Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

അമ്മക്കും ഇന്നസെന്റിനും മോഹൻലാലിനും ഒക്കെ പണി കിട്ടിയതിൽ നടന്മാരായ മധുവിന്റേയും ജയസൂര്യയുടേയും മൊഴി നിർണ്ണായകമായി; ജയസൂര്യ പിന്നീട് നിലപാട് മാറ്റിയെങ്കിലും കമ്മീഷൻ പരിഗണിച്ചത് ആദ്യ മൊഴി; സൂപ്പർതാരങ്ങളുടെ വാടക ഗുണ്ടകളായി മാറിയ സംവിധായകർ മാറിയെന്ന വാദവും നിർണ്ണായകമായി; കോമ്പറ്റീഷൻ കമ്മീഷൻ വിധിക്കെതിരായ അപ്പീൽ എൻസിഎൽഎടി തള്ളുമ്പോൾ വിജയിക്കുന്നത് പതിറ്റാണ്ട് നീണ്ട വിനയന്റെ പോരാട്ടം; മലയാള സിനിമയിലെ 'വിലക്കിന്റെ രാഷ്ട്രീയം' വീണ്ടും ചർച്ചയാകുമ്പോൾ

അമ്മക്കും ഇന്നസെന്റിനും മോഹൻലാലിനും ഒക്കെ പണി കിട്ടിയതിൽ നടന്മാരായ മധുവിന്റേയും ജയസൂര്യയുടേയും മൊഴി നിർണ്ണായകമായി; ജയസൂര്യ പിന്നീട് നിലപാട് മാറ്റിയെങ്കിലും കമ്മീഷൻ പരിഗണിച്ചത് ആദ്യ മൊഴി; സൂപ്പർതാരങ്ങളുടെ വാടക ഗുണ്ടകളായി മാറിയ സംവിധായകർ മാറിയെന്ന വാദവും നിർണ്ണായകമായി; കോമ്പറ്റീഷൻ കമ്മീഷൻ വിധിക്കെതിരായ അപ്പീൽ എൻസിഎൽഎടി തള്ളുമ്പോൾ വിജയിക്കുന്നത് പതിറ്റാണ്ട് നീണ്ട വിനയന്റെ പോരാട്ടം; മലയാള സിനിമയിലെ 'വിലക്കിന്റെ രാഷ്ട്രീയം' വീണ്ടും ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംവിധായകൻ വിനയന്റെ വിലക്കുനീക്കിയ കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സി.സിഐ.) ഉത്തരവ് ദേശീയ കമ്പനി നിയമ അപ്പീൽ അഥോറിറ്റി (എൻ.സി.എൽ.എ.ടി.) ശരിവെയ്ക്കുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് സിനിമയിലെ വിലക്കിന്റെ രാഷ്ട്രീയം. സി.സിഐ. യുടെ ഉത്തരവ് ചോദ്യംചെയ്ത് 'അമ്മ'യും ഫെഫ്കയും നൽകിയ അപ്പീൽ എൻ.സി.എൽ.എ.ടി. തള്ളുകയായിരുന്നു. ആരോഗ്യകരമായ മത്സരത്തിനുള്ള സമീപനമല്ല ഹർജിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് എൻ.സി.എൽ.എ.ടി. ചെയർപേഴ്‌സൺ ജസ്റ്റിസ് എസ്.ജെ. മുഖോപാധ്യായ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 2017-ൽ വിനയന് ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിയ സി.സിഐ., 'അമ്മ', ഫെഫ്ക ഭാരവാഹികൾക്ക് പിഴയും ചുമത്തിയിരുന്നു. ഇതാണ് വീണ്ടും അംഗീകരിക്കപ്പെടുന്നത്.

ട്രിബ്യൂണൽ വിധിയിൽ സന്തോഷമുണ്ടെന്ന് വിനയൻ പറഞ്ഞു. സത്യം എന്നും വിജയിക്കുമെന്നും പ്രതിസന്ധിയിൽ പിന്തുണച്ച എല്ലാവർക്കും നന്ദിപറയുന്നുവെന്നും അദ്ദേഹം കുറിച്ചു. നുണകൾ പ്രചരിപ്പിച്ചും കുതികാൽ വെട്ടിയും അതിലൂടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും സ്ഥാനമാനവും താത്കാലികമാണെന്നും വിനയൻ സാമൂഹികമാധ്യമത്തിൽ കുറിച്ചു. സംവിധായകൻ വിനയന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് കേസും പ്രശ്‌നവും ഉണ്ടായത്. വിനയന്റെ പരാതിയെത്തുടർന്ന് 2017 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് അമ്മയ്ക്കു 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും കമ്മിഷൻ പിഴ ചുമത്തിയത്.

വിലക്കിന്റെ കാലത്ത് അമ്മ ഭാരവാഹികളായിരുന്ന ഇന്നസന്റ്, ഇടവേള ബാബു, ഫെഫ്ക ഭാരവാഹികളായിരുന്ന ബി.ഉണ്ണിക്കൃഷ്ണൻ, സിബി മലയിൽ എന്നിവർക്കും കമ്മിഷൻ പിഴ ചുമത്തിയിരുന്നു. സംഘടനകൾ തനിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയെന്നും ചലച്ചിത്ര നടീനടന്മാരെ തന്റെ ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നു വിലക്കിയെന്നും ആയിരുന്നു വിനയന്റെ പരാതി. വിധിക്കെതിരെ സംഘടനകൾ സമർപ്പിച്ച 4 അപ്പീലുകളാണ് അപ്ലറ്റ് ട്രിബ്യൂണൽ തള്ളിയത്. മലയാള സിനിമാ രംഗത്തു നീതിക്കു വേണ്ടി 12 വർഷമായി താൻ നടത്തിയ പോരാട്ടത്തിന് വീണ്ടും അംഗീകാരവും വിജയവും ലഭിച്ചതായി വിനയൻ പ്രതികരിച്ചു.

വിനയനെതിരായ വലിക്കിൽ കോമ്പറ്റീഷൻ കമ്മീഷന്റെ വിധി താര സംഘടനായ അമ്മയ്കക് എതിരാക്കിയത് രണ്ട് നടന്മാരുടെ മൊഴികളായിരുന്നു. മധുവും ജയസൂര്യയും നൽകിയ മൊഴിയാണ് നിർണ്ണായകമായത്. വിനയന്റെ സിനിമയിൽ അഭിനയിച്ചാൽ പ്രശ്നമാകുമെന്നു നടൻ ജയസൂര്യയോടു ബി. ഉണ്ണികൃഷ്ണനും മറ്റും പറഞ്ഞതായി ജയസൂര്യ ആദ്യം മൊഴി നൽകിയിരുന്നു. പിന്നീടു വിസ്താരത്തിൽ അങ്ങനെ പറഞ്ഞതായി ഓർക്കുന്നില്ലെന്നാണു പറഞ്ഞത്. എന്നാൽ കമ്മിഷൻ ആദ്യത്തെ മൊഴി സ്വീകരിക്കുകയും ക്രോസ് വിസ്താരത്തിലെ മൊഴി തള്ളിക്കളയുകയുമാണുണ്ടായത്. നടൻ മധുവിനെയും സിനിമയിൽ അഭിനയിക്കുന്നതിൽനിന്ന് വിലക്കി. മധു വാങ്ങിയ അഡ്വാൻസ് തിരികെ നൽകേണ്ടി വന്നു. എന്നാൽ പിന്നീട് വിലക്കു മറികടന്ന് അഭിനയിച്ചു. മധുവിന്റെ മൊഴിയും കമ്മിഷൻ പരിഗണിച്ചു. ഇതാണ് വിനയന്റെ കേസിന് ബലം നൽകിയത്.

അന്ന് കോമ്പറ്റീഷൻ കമ്മീഷന്റെ വിധി വന്നതിന് ശേഷം താരസംഘടനയായ അമ്മ, സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക എന്നിവയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വിനയൻ രംഗത്ത് വന്നിരുന്നു. കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ, പ്രസിഡന്റ് സിബി മലയിൽ, അമ്മ പ്രസിഡന്റ് ഇന്നസെന്റ് എന്നിവർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന നടൻ മോഹൻലാൽ അറിയാതെ സെക്രട്ടറി ഇടവേള ബാബു തനിക്കെതിരെ പ്രവർത്തിച്ചുവെന്നു കരുതുന്നില്ലെന്നും ആരോപിച്ചു. തന്നെ ഇല്ലാതാക്കാൻപോലും ഫെഫ്ക ഭാരവാഹികളുടെ നേതൃത്വത്തിൽ ശ്രമിച്ചുവെന്നും ഇതു സംഘടനയിലുള്ളവർ തന്നെ പറഞ്ഞിട്ടുണ്ടെന്നും വിനയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അപ്പീൽ തള്ളി വിധി വരുമ്പോൾ ലാലുമായി വിനയൻ അടുത്തു കഴിഞ്ഞു.

മോഹൻലാലിനെ നായകനാക്കി സിനിമയും വിനയൻ പ്രഖ്യാപിച്ചു കഴിഞ്ഞു. കമലും സിദ്ധിഖുമാണു തന്നെ വിലക്കുന്നതിനു പിന്നിലെ തലച്ചോറായി പ്രവർത്തിച്ചതെന്നു വിനയൻ ആരോപിച്ചിരുന്നു. കമൽ, സിദ്ദിഖ് എന്നിവർ കള്ള സത്യവാങ്മൂലം നൽകി കേസിൽനിന്നു രക്ഷപ്പെട്ടിരിക്കുകയാണ്. എന്നാൽ മനഃസാക്ഷിയുടെ മുന്നിൽ അവർക്കു രക്ഷപ്പെടാനാവില്ല. തന്റെ സിനിമയിൽ അഭിനയിക്കാൻ വരുന്ന വഴിയാണു മാഫിയ ശശിയെ സംവിധായകൻ സിബി മലയിൽ കാറിൽ നിന്നിറക്കിക്കൊണ്ടു പോയത്. സൂപ്പർ താരങ്ങളുടെ വാടകഗുണ്ടകളായി പ്രവർത്തിക്കുകയാണു സംവിധായകർ. ഇവരെയൊക്കെയാണോ കലാകാരന്മാർ എന്നു വിളിക്കുന്നത്. എന്താണ് ഞാൻ ഇവരോടു ചെയ്തതെന്ന് ഒന്നു പറയാമോ. നല്ല സിനിമകൾ സംവിധാനം ചെയ്തതാണോ, പുതിയ താരങ്ങളെ സിനിമയിൽ അവതരിപ്പിച്ചതാണോ ഞാൻ ചെയ്ത തെറ്റ്?' എന്നും നേരത്തെ വിനയൻ ചോദിച്ചിരുന്നു.

ഈ വിജയം വിട പറഞ്ഞ നടൻ തിലകനു സമർപ്പിക്കുന്നതായി കോമ്പറ്റീഷൻ കമ്മീഷന്റെ വിധി വന്നപ്പോൾ വിനയൻ പറഞ്ഞിരുന്നു. സത്യത്തിന്റെ വിജയമാണിത്. ഒരു സാംസ്‌കാരിക നായകനും തനിക്കെതിരെയുണ്ടായ വിലക്കിനെതിരെ പ്രതികരിക്കാൻ രംഗത്തെത്തിയില്ല. തനിക്കുവേണ്ടി സംസാരിച്ച സുകുമാർ അഴീക്കോടിനെ അധിക്ഷേപിക്കുകയാണുണ്ടായത്. ഒപ്പമുണ്ടെന്നു ഫോണിൽ പലരും പറഞ്ഞു. പക്ഷേ എനിക്കു നഷ്ടപ്പെട്ട എട്ടരവർഷം തിരികെ നൽകാൻ ഇവർക്കാർക്കും സാധിക്കില്ലെന്നും വിനയൻ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP