Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചെമ്പേരി പള്ളിയിലെ ഞായറാഴ്ച കുർബാനയിൽ മറുനാടനെതിരെ വികാരിയുടെ പ്രസംഗം; ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ പണം വാങ്ങുന്നത് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി; ന്യൂനപക്ഷ കാർഡിറക്കി പ്രതിരോധവുമായി മാനേജ്‌മെന്റ്; വിമൽ ജ്യോതി എഞ്ചിനിയറിങ് കോളേജ് വിഷയം തുടരുമ്പോൾ

ചെമ്പേരി പള്ളിയിലെ ഞായറാഴ്ച കുർബാനയിൽ മറുനാടനെതിരെ വികാരിയുടെ പ്രസംഗം; ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ പണം വാങ്ങുന്നത് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി; ന്യൂനപക്ഷ കാർഡിറക്കി പ്രതിരോധവുമായി മാനേജ്‌മെന്റ്; വിമൽ ജ്യോതി എഞ്ചിനിയറിങ് കോളേജ് വിഷയം തുടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രവണതകൾ ക്രിസ്ത്യൻ മാനേജ്മെന്റിനെ സ്വാധീനിച്ചതായും അതുവഴി അവർ സ്വാശ്രയ കച്ചവടത്തിന്റെ ഭാഗമായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ അതിനേയും പ്രതിരോധിക്കാൻ സഭ കരുതലോടെ രംഗത്ത് എത്തും. അതിനിടെ ചെമ്പേരി വിമൽജ്യോതി എഞ്ചിനിയറിങ് കോളേജിലെ പ്രശ്‌നങ്ങൾ പുറംലോകത്ത് എത്തിച്ചതിന് മറുനാടനെതിരേയും വിമർശനവുമായി ക്രൈസ്തവ മാനേജ്മന്റ് സഭയും രംഗത്ത് വന്നു. ചെമ്പേരി പള്ളിയിൽ ഞായറാഴ്ച കുർബാനയിൽ മറുനാടനെ പേരെടുത്ത്പറഞ്ഞ് വികാരി വിമർശിച്ചു.

സ്വാശ്രയ വിദ്യാഭ്യാസം വിദ്യാഭ്യാസമേഖലയെ മോശമാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്ത്യൻ മാനേജ്മെന്റിനു കീഴിലുള്ള അപൂർവം ചില കോളജുകൾ മാത്രമാണ് വിദ്യാഭ്യാസ കച്ചവടത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കുന്നത്. സ്വാശ്രയ മാനേജുമെന്റുകളിൽ നടക്കുന്നത് അഴിമതിയാണ്. സ്വാശ്രയ സ്ഥാപനങ്ങൾ ആരംഭിച്ചതോടെ വിദ്യാഭ്യാസം ലാഭമുണ്ടാക്കാൻ കഴിയുന്ന ഒന്നാണെന്ന ചിന്ത ഉയർന്നിട്ടുണ്ട്. അതിന്റെ ഫലമായി ലാഭക്കണ്ണോടെ പലരും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നു. ലാഭം കൊയ്യാനായി വിവിധ കച്ചവടം നടത്തുന്നവരും അബ്കാരികൾ അടക്കമുള്ളവരും ഇതിന്റെ ഭാഗമാവാൻ തുടങ്ങിയിട്ടുണ്ട്. അദ്ധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളിൽ അടുത്ത കാലത്തായി ആശ്വാസ്യമല്ലാത്ത പ്രവണതയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് സഭയെ ചൊടിപ്പിച്ചിട്ടുണ്ട്, സഭയുടെ പരിപാടിക്ക് വിളിച്ചു വന്നിട്ട് സഭയെ കുറ്റപ്പെടുത്തുന്നതും പ്രകോപനത്തിന് കാരണമാണ്. ക്രൈസ്തവ സഭയിലെ വിദ്യാഭ്യാസ കൊള്ള വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ദേവഗിരി സെന്റ് ജോസഫ് കോളജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യവേയാണ് പിണറായി വിവാദ പരമാർശം നടത്തിയത്. ഇത് മറ്റ് സമുദായങ്ങളെ മാത്രം കൈയിലെടുക്കാനാണ്. വിമൽജ്യോതി കോളേജിനെതിരെ എസ് എഫ് ഐയും മറ്റ് വിദ്യാർത്ഥി സംഘടനകളും സമരത്തിലാണ്. ഇതിനെ ലീഗിന്റെ കുതതന്ത്രമായി സഭ വിശദീകരിച്ച് രംഗത്ത് വന്നിരുന്നു. അതിന് തൊട്ടുപിറകെയാണ് മുഖ്യമന്ത്രിയും കുറ്റപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ വേണ്ടത്ര കരുതലോടെ പ്രതികരിക്കാനാണ് സഭയുടെ തീരുമാനം. വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയ സംഭാവനകൾ നൽകിയ എയ്ഡഡ് മാനേജ്മെന്റുകളെ വിശ്വാസത്തിലെടുക്കാനും പരിഗണിക്കാനും സർക്കാരുകൾ തയാറാകണമെന്ന് ഇന്റർ ചർച്ച് കൗൺസിൽ പ്രസിഡന്റും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമാണ്.

കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (കെ.ഇ.ആർ) ഏകപക്ഷീയമായി ഭേദഗതി ചെയ്ത നടപടി അംഗീകരിക്കാനാവില്ല. 2014-15 ൽ അനുവദിച്ച ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും ബാച്ചുകളിലെയും അദ്ധ്യാപക, അനധ്യാപക നിയമനങ്ങൾ ഉടൻ അംഗീകരിച്ച് അദ്ധ്യാപകർക്ക് വേതനം ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. എയ്ഡഡ്, സ്വാശ്രയ കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കില്ലെന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണം. സ്വയംഭരണ കോളജുകളുടെ പ്രവർത്തനസ്വാതന്ത്ര്യം തടസപ്പെടുത്തുന്ന നടപടികളിൽ നിന്നു സർവകലാശാലകൾ പിന്മാറണം. 2012-13 ൽ എയ്ഡഡ് കോളജുകളിൽ അനുവദിച്ച കോഴ്സുകൾക്ക് അദ്ധ്യാപകരെ നിയമിക്കാനുള്ള നടപടികൾ വേഗത്തിലാക്കണം. കേരളത്തിലെ മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ പ്രവേശന പരീക്ഷയായ സി മാറ്റ് യോഗ്യതാ പരീക്ഷയായി പുനഃസ്ഥാപിക്കണമെന്നും ഇന്റർ ചർച്ച് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സുതാര്യമായി പ്രവർത്തിക്കുന്ന ക്രൈസ്തവ മാനേജ്മെന്റുകൾക്കെതിരേ മുഖ്യമന്ത്രിയും സർക്കാരും നിലപാടു സ്വീകരിക്കില്ലെന്നാണു പ്രതീക്ഷയെന്നു ചോദ്യത്തിനു മറുപടിയായി കർദിനാൾ മാർ ആലഞ്ചേരി പറഞ്ഞു. ഒറ്റപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ സ്വാശ്രയമേഖലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളെയും അടച്ചാക്ഷേപിക്കുന്ന ശൈലി ഉചിതമല്ലെന്നും കർദിനാൾ വ്യക്തമാക്കി.

ചെമ്പേരി വിമൽജ്യോതി എൻജിനിയറിങ് കോളജിൽ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നടന്ന ഗുണ്ടാവിളയാട്ടം ന്യൂനപക്ഷ സ്ഥാപനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമെന്ന് തലശേരി അതിരൂപത വിശദീകരിച്ചിട്ടുണ്ട്. എൻജിനിയറിങ് കോളജിനെതിരേ സമൂഹമാദ്ധ്യമങ്ങളിലൂടെ നിക്ഷിപ്ത താത്പര്യക്കാർ പ്രചരിപ്പിച്ച അപവാദപ്രചാരണങ്ങളുടെ സത്യാവസ്ഥപോലും പരിശോധിക്കാൻ ശ്രമിക്കാതെ നശീകരണലക്ഷ്യത്തോടെ കോളജ് കാന്പസിൽ ഡിവൈഎഫ്‌ഐ നടത്തിയ തെമ്മാടിത്തം ജനാധിപത്യമര്യാദകൾ മുഴുവൻ കാറ്റിൽ പറത്തുന്നതായിരുന്നു. മാദ്ധ്യമങ്ങളിലുയരുന്ന അപവാദപ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ കോളജ് മാനേജ്‌മെന്റും സിപിഐ(എം) ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും, എസ്എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുമായി തുറന്ന ചർച്ചനടത്തിയിരുന്നു. ചർച്ചയിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ മാനേജ്‌മെന്റ് അംഗീകരിക്കുകയും ഇതേക്കുറിച്ച് സംയുക്തപ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് എല്ലാവരും പൂർണസഹകരണം വാഗ്ദാനംചെയ്ത് പിരിഞ്ഞതുമാണ്. എന്നാൽ, രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യമാക്കി ഡിവൈഎഫ്‌ഐ പിറ്റേന്ന് മാർച്ച് നടത്തുകയും യാതൊരുവിധ പ്രകോപനവുമില്ലാതെ സ്ഥാപനം തല്ലിത്തകർക്കുകയുമായിരുന്നു.-രൂപത വിശദീകരിക്കുന്നു.

കഴിഞ്ഞ ഇടതുഭരണകാലത്തെ സ്വാശ്രയ സമരത്തിന് സമാനമായ സാഹചര്യത്തിലേക്ക് ന്യൂനപക്ഷങ്ങളെ കൊണ്ടുചെന്നെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സംഘടിതമായ ഈ ആക്രമണമെന്നും സംശയമുയരുന്നുണ്ട്. വിദ്യാർത്ഥികളുടെ സംരക്ഷണത്തിന്റെ പേരിൽ സമരം നടത്തിയവർ വിദ്യാർത്ഥികളെയും സ്റ്റാഫ് അംഗങ്ങളെയും കൈയേറ്റം ചെയ്തത് വിരോധാഭാസമാണ്. ഡിവൈഎഫ്‌ഐ ഇറക്കുമതി ചെയ്ത ഗുണ്ടകളുടെ ആക്രമണത്തിനിരയായവർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർത്ത് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ഈ നീക്കം അങ്ങേയറ്റം ലജ്ജാകരമാണ്. ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരേ മുഖ്യമന്ത്രി ഉയർത്തിയ അടിസ്ഥാനരഹിതമായ ആരോപണമാണ് ഇപ്രകാരമൊരു ആക്രമണത്തിന് ഡിവൈഎഫ്‌ഐക്ക് ഊർജം പകർന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.-അതിരൂപത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

കോളജിൽ ഇന്നലെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ച് അവസാനിച്ച ശേഷം യാതൊരു പ്രകോപന സാഹചര്യവും ഇല്ലാതിരിക്കെ ഒരു സംഘം കോളജ് ഓഡിറ്റോറിയത്തിൽ കടന്നു നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നെന്ന് മാനേജ്‌മെന്റും അറിയിച്ചു. കഴിഞ്ഞദിവസം വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിവിധ സാമുദായിക - രാഷ്ട്രീയ സംഘടനാ നേതാക്കൾ എന്നിവരുമായി മാനേജ്‌മെന്റ് നടത്തിയ ചർച്ചയിൽ പ്രശ്‌നപരിഹാരത്തിനുള്ള തീരുമാനങ്ങൾ ഇരുവിഭാഗവും അംഗീകരിച്ചിരുന്നു. അതിനുശേഷം ഇന്നലെ പ്രതിഷേധമാർച്ച് നടത്തിയതു കോളജിനു നാശനഷ്ടം ഉണ്ടാക്കാനുള്ള അവസരം സൃഷ്ടിക്കാൻ വേണ്ടിയായിരുന്നെന്നു വ്യക്തമാണെന്നു കോളജ് അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ചു കോളജ് മാനേജ്‌മെന്റ് പ്രതിനിധികളുടെ നേതൃത്വത്തിൽ കോളജിലെ നാനൂറോളം വരുന്ന ജീവനക്കാർ ചളിമ്പറമ്പ് ജംഗ്ഷനിലേക്കു കറുത്ത തുണി കൊണ്ട് വായമൂടി കെട്ടി പ്രതിഷേധ മൗനജാഥ നടത്തി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP