Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജപ്പന്റെ പണം തട്ടിയെടുത്തിട്ടില്ല; ആരോപണത്തിൽ വിശദീകരണവുമായി സഹോദരി വിലാസിനി രംഗത്ത്; പണമെടുത്തത് സ്ഥലം വാങ്ങാൻ; അത് അന്ന് തന്നെ രാജപ്പന് നൽകുകയും ചെയ്തു; നിലവിലെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും സഹോദരി

രാജപ്പന്റെ പണം തട്ടിയെടുത്തിട്ടില്ല;  ആരോപണത്തിൽ വിശദീകരണവുമായി സഹോദരി വിലാസിനി രംഗത്ത്; പണമെടുത്തത് സ്ഥലം വാങ്ങാൻ; അത് അന്ന് തന്നെ രാജപ്പന് നൽകുകയും ചെയ്തു; നിലവിലെ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും സഹോദരി

ആർ പീയൂഷ്

കോട്ടയം: മൻകീ ബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ച കോട്ടയം അർപ്പൂക്കര സ്വദേശി എൻ.എസ് രാജപ്പന്റെ പണം തട്ടിയെടുത്തു എന്ന ആരോപണം വ്യാജമാണെന്നും സ്ഥലം വാങ്ങാനായാണ് പണമെടുത്തതെന്നുമുള്ള വിശദീകരണവുമായി സഹോദരി വിലാസിന് രംഗത്ത്. പണം എടുത്ത് രാജപ്പന് തന്നെ നൽകിയെന്നാണ് വിലാസിനി പറയുന്നത്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്നും വിലാസിനി പറഞ്ഞു.

ബിജെപി പ്രവർത്തകനായ സഹോദരന്റെ മകൻ സതീഷാണ് ഇത്തരത്തിലുള്ള ഒരു ആരോപണത്തിന് പിന്നിലെന്ന് വിലാസിനിയുടെ മകൻ ജയലാൽ ആരോപിച്ചു. സിപിഎമ്മിന്റെ ആർപ്പൂക്കര ബ്രാഞ്ച് കമ്മറ്റി അംഗമാണ് ജയലാൽ. തനിക്കെതിരേ ബിജെപി നടത്തുന്ന ഗൂഢാലോചനയാണ് ഇത്തരത്തിലൊരു പരാതിക്ക് പിന്നിലെന്നാണ് ആരോപണം. പലരും നൽകിയ പണം രാജപ്പന്റെ കൈയിലുണ്ടെന്നും അനിയന്റെ മകനായ സതീഷാണ് ഈ പണമെല്ലാം വാങ്ങിച്ചെടുക്കുന്നതെന്നും അവർ പറഞ്ഞു. സതീഷാണ് പരാതിക്ക് പിന്നിലെന്നും അവർ ആരോപിച്ചു. താനും മകനും ചേർന്നാണ് പണം ബാങ്കിൽ നിന്ന് എടുത്തത്. അത് അന്ന് തന്നെ രാജപ്പനെ ഏൽപ്പിച്ചുവെന്നും പണം എന്ത് ചെയ്‌തെന്ന് അറിയില്ലെന്നും അവർ പറഞ്ഞു.

തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു സഹോദരി 5.08 ലക്ഷം രൂപ പിൻവലിച്ചതായി കാട്ടി കഴിഞ്ഞ ദിവസമാണ് രാജപ്പൻ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും രാജപ്പന് പാരിതോഷികമായി ലഭിച്ച പണമാണിത്. സഹോദരി ചെത്തുവേലി സ്വദേശി വിലാസിനി, ഭർത്താവ്, മകൻ എന്നിവർക്കെതിരെയാണ് പരാതി. തന്റെ അറിവില്ലാതെ അക്കൗണ്ടിൽനിന്ന് 5,08,000 രൂപ പിൻവലിക്കുകയും തന്റെ രണ്ടു വള്ളങ്ങൾ കൈക്കലാക്കുകയും ചെയ്തതതായി രാജപ്പൻ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി 5.08 ലക്ഷം രൂപ എടുത്തത്. ബുധനാഴ്ച ബാങ്കിൽ നിന്നു സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് പണം പിൻവലിച്ചതായി അറിഞ്ഞതെന്ന് രാജപ്പൻ പരാതിയിൽ പറഞ്ഞു.

പ്രധാനമന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ കഴിഞ്ഞ ജനുവരി 31നാണ് രാജപ്പന്റെ പ്രകൃതി സ്‌നേഹത്തെ പ്രശംസിച്ചത്. 73ാമത് മൻ കി ബാത്തിലാണ് വേമ്പനാട് കായലിന്റെ സംരക്ഷകൻ രാജപ്പനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. കായലിൽ വലിച്ചെറിയുന്ന കുപ്പി പെറുക്കി ജീവിക്കുന്ന ആളാണ് കോട്ടയം കുമരകം സ്വദേശിയായ രാജപ്പൻ. പക്ഷാഘാതം ബാധിച്ച് ജന്മനാ രണ്ട് കാലുകൾക്കും സ്വാധീനമില്ല. അവശനാണെങ്കിലും മീനച്ചിലാറിലും വേമ്പനാട്ട് കായലിലും വലിച്ചെറിയുന്ന കുപ്പിയും മറ്റും പെറുക്കി വിറ്റാണ് രാജപ്പൻ ജീവിതമാർഗം കണ്ടെത്തുന്നത്. മഹാത്തായ ജോലിയാണ് അദ്ദേഹം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതോടെയാണ് രാജപ്പൻ ചേട്ടൻ ലോക പ്രശസ്തനാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP