Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിലക്കിന്റെ ഇടവേളയ്ക്കു ശേഷം വിനയന്റെ ചിത്രം വരുന്നു; കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കിയുള്ള 'ചാലക്കുടിക്കാരൻ ചങ്ങാതി'യുടെ സ്വിച്ച് ഓൺ കർമ്മം ഞായറാഴ്ച നടക്കും; ഒൻപതു വർഷത്തിനു ശേഷം അമ്മയിലെ താരങ്ങൾ വിനയൻ ചിത്രത്തിൽ അഭിനയിക്കും

വിലക്കിന്റെ ഇടവേളയ്ക്കു ശേഷം വിനയന്റെ ചിത്രം വരുന്നു; കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കിയുള്ള 'ചാലക്കുടിക്കാരൻ ചങ്ങാതി'യുടെ സ്വിച്ച് ഓൺ കർമ്മം ഞായറാഴ്ച നടക്കും; ഒൻപതു വർഷത്തിനു ശേഷം അമ്മയിലെ താരങ്ങൾ വിനയൻ ചിത്രത്തിൽ അഭിനയിക്കും

തിരുവനന്തപുരം: വിലക്കും മറുവിലക്കും കേസും തർക്കവും ഒക്കെയായി വർഷങ്ങൾ കടന്നു പോയി. കോടതിക്കാലമെല്ലാം മാറി, വിലക്കെല്ലാം നീക്കി സംവിധായകൻ വിനയൻ പുതിയ ചിത്രം പ്രഖ്യാപിച്ചു. ചാലക്കുടിക്കാരൻ ചങ്ങാതി-അന്തരിച്ച നടൻ കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നവംബർ 5 ഞായറാഴ്ച കൊച്ചിയിൽ നടക്കും.

വിനയന്റെ ചിത്രങ്ങളിൽ അഭിനയിക്കുന്നതിന് അമ്മയിലെ അംഗങ്ങൾക്ക് കഴിഞ്ഞ ഒൻപതു വർഷങ്ങളായി സംഘടനയുടെ അനുമതിയുണ്ടായിരുന്നില്ല. താരസംഘടനയായ അമ്മ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെ വിനയന്റെ ചിത്രങ്ങളിൽ താരങ്ങൾക്ക് അഭിനയിക്കുന്നതിന് തടസ്സമില്ല.അമ്മയുടെ ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടെ ചിത്രമുൾപ്പെടുത്തിയാണ് ക്ഷണക്കത്തു തയ്യാറാക്കിയിരിക്കുന്നത്. സിനിമാ മന്ത്രി എ കെ ബാലൻ, കെ വി തോമസ് എം പി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ബിജെ പി സംസ്ഥാന സെക്രട്ടറി എ എൻ രാധാകൃഷ്ണൻ തുടങ്ങിയവരുടെ ചിത്രങ്ങളും ചടങ്ങിന്റെ ക്ഷണക്കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കലാഭവൻ മണിയുടെ ജീവിതം പ്രമേയമാക്കിയുള്ളതാണെങ്കിലും അദ്ദേഹത്തിന്റെ ജീവചരിത്രമല്ല ചിത്രത്തിന്റെ ഉള്ളടക്കമെന്നും വിനയൻ പറയുന്നു. കഴിഞ്ഞ ഒന്നരവർഷമായി 'ചാലക്കുടിക്കാരൻ ചങ്ങാതി' എന്ന സിനിമ എടുക്കണമെന്ന് ആഗ്രഹിക്കുകയാണെന്ന് വിനയൻ പറയുന്നു. അകാലത്തിൽ വിട്ടുപിരിഞ്ഞെങ്കിലും മലയാളത്തിന്റെ അനുഗ്രഹീത കലാകാരനായ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആ മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമർപ്പിക്കുകയാണെന്നും വിനയൻ പറയുന്നു.

മലയാളസിനിമയിലെ പ്രമുഖ നടന്മാരും ടെക്‌നീഷ്യന്മാരും സഹകരിക്കുന്ന ഈ ചിത്രത്തിൽ പക്ഷേ നായക വേഷമാരാണെന്ന് ഇതുവരെ വിനയൻ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിനു വേണ്ടി പുതുമുഖങ്ങളെ തിരഞ്ഞ് നേരത്തേ അദ്ദേഹം പരസ്യം ചെയ്തിരുന്നു. മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായ ഒരു നല്ല സിനിമയ്ക്കു വേണ്ടിയാണ് തന്റെ പ്രയത്‌നമെന്നാണ് വിനയന്റെ സാക്ഷ്യം. ജോയ്മാത്യു, സലിംകുമാർ, സൈജു കുറുപ്പ്, സുനിൽ സുഖദ, ടോണി, ശ്രീജിത്ത് രവി, ധർമ്മജൻ , രമേഷ് പിഷാരടി തുടങ്ങിയവർ ചിത്രത്തിലുണ്ടെന്നറിയുന്നു.


സാങ്കേതികപ്രവർത്തകരുടേയും താരങ്ങളുടേയും സംഘടനകൾ വിനയനെ സിനിമയിൽ വിലക്കിയ നടപടി പിൻവലിച്ചതോടെയാണ് വിനയൻ മുഖ്യധാരയിലെ താരങ്ങളെ ഉൾപ്പെടുത്തി ചിത്രമെടുക്കുന്നത്. വിലക്കിന്റെ കാലത്തും ചിതമെടുത്തിരുന്നെങ്കിലും അതിൽ താരങ്ങൾ പങ്കെടുത്തിരുന്നില്ല. ഗ്രാഫിക്‌സിനു പ്രാധാന്യം നല്കി പുതുമുഖങ്ങളേയും അന്യഭാഷയിലെ നടീ നടന്മാരേയും ഉൾപ്പെടുത്തി അദ്ദേഹം ചിത്രമിറക്കി. ഒപ്പം രാഷ്ട്രീത്തിലും ഒരു കൈനോക്കി. ഹോട്ടി കോർപ്പിന്റെ ചെയർമാനായി.

വിനയന് തൊഴിൽ നിഷേധിച്ചു എന്ന പരാതിയിൽ സിനിമാസംഘടനകൾക്കും ഭാരവാഹികൾക്കും കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ പിഴവിധിച്ചിരുന്നു. വിനയൻ നൽകിയ പരാതിയേത്തുടർന്നായിരുന്നു നടപടി. അഭിനേതാക്കളുടെ സംഘടനയായ 'അമ്മ', സാങ്കേതികപ്രവർത്തകരുടെ സംഘടനയായ 'ഫെഫ്ക', ഫെഫ്കയ്ക്കു കീഴിൽ വരുന്ന ഡയറക്ടേഴ്‌സ് യൂണിയൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയൻ എന്നീ സംഘടനകൾക്കും ഭാരവാഹികൾക്കുമാണ് പിഴ വിധിച്ചത്. അന്തരിച്ച നടൻ തിലകനും തനിക്കും വിലക്കേർപ്പെടുത്തിയതായി കാണിച്ച് 2014 ലാണ് വിനയൻ പരാതി നൽകിയത്.

സിനിമാസംഘടനകൾ വിലക്ക് ഏർപ്പെടുത്തിയതുമൂലം സിനിമ സംവിധാനം ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണെന്നും ഇതു തന്റെ തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കിയെന്നും പരാതിപ്പെട്ട വിനയൻ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കോമ്പറ്റീഷൻ കമ്മിഷന് കീഴിലുള്ള ഡി.ജി. ഇൻവെസ്റ്റിഗേഷൻ വിങ് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തി. സംഘടനകൾ അഭിനേതാക്കളെയോ അണിയറ പ്രവർത്തകരേയോ വിലക്കിയാൽ അവർക്കു പരാതി പറയാനോ വിലക്കിനെ അതിജീവിക്കാനോ മാർഗങ്ങളൊന്നുമില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നടപടിയുണ്ടായത്.

അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ മമ്മൂട്ടിയാണ് വിനയന്റെ വിലക്കിനെതിരെ അമ്മയുടെ യോഗത്തിൽ സംസാരിച്ചതെന്ന് പിന്നീട് വിനയൻ തന്നെ വെളിപ്പെടുത്തിയിരുന്നു. വിനയന്റെ രാക്ഷസരാജാവ് എന്ന ചിത്രത്തിൽ മമ്മൂട്ടി നായകനായിരുന്നു. തന്നെ മാത്രമല്ല തിലകനെ വിലക്കിയതും തെറ്റായി എന്ന് മമ്മൂട്ടി പറഞ്ഞുവെന്നും വിനയൻ അന്നു പറഞ്ഞിരുന്നു. മുമ്പൊരു ദേഷ്യത്തിന്റെയോ സംഘടനാപരമായ വിദ്വേഷത്തിന്റെയോ പേരിൽ ഉണ്ടായതെല്ലാം മറക്കാനും പൊറുക്കാനും താനും തയ്യാറാണ് എന്ന നിലപാടിലാണ് വിനയൻ ഇപ്പോഴുള്ളത്.

ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ച് വിനയൻ പറയുന്നതിങ്ങനെ

ചാലക്കുടിക്കാരൻ ചങ്ങാതി' മണിയുടെ ജീവിത കഥയല്ല... മറിച്ച്, കലാഭവൻ മണി എന്ന അനുഗ്രഹീത കലാകാരന്റെ ജീവിതത്തെയും പ്രതിഭയെയും അടുത്തു നിന്നു കാണാനും കേൾക്കാനും കഴിഞ്ഞ ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ഈ കഥയുണ്ടാക്കാൻ എന്നെ ആ ജീവിതം സ്വാധീനിച്ചിട്ടുണ്ട് എന്നതു സത്യമാണ്.

സമൂഹത്തിന്റെ അടിസ്ഥാനവർഗ്ഗത്തിൽ നിന്ന് ദാരിദ്ര്യത്തിന്റെയും പ്രാരാബ്ധത്തിന്റെയും തീച്ചൂളയിൽ കുരുത്ത ഒരു മഹാപ്രതിഭ അയാളുടെ ജീവിതയാത്രയിൽ നേരിട്ട പ്രതിബന്ധങ്ങളും മാറ്റിനിർത്തലും മാർജിനലൈസ് ചെയ്യലും ഒക്കെ രസകരമായി തരണം ചെയ്ത് ജീവിതം വെട്ടിപ്പിടിച്ചു എങ്കിലും... എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്യന്തം നാടകീയമായ ഒരവസാനരംഗമാണ് ആ മഹാനായ കലാകാരൻ അഭിനയിച്ചു തീർത്തത്.
ഈ ചിത്രത്തിലെ തമാശക്കാരനായ നായകൻ നമ്മളെ ഒത്തിരി ചിരിപ്പിക്കുന്നതു പോലെ തന്നെ കണ്ണു നിറയിക്കുകയും ചെയ്യും... കറുപ്പിനോടും അതിനെ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തോടും നമ്മുടെ സമൂഹം പുലർത്തുന്ന നീതികേടും ഈ ചിത്രത്തിലൂടെ ചർച്ച ആയേക്കാം...
കുറേ നാളുകൾക്കു ശേഷം എന്റെ മനസ്സിനിഷ്ടപ്പെട്ട ഒരു കഥയും സിനിമയുമായി - വിലക്കുകളും, ഒറ്റപ്പെടുത്തലുമില്ലാതെ എന്റെ സ്വന്തം സിനിമാത്തട്ടകത്തിലേക്കു ഞാൻ വീണ്ടും വരികയാണ്. എല്ലാവരുടെയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP