Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എന്റെ പൊന്ന് ബാലേട്ടാ...എന്നെ ഒന്ന് നോക്കൂ.. പൊട്ടിക്കരഞ്ഞ് ഭാര്യ വിനോദിനി; ചുറ്റും നിന്ന സഖാക്കളുടെയും സഹപ്രവർത്തകരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി; അമ്മയെ ചേർത്തു പിടിച്ച് മകൻ ബിനീഷ്; വിഷമം താങ്ങാനാകാതെ വിനോദിനി തളർന്നു വീണു; സങ്കടക്കടലായി തലശേരി ടൗൺ ഹാൾ

എന്റെ പൊന്ന് ബാലേട്ടാ...എന്നെ ഒന്ന് നോക്കൂ.. പൊട്ടിക്കരഞ്ഞ് ഭാര്യ വിനോദിനി; ചുറ്റും നിന്ന സഖാക്കളുടെയും സഹപ്രവർത്തകരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി; അമ്മയെ ചേർത്തു പിടിച്ച് മകൻ ബിനീഷ്; വിഷമം താങ്ങാനാകാതെ വിനോദിനി തളർന്നു വീണു; സങ്കടക്കടലായി തലശേരി ടൗൺ ഹാൾ

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ജന്മനാട് വിട നൽകുകയാണ്. കോടിയേരിയുടെ ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചപ്പോൾ വികാര നിർഭരമായ നിമിഷത്തിനാണ് ടൗൺ ഹാൾ സാക്ഷ്യം വഹിച്ചത്. പലരും പ്രിയസഖാവിന് അന്ത്യാഭിവാദ്യം അർപ്പിച്ചു നിറഞ്ഞ കണ്ണുമായി മടങ്ങി. ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്ന പ്രിയസഖാവിന്റെ വിയോഗം കുടുംബത്തിനും സഹിക്കാൻ കഴിയാത്തതായി.

മൃതദേഹം ടൗൺ ഹാളിൽ എത്തിച്ചതിന് പിന്നാലെയാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ടൗൺ ഹാളിൽ എത്തിയത്. എന്നാൽ കോടിയേരിയെ കണ്ട മാത്രയിൽ തന്നെ സങ്കടം അടക്കിപ്പിടിക്കാനാകാതെ ഭാര്യ പൊട്ടിക്കരഞ്ഞു. എന്റെ പൊന്ന് ബാലേട്ടാ, എന്നെ ഒന്ന് നോക്കു എന്ന് ഉറക്കെ വിനോദിനി നിലവിളച്ചപ്പോൾ സഖാക്കളുടെയും സഹപ്രവർത്തകരുടെയുമെല്ലാം കണ്ണുകൾ നിറഞ്ഞൊഴുകി. ആർത്തു വിളിച്ച മുദ്രവാക്യങ്ങളുടെ ശബ്ദം പോലും ഇടറി. അടുത്തായി മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഭാര്യ കമലയും ഉണ്ടായിരുന്നു.

കമല അവരെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അമ്മയെ മകൻ ബിനീഷ് കോടിയേരി ചേർത്തു പിടിച്ചെങ്കിലും വിഷമം താങ്ങാനാകാതെ വിനോദിനി തളർന്നു വീണു. തുടർന്ന് മകനും പാർട്ടി പ്രവർത്തകരും ചേർന്ന് വിനോദിനിയെ അവിടെ നിന്നും മാറ്റുകയായിരുന്നു. കോടിയേരിയുടെ ഭൗതീകശരീരം കണ്ട് നേതാക്കളിൽ പലരും കണ്ണുതുടച്ചു. അതേസമയം പുറത്ത് ഇല്ലാ, ഇല്ലാ മരിക്കുന്നില്ല പ്രിയ സഖാവ് മരിക്കുന്നില്ലെന്ന മുദ്രാവാക്യം വിളികളായിരുന്നു എങ്ങും.

കോടിയേരി ധീരസഖാവെ ഇല്ല നിങ്ങൾ മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ, ലാൽ സലാം, ലാൽസലാം ഓരോ കണ്ഠനാളത്തിൽ നിന്നും വിപ്ളവവീര്യം മുഴങ്ങുന്ന മുദ്രാവാക്യം മുഴങ്ങിയപ്പോൾ തലശേരി നഗസഭയുടെ ടൗൺഹാളിൽ തടിച്ചുകൂടിയ ജനക്കൂട്ടം ഒന്നാകെ ഏറ്റുവിളിച്ചു. ചുവപ്പിന്റെ കരുത്തും മന്ദഹാസത്തിന്റെ സൗമ്യശോഭയുമായി തലശേരിയുടെ മണ്ണിൽ നിന്നും ഇന്ത്യൻവിപ്ളവപ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായ കോടിയേരി ബാലകൃഷ്ണന്റെ ജീവിതം ഇനിയും ജനമനസുകളിൽ ഒട്ടും ഒളിമങ്ങാതെ കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്ര നേതാക്കളുടെ മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കുമെന്ന് ഉറപ്പിച്ചുപറയാവുന്ന ആവേശകരമായ അനുഭവമാണ് തലശേരിയിൽ ഇന്ന് വൈകുന്നേരം നടന്ന വിടവാങ്ങൽ ചടങ്ങ്.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഒരുമണിയോടെ 14 ഇടങ്ങളിലെ പൊതുദർശനത്തിനു വെച്ച മൃതദേഹം 3.20നാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആംബുലൻസിൽ പൊതുദർശനത്തിന് സജ്ജമാക്കിയ തലശേരിടൗൺ ഹാളിലെത്തിയത്. ഉച്ചയ്്ക്ക് രണ്ടു മണിയോടെ തന്നെ കോടിയേരിയുടെ ചിത്രമുള്ള ബാഡ്ജും കരിങ്കൊടിമുകളിൽ കെട്ടിയ പാർട്ടി പതാകയേന്തിയ കൊടിയുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ള ആയിരക്കണക്കിനാളുകളാണ് അവിടെക്ക് എത്തിയത്.

ചെറുമൗനജാഥകളായാണ് പൊതുദർശന സ്ഥലത്തേക്ക് ആൾക്കൂട്ടമെത്തിയത്.തലശേരിയിൽ വൻജനക്കൂട്ടം ഒഴിവാക്കാനായി മട്ടന്നൂർ മുതൽ പലയിടങ്ങളിലായി പൊതുദർശനത്തിന് വെച്ചുവെങ്കിലും പൊലിസിനോ, ചുവപ്പുവളൻഡിയർമാർക്കോ ഇരമ്പിയാർക്കുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. രണ്ടരയോടെ തന്നെ ഓഡിറ്റോറിയം നിറഞ്ഞുകവിഞ്ഞിരുന്നു.

വിപ്ളവകാരിക്ക് വിടയെന്നെഴുതിയ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പി.ബി അംഗം എം. എ ബേബി, എ.വിജയരാഘവൻ,ടി.പി രാമകൃഷ്ണൻ, എസ്. രാമചന്ദ്രൻ പിള്ള, കെ. കെ ശൈലജ, എം. എ കരീം, മന്ത്രിമാരായ പി. രാജീവ് തുടങ്ങിയവർ അന്ത്യാഭിവാദ്യമർപ്പിക്കാൻ കാത്തു നിന്നിരുന്നു. തന്റെ പ്രീയ സഖാവിന് മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പചക്രമർപ്പിക്കുമ്പോൾ പ്രവർത്തകർ പ്രീയ സഖാവെ കോടിയേരി, ഇല്ല നിങ്ങൾ മരിക്കുന്നില്ല, നിങ്ങളുയർത്തിയ ചോരചെങ്കൊടി ഞങ്ങളീവാനിൽ ഉയർത്തിക്കെട്ടുമെന്ന ആവേശകരമായ മുദ്രാവാക്യം മുഴക്കി.

സി.പി. എം ജില്ലാസെക്രട്ടറി എം.വിജയരാജൻ, പി.ജയരാജൻ, കാരായി രാജൻ തുടങ്ങിയ നേതാക്കൾ ചേർന്ന് മൃതദേഹത്തിൽചെങ്കൊടി പുതപ്പിച്ചു. സി.പി. എംസംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സ്പീക്കർ എ. എൻ ഷംസീർ, ഇ.പി ജയരാജൻ, പി.കെ ശ്രീമതി, വി.പി സാനു, എം. മോഹനൻ മാസ്റ്റർ,ടി.വി രാജേഷ്, പി.ശശി എസ്. എൻഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,പ്രീതി നടേശൻ, ഗോകുലം ഗോപാലൻ, ഐ.ജി ശ്രീജിത്ത്, രാമചന്ദ്രൻ കടന്നപ്പള്ളി, സി.കെ നാണു. പി.കെ ബിജു, തുടങ്ങി ഒട്ടേറെപ്പോൾ അന്ത്യാഭിവാദ്യമർപ്പിച്ചു. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സിപിഐഎം ആഹ്വാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP