Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

അലമുറയിട്ട് കരഞ്ഞിട്ടും ഭാര്യയുടെ അന്ത്യകർമ്മങ്ങൾക്ക് അതിവേഗം എത്തണമെന്ന കൊല്ലങ്കോട്ടെ വിജയകുമാറിന്റെ അപേക്ഷയിൽ കണ്ണ് തുറക്കാതെ കേന്ദ്ര സർക്കാരും എംബസിയും; മക്കളില്ലാത്തതിന്റെ വേദനയ്ക്കിടയിൽ സുഖദുഃഖങ്ങളിലും ഇണക്കവും പിണക്കവുമായി ഒപ്പം നിന്ന പ്രിയതമയ്ക്ക് അന്ത്യചുംബനം കൊടുക്കാനുള്ള ഈ പ്രവാസിയുടെ ശ്രമങ്ങൾക്ക് മുമ്പിൽ ഇരുമ്പു മറ തീർത്ത് അധികാരികൾ; കോവിഡു കാലത്ത് മലയാളിക്ക് ആകെ നൊമ്പരമായി ഗൾഫിൽ നിന്നുള്ള ഈ കണ്ണീർ കഥകൾ

അലമുറയിട്ട് കരഞ്ഞിട്ടും ഭാര്യയുടെ അന്ത്യകർമ്മങ്ങൾക്ക് അതിവേഗം എത്തണമെന്ന കൊല്ലങ്കോട്ടെ വിജയകുമാറിന്റെ അപേക്ഷയിൽ കണ്ണ് തുറക്കാതെ കേന്ദ്ര സർക്കാരും എംബസിയും; മക്കളില്ലാത്തതിന്റെ വേദനയ്ക്കിടയിൽ സുഖദുഃഖങ്ങളിലും ഇണക്കവും പിണക്കവുമായി ഒപ്പം നിന്ന പ്രിയതമയ്ക്ക് അന്ത്യചുംബനം കൊടുക്കാനുള്ള ഈ പ്രവാസിയുടെ ശ്രമങ്ങൾക്ക് മുമ്പിൽ ഇരുമ്പു മറ തീർത്ത് അധികാരികൾ; കോവിഡു കാലത്ത് മലയാളിക്ക് ആകെ നൊമ്പരമായി ഗൾഫിൽ നിന്നുള്ള ഈ കണ്ണീർ കഥകൾ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ആനമാറി വടുകമ്പാടത്തെ വിജയകുമാറിന്റെ വരവവും കാത്ത് വേദനയും കടിച്ചിറക്കി കാത്തിരിപ്പിലാണ് നാട്ടുകാർ. പ്രായമായ അമ്മയും എത്തുന്ന മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ വേദനയിലാണ്. വിജയകുമാർ ഇത്തവണ പ്രവാസ ലോകത്ത് നിന്ന് വിമാനം കയറുന്നത് പ്രിയതമയ്ക്ക് അന്ത്യചുംബനം നൽകാനാണ്. പ്രിയപത്‌നിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ. ഇരുപതു കൊല്ലമായി തനിക്കൊപ്പം താങ്ങും തണലുമായി നിന്ന് വിജയകുമാർ ഇന്ന് ജീവിതത്തിൽ ഒറ്റയ്ക്കാണ്. പ്രായമായ അമ്മ മാധവിക്കും തിരികെ എത്തുന്ന മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല.

കോവിഡ് കാലത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അകാലത്തിൽ ഗീതയുടെ മരണം. പിന്നെ മലയാളി കണ്ടത് ഭാര്യയെ അവസാനമായി ഒരു നോക്കു കാണാൻ ഒരു വിമാന ടിക്കറ്റിനായി കരഞ്ഞു കണ്ണു കലങ്ങിയ വിജയകുമാറിന്റെ ചിത്രംവും. ഇത് നാടിനേയും കരയിപ്പിച്ചു. സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിച്ചാണു ഗീത മടങ്ങിയത്. വിജയകുമാർ കഴിഞ്ഞ ലീവിനു വന്നപ്പോൾ തറകെട്ടി ഒരുക്കിയ വീടിന്റെ പണി ഇനി ആർക്കു വേണ്ടി പൂർത്തിയാക്കണം.... മക്കളില്ലാത്തതിന്റെ വേദനയ്ക്കിടയിൽ സുഖദുഃഖങ്ങളിലും ഇണക്കവും പിണക്കവുമായി ഒപ്പം നിന്ന പ്രിയതമയെയാണ് വിജയകുമാറിന് നഷ്ടമായത്. നാട്ടിലെത്താൻ വേണ്ടി വിജയകുമാർ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ കോവിഡ് കാലത്ത് കാത്തിരിപ്പ് യഥാർത്ഥ്യമാവുകയാണ്.

ഗീതയുടെ സംസ്‌കാരം വിജയകുമാർ എത്തിയിട്ടു മതിയെന്ന് നിശ്ചയിച്ചത് നാട്ടുകാരാണ്. കോവിഡ് പരിശോധനകൾ നെഗറ്റീവ് ആയെങ്കിലും 17നു വിജയകുമാറിന് എത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ മൃതദേഹം പൊലീസിന്റെ പ്രത്യേക അനുമതിയോടെ ജില്ലാ ആശുപത്രി മോർച്ചറിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്നു 10നു മരിച്ച ആനമാറി വടുകമ്പാടത്തെ ഗീതയുടെ ഭർത്താവ് വിജയകുമാർ ജീവിതത്തിന്റെ സുവർണ കാലങ്ങളിലേറെയും പ്രവാസിയായിരുന്നു. എന്നാൽ അവിടെ നിന്നും ഇങ്ങനെയൊരു മടങ്ങി വരവ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസ് എന്നിവയിലൂടെ യുഎഇയിലെ എംബസി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് ലഭിച്ചില്ല.

നാട്ടിലേക്കുള്ള വിമാനത്തിൽ ആരുടെയെങ്കിലും യാത്ര ഒഴിവായാൽ അതു തനിക്കു ലഭിക്കുമോ എന്ന പ്രതീക്ഷയിൽ വിജയകുമാർ രണ്ടു ദിവസമായി ദുബായ് വിമാനത്താവളത്തിൽ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. 17നുള്ള യാത്രയ്ക്ക് ടിക്കറ്റ് ഉറപ്പിക്കാം എന്നു ഇന്ത്യൻ എംബസി നൽകിയ വിശ്വാസത്തിലാണു ചൊവ്വാഴ്ച ദുബായ് വിമാനത്താവളത്തിൽ നിന്നും വിജയകുമാർ റൂമിലേക്ക് മടങ്ങിയത്. ഇത് യാഥാർത്ഥ്യമാകുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. എംബസിയുടെ വാക്കുകൾ യാഥാർത്ഥ്യമായാൽ 17ന് വിജയകുമാർ കൊല്ലങ്കോട്ടെ സങ്കടക്കടലിലേക്ക് എത്താൻ വിമാനം കയറും.

ഭാര്യ മരിച്ചിട്ടും നാട്ടിലേക്കു പോകാൻ കഴിയാത്തതിന്റെ വേദനയിൽ ദുബായ് പ്രവാസി പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയകുമാർ കഴിയുന്നത് സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരുന്നു. യാത്രായ്ക്കായി ഇന്ത്യൻ എംബസി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌തെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടും അനുകൂല പ്രതികരണമുണ്ടായില്ലെന്നും വിജയകുമാർ പറഞ്ഞു. വിജയകുമാറിന്റെ വരവിനായി ഗീതയുടെ ചേതനയറ്റ ശരീരവുമായി ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ് കണ്ണീരോടെ. 2002 ലാണ് നെന്മാറ ചേരാമംഗലം സ്വദേശിയായ ഗീതയെ വിജയകുമാർ വിവാഹംകഴിച്ചത്. മക്കളില്ല. ഇലക്ര്ടീഷനായ വിജയകുമാർ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി ദുബായിൽ ജോലി ചെയ്യുന്നു.

കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പലർക്കും നാട്ടിലേക്ക് മടങ്ങാനാവുന്നില്ലെന്ന പരാതി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർചെയ്തിട്ടും അവസരം കിട്ടാത്തതിന്റെ നേർ ചിത്രം. അടുത്ത ബന്ധുക്കളുടെ മരണാനന്തരച്ചടങ്ങുകളിൽ പങ്കെടുക്കാനുള്ള പ്രവാസികളെ പരിഗണിക്കുമെന്ന് കേന്ദ്രസർക്കാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പലരുടെയും കാര്യത്തിൽ അത് പാലിക്കപ്പെടുന്നില്ല. ഇത്തരത്തിൽ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടും അർഹരായ പലരും ലിസ്റ്റിൽനിന്നും പുറത്താക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മാവേലിക്കര സ്വദേശി പ്രദീപ്കുമാർ (45) ജോലിയന്വേഷിച്ച് സന്ദർശകവിസയിലെത്തിയിട്ട് മൂന്നുമാസം പിന്നിട്ടു. ജോലി ലഭിക്കാത്ത മാനസികവിഷമത്തിൽ കഴിയവേ കഠിനമായ മഞ്ഞപ്പിത്തം ബാധിച്ച് കിടപ്പിലാവുകയുംചെയ്തു. കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് പോകാൻ സാധിക്കാതെ ബുദ്ധിമുട്ടിലായി പ്രദീപ് അസുഖത്താൽ അവശനാവുകയും ചെയ്തു. നാട്ടിൽപോകാനായി എംബസിയിൽ പേര് രജിസ്റ്റർ ചെയ്തുകൊണ്ട് കാത്തിരിക്കുകയാണ്. ഈ കാത്തിരിപ്പും അധികൃതരുടെ കണ്ണ് തുറപ്പിക്കുന്നില്ല.

കണ്ണൂർ മാണിയൂർ സ്വദേശി സന്തോഷ് രാമ്പേത്ത് (45) യു.എ.ഇ. യിൽ ജോലിതേടിയെത്തിയതായിരുന്നു. സന്ദർശകവിസയിലെത്തിയിട്ട് നാലരമാസം പിന്നിട്ടു. ജോലികിട്ടിയില്ല, യു.എ.ഇ.യുടെ പ്രത്യേകസാഹചര്യത്തിൽ നാട്ടിലേക്ക് തിരിച്ചുപോകാനും സാധിച്ചില്ല. അതിനിടയിൽ ജീവിതം ദുരിതമാക്കിക്കൊണ്ട് കട്ടിലിൽനിന്നുംവീണ് കാലിനുപരിക്കേറ്റത്. കിടന്നിടത്തുനിന്നും ഒറ്റയ്ക്ക് എഴുന്നേറ്റുനടക്കാൻ സാധിക്കാത്ത സന്തോഷിന് എങ്ങനെയെങ്കിലും നാട്ടിലെത്തിയാൽ മതിയെന്നാണ് പറയാനുള്ളത്.

പക്ഷേ വിമാന യാത്രയ്ക്ക് അവസരം ഇതുവരെ കിട്ടിയില്ല. പല പണമുള്ളവരും ജോലിക്കാരുമായും കുടുംബവുമായി നാട്ടിലേക്ക് പറക്കുമ്പോഴാണ് ഈ പാവങ്ങളുടെ കണ്ണീർ ഗൾഫ് മണ്ണിൽ വീണ് കുതിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP