Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കാനായില്ലെങ്കിലും വിക്രം ലാൻഡർ പൂർണ്ണമായി തകർന്നിട്ടില്ല; ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ലാൻഡർ ചരിഞ്ഞു വീണ നിലയിൽ; മറ്റ് ആന്തരിക സംവിധാനങ്ങൾക്ക് കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല; 14 ദിവസം മാത്രം ആയുസ്സുള്ള ലാൻഡറും റോവറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്ന് ഐഎസ്ആർഒ; ഇടിച്ചിറക്കം ദൗത്യത്തിന് വില്ലനായെന്നും ചെയർമാൻ

സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കാനായില്ലെങ്കിലും വിക്രം ലാൻഡർ പൂർണ്ണമായി തകർന്നിട്ടില്ല; ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ലാൻഡർ ചരിഞ്ഞു വീണ നിലയിൽ; മറ്റ് ആന്തരിക സംവിധാനങ്ങൾക്ക് കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല; 14 ദിവസം മാത്രം ആയുസ്സുള്ള ലാൻഡറും റോവറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുവെന്ന് ഐഎസ്ആർഒ; ഇടിച്ചിറക്കം ദൗത്യത്തിന് വില്ലനായെന്നും ചെയർമാൻ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു; വിക്രം ലാൻഡർ പൂർണ്ണമായും തകർന്നിട്ടില്ലെന്ന് സ്ഥരീകരണം. സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കാനായില്ലെങ്കിലും വിക്രം ലാൻഡർ പൂർണ്ണമായി തകർന്നിട്ടില്ലന്നാണ് ഇതോടെ വ്യക്തമായത്. ഇസ്രൊയിലെ ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് പിടിഐയാണ് ഈ വാർത്ത പുറത്ത് വിട്ടത്. വിക്രം ഇപ്പോൾ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ചന്ദ്രോപരിതലത്തിൽ ചെരിഞ്ഞ് കിടക്കുകയാണെന്നാണ് ശാസ്ത്രജ്ഞൻ പിടിഐയോട് പറഞ്ഞത്.

ചന്ദ്രോപരിതലത്തിൽ ചന്ദ്രനിൽ നിന്ന് 2.1 കിലോമീറ്റർ അകലെവച്ചാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ഒർബിറ്ററിലെ കാമറ എടുത്ത ചിത്രങ്ങളിൽ നിന്നാണ് ഇടിച്ചിറങ്ങിയതാണെന്ന് മനസ്സിലാക്കാനായത്.ലാൻഡർ അതേപോലെ തന്നെയാണുള്ളത്. അത് തകർന്നിട്ടില്ല. ഏത് വിധേനയെങ്കിലും ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് ലാൻഡറിന്റെയും അതിനുള്ളിലുള്ള റോവറിന്റെയും ആയുസ്സ് 14 ദിവസമാണ് .

ചന്ദ്രയാൻ രണ്ട് ഓർബിറ്ററിലെ ക്യാമറകൾ വഴി വിക്രംലാൻഡറിന്റെ ചിത്രങ്ങൾ ഇസ്‌റൊയ്ക്ക് കിട്ടിയതായി ഡോ ശിവൻ ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഹാർഡ് ലാൻഡിങ് നടന്നത് മൂലം വിക്രം ലാൻഡറിന്റെ മറ്റ് ആന്തരിക സംവിധാനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ കേടുപാട് സംഭവിച്ചോയെന്ന് വ്യക്തമല്ല. വിക്രമുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടിട്ടുമില്ല. അതിനാൽ അമിത പ്രതീക്ഷ വേണ്ടെന്നും ശാസ്ത്രജ്ഞർ കൂട്ടിച്ചേർക്കുന്നു.

ബെഗളൂരു പീനയിലെ ഇസ്ട്രാക് കേന്ദ്രത്തിൽ നിന്ന് ഒരു സംഘം വിക്രമുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അവസാനഘട്ടത്തിലാണ് വിക്രം ലാൻഡറിന്റെ ലാൻഡിങ് ശ്രമം പാളിയത് . വിക്രമിന്റെ താഴേക്കുള്ള യാത്ര തീരുമാനിക്കപ്പെട്ടതിലും വേഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയന്ത്രണ സംവിധാനങ്ങളുടെ പരിധിക്കപ്പുറമായിരുന്നു ലാൻഡിംഗിന്റെ അവസാനഘട്ടത്തിലെ വേഗത. അതിനാൽ ബ്രേക്കിങ് സംവിധാനത്തിന് കൃത്യമായി പ്രവർത്തിക്കാനായില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

ഓർബിറ്ററിന്റെ കൂടി സഹായത്തോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയും അത് വിശകലനം ചെയ്യുകയും ചെയ്യാതെ ഇതെന്തുകൊണ്ട് സംഭവിച്ചുവെന്ന് ഉറപ്പിച്ച് പറയാനാകില്ല. ഒരു ദിവസം ഏഴ് മുതൽ എട്ട് തവണ വരെയാണ് ഇപ്പോൾ ഓർബിറ്റർ ചന്ദ്രനെ ഭ്രമണം ചെയ്യുന്നത്. എങ്കിലും ഓരോഭ്രമണത്തിലും ഓർബിറ്ററിന് വിക്രമിനെ കാണാനാകില്ല. ഒരു ദിവസം രണ്ട് മുതൽ മൂന്ന് തവണ വരെയാണ് വിക്രം ഇറങ്ങേണ്ടിയിരുന്ന പ്രദേശത്തിന് മുകളിലൂടെ ഓർബിറ്റർ കടന്ന് പോകുക. വേണമെങ്കിൽ ഓർബിറ്ററിൻ പ്രപൽഷൻ സിസ്റ്റം പ്രവർത്തിപ്പിച്ച് ഭ്രമണപഥത്തിൽ മാറ്റം വരുത്താമെങ്കിലും അങ്ങനെ ചെയ്യുന്നത് ഓർബിറ്ററിന്റെ പ്രവർത്തന കാലാവധിയെ ബാധിക്കുമെന്നതിനാൽ ഇസ്രൊ ഇതിന് മുതിരില്ല.

ഇടിച്ചിറക്കം എന്നു പറയാവുന്ന ഹാർഡ് ലാൻഡിങ് പല ദൗത്യങ്ങളിലും വില്ലനായിരുന്നു. ചില ദൗത്യങ്ങൾ രൂപകൽപന ചെയ്യുന്നത് ഹാർഡ് ലാൻഡിങ്ങിനു വേണ്ടിയാണ്. ചന്ദ്രയാൻ 1ലെ മൂൺ ഇംപാക്ടർ പ്രോബ് ഇത്തരത്തിലൊന്നായിരുന്നു. പ്രത്യേകിച്ച് ഉപകരണ സംവിധാനങ്ങളൊന്നുമില്ലാത്ത ഇതിന്റെ പ്രധാന ലക്ഷ്യം ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുക എന്നതായിരുന്നു.എന്നാൽ 3 ഉപകരണങ്ങളും ഒരു റോവറും അടങ്ങിയ വിക്രം ലാൻഡർ സോഫ്റ്റ്‌ലാൻഡിങ് ചെയ്യേണ്ട ദൗത്യമാണ്. റൺവേയിലൂടെ ഓടി വേഗം കുറച്ച് ഒരു വിമാനം സുരക്ഷിതമായി യാത്ര അവസാനിപ്പിക്കുന്നതു പോലെ. ലാൻഡറിന്റെ 4 കാലുകളിലും നടുക്കുമായി സ്ഥിതി ചെയ്യുന്ന 5 ത്രസ്റ്റർ റോക്കറ്റ് എൻജിനുകളുടെ ഘട്ടം ഘട്ടമായുള്ള ജ്വലനം ലാൻഡറിന്റെ വേഗം പതിയെക്കുറച്ചാണ് സോഫ്റ്റ്‌ലാൻഡിങ് നടത്തുന്നത്.

30 കിലോമീറ്റർ ഉയരത്തിൽ നിന്ന് 5 കിലോമീറ്റർ വരെ വരുന്ന ഘട്ടം (റഫ് ബ്രേക്കിങ്) ലാൻഡർ വിജയകരമായി പിന്നിട്ടിരുന്നു. തുടർന്ന് ഫൈൻ ബ്രേക്കിങ് ഘട്ടമായിരുന്നു. ലാൻഡറിന്റെ നടുക്കുള്ള ഒറ്റ ത്രസ്റ്റർ മാത്രമാണ് ഈ ഘട്ടത്തിൽ പ്രവർത്തിക്കുക. വേഗം സെക്കൻഡിൽ 146 മീറ്റർ എന്ന രീതിയിൽ കുറയും. ഈ ഘട്ടത്തിനു ശേഷം 2.1 കിലോമീറ്റർ ഉയരത്തിൽ ആശയവിനിമയം നഷ്ടമായെന്നാണു കരുതപ്പെടുന്നത്. ഈ ഘട്ടത്തിനു ശേഷം പോകേണ്ട പഥത്തിൽ നിന്നു വ്യതിയാനവും ലാൻഡറിനു സംഭവിച്ചിരുന്നു.

നടുവിലെ ത്രസ്റ്റർ ജ്വലിക്കാതിരുന്നതു മൂലം ഇടിച്ചിറങ്ങിയിരിക്കാമെന്നത് ഒരു സാധ്യതയാണ്. അതുപോലെ തന്നെ ത്രസ്റ്റർ കൂടുതൽ ഊർജം നൽകിയതുമൂലം 4 കാലുകളിലല്ലാതെ മറിഞ്ഞ് ഇടിച്ചിറങ്ങിയിരിക്കാനും സാധ്യതയുണ്ട്. ഇടിച്ചിറക്കം ലാൻഡറിലെ ആശയവിനിമയ സംവിധാനങ്ങളെ ബാധിച്ചതിനാൽ ബന്ധം നഷ്ടപ്പെട്ടിരിക്കാം.

ലാൻഡറിന് എത്രമാത്രം കേടു സംഭവിച്ചെന്നു കണ്ടെത്താനും നിലവിലെ അവസ്ഥ സ്ഥിരീകരിക്കാനുമുള്ള ശ്രമത്തിലാണ് ഇസ്‌റോ. ലാൻഡറും ഓർബിറ്ററും തമ്മിലുള്ള ആശയവിനിമയം പുനഃസ്ഥാപിച്ചാലേ ദൗത്യം നിയന്ത്രിക്കുന്ന പീനിയ ഇസ്ട്രാക്കിന് (ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക്) വിക്രം ലാൻഡറിനെക്കുറിച്ചു വ്യക്തതയുണ്ടാകൂ. നാസയുടെ മഡ്രിഡിലെ ഡീപ് സ്‌പേസ് നെറ്റ്‌വർക്ക് കേന്ദ്രവും മൊറീഷ്യസിലെ ഇന്ത്യൻ ആന്റിനകളും ലാൻഡറിൽ നിന്നുള്ള സിഗ്‌നലിനായി ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP