Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്ത് ജയ്ഹിന്ദിലേക്ക് ഒഴുക്കിയത് കോടികൾ; ശശി തരൂർ സീറ്റുമായി പോയപ്പോൾ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തു; കോവളത്തെ ചതിയോടെ മനസ്സ് മടുത്തു; പത്തുകൊല്ലം ആയിട്ടും ഒന്നും കിട്ടാതെ വന്നപ്പോൾ മോദിയെ പുകഴ്‌ത്തി മലക്കം മറിച്ചിൽ; വിശദീകരണം ചോദിച്ച് ഹസനും; പ്രവാസി പണവുമായി രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയൻ തോമസ് ബിജെപിയിലേക്ക്

തിരുവനന്തപുരം ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്ത് ജയ്ഹിന്ദിലേക്ക് ഒഴുക്കിയത് കോടികൾ; ശശി തരൂർ സീറ്റുമായി പോയപ്പോൾ നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തു; കോവളത്തെ ചതിയോടെ മനസ്സ് മടുത്തു; പത്തുകൊല്ലം ആയിട്ടും ഒന്നും കിട്ടാതെ വന്നപ്പോൾ മോദിയെ പുകഴ്‌ത്തി മലക്കം മറിച്ചിൽ; വിശദീകരണം ചോദിച്ച് ഹസനും; പ്രവാസി പണവുമായി രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയൻ തോമസ് ബിജെപിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി മുൻ സെക്രട്ടറിയും നിലവിൽ നിർവ്വാഹക സമിതി അംഗവുമായ വിജയൻ തോമസ് ബിജെപിയിലേക്കെന്ന് സൂചന. ബിജെപിയുടെ സംസ്ഥാന നേതൃത്വവുമായി വിജയൻ തോമസ് ഇക്കാര്യം ചർച്ച ചെയ്തുവെന്നാണ് സൂചന. കുമ്മനം രാജശേഖരന്റെ കേരള യാത്രയുടെ സമാപനത്തിൽ വിജയൻ തോമസ് പാർട്ടി അംഗത്വം എടുക്കുമെന്നാണ് സൂചന. അതിനിടെ മുൻ യു.പി.എ സർക്കാരിനും പാർട്ടി നയങ്ങൾക്കുമെതിരെ പൊതുജനമധ്യത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയ കെപിസിസി. നിർവ്വാഹക സമിതി അംഗം വിജയൻതോമസിനോട് വിശദീകരണം ചോദിച്ചതായി  കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ  അറിയിച്ചു.  സസ്പെൻഡ് ചെയ്തതായി കെപിസിസി.ജനറൽ സെക്രട്ടറി തമ്പാനൂർ രവി ആദ്യം വാർത്താക്കുറിപ്പ് ഇറക്കിയെങ്കിലും അതു പിൻവലിച്ച് എം എം ഹസൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി തിരുത്തുകയായിരുന്നു.

ആർഎസ്എസ് ചാനലിന് അനുവദിച്ച വിജയൻ തോമസിന്റെ അഭിമുഖമാണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. പ്രവാസി വ്യവസായിയായ വിജയൻ തോമസ് ജയ്ഹിന്ദ് ചാനലിന്റെ ചെയർമാനായിരുന്നു. തിരുവനന്തപുരത്തെ മത്സരിക്കാൻ അവസരമൊരുക്കാമെന്ന കോൺഗ്രസ് നേതാക്കളുടെ വാഗ്ദാനത്തിലാണ് വിജയൻ തോമസ് ജയ്ഹിന്ദിൽ കോടികൾ നിക്ഷേപിച്ചത്. എന്നാൽ ലോക്‌സഭയിലും നിയമസഭയിലും മത്സരിക്കാൻ അവസരം ഒരുക്കിയയില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കെടിഡിസി ചെയർമാനായിരുന്നു. കുറച്ചുകാലമായി കെപിസിസി നേതൃത്വവുമായി വിജയൻ തോമസ് അകന്നു. ജയ്ഹിന്ദിലെ ഓഹരികൾ തിരിച്ചു ചോദിച്ചതായും സൂചനയുണ്ടായിരുന്നു. അതിനിടെയാണ് മോദിയെ പുകഴ്‌ത്തി വിജയൻ തോമസ് ജനം ടിവിക്ക് അഭിമുഖം നൽകിയത്.

നരേന്ദ്ര മോദി ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിയെന്ന് വിജയൻ തോമസ് ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇച്ഛാശക്തിയും തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള കഴിവുമുള്ളയാളുമാണ് നരേന്ദ്ര മോദി. യുപിഎ ഭരണകാലം അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞതായിരുന്നുവെന്നും വിജയൻ തോമസ് പറഞ്ഞിരുന്നു. സേവാഭാരതിയുടെ പൂർണശ്രീ ബാലസദനത്തിന്റെ വാർഷിക യോഗത്തിലും ഇതേ നിലപാടാണ് കെപിസിസി എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം വിജയൻ തോമസ് എടുത്തത്. യുപിഎ ഭരണകാലത്തെ കണക്കിന് വിമർശിച്ചു. മന്മോഹൻസിങ് പ്രധാനമന്ത്രിയായിരുന്ന പത്തുകൊല്ലം അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞു നിന്നെന്നും യുപിഎ ഭരണം രാജ്യത്തെ പിന്നോട്ട് നയിച്ചുവെന്നും വിജയൻ തോമസ് പറഞ്ഞു.

രാജ്യത്ത് ശുഭകരമായ മാറ്റങ്ങളാണ് കണ്ടു വരുന്നത്. അഴിമതി രഹിതവും ഇശ്ചാശക്തി നിറഞ്ഞതുമായ ഭരണമാണ് നരേന്ദ്ര മോദിയുടേതെന്നും വിജയൻ തോമസ് വ്യക്തമാക്കി. സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിനെതിരെ പ്രവർത്തിക്കുവാൻ കോൺഗ്രസ്സിനുള്ളിലെ തമ്മിലടികൾ കാരണം സാധിക്കുന്നില്ലെന്നും ടൂറിസം വളർച്ചയ്ക്ക് മദ്യം നിർബന്ധ ഘടകമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിജയൻ തോമസിനെ കോൺഗ്രസ് പുറത്താക്കിയത്. സ്ഥാനാർത്ഥി നിർണ്ണയത്തിന് കോൺഗ്രസ് സ്വീകരിക്കുന്ന ജാതി സമവാക്യങ്ങളുടെ ഇരയാണ് താനെന്ന് വിജയൻ തോമസ് നേരത്തെ തുറന്നടിച്ചിരുന്നു. രാഷ്ട്രീയത്തെ സേവിക്കലല്ല ജനങ്ങളെ സേവിക്കലാണ് പൊതു പ്രവർത്തനമെന്ന വലിയ കാര്യം താൻ തിരിച്ചറിഞ്ഞെന്നും വിജയൻ തോമസ് വ്യക്തമാക്കി. മറുനാടൻ മലയാളിക്ക് അനുവദിച്ച ഈ അഭിമുഖത്തോടെയാണ് കോൺഗ്രസുമായി വിജയൻ തോമസ് അകലാൻ തുടങ്ങിയത്.

പ്രവാസി വ്യവസായി ആയിരുന്ന വിജയൻ തോമസ് ജയ്ഹിന്ദ് ചാനലിന്റെ ചെയർമാനെന്ന നിലയിൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. നിയമസഭയിലോ പാർലമെന്റിലോ എത്തിക്കാമെന്ന വാഗ്ദാനത്തിലാണ് വിജയൻ തോമസ് ജയ്ഹിന്ദെന്ന കോൺഗ്രസ് ചാനലിലേക്ക് പണമൊഴുക്കിയതെന്നും വാർത്തകളുണ്ടായി. അതിന് ശേഷം നിയമസഭയിലേക്കും 2009ൽ ലോക്സഭയിലേക്കും തെരഞ്ഞെടുപ്പ് എത്തി. നിയമസഭയിൽ നേമത്തോ നെയ്യാറ്റിൻകരയിലോ വിജയൻ തോമസ് സ്ഥാനാർത്ഥിയാകുമെന്ന് വിലയിരുത്തലുമെത്തി. പക്ഷേ അതു നടന്നില്ല. ആറു കൊല്ലം മുമ്പ് പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നു.

സിപിഐയുടെ പന്ന്യൻ രവീന്ദ്രനായിരുന്നു സിറ്റിങ് എംപി. തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാമെന്ന് കോൺഗ്രസിനാണെങ്കിൽ തികഞ്ഞ ആത്മവിശ്വാസം. താനായിരിക്കും സ്ഥാനാർത്ഥിയെന്ന് വിജയൻ തോമസും വിശ്വസിച്ചു. സംഭവിച്ചത് മറ്റൊന്നാണ്. ഹൈക്കമാണ്ട് പിന്തുണയോടെ ശശി തരൂർ സ്ഥാനാർത്ഥിയായെത്തി. വിജയൻ തോമസ് റിബലായി പത്രികയും നൽകി. അതിനപ്പുറത്തേക്ക് പോകാതെ മത്സരരംഗത്ത് നിന്ന് വിജയൻ തോമസ് പിന്മാറി. കെപിസിസി സെക്രട്ടറിയായി. യുഡിഎഫ് ഭരണമെത്തിയപ്പോൾ കെടിഡിസിയുടെ തലപ്പത്തും. കെടിഡിസി ചെയർമാൻ എന്ന നിലയിൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന പിന്തുണയേയും വിജയൻ തോമസ് വിമർശിച്ചിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളം മണ്ഡലത്തിലേക്കാണ് വിജയൻ തോമസിനെ പരിഗണിച്ചിരുന്നത്. എന്നാൽ സീറ്റ് കെപിസിസി. സെക്രട്ടറി എം.വിൻസന്റിന് നൽകി്. പാർട്ടി പത്രത്തിനും ചാനലിനുമായി താൻ ഏറെ പണം മുടക്കിയിട്ടുണ്ടെന്നും പണം മടക്കിത്തന്ന് തന്നെ ഒഴിവാക്കണമെന്നും ഇതോടെ വിജയൻ തോമസ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. പക്ഷേ ആരും മൈൻഡ് ചെയ്തില്ല. എന്തായാലും കോൺഗ്രസിന് വേണ്ടി മുടക്കിയ പണം എളുപ്പത്തിൽ തിരിച്ചു ലഭിക്കുമെന്ന പ്രതീക്ഷയൊന്നും വിജയൻ തോമസിനില്ല. എന്തായാലും പാർട്ടിവിടാൻ തീരുമാനിച്ച അദ്ദേഹം പണത്തിനായി വീണ്ടും സമ്മർദ്ദം ചെലുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP