Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വില്ലേജ് ഓഫീസർ ഞരമ്പ് മുറിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ; സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയത് കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി; ഒല്ലൂർ സിഐയെ നേരിൽ വിളിച്ചും വിവരങ്ങൾ അന്വേഷിച്ചു

വില്ലേജ് ഓഫീസർ ഞരമ്പ് മുറിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ; സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോർട്ട് തേടിയത് കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി; ഒല്ലൂർ സിഐയെ നേരിൽ വിളിച്ചും വിവരങ്ങൾ അന്വേഷിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പുത്തൂർ വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ച സംഭവത്തിൽ വനിത കമ്മിഷൻ റിപ്പോർട്ട് തേടി. സിറ്റി പൊലീസ് കമ്മീഷണറോട് കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജിയാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചത്. ലൈഫ് മിഷൻ അപേക്ഷകൾ കെട്ടിക്കിടക്കുന്നുവെന്ന പരാതിയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഘെരാവോ ചെയ്തതിനെ തുടർന്ന് സി.എൻ.സിമി കൈ ഞരമ്പ് മുറിക്കുകയായിരുന്നു. വിഷയം സംബന്ധിച്ച് ഒല്ലൂർ സിഐയോട് കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി നേരിൽ വിളിച്ചു വിവരങ്ങൾ തിരക്കിയിരുന്നു.

വില്ലേജ് ഓഫീസർ കൈഞരമ്പ് മുറിച്ച സംഭവത്തിൽ കൃത്യ നിർവഹണം തടസപ്പെടുത്തിയത്തിനും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ എട്ട് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് പുത്തൂർ വില്ലേജ് ഓഫീസർ സിനി ഓഫീസിൽ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ലൈഫ് മിഷൻ പദ്ധതിക്ക് അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ വരുമാന സർട്ടിഫിക്കേറ്റ് പുത്തൂർ വില്ലേജ് ഓഫീസിൽ നിന്ന് കിട്ടുന്നില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്ത്വത്തിൽ പ്രതിഷേധം നടക്കുന്നതിനിടെയായിരുന്നു സംഭവം.

നാട്ടുകാരും പൊലീസും ചേർന്നാണ് സിനിയെ ആശുപത്രിയിലെത്തിച്ചത്. തങ്ങളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങാത്തവരെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ യാതൊരുപ്രകോപനവും ഇല്ലാതെയാണ് സിനി ഞരമ്പ് മുറിച്ചത് എന്നാണ് പാർട്ടി നിലപാട്. സംഭവത്തിൽ വില്ലേജ് ഓഫീസറുടേയും പഞ്ചായത്ത് പ്രസിഡന്റിന്റെയും പരാതികളിൽ അന്വേഷണം തുടരുകയാണെന്ന് ഒല്ലൂർ പൊലീസ് അറിയിച്ചു.

ലൈഫ് മിഷൻ പദ്ധതിയിലെ അപേക്ഷകർക്ക് ആവശ്യമായ രേഖകൾ നൽകുന്നില്ലെന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡൻറും കൂട്ടരും ഓഫീസറെ ഘെരാവോ ചെയ്യുന്നതിനിടെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈഫ് മിഷൻ പദ്ധതിയിലേക്ക് ആവശ്യമായ രേഖകൾ യഥാസമയം വില്ലേജ് ഓഫീസർ നൽകുന്നില്ലെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടന്നത്.

നിരവധി ആളുകൾ സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസറെ സമീപിച്ചിട്ടും നൽകാത്ത സാഹചര്യത്തിലായിരുന്നു കുത്തിയിരുപ്പ് സമരം നടത്താനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെ തീരുമാനം. സമരം നടക്കുന്നതിനിടെ വില്ലേജ് ഓഫീസർ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. വില്ലേജ് ഓഫീസറുടെ പരിക്ക് സാരമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. നിരന്തരം പരാതികൾ ലഭിച്ചപ്പോൾ ഇക്കാര്യത്തെ കുറിച്ച് അന്വേഷിക്കാൻ ചെന്ന ജനപ്രതിനിധകളെ ഓഫീസർ അപമാനിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് കുറ്റപ്പെടുത്തി. പഞ്ചയാത്ത് അംഗത്തെ ചവുട്ടിയതായും ആരോപണമുണ്ട്. ഇതിനെതിരെ പൊലിസീൽ പരാതി നൽകി. ഒല്ലൂർ പൊലീസ് വില്ലേജ് ഓഫീസറുടെ മൊഴിയെടുത്തിരുന്നു.

അതിനിടെ, പുത്തൂർ വില്ലേജ് ഓഫീസർ കൈത്തണ്ട മുറിച്ച സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കം എട്ടാളുകളുടെ പേരിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം ഒല്ലൂർ പൊലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡൻറ് മിനി ഉണ്ണിക്കൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ജി. ഷാജി, അംഗം കെ.എൻ. ശിവൻ എന്നിവരുൾപ്പെടെയുള്ളവരുടെ പേരിലാണ് കേസ്. ആത്മഹത്യാപ്രേരണക്കുറ്റം, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സംഘംചേരൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP