Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബാങ്ക് വായ്പ നിരസിച്ചതോടെ ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാടൊന്നിക്കുന്നു; സഹോദരിയുടെ വിവാഹത്തിന് സ്വർണം നൽകുമെന്ന് രണ്ട് ജൂവലറികൾ; രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നൽകാൻ ഒരു ചാരിറ്റി സംഘടനയും; സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച് പ്രതിശ്രുത വരനും

ബാങ്ക് വായ്പ നിരസിച്ചതോടെ ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാടൊന്നിക്കുന്നു; സഹോദരിയുടെ വിവാഹത്തിന് സ്വർണം നൽകുമെന്ന് രണ്ട് ജൂവലറികൾ; രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നൽകാൻ ഒരു ചാരിറ്റി സംഘടനയും; സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്നും വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച് പ്രതിശ്രുത വരനും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വായ്പ ബാങ്ക് നിരസിച്ചതിനെ തുടർന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയിൽ ജീവനൊടുക്കിയ വിപിന്റെ കുടുംബത്തിന് സഹായവുമായി നാട് ഒന്നിക്കുന്നു. പെൺകുട്ടിക്ക് വിവാഹ സമ്മാനമായി അഞ്ച് പവൻ നൽകുമെന്ന് കല്യാൺ ജുവലേഴ്സും മൂന്ന് പവൻ സമ്മാനമായി നൽകുമെന്ന് മലബാർ ഗോൾഡും അറിയിച്ചു. പെൺകുട്ടിയുടെ വിവാഹം നടത്താൻ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്ന് തൃശൂരിലെ മജ്ലിസ് പാർക്ക് ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു.

തൃശ്ശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിൻ (25) ആണ് ആത്മഹത്യ ചെയ്തത്. അടുത്ത ഞായറാഴ്ചയാണ് സഹോദരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. സഹോദരിയുടെ വിവാഹം നടത്താനുള്ള ബാങ്ക് വായ്പ കിട്ടാത്തതിലെ മാനസികവിഷമത്താലാണ് ജീവനൊടുക്കിയത്. സഹോദരിയുടെ വിവാഹാവശ്യങ്ങൾക്കായി ബാങ്കിൽനിന്ന് വായ്പ തേടിയിരുന്നു.

അതേസമയം പെൺകുട്ടിയുടെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിരുന്നില്ലെന്ന് പെൺകുട്ടിയുടെ പ്രതിശ്രുത വരൻ പ്രതികരിച്ചു. പണത്തിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞിരുന്നില്ല. വിവാഹത്തിൽ നിന്ന് പിന്മാറില്ലെന്നും വരൻ പ്രതികരിച്ചു. വിപിന്റെ മരണാനന്തര ചടങ്ങുകളും പുലയും അവസാനിച്ചതിനു ശേഷം വിവാഹം നടത്തുമെന്നും യുവാവ് പറഞ്ഞു.

മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാൽ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടർന്ന്, പുതുതലമുറ ബാങ്കിൽനിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടർന്ന് വിവാഹത്തിന് സ്വർണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തുകയായിരുന്നു. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിൻ പോയി.

എന്നാൽ, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കിൽനിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയിൽ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയിൽ കണ്ടത്.

മരപ്പണിക്കാരനായിരുന്ന അച്ഛൻ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചപ്പോൾ കുടുംബഭാരം മുഴുവൻ ഒറ്റയ്ക്ക് ചുമലിലേറ്റിയ ഇരുപതുകാരൻ നാട്ടുകാർക്കാകെ പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ സാമ്പത്തികപ്രതിസന്ധി മൂലം അടുത്ത ആഴ്‌ച്ച നിശ്ചയിച്ചിരുന്ന സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയാണ് വിപിനെ മരണത്തിലേയ്ക്ക് തള്ളിവിട്ടത്.

അച്ഛൻ മരിച്ച ശേഷം വിപിൻ ഒരു സൂപ്പർമാർക്കറ്റിൽ ജോലിക്ക് പോയാണ് വിപിൻ കുടുംബം നോക്കിയിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ കാര്യമാകെ പരിങ്ങലിലായിരുന്നു. കോവിഡൊക്കെ ഒന്ന് ഒതുങ്ങിതുടങ്ങിയപ്പോൾ അടുത്തുള്ള ഒരു സർവീസ് സെന്ററിൽ വിപിൻ ജോലിക്ക് പോയിതുടങ്ങിയിരുന്നു. സഹോദരിയുടെ വിവാഹശേഷം അമ്മയേയും കൊണ്ട് തിരുവനന്തപുരത്തേയ്ക്ക് മാറണമെന്നും അവിടെ ഒരു ജോലി നോക്കണമെന്നും വിപിൻ പറഞ്ഞിരുന്നതായി വാർഡ് കൗൺസിലറായ രാജൻ പള്ളൻ ഓർക്കുന്നു.

അടുത്ത ആഴ്‌ച്ചയായിരുന്നു സഹോദരിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. ഗൾഫിൽ എസി ഓപ്പറേറ്ററായ സഹോദരിയുടെ പ്രതിശ്രുതവരൻ സ്ത്രീധനമൊന്നും വേണ്ടെന്ന് അറിയിച്ചിരുന്നെങ്കിലും സഹോദരിയുടെ വിവാഹം നല്ലനിലയിൽ തന്നെ നടത്തണമെന്ന ആഗ്രഹം വിപിനുണ്ടായിരുന്നതായും അടുപ്പമുള്ളവർ പറയുന്നു. വീടും പുരയിടവും പണയംവച്ച് കിട്ടുന്ന പണം കൊണ്ട് വിവാഹം നടത്താനായിരുന്നു വിപിന്റെ ഉദ്ദേശം. ലോണിന് വേണ്ടി വസ്തുവിന്റെ കരം ശരിയാക്കി കൊടുക്കുന്നതിന് വിപിൻ തന്നെ സമീപിച്ചിരുന്നതായി വാർഡ് കൗൺസിലറും പറയുന്നു.

കരമൊക്കെ അടച്ച് വസ്തുവിന്റെ രേഖകളൊക്കെ ശരിയാക്കിയെങ്കിലും വിപിന് തിരിച്ചടിയായത് ലോണെടുക്കാൻ മിനിമം മൂന്ന് സെന്റെങ്കിലും വേണമെന്ന നിബന്ധനയാണ്. ആകെ രണ്ട് സെന്റ് ഭൂമിയും വീടും മാത്രമായിരുന്നു ഇവരുടെ പേരിലുണ്ടായിരുന്നത്. അതും കഷ്ടിച്ച് ഒരു ബൈക്കിന് മാത്രം പോകാൻ കഴിയുന്ന വഴിയിലൂടെ വേണം വീട്ടിലെത്താൻ.

സഹോദരിയുടെ വിവാഹത്തിന് വേണ്ടി പല ബാങ്കുകളും കയറിയിറങ്ങിയെങ്കിലും ആരും ലോൺ നൽകാൻ തയ്യാറായിരുന്നില്ല. പലയിടത്ത് നിന്നും അപമാനിതനായി മനസ് മടുത്ത് നിൽക്കുമ്പോഴാണ് ഒരു ന്യൂ ജനറേഷൻ ബാങ്ക് ലോൺ നൽകാമെന്ന് സമ്മതിച്ചത്. മരുഭൂമിയിൽ മരുപച്ച കണ്ടതുപോലെ വിപിൻ പ്രതീക്ഷയുടെ തുരുത്തായിരുന്നു ബാങ്ക് അധികൃതരുടെ ആ വാഗ്ദാനം. ഡിസംബർ ആറാം തീയതി പണം നൽകാമെന്നായിരുന്നു ബാങ്കിന്റെ ഉറപ്പ്. എന്നാൽ ബാങ്ക് വായ്പ നിരസ്സിച്ചതോടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയാണ് വിപിനെ മരണത്തിലേക്ക് തള്ളിവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP