Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിആർ വർക്കില്ല; സ്വന്തം നേട്ടമായിട്ടു കൂടി പടം വരാൻ പോലും താൽപര്യമില്ല; തിരുവല്ല സബ്കലക്ടർ വിനയ് ഗോയലിന്റെ കണ്ടുപിടുത്തം കോവിഡ് പ്രതിരോധത്തിലെ നാഴികക്കല്ല്; സഞ്ചരിക്കുന്ന സാമ്പിൾ ശേഖരണ വാഹനത്തിൽ ഒറ്റദിവസം 400 പേർക്ക് പനി പരിശോധന: വഴിയരികിൽ നിന്നാൽ മതി പനിയുണ്ടോയെന്ന് അറിയാം

പിആർ വർക്കില്ല; സ്വന്തം നേട്ടമായിട്ടു കൂടി പടം വരാൻ പോലും താൽപര്യമില്ല; തിരുവല്ല സബ്കലക്ടർ വിനയ് ഗോയലിന്റെ കണ്ടുപിടുത്തം കോവിഡ് പ്രതിരോധത്തിലെ നാഴികക്കല്ല്; സഞ്ചരിക്കുന്ന സാമ്പിൾ ശേഖരണ വാഹനത്തിൽ ഒറ്റദിവസം 400 പേർക്ക് പനി പരിശോധന: വഴിയരികിൽ നിന്നാൽ മതി പനിയുണ്ടോയെന്ന് അറിയാം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിലെ കോവിഡ് പ്രതിരോധ നടപടികളിലെ വാഴത്തപ്പെടാത്ത ഹീറോ ശരിക്കും തിരുവല്ല സബ്കലക്ടർ ഡോ വിനയ് ഗോയലാണ്. എംബിബിഎസ് ഡോക്ടർ ആയ വിനയും ഭാര്യയും ചേർന്ന് ആവിഷ്‌കരിച്ച പദ്ധതികളാണ് പലപ്പോഴും ജില്ലയിലെ കോവിഡ് പ്രവർത്തനങ്ങൾക്ക് തുണയായത്. സ്വന്തമായി പിആർ ഏജൻസിയും സ്തുതി പാഠകരും ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ ശ്രമങ്ങളും നേട്ടങ്ങളും ആരും അറിയാതെ പോകുന്നു.

മറ്റു പലരും കോവിഡിനെ മെരുക്കിയതിന്റെ പേരിൽ വാഴത്തപ്പെടുമ്പോൾ സ്വന്തം കണ്ടുപിടുത്തം ഉദ്ഘാടനം ചെയ്യപ്പെടുന്ന വേളയിൽപ്പോലും കാമറക്കണ്ണുകളുടെ റേഞ്ചിന് പുറത്തായിരുന്നു യഥാർഥ ഹീറോ. ജില്ലാ കലക്ടർ പിബി നൂഹ് വിശദീകരിക്കുന്ന പല നവീന പദ്ധതികളുടെയും ബുദ്ധി കേന്ദ്രം തിരുവല്ല സബ് കലക്ടറാണ്. ഇന്ത്യയിൽത്തന്നെ ആദ്യമായി ആവിഷ്‌കരിച്ച സഞ്ചരിക്കുന്ന സാംപിൾ കലക്ഷൻ വാഹനത്തിലൂടെയാണ് ഇപ്പോൾ ഇദ്ദേഹത്തെ പൊതുജനം അറിഞ്ഞ് തുടങ്ങിയത്.

വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ ഒരു ദിവസം 400 പേർക്ക് പനിയുണ്ടോയെന്നു പരിശോധിക്കാനും വേണ്ടി വന്നാൽ സ്രവങ്ങളുടെ സാംപിൾ ശേഖരിക്കാനും കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് റാപിഡ് സ്‌ക്രീനിങ്ങ് വെഹിക്കിൾ. തിരങ് എന്ന് പേരിട്ടിട്ടുള്ള ഈ വാഹനവും അതുപയോഗിച്ചുള്ള പരിശോധന എന്ന ആശയവും ഡോ വിനയ് ഗോയലും അദ്ദേഹത്തിന്റെ സുഹൃത്തും ഹരിയാനയിൽ എംബിബിഎസ് സഹപാഠിയുമായിരുന്ന ഡോ വികാസ് യാദവും ചേർന്നാണ് രൂപപ്പെടുത്തിയത്. പത്തനംതിട്ട ജില്ലാ ഭരണകൂടം ഇ ടെസ്റ്റിങ്ങ് സംവിധാനം കഴിഞ്ഞ ദിവസം സന്നദ്ധസേനാംഗങ്ങളുടെ സഹായത്തോടെ ഔദ്യോഗികമായി ഏറ്റെടുത്ത് നടപ്പാക്കി.

റാപ്പിഡ് സ്‌ക്രീനിങ് വാഹനം ഫൽഗ് ഓഫ് ചെയ്തു ആളുകൾക്ക് പനിയുണ്ടോയെന്ന് പരിശോധിക്കാൻ കഴിയുന്ന റാപ്പിഡ് സ്‌ക്രീനിങ് വാഹനത്തിന്റെ ഫൽഗ് ഓഫ് ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ.രാജു കളക്ടറേറ്റ് അങ്കണത്തിൽ കഴിഞ്ഞ ദിവസം നിർവഹിച്ചു. റാപ്പിഡ് സ്‌ക്രീനിങ് വാഹനം വീടുകളിലും ആളുകൾ കൂടുതലായി ഉള്ള സ്ഥലങ്ങളിലും എത്തും. അതിനാൽ ജനങ്ങൾക്ക് പനി നോക്കുന്നതിനും കോവിഡ് സംബന്ധമായ മറ്റ് സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഡോക്ടറെ തേടി പോകേണ്ടി വരില്ല.

ഒരു റാപ്പിഡ് സ്‌ക്രീനിങ് വാഹനം ഉപയോഗിച്ച് നാലു മണിക്കൂർ ഉള്ള രണ്ട് ഷിഫ്റ്റ് കൊണ്ട് ഒരു ദിവസം 400 പേരെ സ്‌ക്രീൻ ചെയ്യാനാവും. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ലക്ഷ്യമാക്കിയാണ് റാപ്പിഡ് സ്‌ക്രീനിങ് വാഹനം തയ്യാറാക്കിയത്പു. കൂടാതെ കുറഞ്ഞ സമയത്ത് കൂടുതൽ ആൾക്കാരെ സ്‌ക്രീൻ ചെയ്യാനും റാപ്പിഡ് സ്‌ക്രീനിങ് വാഹനത്തിലൂടെ സാധിക്കും. വാഹനത്തിന് മുൻപിലായി ഒരു ഇൻഫ്രാറെഡ് തെർമോമീറ്റർ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ നിയന്ത്രണം വാഹനത്തിനുള്ളിലായിരിക്കും. ഇതിലൂടെ ആളുകൾക്ക് പനി ഉണ്ടോ എന്ന് അറിയാൻ സാധിക്കും.

രണ്ടാം ഘട്ടമായി വാഹനത്തിന്റെ ഒരു വശത്ത് വ്യക്തിയോട് ചോദ്യങ്ങൾ ചോദിച്ച് വിവരങ്ങൾ മനസിലാക്കാൻ സംവിധാനമുണ്ട്. വാഹനത്തിൽ ഒരു ടു വേ മൈക്ക് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. വാഹനത്തിൽ നിന്ന് നാല് മീറ്റർ ദൂരെ നിന്നാലും പുറത്തു നിന്നുള്ള സംഭാഷണം വാഹത്തിനകത്ത് കേൾക്കാൻ സാധിക്കും. റാപ്പിഡ് സ്‌ക്രീനിങ് വാഹനത്തിൽ ഒരു മെഡിക്കൽ വോളണ്ടിയറും ഒരു നോൺ മെഡിക്കൽ വോളണ്ടിയറുമാണുണ്ടാവുക. തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയലിന്റെ സുഹൃത്ത് ഡോ.വികാസിന്റെ ആശയമാണ് റാപ്പിഡ് സ്‌ക്രീനിങ് വാഹനം.

സബ് കളക്ടർ വിനയ് ഗോയലിന്റെ നേതൃത്വത്തിൽ തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ജെഫി ചക്കിട്ട ജേക്കബിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമും പി.ഡബ്ല്യു.ഡി. ഇലക്ടോണിക്സ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ മാത്യു ജോണിന്റെ നേതൃത്വത്തിലുള്ള ടെക്നിക്കൽ ടീമുമാണ് സ്‌ക്രീനിങ് വാഹനത്തിനു പിന്നിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP