Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആ കട്ടിൽ കണ്ട് ആരും ഇനി പനിക്കേണ്ട; വിജിലൻസിൽ ഡിജിപിമാർക്ക് 'കടക്ക് പുറത്ത്'; അഴിമതിക്കാരെ കൈയോടെ പിടിച്ച് കൈയടി നേടാമെന്ന സിങ്കത്തിന്റെ മോഹം ഇനി നടക്കില്ല; ജേക്കബ് തോമസിനും തിരികെയെത്താമെന്ന മോഹം ഇനി വേണ്ട; അഴിമതി വിരുദ്ധ സേനയുടെ തലപ്പത്ത് പിണറായി സർക്കാരിന് ഇനി എഡിജിപിമാരെ മാത്രം മതി; അനഭിമതരെ ഒഴിവാക്കാൻ പുതിയ വിജിലൻസ് നിയമം ഉടൻ

ആ കട്ടിൽ കണ്ട് ആരും ഇനി പനിക്കേണ്ട; വിജിലൻസിൽ ഡിജിപിമാർക്ക് 'കടക്ക് പുറത്ത്'; അഴിമതിക്കാരെ കൈയോടെ പിടിച്ച് കൈയടി നേടാമെന്ന സിങ്കത്തിന്റെ മോഹം ഇനി നടക്കില്ല; ജേക്കബ് തോമസിനും തിരികെയെത്താമെന്ന മോഹം ഇനി വേണ്ട; അഴിമതി വിരുദ്ധ സേനയുടെ തലപ്പത്ത് പിണറായി സർക്കാരിന് ഇനി എഡിജിപിമാരെ മാത്രം മതി; അനഭിമതരെ ഒഴിവാക്കാൻ പുതിയ വിജിലൻസ് നിയമം ഉടൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനം കണ്ട് ഇനി ഡിജിപിമാർ പനിക്കേണ്ട. ആ കട്ടിൽ കണ്ട് ആരും പിനിക്കേണ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് യാഥാർത്ഥ്യത്തിലേക്ക്! സർക്കാരിന് അനഭിമതരായ ഉദ്യോഗസ്ഥർ ഡയറക്ടർ പദവിയിലെത്തുന്നതു തടയാൻ വിജിലൻസ് നിയമം പൊളിച്ചെഴുതുന്നു. പുതിയ നിയമം വരുന്നതോടെ നിലവിൽ ആഭ്യന്തരവകുപ്പിനു കീഴിലുള്ള വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ സ്വതന്ത്രവകുപ്പാകും. വകുപ്പിനു പ്രത്യേകം സെക്രട്ടറിയുണ്ടാകുമെന്നാണ് സൂചന.

കേഡർ തസ്തികയല്ലാതാകുന്നതോടെ വിജിലൻസ് ഡയറക്ടർ പദവി ഡി.ജി.പിമാർക്കു ലഭിക്കില്ല. പകരം എ.ഡി.ജി.പിമാരെ നിയമിക്കും. ഇതോടെ ഡി.ജി.പിമാരായ ജേക്കബ് തോമസ്, എ. ഹേമചന്ദ്രൻ, ഋഷിരാജ് സിങ് തുടങ്ങി സർക്കാരുകളുടെ കണ്ണിൽ കരടായ ഉദ്യോഗസ്ഥർക്കു വിജിലൻസ് മേധാവിസ്ഥാനം അപ്രാപ്യമാകാനാണ് ഈ നീക്കമെന്ന് മംഗളം പത്രം റിപ്പോർട്ട് ചെയ്യുന്നു. വിജിലൻസിൽനിന്ന് എടുത്തുമാറ്റുന്ന ഡി.ജി.പി. കേഡർ പദവി അഗ്‌നിശമനസേനാ മേധാവി(ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്സ് ഡയറക്ടർ)ക്കു നൽകും. ഇതോടെ ഡിജിപി റാങ്കിലുള്ള ശ്രീലേഖയുടെ വിജിലൻസ് ഡയറക്ടർ പദമെന്ന മോഹവും പൊലിയും. പുതിയ വിജിലൻസ് നിയമം വരും വരെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് തന്നെയാകും വിജിലൻസിന്റേയും ചുമതല.

വിജിലൻസ് ഡയറക്ടർ പദവി തരംതാഴ്‌ത്തുന്നതിനൊപ്പം നിശ്ചിത ഔദ്യോഗിക കാലാവധി എടുത്തുകളയും. രണ്ടുവർഷമാണ് ഇപ്പോൾ വിജിലൻസ് ഡയറക്ടറുടെ ഔദ്യോഗിക കാലാവധി. പുതിയ നിയമപ്രകാരം സർക്കാരിന് അനഭിമതനാകുന്ന നിമിഷം വിജിലൻസ് ഡയറക്ടർ തെറിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റയ്ക്കാണു നിലവിൽ വിജിലൻസ് ഡയറക്ടറുടെ അധികച്ചുമതല. സ്വതന്ത്രപദവി ലഭിക്കുന്നതോടെ എ.ഡി.ജി.പി: ഷെയ്ക്ക് ദർവേഷ് സാഹിബാകും അടുത്ത വിജിലൻസ് ഡയറക്ടറെന്നാണു സൂചനയെന്നും മംഗളം ചീഫ് റിപ്പോർട്ടർ എസ് നാരായണൻ റിപ്പോർട്ട് ചെയ്യുന്നു. വിജിലൻസ് നിയമഭേദഗതി ബിൽ ജനുവരിയിൽ നടക്കുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.

വകുപ്പു സെക്രട്ടറിക്കു പുറമേ അന്വേഷണ, ഭരണ, ജുഡീഷ്യൽ മേഖലകളിൽ തഴക്കമുള്ളവരെ ഉൾപ്പെടുത്തി ഉപദേശകസമിതി രൂപീകരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ടാകും. ഏതു കേസും വിജിലൻസിനു വിടുന്ന രീതിക്കു പകരം വിജിലൻസ് സെക്രട്ടറി അധ്യക്ഷനായ സമിതി പരാതി പരിശോധിച്ച് അന്വേഷണകാര്യത്തിൽ തീരുമാനമെടുക്കും. അഴിമതിക്കാരെ വേഗത്തിൽ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുകയാണു വിജിലൻസ് നിയമം പൊളിച്ചെഴുതുന്നതിലുടെ ഉദ്ദേശിക്കുന്നതെന്നാണ് ഔദ്യോഗികഭാഷ്യം. കേന്ദ്രനിയമപ്രകാരമാണു വിജിലൻസ് ഡയറക്ടറുടേതു ഡി.ജി.പി തസ്തികയാക്കിയത്. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് എ.ഡി.ജി.പി: എൻ. ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടറാക്കിയതു നിയമപ്രശ്നങ്ങൾക്കിടയാക്കിയിരുന്നു.

കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടറായി ഡി.ജി.പി. റാങ്കിലുള്ള ലോക്നാഥ് ബെഹ്റയെ നിയമിക്കണമെന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ നിർദ്ദേശിച്ചെങ്കിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അംഗീകരിച്ചിരുന്നില്ല. ഏറെക്കാലമായി പരിഗണനയിലുള്ള വിജിലൻസ് കമ്മിഷന്റെ കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വി എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷനും മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, മുൻ വിജിലൻസ് ഡയറക്ടർ സിബി മാത്യൂസ് എന്നിവരുമെല്ലാം വിജിലൻസ് കമ്മിഷൻ രൂപീകരിക്കാൻ ശിപാർശ നൽകിയിരുന്നു.

വിജിലൻസിന്റെ മാത്രം ചുമതലയുള്ള മേധാവിയില്ലാത്തതിന്റെ പേരിൽ പലതവണ ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കാണ് നിലവിൽ വിജിലൻസ് മേധാവിയുടെയും ചുമതല. വിജിലൻസിനെതിരേ കോടതികളും രാഷ്ട്രീയനേതൃത്വവും നിരന്തരം ആക്ഷേപം ഉന്നയിക്കുന്നത് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നുവെന്ന് ആക്ഷേപമുണ്ട്. സമ്മർദം കാരണം ജോലി ചെയ്യാനാവാത്ത അവസ്ഥയാണെന്ന് വിജിലൻസ് ഉദ്യോഗസ്ഥർക്കും പരാതിയുണ്ട്. പൊലീസിന്റെ ഭാഗമായി 'എക്സ് ബ്രാഞ്ച്' എന്ന പേരിലാണ് വിജിലൻസ് ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. 1964-ലാണ് വിജിലൻസ് പ്രത്യേക വിഭാഗമാക്കിയത്.

1975-ൽ വിജിലൻസ് വകുപ്പ് നിലവിൽവന്നു. 1997-ലാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എന്ന പേരിലേക്ക് വിജിലൻസ് വകുപ്പ് മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP