Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്ത്രിമാർ രണ്ട് പൊലീസുകാരുമായി കറങ്ങുമ്പോൾ കുമ്മനവും കെ സുരേന്ദ്രനും എം ടി രമേശും ഇനി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം 11 കരിമ്പൂച്ചകളുടെ സഹായത്തോടെ കേരളം ചുറ്റും; എക്‌സ്, വൈ, ഇസഡ് സുരക്ഷയെകുറിച്ച് അറിയേണ്ടതെല്ലാം..

മന്ത്രിമാർ രണ്ട് പൊലീസുകാരുമായി കറങ്ങുമ്പോൾ കുമ്മനവും കെ സുരേന്ദ്രനും എം ടി രമേശും ഇനി രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം 11 കരിമ്പൂച്ചകളുടെ സഹായത്തോടെ കേരളം ചുറ്റും; എക്‌സ്, വൈ, ഇസഡ് സുരക്ഷയെകുറിച്ച് അറിയേണ്ടതെല്ലാം..

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരിമ്പൂച്ചകളുടെ അകമ്പടിയോടെ ചുറ്റിക്കറങ്ങുന്ന രാഷ്ട്രീയ നേതാക്കൾ കേരളത്തിന് അത്രയ്ക്ക് പരിചിതമായ കാര്യമല്ല. ഇഎംഎസും നായനാരും കരുണാകരനും അടക്കമുള്ള മുൻ മുഖ്യമന്ത്രിമാരും കരിമ്പൂച്ചകളുടെ സഹായമില്ലാതെയാണ് അവരുടെ രാഷ്ട്രീയപ്രവർത്തന കാലം കഴിഞ്ഞത്. പിൽക്കാലത്ത് സുരക്ഷ മുൻനിർത്തി ഗാർഡുകളെ സ്വീകരിച്ചവരുമുണ്ട്. എന്നാൽ, ഇന്നത്തെ രാഷ്ട്രീയത്തിൽ കരിമ്പൂച്ചകൾക്കൊപ്പം ചുറ്റിക്കറങ്ങുക എന്നത് ഒരു അഭിമാനത്തിന്റെ ഭാഗമായി മാറിയെന്ന് പറഞ്ഞാൽ അതിൽ അത്ഭുതമില്ല. തെരഞ്ഞെടുപ്പ് കാലത്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കരിമ്പൂച്ചകൾക്കൊപ്പം ചുറ്റിക്കറങ്ങിയത് ആരു മറന്നിട്ടില്ല്. ഇപ്പോൾ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കാണ് സുരക്ഷാ ഒരുക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെ ബിജെപി.യിലെ നാലു നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് നിർദ്ദേശം. കുമ്മനത്തെ കൂടാതെ മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി. രമേശ്, കെ. സുരേന്ദ്രൻ എന്നിവർക്കാണ് അധികസുരക്ഷ. തീവ്രവാദ സംഘടനകളിൽനിന്ന് ഭീഷണി ഉണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടർന്നാണ് നടപടി. കഴിഞ്ഞ സെപ്റ്റംബറിൽ ബിജെപി. ദേശീയ കൗൺസിൽ കോഴിക്കോട് നടക്കുമ്പോൾ ഈ നേതാക്കൾക്ക് ഭീഷണിയുണ്ടെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. സുരക്ഷ വർധിപ്പിക്കുന്നതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയ അധികൃതർ ഇവരുമായി ആശയവിനിമയം നടത്തി.

ജനുവരി മുതൽ സി.ആർ.പി.എഫിന്റെ സുരക്ഷ നൽകാനാണ് നിർദ്ദേശം. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥർവീതം ഇവർക്കൊപ്പമുണ്ടാകും. വീട്, ഓഫീസ് എന്നിവയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും. നിലവിൽ ബിജെപി. എംഎ‍ൽഎ. ഒ. രാജഗോപാലിന് വൈ കാറ്റഗറി സുരക്ഷയുണ്ട്. കോയമ്പത്തൂർ സ്‌ഫോടനം നടന്നതിനുപിന്നാലെയാണ് രാജഗോപാലിനു സുരക്ഷ ഏർപ്പെടുത്തിയത്.എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അടുത്തിടെ കേന്ദ്രസർക്കാർ സുരക്ഷ ഏർപ്പെടുത്തിയിരുന്നു.

രണ്ട് പൊലീസുകാർ കൂടാതെ 11 കരിമ്പൂച്ചകളുടെ അകമ്പടിയോടെയാകും ഇവർ ഇനി കേരളം ചുറ്റുക. വൈ കാറ്റഗറി സുരക്ഷയാണ് നേതാക്കൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. എപ്പോഴും ചുറ്റും രണ്ട് പേരുടെ അകമ്പടിയോടെയകും ഇനി കേരളത്തിലെ ബിജെപി നേതാക്കളുടെ ചുറ്റിക്കറക്കം. കേന്ദ്രമന്ത്രിമാർക്ക് നൽകിവരുന്ന സുരക്ഷയാണ് വൈ കാറ്റഗറി സുരക്ഷ. കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, കെ സുരേന്ദ്രൻ, എംടി രമേശ് എന്നിവർക്കും ഇനി ഈ സുരക്ഷ ലഭിക്കും.

സിആർപിഎഫിന്റെ പതിനൊന്ന് മികച്ച കേഡറ്റുകളുടെ സംഘമാണ് ഇരുപത്തിനാല് മണിക്കൂറും നാല് നേതാക്കന്മാർക്കും സുരക്ഷ ഉറപ്പ് വരുത്തുക. ഇതിൽ രണ്ട് പേർ മാറിമാറി മുഴുവൻ സമയവും നേതാക്കന്മാർക്കൊപ്പമുണ്ടാകും. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നാലുപേരുടേയും വീടും പരിസരവും നിരീക്ഷിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. പുതുവർഷത്തിൽ ആദ്യവാരം ഇവർ ചാർജെടുക്കുമെന്നാണ് സൂചനകൾ.

സുരക്ഷാ വിഭാഗങ്ങൾ നാലു വിധം

പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കാണ് പലപ്പോഴും ഇത്തരത്തിൽ സുരക്ഷ ഒരുക്കുന്നത്. എസഡ്, വൈ, എക്‌സ് കാറ്റഗറി സുരക്ഷകളാണ് പ്രധാനമായും നൽകുന്നത്. ഇതിൽ ഇസഡ് കാറ്റഗറി സുരക്ഷയാണ് ഏറ്റവും വലുത്. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിവിഐപികൾക്കാണ് ഈ സുരക്ഷ ഒരുക്കി നൽകുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഈ സുരക്ഷ ലഭിക്കും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ 36 കരിമ്പൂച്ചകളാണ് പ്രമുഖ വ്യക്തിത്വത്തിന് സംരക്ഷണം ഒരുക്കുക. ഇവർ സദാ ജാഗരൂകരായി ഒപ്പമുണ്ടാകുകയും ചെയ്യും. രണ്ടാമത്തെ വിഭാഗത്തിലാണ് എസഡ് കാറ്റഗറി വരുന്നത്. 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് രണ്ടാമതായി വരുന്ന ഈ കാറ്റഗറിയിൽ ചുറ്റുമുണ്ടാകുക. വൈ കാറ്റഗറിയിൽ 11 പേരും, എക്‌സ് കാറ്റഗറിയിൽ രണ്ട് പേരുമാണ് നേതാക്കളുടെ സുരക്ഷയ്ക്കായി ഉണ്ടാകുക.

സ്‌പെഷ്യൽ പ്രൊട്ടെക്ഷൻ ഫോഴ്‌സ്, നാഷണൽ സെക്യൂരിറ്റി ഗാർഡ്‌സ്, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്, സിആർപിഎഫ് തുടങ്ങിയ സേനാ വിഭാഗങ്ങളിൽ നിന്നുമാണ് വിവിഐപികൾക്ക് സുരക്ഷ ഒരുക്കുന്നതിനുള്ള ഭടന്മാരെ തിരഞ്ഞെടുക്കുക. ആർക്കൊക്കെയാണ് സുരക്ഷ കൊടുക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയാണ്. രഹസ്യന്വേഷണ വിഭാഗത്തിന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നത്.

എസ്‌പിജി ഗാർഡുകളാണ് പ്രധാനമായും വിവിഐപികളുടെ സുരക്ഷാ ചുമതല വഹിക്കുന്നത്. ഇവർ ഇസഡ് പ്ലസ് കാറ്റഗറിയിൽ ഉള്ളവർക്കാണ് വിപുലമായ ട്രെയിനിങ് നേടിയ ഇവർ സുരക്ഷ ഒരുക്കുക. ഇവരെ കൂടാതെ എൻഎസ്ജിയും പ്രധാനമന്ത്രിമാരുടെയും മറ്റും സെക്യൂരിറ്റി ജീവനക്കാരായി പ്രവർത്തിക്കാറുണ്ട്.

4000 സുരക്ഷാ ഗാർഡുകൾ, 330 കോടി പ്രതിവർഷ ചെലവ്

മുതിർന്ന നേതാക്കൾക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാറിന്റെ ചുമതല ആകുമ്പോൾ ചെലവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. 4000ത്തോളം വരുന്ന സുരക്ഷാ ഭടന്മാരാണ് വിഐപികൾക്ക് ചുറ്റും കറങ്ങുന്നതെന്നാണഅ അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. ഇതിനായി 330 കോടി രൂപയാണ് പ്രതിവർഷം ചിലവു വരുന്നത്. എസ്‌പിജി സുരക്ഷ ലഭിക്കുന്നത് ആറ് പേർക്ക് മാത്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, അടൽ ബിഹാരി വാജ്‌പേയി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് എസ്‌പിജി സുരക്ഷയിൽ കഴിയുന്ന ഇന്ത്യക്കാർ.

മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി, ഭാര്യ നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ

ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് പുറമേ ബിസിനസ് ടൈക്കൂണുകൾക്കും ഉന്നത സുരക്ഷ നൽകിവരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് നൽകിവരുന്നത്. അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷയും നൽകുന്നു.

നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ അടുത്തിടെയാണ് സർക്കാർ അനുമതി നൽകിയത്. മുകേഷ് അംബാനിക്ക് നൽക്കുന്ന സുരക്ഷയുടെ ഭാഗമായി വീട്ടിൽ ഇപ്പോൾ തന്നെ സിആർപിഎഫ് സുരക്ഷാകവചമുണ്ട്. വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ഇന്ത്യയിൽ എവിടെ സഞ്ചരിക്കുമ്പോഴും കേന്ദ്ര സൈനികർ നിതയ്‌ക്കൊപ്പമുണ്ടാകും.നിത അംബാനിക്ക് ഭീഷണിയുണ്ടെന്ന സുരക്ഷാഏജൻസികളുടെ നിർദേശത്തെ തുടർന്നാണ് വൈ കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്രആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. പെയ്ഡ് വ്യവസ്ഥയിലാണ് കേന്ദ്രസേന നിത അംബാനിയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. മുകേഷ് അംബാനിയുടെ ഇസഡ് കാറ്റഗറി സുരക്ഷക്കുപുറമെയാണ് നിതയ്ക്കും സുരക്ഷ ഏര്‌പ്പെടുത്താനുള്ള തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP