന സങ്കടവും തറവാട്ടുകാർക്കുണ്ട്.

സഞ്ജു സാംസൺ തേടി വന്നതു പുട്ടും ബീഫും

വിവാഹത്തിന് മുൻപ് ഇറച്ചിയും മീനും ഒക്കെ നന്നായി ആസ്വദിച്ചിരുന്ന ചെറുപ്പക്കാരനായിരുന്നു കോഹ്ലി. മുൻപ് ലീഗ്, ചാമ്പ്യൻസ് ട്രോഫി മത്സര സമയങ്ങളിൽ തറവാട്ടിൽ എത്തിയപ്പോൾ ബ്രിട്ടനിൽ പോപ്പുലറായ സീ ബാസ് മീൻ കേരള ശൈലിയിൽ ഗ്രിൽ ചെയ്തു കൊടുത്തതു അദ്ദേഹം നന്നായി ആസ്വദിച്ചിരുന്നു. വായിൽ കൊതിയൂറുന്ന രുചി കേട്ടറിഞ്ഞു അന്ന് ടീമിൽ ഉണ്ടായിരുന്ന മലയാളി കളിക്കാരൻ സഞ്ജു സാംസൺ ഓടിക്കിതച്ചു എത്തി ആവശ്യപ്പെട്ടത് പുട്ടും പോത്തും. എന്നാൽ പുട്ടു തറവാട്ടിലെ മെനുവിൽ ഇല്ലാത്തതിനാൽ പൊറോട്ടയും കറിയും നൽകി ആശ്വസിപ്പിച്ചു.

പിറ്റേന്ന് സഞ്ജുവിന് വേണ്ടി സ്പെഷ്യൽ ആയി പുട്ടും പോത്തു കറിയും നൽകിയാണ് തറവാട് മടക്കിയത്. വിവാഹത്തിന് ശേഷം ശുദ്ധ വെജിറ്റേറിയൻ ആയി മാറുക ആയിരുന്നു എന്ന് കോഹ്ലി വെളിപ്പെടുത്തുന്നു. ഇപ്പോൾ ഭക്ഷണ മേശയിൽ അനുഷ്‌കയുടെ ഇഷ്ട്ടങ്ങളാണ് കോഹ്ലിയുടെ ഇഷ്ടവും. തറവാട്ടിൽ എത്തിയപ്പോൾ ഓരോ ഇനവും ഓർഡർ ചെയ്യുമ്പോൾ ഭാര്യയുടെ ഇഷ്ടങ്ങളും അദ്ദേഹം തിരക്കുന്നുണ്ടായിരുന്നു.

നാട്ടുകാരുടെയും ഇഷ്ട ബ്രാൻഡ്, വിളമ്പുന്നത് തനി മലയാളി രുചികൾ

ലണ്ടൻ പോലെ ലോകത്തിലെ ഏതു ഭക്ഷണവും തേടിയെത്തുന്ന സഞ്ചാരികൾ ഉള്ള സ്ഥലമല്ല ലീഡ്‌സ്. എന്നിട്ടും ഒരു മലയാളിയെ പോലും പ്രതീക്ഷയ്ക്കാതെയാണ് അഞ്ചു വർഷം മുൻപ് തറവാട് ആരംഭിക്കുന്നത്. കസ്റ്റമേഴ്സിൽ 99 ശതമാനവും ബ്രിട്ടീഷുകാർ. അതിൽ തന്നെ 75% ലേറെ കേരളത്തിൽ പോയിട്ടുള്ളവരും കേരളത്തിന്റെ രുചിക്കൂട്ടുകൾ പരിചിതം ആയവരും. ലക്ഷക്കണക്കിന് ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ഓരോ വർഷവും കേരളത്തിൽ എത്തുന്നു എന്ന സത്യമാണ് തറവാടിന്റെ നേട്ടത്തിലേക്കും വിരൽ ചൂണ്ടുന്നത്.

ചിലരാകട്ടെ കേരളത്തിൽ പോയപ്പോൾ മുഴുവൻ സമയവും ദോശ കഴിച്ചതാണ് വേറെ എന്തെങ്കിലും തരൂ എന്ന് പോലും തറവാട്ടിൽ എത്തിയാൽ തമാശയായി പറയാറുണ്ട്. കുത്തരി ചോറും മീൻ കറിയും ഞണ്ടു കറിയും അടക്കം മിക്ക മലയാളി രുചിക്കൂട്ടും ഇവിടെയുണ്ട്. ചില കറികളിൽ മാത്രം അൽപം എരിവ് കുറയ്ക്കും. സിനിമയിൽ ഓസ്‌കർ എന്നത് പോലെ ഹോട്ടൽ വ്യവസായ രംഗത്തെ അവാർഡായ മിഷേലിൻ പുരസ്‌കാരം നൽകുന്ന സമിതി പുറത്തിറക്കുന്ന മികച്ച റെസ്റ്റോറന്റുകളുടെ പട്ടികയിൽ കഴിഞ്ഞ മൂന്നു വർഷമായി തറവാടുണ്ട്. ഈ അംഗീകാരം ഉള്ള ലീഡ്സിലെ ഏക ഇന്ത്യൻ റെസ്റ്റോറന്റും ഇതു തന്നെ.

അഞ്ചു കൂട്ടുകാർ, അഞ്ചു വർഷം, സ്റ്റാർ ടിവിയിൽ പോലും സാന്നിധ്യം

അഞ്ചു കൂട്ടുകാരാണ് തറവാടിന്റെ നട്ടെല്ല്. പാലാക്കാരൻ സിബി ജോസ്, ഷെഫ് കൂടിയായ കോട്ടയംകാരൻ അജിത് നായർ, മറ്റൊരു ഷെഫായ പാലാക്കാരൻ രാജേഷ് നായർ, ഉടുപ്പിക്കാരൻ പ്രകാശ് മെൻഡോൺക, തൃശൂർക്കാരൻ മനോഹരൻ ഗോപാൽ എന്നിവരാണ് ഈ അഞ്ചു പേര്. ഇതിൽ പ്രകാശിന്റെ ജീവിതവും മതവും ഒക്കെ ക്രിക്കറ്റാണ്. പ്രഭാത ഭക്ഷണം വിളമ്പാൻ കിട്ടിയ അവസരം മുതലാക്കി ഇപ്പോൾ ക്രിക്കറ്റ് ടീമിലെ മിക്ക കളിക്കാരും പ്രകാശിന്റെ സുഹൃത്തുക്കൾ. ഭക്ഷണം കഴിക്കാൻ താൻ വീണ്ടും വരും എന്ന് പറഞ്ഞത് ഓർമ്മയില്ലേ എന്ന് കടയിൽ എത്തിയപ്പോൾ കോഹ്ലി ചോദിച്ചത് കേട്ട് പ്രകാശിന് കണ്ണ് നിറഞ്ഞു, തൊണ്ട ഇടറി, ശബ്ദം പോലും പുറത്തു വന്നില്ല എന്നാണ് സത്യം.

കാരണം ഇങ്ങനെ ഒരു അപ്രതീക്ഷിത വരവ് പ്രതീക്ഷിച്ചില്ല എന്നത് തന്നെ. എന്തിനു പറയുന്നു, ഇപ്പോൾ ലോക കപ്പു സംപ്രേഷണം ചെയുന്ന സ്റ്റാർ ടിവിക്കു ക്രിക്കറ്റ് അവലോകനം നടത്താൻ പോലും തറവാട് വേണം. അങ്ങനെ രണ്ടു നാൾ മുൻപ് അവതാരകരും മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും വി വി എസ് ലക്ഷ്മണയും അടക്കമുള്ളവർ തറവാട്ടിൽ എത്തി ടോക് ഷോ തന്നെ നടത്തി . അര മണിക്കൂർ ദൈർഘ്യം ഉള്ള ഈ പരിപാടിയിൽ ഇന്ത്യൻ ടീമിന്റെ സ്ട്രാറ്റജി, ക്യപ്റ്റൻ കോഹ്ലിയുടെ മനസിലെ തന്ത്രങ്ങൾ എന്നിവ ഒക്കെ ചർച്ച ചെയ്യുന്നുണ്ട്. ഒരു വട്ടം സംപ്രേഷണം ചെയ്ത ഈ പരിപാടി ഇന്ന് മത്സരത്തിന് മുൻപ് രാവിലെ പത്തു മണിക്ക് വീണ്ടും സംപ്രഷണം ചെയുന്നുണ്ട്.

ഇത്രയൊക്കെ കേട്ടപ്പോൾ ഒന്ന് തറവാട്ടിൽ പോകാൻ മോഹം തോന്നുന്നുണ്ടോ, എങ്കിൽ മടിക്കേണ്ട വണ്ടി വിട്ടോളൂ, കോഹ്ലി ഭാര്യയോട് പറഞ്ഞത് വെറുതെ അല്ലെന്നു നിങ്ങൾക്കും ബോധ്യമാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP