Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഞൊടിയിടയിൽ യൂണിറ്റ് പിരിച്ചു വിട്ടിട്ടും പ്രതിഷേധം അയയുന്നില്ല; പൊലീസുകാരനെ തല്ലി വീഴ്‌ത്തിയപ്പോൾ സംരക്ഷിച്ച പാർട്ടി നേതൃത്വം തന്നെ പ്രതിക്കൂട്ടിൽ; കുത്തേറ്റ അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടത് മാത്രം പ്രതീക്ഷ; തലസ്ഥാനത്തെ വിറപ്പിക്കുന്ന ഗുണ്ടാ സംഘമായി മാറി യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐക്കാർ; ഗുണ്ടാ നേതാക്കളെ പേടിച്ച് 187 വിദ്യാർത്ഥികൾ ടിസി വാങ്ങി പോയിട്ടും പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമവും ഒന്നും നന്നാക്കാത്ത യൂണിവേഴ്‌സിറ്റി കോളേജിനെ ശരിയാക്കാൻ ഈ കുത്തിന് കഴിയുമോ?

ഞൊടിയിടയിൽ യൂണിറ്റ് പിരിച്ചു വിട്ടിട്ടും പ്രതിഷേധം അയയുന്നില്ല; പൊലീസുകാരനെ തല്ലി വീഴ്‌ത്തിയപ്പോൾ സംരക്ഷിച്ച പാർട്ടി നേതൃത്വം തന്നെ പ്രതിക്കൂട്ടിൽ; കുത്തേറ്റ അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടത് മാത്രം പ്രതീക്ഷ; തലസ്ഥാനത്തെ വിറപ്പിക്കുന്ന ഗുണ്ടാ സംഘമായി മാറി യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐക്കാർ; ഗുണ്ടാ നേതാക്കളെ പേടിച്ച് 187 വിദ്യാർത്ഥികൾ ടിസി വാങ്ങി പോയിട്ടും പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമവും ഒന്നും നന്നാക്കാത്ത യൂണിവേഴ്‌സിറ്റി കോളേജിനെ ശരിയാക്കാൻ ഈ കുത്തിന് കഴിയുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നസീം..... എന്ന് കേട്ടാൽ യൂണിവേഴ്‌സിറ്റി കോളജിൽ ഏവരും ഒന്നു കിടുങ്ങും. ഭയഭക്തി ബഹുമാനത്തോടെ മാത്രമേ നസീമിനെ കാണാനും കഴിയൂ. കിടിലോൽകിടിലം. യൂണിവേഴ്‌സിറ്റി കോളേജിൽ എത്തുന്നത് പഠിക്കാനാണെന്നാണ് വയ്പ്. എന്നാൽ നിസാമിന് ഇവിടെയുള്ളത് സ്വന്തമായ ഗുണ്ടാ സംഘമാണ്. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ് എ.എൻ. നസീം. പൊലീസുകാരനെ നടു റോഡിൽ മർദ്ദിച്ച വീരൻ. ഈ കേസിൽ നിസാമിന് ഒന്നും സംഭവിച്ചില്ല. സർക്കാരും പാർട്ടിയും സംരക്ഷണമൊരുക്കി. ഒടുവിൽ കീഴടങ്ങൾ നാടകം. അതുകൊണ്ട് തന്നെ നിസാമിന്റെ വീര്യം കോളേജിൽ എല്ലാവർക്കും അറിയാം. ഇതാണ് ഇപ്പോൾ യൂണിയവേഴ്‌സിറ്റിയിൽ പഠിക്കാനായി ചേരുന്ന സാധാരണ വിദ്യാർത്ഥികളുടെ ഭയവും.

പാട്ടുപാടിയതിനെച്ചൊല്ലിയുള്ള സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകൻ സ്വന്തം നേതാക്കളുടെ കുത്തേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്. എസ്എഫ്‌ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവും മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായ അഖിൽ ചന്ദ്രനാണു നെഞ്ചിൽ കുത്തേറ്റത്. തുടർന്നുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ പ്രവർത്തകരുൾപ്പെടെ 40 വിദ്യാർത്ഥികൾക്കു മർദനമേറ്റു. എല്ലാം നിസാമിനെതിരെ ശബ്ദിച്ചതിന്റെ ഫലം. സംഭവത്തിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം, പ്രസിഡന്റ് ശിവരഞ്ജിത്, ഹരീഷ് എന്നിവരടക്കം 6 പേർക്കെതിരെ വധശ്രമത്തിനു കേസെടുത്തു. മുൻപ് പാളയം ജംക്ഷനിൽ പൊലീസുകാരെ തല്ലിയ കേസിലുൾപ്പെട്ടയാളാണു നസീം. വ്യാഴാഴ്ച കോളജ് കന്റീനിൽ അഖിൽ കൂട്ടുകാർക്കൊപ്പമിരുന്നു പാട്ടു പാടിയതിനെ എസ്എഫ്‌ഐ വനിതാ നേതാവ് ചോദ്യം ചെയ്തതിൽ നിന്നാണു പ്രശ്‌നങ്ങളുടെ തുടക്കം.

പാട്ടൊക്കെ വീട്ടിൽ മതിയെന്നു പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു. ഇതിനെതിരെ യൂണിറ്റ് ഭാരവാഹികൾ ഇടപെട്ടതോടെ തർക്കം മൂർച്ഛിച്ചു. നേതൃത്വം ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും പരാതി നൽകുമെന്ന നിലപാടിൽ അഖിൽ ഉറച്ചുനിന്നു. തുടർന്നുണ്ടായ സംഘർഷമാണു കത്തിക്കുത്തിൽ കലാശിച്ചത്. നസീമിന്റെ വാക്കിനെ ചോദ്യം ചെയ്തതിന്റെ ഫലം. ഇത് പ്രതിക്കൂട്ടിലാക്കിയത് എസ് എഫ് ഐയെയാണ്. എസ് എഫ് ഐയുടെ ഗുണ്ടായിസമാണ് ചർച്ചയായത്. ഇതേ തുടർന്ന് ഞൊടിയിടയിൽ യൂണിറ്റ് പിരിച്ചു വിട്ടിട്ടും പ്രതിഷേധം അയയുന്നില്ല. പൊലീസുകാരനെ തള്ളി വീഴ്‌ത്തിയപ്പോൾ സംരക്ഷിച്ച പാർട്ടി നേതൃത്വം തന്നെയാണ് ഇപ്പോഴും പ്രതിക്കൂട്ടിൽ. കുത്തേറ്റ അഖിലിന്റെ ആരോഗ്യനില മെച്ചപ്പെട്ടത് മാത്രമാണ് പ്രതീക്ഷ. യൂണിവേഴ്‌സിറ്റി കോളേജിനെ ഭയത്തിൽ നിന്ന് മാറുന്ന ക്യാമ്പസായി ഈ സംഭവം മാറ്റുമെന്ന് ആരും കരുതുന്നില്ല.

തലസ്ഥാനത്തെ വിറപ്പിക്കുന്ന ഗുണ്ടാ സംഘമായി മാറി യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐക്കാർ മാറുന്നതിന് തെളിവാണ് ഈ സംഭവം. ഗുണ്ടാ നേതാക്കളെ പേടിച്ച് 187 വിദ്യാർത്ഥികൾ ടിസി വാങ്ങി പോയിട്ടും പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമവും ഒന്നും നന്നാക്കാത്ത യൂണിവേഴ്‌സിറ്റി കോളേജിനെ നേർ വഴിക്ക് എത്തിക്കുന്നില്ല. ഗുണ്ടാ പിരിവും ഇടിമുറിയും ഉള്ള ഈ കോളേജ് സെക്രട്ടറിയേറ്റിൽ നിന്ന് അര കിലോമീറ്റർ ചുറ്റളവിലാണ്. സമരങ്ങൾക്ക് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന ക്യാമ്പസാണ് ഇത്. ഇതെല്ലാം എല്ലാവർക്കും അറിയാം. എന്നാൽ ആരും ശബ്ദിക്കില്ല. മറിച്ച് ശബ്ദുമുയർത്തുന്നവരെ നിശബ്ദരാക്കാനുള്ള രീതികൾ കോളേജിലെ കുട്ടി നേതാക്കൾക്ക് അറിയാം.

അഖിലിനെ കുത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോളജിനു മുന്നിൽ പ്രതിഷേധിച്ച വിദ്യാർത്ഥിനികളാണ് എസ് എഫ് ഐ ഇന്ന് നേരിടുന്ന പ്രതിസന്ധി. എസ് എഫ് ഐയ്‌ക്കെതിരെ ഇത്തരത്തിലൊരു ശബ്ദമുയരുമെന്ന് ആരും കരുതിയിരുന്നില്ല. എന്നിട്ടും എല്ലാം കണ്ടും കേട്ടും കൊണ്ടും വിദ്യാർത്ഥികൾക്ക് മതിയായി. അവർ കാടത്തത്തിനെതിരെ തെരുവിലെത്തി. പെൺകുട്ടികൾ ഉൾപ്പെടെ ക്ലാസ് ബഹിഷ്‌കരിച്ച് പ്രകടനത്തിനിറങ്ങിയതോടെ എസ് എഫ് ഐ നേതൃത്വം ഒറ്റപ്പെട്ടു. കോളജ് കവാടം പൂട്ടിയ നേതാക്കൾ പ്രതിഷേധത്തിനു നേതൃത്വം നൽകിയവരെ ഒത്തുതീർപ്പിനെന്ന വ്യാജേന യൂണിറ്റ് കമ്മിറ്റി ഓഫിസിലേക്കു വരുത്തി മർദിച്ചു. മുൻ യൂണിറ്റ് ഭാരവാഹികളും എതിർവശത്തു സംസ്‌കൃത കോളജിൽ നിന്നുള്ള എസ്എഫ്‌ഐക്കാരും സംഘടിച്ചെത്തി വിദ്യാർത്ഥികളെ വളഞ്ഞിട്ടു തല്ലി.

പ്രതിഷേധിച്ച സംഘത്തിലുണ്ടായിരുന്ന എസ്എഫ്‌ഐയുടെ ക്ലാസ് കൺവീനർമാർ, ഏരിയ/ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികൾ എന്നിവർക്കുൾപ്പെടെ മർദനമേറ്റു. ഇതാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐ. ഒത്തു തീർപ്പിനിടെയിലും മർദ്ദിച്ചൊതുക്കുന്ന ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനം. യൂണിറ്റ് സെക്രട്ടറി നസീമിന്റെ നേതൃത്വത്തിൽ മാരകായുധങ്ങളുമായെത്തിയ സംഘമാണ് അക്രമം നടത്തിയതെന്നു വിദ്യാർത്ഥികൾ ആരോപിച്ചു. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ എസ്എഫ്‌ഐ നേതാക്കൾ ക്യാംപസിൽ നിന്നു പുറത്താക്കി.

ഒത്താശ ചെയ്യുന്ന പ്രിൻസിപ്പലും

സംഭവം വിവാദമായതോടെ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ കോളജ് വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. എസ്എഫ്‌ഐയുടെ കോളജ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടതായി ജില്ലാ നേതൃത്വം അറിയിച്ചു.

ക്യാംപസിൽ കത്തിക്കുത്തും തുടർന്നുള്ള സംഘർഷവും ഒന്നര മണിക്കൂറോളം നീണ്ടിട്ടും ഒന്നുമറിഞ്ഞില്ലെന്നു പ്രിൻസിപ്പൽ കെ. വിശ്വംഭരൻ. ഒന്നാംവർഷ വിദ്യാർത്ഥികളുടെ പ്രവേശനത്തിന്റെ തിരക്കിലായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങൾ ക്യാംപസിൽ നിന്നു പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. എല്ലാം പ്രിൻസിപ്പലിന്റെ അറിവോടെയാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. എസ് എഫ് ഐക്കാർക്ക് കുട്ടികളെ മർദ്ദിക്കാനുള്ള സൗകര്യമാണ് ഈ പ്രിൻസിപ്പൽ ചെയ്യുന്നത്. അതുകൊണ്ടാണ് കോളേജിലെ പ്രശ്‌നങ്ങൾ കൈവിട്ടിട്ടും ഇയാൾ പുറത്തു വരാത്തതെന്ന് കുട്ടികൾ പറയുന്നു.

നൂറുകണക്കിനു വിദ്യാർത്ഥികൾ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ എംജി റോഡിൽ പ്രകടനവും കോളജിനു മുന്നിൽ ഉപരോധവും നടത്തിയതോടെ നേതൃത്വം പ്രതിരോധത്തിലായി. യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന് ജില്ലാ നേതാക്കളെത്തി ഉറപ്പു നൽകിയതോടെയാണു പ്രതിഷേധം അവസാനിച്ചത്. ഇതോടെ പ്രിൻസിപ്പലും പൊങ്ങി വന്നു.

അഖിൽ സുഖം പ്രാപിക്കുന്നു

നെഞ്ചിൽ 2 കുത്തുകളേറ്റ അഖിലിന് ആന്തരിക രക്തസ്രാവത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി. ആദ്യം ജനറൽ ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അഖിലിനെ മുൻപും എസ്എഫ്‌ഐ നേതാക്കൾ മർദിച്ചിട്ടുണ്ടെന്നു പിതാവ് ചന്ദ്രൻ ആരോപിച്ചു.

യൂണിവേഴ്‌സിറ്റി കോളജിൽ നിന്നു കഴിഞ്ഞ 5 വർഷത്തിനിടെ പഠനം പൂർത്തിയാക്കാതെ 187 വിദ്യാർത്ഥികളാണു ടിസി വാങ്ങിപ്പോയത്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികൾക്കെതിരെ ഏറെക്കാലമായി സംഘടനയ്ക്കുള്ളിൽ തന്നെ പരാതി ഉയരുന്നുണ്ടെങ്കിലും നേതൃത്വം കർശന നടപടികളെടുത്തിരുന്നില്ല. ഈയിടെ ഒരു വിദ്യാർത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തിലും എസ്എഫ്‌ഐ പ്രതിക്കൂട്ടിലായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ തിരുവനന്തപുരം പാളം യുദ്ധസ്മാരകത്തിനു സമീപം 3 പൊലീസുകാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയാണ് ഇന്നലെ അഖിലിനെ കുത്തിയ കേസിലും ഉൾപ്പെട്ട എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം. അന്നു ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തെങ്കിലും നസീമിനെ ആദ്യം അറസ്റ്റ് ചെയ്തില്ല. ആൾ ഒളിവിലാണെന്നായിരുന്നു പൊലീസ് വാദം. എന്നാൽ കേരള സർവകലാശാലയിൽ മന്ത്രിമാരായ കെ.ടി. ജലീലും എ.കെ. ബാലനും പങ്കെടുത്ത പരിപാടിയിൽ മുൻനിരയിൽ നസീം ഇരിക്കുന്ന ഫോട്ടോ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ സിപിഎം പ്രതിരോധത്തിലായി. നസീം അടുത്ത ദിവസം കന്റോൺമെന്റ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു.

നവോത്ഥാനത്തിന്റെ എസ് എഫ് ഐ ചിന്തകൾ

പാട്ടു പാടരുത്, ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു നടക്കുകയോ പരസ്പരം സംസാരിക്കുകയോ ചെയ്യരുത്, ആകർഷകമായ വസ്ത്രം ധരിക്കരുത്, തമാശ പറഞ്ഞ് ഉച്ചത്തിൽ ചിരിക്കരുത്, സമരത്തിൽ പങ്കെടുക്കാതെ പഠിക്കാൻ ശ്രമിക്കരുത്-ഇതാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐയുടെ നവോത്ഥാനം. ഇതിനെതിരെ പ്രവർത്തിച്ചതാണ് അഖിൽ ചെയത് തെറ്റ്. അങ്ങനെ തെറ്റ് ചെയ്യുന്നവർക്ക് ശിക്ഷാ വിധിയും യൂണിവേഴ്‌സിറ്റി കോളേജിൽ നടപ്പാക്കും. ഇതാണ് ഇന്നലെയും കണ്ടത്.

വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ എസ്എഫ്‌ഐ യൂണിറ്റ് നേതൃത്വം കോളജിൽ ഫാഷിസവും സദാചാര ഗുണ്ടായിസവും കളിക്കുമ്പോൾ നോക്കുകുത്തികളാണ് അദ്ധ്യാപകർ. യൂണിയൻ നേതാക്കളും ഗുണ്ടകലും ചേർന്നുള്ള 20 അംഗ സംഘത്തിനെതിരെ വിദ്യാർത്ഥികളോ അദ്ധ്യാപകരോ ചെറുവിരലനക്കിയാൽ തട്ടിക്കളയുമെന്നു വരെയാണു ഭീഷണി. വ്യക്തിഹത്യയും ശാരീരിക ആക്രമണങ്ങളും ഭയന്ന് മുതിർന്ന അദ്ധ്യാപകർ പോലും ഒന്നും കണ്ടില്ലെന്നു നടിക്കുന്നു. യൂണിവേഴ്‌സിറ്റി കോളജിൽ നിരന്തരം അക്രമം ഉണ്ടാകുകയും വിദ്യാർത്ഥികൾ പരാതിപ്പെടുകയും ചെയ്‌തെങ്കിലും സർക്കാർ അനങ്ങിയില്ല. അക്രമത്തിനു നേതൃത്വം നൽകിയെന്ന് ആരോപിക്കപ്പെടുന്ന കോളജ് യൂണിറ്റ് സെക്രട്ടറി എ.എൻ. നസീം പൊലീസ് നിയമനത്തിനുള്ള റാങ്ക് പട്ടികയിലുള്ളതിനാൽ ഇയാളെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ പൊലീസിനു മേൽ കടുത്ത രാഷ്ട്രീയ സമ്മർദമുണ്ട്.

ആൺ സുഹൃത്തുമായി 2 വിദ്യാർത്ഥിനികൾ കോളജിനുള്ളിൽ സംസാരിച്ചതിന്റെ പേരിൽ 2 വർഷം മുൻപാണ് എസ്എഫ്‌ഐ നേതാക്കൾ ആക്രമണം അഴിച്ചുവിട്ടത്. കോളജ് തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയ എഐഎസ്എഫ് ജോയിന്റ് സെക്രട്ടറിയെ ഈയിടെ മുണ്ടുരിഞ്ഞ് ഓടിച്ചുവിട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ ക്യാംപസിൽ പണപ്പിരിവു ചോദ്യം ചെയ്ത അന്ധവിദ്യാർത്ഥിക്കു നേരെയും എസ്എഫ്‌ഐ തിരിഞ്ഞു. കോളജിനു പുറത്ത് പാളയത്ത് റോഡിൽ ട്രാഫിക് സിഗ്‌നൽ തെറ്റിച്ചതു ചോദ്യം ചെയ്ത പൊലീസുകാരനെ എസ്എഫ്‌ഐ സംഘം ചേർന്നു മർദിച്ചതു 4 മാസം മുൻപാണ്. എന്നാൽ, പൊലീസുകാരനെ കള്ളക്കേസിൽ കുടുക്കാനാണു പിന്നീടു ശ്രമമുണ്ടായത്.

ഒടുവിൽ നസീമിനെതിരെ കേസ്

യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷത്തിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിൽ വധശ്രമത്തിനു കേസ്. എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീം ഉൾപ്പെടെ ആറു പേർക്കെതിരെയാണ് പൊലീസ് കേസ്. പൊലീസുകാരെ മർദിച്ച മറ്റൊരു കേസിലും പ്രതിയാണ് നസീം. സംഭവവുമായി ബന്ധപ്പെട്ട് നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അദ്വൈത്, ആരോമൽ എന്നിവരെ സസ്‌പെൻഡ് ചെയ്തതായി എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.

രണ്ട് ഡിപാർട്ട്മെന്റുകളിലെ എസ്എഫ്ഐക്കാർ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. രണ്ട് ദിവസം മുൻപ് കോളജിൽ ഇരു വിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് വെള്ളിയാഴ്ചയും പ്രശ്നമുണ്ടായതെന്നാണു വിവരം.

കലാലയങ്ങളിൽ സമാധാനം നിലനിർത്താൻ എല്ലാ വിദ്യാർത്ഥി സംഘടനകളും ശ്രമിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ സംഘർഷത്തിൽ പുതുമയില്ല. അത് സ്ഥിരം പതിവാണ്. നിയമത്തിന്റെ നൂലാമാലകൾ ഉള്ളതുകൊണ്ടാണ് പ്രതികൾ രക്ഷപെടുന്നത്. ശിക്ഷാ നടപടികളും നീളുന്നു. ഇങ്ങനെ മതിയോ എന്നു ചിന്തിക്കണമെന്നും കാനം പറഞ്ഞു.

സംഭവം എസ്എഫ്‌ഐയുടെ ഭീകരമുഖത്തെ ഒരിക്കൽ കൂടി പുറത്തു കൊണ്ടുവന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. യൂണിവേഴ്സിറ്റി കോളജിൽ ഗുണ്ടാപ്രവർത്തനമാണ് എസ്എഫ്‌ഐ നടത്തുന്നത്. മറ്റു വിദ്യാർത്ഥി സംഘടനകളെയൊന്നും പ്രവർത്തിക്കാൻ അനുവദിക്കാത്ത ഫാഷിസ്റ്റ് ശൈലി സ്വീകരിക്കുന്ന എസ്എഫ്‌ഐ ഇപ്പോൾ സ്വന്തം സംഘടനയിലുള്ള കുട്ടികളെപ്പോലും മർദിച്ചൊതുക്കുന്ന ഭീകരപ്രവർത്തനരീതിയിലേക്കു മാറി ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP