Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; താങ്കളുടെ പ്രവർത്തി അച്ചടക്ക നടപടിക്ക് പര്യാപ്തം; കുറ്റവുമില്ല കുറ്റാരോപണുമില്ലാതെ കാരണം കാണിക്കൽ നോട്ടീസെന്ന് വിനു വി ജോണും; സങ്കേതത്തെ മദ്യവിമുക്തമാക്കിയ ഏഷ്യാനെറ്റ് അവതരാകനെ പ്രസ് ക്ലബ്ബ് പുറത്താക്കും

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; താങ്കളുടെ പ്രവർത്തി അച്ചടക്ക നടപടിക്ക് പര്യാപ്തം; കുറ്റവുമില്ല കുറ്റാരോപണുമില്ലാതെ കാരണം കാണിക്കൽ നോട്ടീസെന്ന് വിനു വി ജോണും; സങ്കേതത്തെ മദ്യവിമുക്തമാക്കിയ ഏഷ്യാനെറ്റ് അവതരാകനെ പ്രസ് ക്ലബ്ബ് പുറത്താക്കും

അരുൺ ജയകുമാർ

തിരുവനന്തപുരം: ഏഷ്യാനെറ്റ് ഔട്ട് പുട്ട് എഡിറ്ററും പ്രധാന അവതാരകനുമായ വിനു വി ജോൺ കൊടും കുറ്റം ചെയ്‌തെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നിരീക്ഷണം. എന്നാൽ കുറ്റമെന്താണെന്ന് പറയുന്നതുമില്ല. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രസ് ക്ലബ്ബിനെ വിനു വി ജോൺ അപകീർത്തിപ്പെടുത്തിയെന്നാണ് പ്രസ് ക്ലബ്ബിന്റെ കണ്ടെത്തൽ. ഓഗസ്റ്റ് ഒന്നിനകം വിശദീകരണം നൽകിയില്ലെങ്കിൽ വിനു വി ജോണിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.

വിനു വി ജോണിന് ഇന്നലെയാണ് പ്രസ് ക്ലബ്ബിന്റെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. ജൂലൈ 26ന് പ്രസ് ക്ലബ്ബിന്റെ അച്ചടക്ക സമിതി ചേർന്നെന്നും താങ്കളുടെ വിഷയത്തിൽ അച്ചടക്ക നടപടിക്ക് പര്യാപ്തമായ കുറ്റം കണ്ടെത്തിയെന്നും കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരിക്കുന്നു. പ്രസ് ക്ലബ്ബിനെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തും വിധം താങ്കളുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടായതായി ജൂലൈ 10ന് ചേർന്ന ജനറൽ ബോഡിയിൽ ചർച്ചയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് അച്ചടക്ക സമിതിയുടെ തീരുമാനമെന്നും കാരണം കാണിക്കൽ നോട്ടീസിൽ വിശദീകരിക്കുന്നു. ഇക്കാര്യത്തിൽ വിനു വി ജോണിന്റെ വിശദീകരണം എന്തു തന്നെയായാലും പ്രസ് ക്ലബ്ബിൽ നിന്ന് പുറത്താക്കാൻ തന്നെയാണ് നീക്കമെന്നാണ് സൂചന.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിൽ ചേരിതിരുവുകൾ ഉണ്ടായിരുന്നു. ചിത്ര വിചിത്രം എന്ന പരിപാടിയിലെ ഏലസ് വിവാദം സംഭവങ്ങൾ ആളിക്കത്തിച്ചു. ഇതേ തുടർന്നുള്ള സമ്മർദ്ദങ്ങളാണ് പ്രസ് ക്ലബ്ബിന്റെ പെട്ടെന്നുള്ള കാരണം കാണിക്കൽ നോട്ടീസിന് കാരണമെന്നാണ് വാദം. വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിനു വി ജോണിനെ ഏഷ്യാനെറ്റിൽ നിന്ന് പുറത്താക്കാനും നീക്കമുണ്ടായിരുന്നു. എന്നാൽ വിനു വി ജോണിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ അനുകൂലിക്കുകയാണ് ഏഷ്യാനെറ്റ് ചെയ്ത്. ഇതിൽ പ്രതിഷേധിച്ചാണ് കെപി ജയ്ദീപ് ഏഷ്യാനെറ്റിൽ നിന്ന് രാജിവച്ച് ന്യൂസ് 18 കേരളയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. ഇതിനിടെയുണ്ടായ ഏലസ് വിവാദം ഏഷ്യാനെറ്റിലെ ജയ്ദീപ് വിഭാഗത്തെ ചൊടുപ്പിച്ചു. ഇതിന്റെ പ്രതിഫലനമാണ് വിനു വി ജോണിനെതിരെയുള്ള പ്രസ് ക്ലബ്ബിന്റെ ഷോകോസ് നോട്ടീസ്.

പ്രസ് ക്ലബ് ഭരണസമിതിയിൽ ഏഷ്യാനെറ്റിൽ വിനു വി ജോണിനെ എതിർക്കുന്നവർക്ക് വ്യക്തമായ മേധാവിത്വമുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകുമ്പോൾ സ്വാഭാവികമായും ആരോപണം എന്തെന്ന് ചൂണ്ടിക്കാട്ടണം. എന്നാൽ വിനു വി ജോണിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കാരണമെന്നും വ്യക്തമാക്കുന്നില്ല. പ്രത്യേകിച്ച് ഒരു വിഷയവും അതിൽ കാണിക്കുന്നുമില്ല. സോഷ്യൽ മീഡിയയിലൂടെ പ്രസ് ക്ലബ്ബിനെ എങ്ങനെ അപകീർത്തികരമായി പ്രവർത്തിച്ചുവെന്ന് അച്ചടക്ക സമിതി കണ്ടെത്തിയെന്നും പറയുന്നില്ല. സാധാരണ കാര്യകാരണങ്ങൾ വിശദീകരിച്ചാകും കാരണം കാണിക്കൽ നോട്ടീസ് നൽകുക. പ്രസ് ക്ലബ്ബിലെ സങ്കേതത്തിൽ മദ്യക്കച്ചവടം നടക്കുന്നുവെന്ന ആരോപണത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയാൽ അതിലെ സത്യം വിനു വി ജോൺ വിശദീകരിക്കും.

പ്രസ് ക്ലബ്ബിലെ തന്നെ അംഗങ്ങളായ വി എസ് ശ്യാംലാലും മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ചന്ദ്രമോഹനും സോഷ്യൽ മീഡിയയിലൂടെ സങ്കേതത്തിലെ മദ്യപാനത്തിന് സ്ഥിരീകരണം നൽകിയിട്ടുണ്ട്. മദ്യം വാങ്ങി എത്തിക്കാനും മറ്റുള്ള സംവിധാനം വിശദീകരിച്ചായിരുന്നു ചന്ദ്ര മോഹന്റെ പോസ്റ്റ്. മറ്റൊരു മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സങ്കേതത്തിലെ വെള്ളമടിയെ ന്യായീകരിച്ച് കലാകൗമുദിയിൽ ലേഖനവും എഴുതി. അതുകൊണ്ട് തന്നെ സങ്കേതത്തിൽ നിയമ വിരുദ്ധയമായി മദ്യപാനം നടക്കുന്നുവെന്ന് വ്യക്തമാണ്. പ്രസ് ക്ലബ്ബ് പൊതു സ്ഥലമല്ലെന്നും അതുകൊണ്ട് സ്വകാര്യസ്ഥലമായി കണ്ട് മദ്യപാനം നിയമവിരുദ്ധമല്ലെന്നുമാണ് ഈ മാദ്ധ്യമ പ്രവർത്തകർ വാദിച്ചിരുന്നത്. എന്നാൽ അവിടെ ബാറും അത്യാധുനിക സംവിധാനങ്ങളും ഉണ്ടെന്ന് ഏവർക്കും അറിയാവുന്നതുമാണ്. അതുകൊണ്ട് തന്നെയാണ് സങ്കേതത്തിലെ മദ്യപാനത്തെ പരാമർശിക്കാതെ വിനു വി ജോണിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതിലെ ഇരട്ടത്താപ്പ് ട്വിറ്ററിലൂടെ വിനു വി ജോൺ വിശദീകരിച്ചിട്ടുമുണ്ട്.

ഹിന്ദുവിലെ എ വിനോദും മംഗളത്തിലെ ഋഷി കെ മനോജും മാതൃഭൂമി ന്യൂസിലെ സീജി കടയ്ക്കലുമാണ് അച്ചടക്ക സമിതിയിലെ അംഗങ്ങൾ. ഇവർ കുറ്റക്കാരെന്ന് കണ്ടെത്തി നൽകിയ കാരണം കാണിക്കലിന് എന്ത് മറുപടി നൽകണമെന്ന ആശയക്കുഴപ്പം വിനു വി ജോണിനുണ്ട്. കാരണം കാണിക്കൽ നോട്ടീസിൽ എങ്ങനെ അപകീർത്തികരമായി പ്രവർത്തിച്ചുവെന്ന് വിശദീകരിക്കാത്തതാണ് ഇതിന് കാരണം. കാൽ നൂറ്റാണ്ടിലേറെയായി തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യശാല എക്‌സൈസ് അധികൃതർ ഇടപെട്ട് പൂട്ടിച്ചുവെന്ന് മറുനാടൻ മലയാളിയെ പോലെ മാദ്ധ്യമം പത്രവും റിപ്പോർട്ട് ചെയ്തിരുന്നു. എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിങ് മുൻകൈയെടുത്താണ് സങ്കേതം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാർ പൂട്ടിച്ചത്. ലൈസൻസ് ഇല്ലാതെ ക്‌ളബ്ബുകളിൽ മദ്യ വിൽപനയോ മദ്യപാനമോ അനുവദിക്കില്ലെന്ന് എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർ പ്രസ്സ് ക്ലബ് ഭാരവാഹികളെ അറിയിച്ചിരുന്നു. സർക്കാരിലേക്കും ഈ വിവരം റിപ്പോർട്ട് ചെയ്തിരുന്നുവെന്നായിരുന്നു മാദ്ധ്യമത്തിലെ വാർത്ത.

മാദ്ധ്യമം പത്രത്തിലെ പതിനഞ്ച് പേർ പ്രസ് ക്ലബ്ബിലെ അംഗങ്ങളാണ്. അതുകൊണ്ട് തന്നെ ഈ പത്രത്തിൽ ഇത്തരമൊരു വാർത്ത വരുമ്പോൾ പ്രസ് ക്ലബ്ബിൽ ബാറുണ്ടെന്നതിന് സ്ഥിരീകരണം കൂടിയാണ്. യു ഡി എഫ് സർക്കാരിന്റെ കാലത്തു ബാറുകൾ കൂട്ടത്തോടെ പൂട്ടിയപ്പോഴും സെക്രട്ടറിയേറ്റിന്റെ മൂക്കിനു താഴെ അനധികൃത ബാർ പ്രവർത്തിക്കുന്ന കാര്യം മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഇതേ വാർത്തിയിൽ പറയുന്നു. തുടർന്നു കുറച്ചു നാൾ ബാർ അടച്ചെങ്കിലും പിന്നീട് തുറന്നു പ്രവർത്തിച്ചു വരികയായിരുന്നു. പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഭൂഗർഭ അറയിൽ പ്രവർത്തിക്കുന്ന ബാർ രണ്ടു വർഷം മുൻപ് സ്റ്റാർ ഹോട്ടലുകളിലെ ബാറുകളോട് കിട പിടിക്കുന്ന രീതിയിൽ പുതുക്കി പണിതിരുന്നു. എൽ ഡി എഫ് സർക്കാർ വന്ന ശേഷം എക്‌സൈസ് കമ്മീഷണറായി ചാർജെടുത്ത ഋഷിരാജ്‌സിങ് പ്രസ്സ് ക്ലബ്ബിനു സമീപത്തെ രണ്ടു ക്‌ളബ്ബുകളിൽ പരിശോധന നടത്തിയിട്ടും പ്രസ്സ് ക്ലബ് ബാറിനെ വിട്ടു കളഞ്ഞതു വലിയ തോതിൽ വിമർശത്തിന് ഇടയാക്കിയെന്നും മാദ്ധ്യമം പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

അനധികൃതമായി എന്ത് സംഭവിച്ചാലും അത് തുറന്നുകാട്ടാൻ മാദ്ധ്യമ പ്രവർത്തകർ തയ്യാറാകണമെന്നാണ് പൊതുവേയുള്ള വയ്‌പ്പ്. പ്രസ് ക്ലബ്ബിലെ ബാറിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചർച്ചയാക്കി അത് പൂട്ടിക്കുന്നത് എങ്ങനെ ചട്ട ലംഘനമാകും. കുടിച്ച് മരിക്കുന്ന ജീവനുകളെ രക്ഷിക്കാനുള്ള ശ്രമമാണ് വിനു വി ജോൺ നടത്തിയതെന്ന് അഭിപ്രായമുള്ള മാദ്ധ്യമ പ്രവർത്തകരുമുണ്ട്. എന്നാൽ ഇവരെ ആരേയും സങ്കേതത്തിലെ വിഷയവുമായി ബന്ധപ്പെട്ട അച്ചടക്ക സമിതിയിൽ ഉൾപ്പെടുത്തിയില്ല. പകരം വിനു വി ജോൺ തെറ്റു ചെയ്തുവെന്ന് വാദിക്കുന്നവരെ തന്നെ വച്ചു. അതാണ് കാരണം കാണിക്കൽ നോട്ടീസിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന അഭിപ്രായക്കാരാണ് ബഹുഭൂരിപക്ഷം പേരും. എന്നാൽ മറ്റുള്ളവരുടെ കായികശേഷി ഭയന്ന് ആരും തുറന്ന് സംസാരിക്കുന്നില്ലെന്നാണ് മുതിർന്ന മാദ്ധ്യമ പ്രവർത്തകർ പോലും പ്രതികരിക്കുന്നത്. വിനു വി ജോണിന് പ്രസ് ക്ലബ്ബ് അംഗത്വം നഷ്ടമാകുമെന്ന് തന്നെയാണ് ഇവരുടെ വിലയിരുത്തൽ.

വിനു വി ജോൺ ട്വിറ്ററിൽ എഴുതിയതാണ് ബാർ അടച്ചു പൂട്ടലിലേക്ക് നയിച്ചത്. ഷെയിം ഓൺ യു സിങ്കം , നിങ്ങൾ വിചാരിച്ചാലും പത്രക്കാരുടെ അനധികൃത മദ്യ വിൽപന നിർത്താൻ കഴിയില്ല എന്നായിരുന്നു വിനുവിന്റെ ട്വീറ്റ്. ഇതിനെ അനുകൂലിച്ചും എതിർത്തും മാദ്ധ്യമ പ്രവർത്തകർ രംഗത്തു വന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് കേസ് വരുമെന്ന മുന്നറിയിപ്പ് അധികൃതർ നൽകിയത്. ബാർ ലൈസൻസ് ഇല്ലാതെയാണ് മദ്യപാനമെങ്കിൽ നിയമപരമായ നടപടി എടുക്കാം എന്നാണ് സർക്കാരിൽ നിന്നു നിർദ്ദേശം ലഭിച്ചത്. ബാറിന്റെ പ്രവർത്തിസമയം ഉച്ചക്ക് രണ്ടു മണിക്കൂറും രാത്രി മൂന്നു മണിക്കൂറുമായി അടുത്തയിടെ പരിമിതപ്പെടുത്തിയിരുന്നു. യാതൊരു സമയ ക്രമവും ബാധകമല്ലാതെ മുൻ കാലങ്ങളിൽ പാതിരാത്രി കഴിഞ്ഞും പ്രവർത്തിച്ചിരുന്ന സങ്കേതം തലസ്ഥാനത്തു നിരവധി പത്രപ്രവർത്തകരെ മുഴുക്കുടിയന്മാരും രോഗികളുമാക്കി മാറ്റി. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ജോലി ആയതിനാൽ ജോലി കഴിഞ്ഞു നേരെ ബാറിൽ എന്നതു ചിലർ ശീലമാക്കി. കുറഞ്ഞ ചെലവിൽ മദ്യപിക്കാം എന്നതു വരുമാനം കുറഞ്ഞ മാദ്ധ്യമ പ്രവർത്തകർ അനുഗ്രഹമായി കണ്ടു. പുതു തലമുറയിലെ ജേർണലിസ്റ്റുകൾ അവിടേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു.

എല്ലാ അനീതികളെയും ചോദ്യം ചെയ്യുന്ന മാദ്ധ്യമ സമൂഹം പച്ചയായ ഈ നിയമലംഘനം ഭരണഘടനാപരമായ അവകാശം പോലെയാണ് കണ്ടിരുന്നത്. അതിനെ ചോദ്യം ചെയ്യുന്നവരെ കൂട്ടത്തോടെ കടന്നാക്രമിച്ചു. പ്രസ്സ് ക്ലബ്ബ് ബാറിനെതിരെ മുൻപ് എക്‌സൈസ് കമ്മീഷണർക്ക് പരാതി കൊടുത്ത ചാനൽ ലേഖികയെ സമ്മർദം ചെലുത്തി പരാതി പിൻവലിപ്പിച്ചു. സർക്കാരുകൾ മാറി മാറി വന്നിട്ടും ആരും തൊടാൻ മടിക്കാതിരുന്ന സ്ഥാപനമാണ് അടച്ചു പൂട്ടാൻ നിർബന്ധിതമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP