Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഹോസ്പിറ്റൽ ജോലി ഉപേക്ഷിച്ച് ഏറ്റെടുത്തത് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ നഴ്‌സിങ് ഹോം; 90 ദിവസം കൊണ്ട് നോർത്തേൺ അയർലണ്ടിലെ 400 നഴ്സിങ് ഹോമുകളെ മറികടന്ന് വിൻസി ജോഷി നേടിയത് നമ്പർ വൺ പദവി; കൊറോണയെ പരിസരത്തു പോലും എത്തിക്കാതെ വീണ്ടും മിടുക്ക് തെളിയിക്കുമ്പോൾ ചർച്ചയാകുന്നത് യുകെയിലെ മലയാളി നഴ്‌സിന്റെ വിജയത്തിലേയ്ക്കുള്ള ഒറ്റയാൾ പോരാട്ടത്തിന്റെ കഥ

ഹോസ്പിറ്റൽ ജോലി ഉപേക്ഷിച്ച് ഏറ്റെടുത്തത് അടച്ചു പൂട്ടലിന്റെ വക്കിലെത്തിയ നഴ്‌സിങ് ഹോം; 90 ദിവസം കൊണ്ട് നോർത്തേൺ അയർലണ്ടിലെ 400 നഴ്സിങ് ഹോമുകളെ മറികടന്ന് വിൻസി ജോഷി നേടിയത് നമ്പർ വൺ പദവി; കൊറോണയെ പരിസരത്തു പോലും എത്തിക്കാതെ വീണ്ടും മിടുക്ക് തെളിയിക്കുമ്പോൾ ചർച്ചയാകുന്നത് യുകെയിലെ മലയാളി നഴ്‌സിന്റെ വിജയത്തിലേയ്ക്കുള്ള ഒറ്റയാൾ പോരാട്ടത്തിന്റെ കഥ

ഷാജി ലൂക്കോസ് ബെൽഫാസ്റ്റ്‌

ബെൽഫാസ്റ്റ്‌: രണ്ട് പതിറ്റാണ്ട് മുൻപ് യുകെയിലേയ്ക്ക് മലയാളി നഴ്സുമാർ കൂട്ടത്തോടെ കുടിയേറിയപ്പോൾ ചിലരെങ്കിലും നോർത്തേൺ അയർലണ്ടിൽ എത്തപ്പെട്ടത് വേഗത്തിൽ അഡാപ്റ്റേഷൻ കണ്ടുപിടിച്ച് ആദ്യ കടമ്പ കടക്കാം എന്നു കരുതി ആയിരുന്നു. ഒന്നോ രണ്ടോ വർഷം നഴ്സിങ് ഹോമികളിൽ ജോലി ചെയ്ത് അഡാപ്റ്റേഷൻ പൂർത്തിയാക്കി നേരെ മെയിൻലാൻഡ് ഇംഗ്ലണ്ടിലേയ്ക്ക് വച്ച് പിടിക്കുക ആയിരുന്നു അന്നെല്ലാവരും. ചിലരെങ്കിലും അമേരിക്കയിലേയ്ക്കും ആസ്ട്രേലിയയിലേയ്ക്കും പോകാനുള്ള പാലമായി നോർത്തേൺ അയർലണ്ടിനെ കണ്ടു. എന്നാൽ അവർക്കിടയിൽ ചിലർ ഈ നാടിനെ സ്നേഹിച്ച് ഇവിടെ സംഘടനകൾ ഉണ്ടാക്കി ഇവിടെ തന്നെ ജീവിച്ചു. അങ്ങനെയാണ് നോർത്തേൺ അയർലന്റും യുകെ മലയാളി കുടിയേറ്റ ഭൂമിയിൽ ഇടം പിടിക്കുന്നത്.

ഒരു പരിധിവരെ ഒതുങ്ങിക്കൂടി കഴിഞ്ഞിരുന്ന ഐറിഷ് സമൂഹത്തിലേയ്ക്ക് വന്നിറങ്ങി ജോലിയും ജീവിതവും പെട്ടെന്ന് വഴങ്ങാത്ത ഐറിഷ് ഇംഗ്ലീഷും ദുർഘടകാലാവസ്ഥയുമൊക്കെയായി ജോലിയും ജീവിതവുമൊക്കെ കെട്ടിപ്പടുക്കുവാൻ ആദ്യകാല കുടിയേറ്റ മലയാളികൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 'നോർത്തേൺ അയർലണ്ട് ട്രബിൾസ്' എന്നറിയപ്പെടുന്ന കാത്തലിക് പ്രൊട്ടസ്റ്റന്റ് സംഘടനങ്ങൾ ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് എന്ന സമാധാന ഉടമ്പടി വഴി ഇരുകൂട്ടരും അംഗീകരിച്ച് സമാധാനത്തിന്റെ പാതയിലേക്ക് നടന്നു തുടങ്ങിയ കാലം കൂടിയുമായിരുന്നു അത്. പോളണ്ട് അടക്കമുള്ള യൂറോപ്യൻസ് വരുന്നതിനു മുമ്പേയുള്ള നാളുകളിൽ വിദേശികൾ പൊതുവെ കുറവായിരുന്നതുമായ ഒരു സമൂഹത്തിൽ വന്നു സെറ്റിൽ ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ലായിരുന്നു.

ഈയൊരു സാഹചര്യത്തിലാണ് വയനാട് സ്വദേശി വിൻസി ബെൽഫാസ്റ്റിൽ വന്നെത്തുന്നത്. മറ്റെല്ലാവരെയും പോലെ തന്നെ 2002ൽ യുകെയിലെത്തി ബെൽഫാസ്റ്റിലെ ക്ലൊണ്ടാര ലിമിറ്റഡ് നഴ്‌സിങ് ഹോം ഗ്രൂപ്പിൽ ചേർന്ന് ഗ്ലെന്റോഡിലുള്ള കോളിൻ വെയിൽ കോർട്ട് നഴ്‌സിങ് ഹോമിൽ ഡെപ്യൂട്ടി മാനേജരായി. 2012ൽ ബെൽഫാസ്റ്റിലെ റോയൽ ഹോസ്പിറ്റലിലേയ്ക്ക് ജോലി മാറുമ്പോൾ താൻ പഠിച്ച ക്ലിനിക്കൽ/ ഹോസ്പിറ്റൽ പരിചയം നിലനിർത്തുക എന്നത് മാത്രമായിരുന്നു വിൻസിയുടെ ലക്ഷ്യം.

വിൻസി പുതിയ ജോലിയിൽ പ്രവേശിച്ചുവെങ്കിലും തന്റെ യുകെയിലെ ആദ്യ ജോലിദാതാവായ കോളിൻ വെയിലിന്റെ മാനേജ്‌മെന്റുമായി നല്ല സുഹൃദ്ബന്ധം തുടർന്നിരുന്നു. ഇതിനിടയിൽ കോളിൻവെയിൽ ഹോമിൽ നിരവധി പ്രശ്‌നങ്ങൾ ഉടലെടുക്കുകയും ക്വാളിറ്റി ഇൻസ്പക്ഷൻ ബോർഡിന്റെ തുടർച്ചയായ പരിശോധനകളിൽ പരാജയപ്പെട്ട് ഹോം അടച്ചുപൂട്ടാനുള്ള നിർദ്ദേശം ലഭിക്കുകയും ചെയ്തു. മൂന്നു മാസത്തിനുശേഷമുള്ള അവസാന പരിശോധനയിൽ പരാജയപ്പെട്ടാൽ അടച്ചുപൂട്ടുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് ഹോമിന്റെ മാനേജ്‌മെന്റിന് ഉറപ്പായിരുന്നു.

വിൻസിക്ക് മാത്രമേ ഹോമിനെ രക്ഷിക്കുവാൻ സാധിക്കുകയുള്ളുവെന്ന് അറിയാമായിരുന്ന അവർ തുടർന്ന് വിൻസിയുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ട് സമീപിച്ചു. തന്റെ പിൻനമ്പരടക്കമുള്ളവയെ ബാധിക്കാൻ സാധ്യതയുണ്ടന്നറിഞ്ഞിട്ടും തനിക്ക് ജോലി നൽകിയ മാനേജ്‌മെന്റിനോടുള്ള ബഹുമാനവും അവർക്ക് ഒരത്യാവശ്യം ഉണ്ടായപ്പോൾ സഹായിക്കുക എന്ന ലക്ഷ്യവും മുൻനിർത്തി തൽക്കാലം ഹോസ്പിറ്റൽ ജോലി ഉപേക്ഷിച്ച് വീണ്ടും കോളിൻ വെയിലിലേയ്ക്ക് വിൻസി തിരിച്ചെത്തുകയായിരുന്നു.

ഭർത്താവ് ജോഷി പിന്തുണയുമായി കൂടെയുണ്ടായിരുന്നു. നഴ്‌സിങ് ഹോമിലെ കാര്യങ്ങൾ ശരിയായാൽ വീണ്ടും തിരിച്ചു ഹോസ്പിറ്റൽ ജോലിയിൽ പ്രവേശിക്കുവാനും ആലോചിച്ചിരുന്നുവെങ്കിലും മാനേജർ എന്ന ഒറ്റയാൾ പോരാട്ടത്തിൽ ദിവസങ്ങൾ കൊണ്ട് പുതിയ ജോലിയിൽ അലിഞ്ഞു ചേർന്നിരുന്നു. ഹോമിലെ താമസക്കാരുടെ ഫാമിലികളുടെയും ജീവനക്കാരുടെയും പ്രശ്‌നങ്ങളടക്കം നിരവധി കടമ്പകൾ ഉണ്ടായിരുന്നുവെങ്കിലും ഇൻസ്‌പെക്ഷൻ ഏജൻസി നൽകിയ 90 ദിവസത്തിനുള്ളിൽ ഡിമെൻഷ്യ സ്‌പെഷ്യലൈസ്ഡ് ഹോമിലെ പോരായ്മകൾ പരിഹരിച്ച് സാധാരണ രീതിയിൽ തിരിച്ചുകൊണ്ടുവരുവാനും വിൻസിക്ക് സാധിച്ചു.

2015ൽ മാനേജരായി കയറിയ വിൻസി നോർത്തേൺ അയർലണ്ടിലെ ഏറ്റവും മികച്ച നഴ്‌സിങ് ഹോമിനുള്ള അവാർഡ് കോളിൻ വെയിൽ കോർട്ടിന് നേടികൊടുക്കുന്നത് ഇത് തുടർച്ചയായി രണ്ടാം വർഷമാണ്. നാനൂറിൽ പരം നഴ്‌സിങ് ഹോമുകളുള്ള നോർത്തേൺ അയർലണ്ടിൽ കെയർഹോം ഡോട് യുകെ യുടെ ' ടോപ് ട്വന്റി' കാറ്റഗറിയിൽ 10 പോയിന്റോടെ 40 റെസിഡന്റ്‌സുകളുള്ള കോളിൻ വെയിൽ കോർട്ട് ഏറ്റവും മുന്നിലാണ്.

ഇൻസ്പക്ഷൻ റിപോർട്ടിന്റെയും റെസിഡന്റ്‌സിന്റെയും അവരുടെ ഫാമിലിയുടെയുമൊക്കെ അഭിപ്രായത്തിന്റെയും റിവ്യൂവിന്റെയുമൊക്കെ അടിസ്ഥാനത്തിലാണ് ഈ അവാർഡ് ലഭിക്കുന്നത്. ഒരു വ്യക്തിയോ കുടുംബമോ സാധാരണ കെയർ ഹോം അഡ്‌മിഷന് അന്വേഷിക്കുമ്പോൾ ഗുണസേവന നിലവാരങ്ങൾ അറിയുവാൻ ആശ്രയിക്കുന്ന ഏജൻസിയാണ് കേയർഹോം.കോ.യുകെ. കൂടാതെ, വിൻസിയുടെ കാര്യക്ഷമത കൊറോണക്കാലത്തും വളരെ പ്രകടമാണ്. കെയർഹോമുകളെ കൂട്ടത്തോടെ പിടികൂടുന്ന കൊറോണയെ ഹോമിന്റെ പരിസരത്തുപോലും എത്തിക്കാതെ വിൻസിയും കൂടെയുള്ള സ്റ്റാഫും ചേർന്ന് പിടിച്ചു നിർത്തിയിരിക്കുകയാണ്.

1998ൽ നഴ്‌സിങ് പാസായതിന് ശേഷം അടിച്ചുഞ്ചനഗിരി കോളേജ് ഓഫ് നഴ്‌സിങ് മാണ്ഡ്യ, പി എസ് ജി കോളേജ് ഓഫ് നഴ്‌സിങ്, കോയമ്പത്തൂർ എന്നിടവിങ്ങളിൽ ലെക്ചറർ ആയും സേവനം അനുഷ്ഠിച്ചു. തന്റെ എല്ലാ ജീവിത വിജയത്തിനും പിന്നിൽ ദൈവത്തിന്റെ അനുഗ്രഹം മാത്രമാണെന്ന് വിശ്വസിക്കുന്ന വിൻസിയുടെ ഭർത്താവ് ജോഷി പീറ്റർ ബെൽഫാസ്റ്റിൽ കാറ്ററിങ് ബിസിനസ്സ് നടത്തുന്നു. വയനാട് പുൽപ്പള്ളി കണ്ടംതുരുത്തിൽ കുടുംബാംഗമാണ്. മൂത്ത മകൾ ജോവിന ജി.സി.എസ്.ഇയും ജോവിസ്, ഡേവിസ് എന്നിവർ പ്രൈമറി സ്‌കൂളിലും പഠിക്കുന്നു. തൊടുപുഴ കൂടല്ലൂർ വേങ്ങയിൽ ഗ്രേസി വിൻസെന്റിന്റെയും പരേതനായ വിൻസെന്റിന്റെയും മകളാണ് വിൻസി വിൻസന്റ്. മാതാവ് ഗ്രേസി തൊടുപുഴ ആലക്കോട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP