Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുവല്ലയിലെ നെടുമ്പ്രത്തുകാർക്ക് ആശ്വസിക്കാം; കുഴഞ്ഞു വീണുള്ള വിജയകുമാറിന്റെ മരണം കോവിഡു കാരണമല്ല; അറുപത്തിയെട്ടുകാരന്റെ ജീവനെടുത്തത് പെട്ടെന്നുണ്ടായ ഹൃദയാഘാതം; പ്രാഥമിക ചികിൽസ നൽകിയ താലൂക്ക് ആശുപത്രി ഡോക്ടർമാർക്കും ജീവനക്കാർക്കും ഇനി നിരീക്ഷണത്തിൽ നിന്നും പുറത്തുവരാം; മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹവും ബന്ധുക്കൾക്ക് വിട്ടു നൽകും; ഗൃഹനിരീക്ഷണത്തിലിരിക്കേ മരിച്ച വിജയകുമാറിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

തിരുവല്ലയിലെ നെടുമ്പ്രത്തുകാർക്ക് ആശ്വസിക്കാം; കുഴഞ്ഞു വീണുള്ള വിജയകുമാറിന്റെ മരണം കോവിഡു കാരണമല്ല; അറുപത്തിയെട്ടുകാരന്റെ ജീവനെടുത്തത് പെട്ടെന്നുണ്ടായ ഹൃദയാഘാതം; പ്രാഥമിക ചികിൽസ നൽകിയ താലൂക്ക് ആശുപത്രി ഡോക്ടർമാർക്കും ജീവനക്കാർക്കും ഇനി നിരീക്ഷണത്തിൽ നിന്നും പുറത്തുവരാം; മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹവും ബന്ധുക്കൾക്ക് വിട്ടു നൽകും; ഗൃഹനിരീക്ഷണത്തിലിരിക്കേ മരിച്ച വിജയകുമാറിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്

എസ് രാജീവ്‌

തിരുവല്ല : ഗാർഹിക നിരീക്ഷണത്തിലിരിക്കെ മരിച്ച തിരുവല്ല സ്വദേശിയുടെ മരണം കോവിഡ് ബാധ മൂലമല്ലെന്ന് വ്യക്തമായി. തിരുവല്ല നെടുമ്പ്രം നോബിൾ ഹൗസിൽ വിജയകുമാർ (68) ന്റെ സ്രവ പരിശോധനാ ഫലമാണ് നെഗറ്റീവ് ആണെന്ന് തെളിഞ്ഞത്. ആലപ്പുഴ മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടന്ന പരിശോധനയിലാണ് മരിച്ച വിജയകുമാറിന് കോവിഡ് ബാധയില്ലെന്ന് വ്യക്തമായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതോടെ ഒന്നര ദിവസമായി നീണ്ടു നിന്നിരുന്ന ആശങ്കയ്ക്ക് വിരാമമായി.

വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ ശ്വാസതടസത്തെ തുടർന്ന് മുറിക്കുള്ളിൽ കുഴഞ്ഞു വീണ വിജയകുമാറിനെ ബന്ധുക്കൾ ചേർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു. തുടർന്ന് കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ച ശേഷം ആറരയോടെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. എയർഫോഴ്‌സിൽ ഉദ്യോഗസ്ഥയായ മകളെ സന്ദർശിക്കാനായി രണ്ടു മാസം മുമ്പാണ് ഭാര്യയെയും കൂട്ടി ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോയ വിജയകുമാർ മാർച്ച് 23 ന് തനിച്ച് നാട്ടിൽ മടങ്ങിയെത്തിയത്.

തുടർന്ന് ഗാർഹിക നിരീക്ഷണത്തിൽ തുടരവെയാണ് മുറിക്കുള്ളിൽ കുഴഞ്ഞ് വീണത്. വിജയകുമാറിന് പ്രാഥമിക ചികിത്സ നൽകിയ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അടക്കം ആറ് ജീവനക്കാരെയും ആശുപത്രിയിൽ എത്തിച്ച നാല് ബന്ധുക്കളെയും നിരീക്ഷണ വലയത്തിലാക്കിയിരുന്നു. ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ പിന്നിട് നടക്കും. വിജയകുമാറിലൂടെ തിരുവല്ലയ്ക്ക് നഷ്ടമായത് ഇലക്ട്രോണിക്‌സ് ഉപകരണ നിർമ്മാണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചെറുകിട വ്യവസായിയെ . ഇൻവെർട്ടർ എന്ന പദം അത്രമേൽ കേട്ടുകേൾവി പോലുമില്ലാതിരുന്ന കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് അതിന്റെ അനന്തര സാധ്യത മുമ്പിൽക്കണ്ട് ഇൻവെർട്ടർ നിർമ്മാണ യൂണിറ്റിന് തുടക്കം കുറിച്ചാണ് വിജയകുമാർ തിരുവല്ലാക്കാർക്കിടയിൽ ശ്രദ്ധേയനായത്.

നോബിൾ ഇലക്ട്രോ കൺട്രോൾ എന്ന പേരിൽ വീടിനോട് ചേർന്ന് നിർമ്മിച്ച ഷെഡിൽ 1995 കാലഘട്ടത്തിലാണ് അദ്ദേഹം തന്റെ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ആദ്യമാദ്യം ഒറ്റയ്ക്ക് തന്നെയായിരുന്നു ഇൻവെർട്ടർ നിർമ്മാണവും വിപണനവും. തുടക്കത്തിൽ ആവശ്യക്കാർ കുറവായിരുന്നുവെങ്കിലും ആവശ്യക്കാരേറിയതോടെ നിർമ്മാണത്തിനും വിപണനത്തിനുമായി നാല് ജീവനക്കാരെക്കൂടി അദ്ദഹം ഒപ്പം കൂട്ടി. 2005 കാലഘട്ടത്തോടെ ഇൻവെർട്ടർ കൂടാതെ സ്റ്റെബിലൈസർ, യു പി എസ് , സോളാർ പവർ സിസ്റ്റം, ഇന്റസ്ട്രിയൽ ഇലക്ട്രോണിക്‌സ് , പവർ കൺട്രോൾ സിസ്റ്റം, സേഫ്റ്റി ഡിവൈസ് തുടങ്ങിയ ഉപകരണങ്ങളും നിർമ്മിച്ചു തുടങ്ങി. 2018 ലെ മഹാപ്രളയത്തിൽ നിർമ്മാണ യൂണിറ്റിലെ ഉപകരണങ്ങൾ അപ്പാടെ നശിച്ചിരുന്നു. പ്രളയ ശേഷം ജീവനക്കാരെ ഒഴിവാക്കി ആവശ്യാനുസരണം ഉപകരണങ്ങൾ നിർമ്മിച്ചു നൽകി വരുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മരണം കടന്നെത്തിയത്.

പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തൊഴിൽ തേടി 1974 കാലഘട്ടത്തിൽ ഡൽഹിയിലേക്ക് പോയ വിജയകുമാർ അവിടെയുള്ള ഒരു ചെറുകിട ഇലക്ട്രോണിക്‌സ് - ഇലക്ട്രിക്കൽ നിർമ്മാണ യൂനിറ്റിൽ സഹായിയായി ജോലിയിൽ പ്രവേശിച്ചു. തുടർന്ന് പത്ത് വർഷങ്ങൾക്ക് ശേഷം പഞ്ചാബിലെ ലുധിയാനയിലെ കുന്തൽ ഇലക്ട്രോണിക്‌സിൽ ടെക്‌നീഷ്യനായി ജോലി ലഭിച്ചതോടെ പഞ്ചാബിലേക്ക് പോയി. തുടർന്ന് അവിടെ നിന്നും ലഭിച്ച പരിജ്ഞാനം കൈമുതലാക്കിയാണ് സ്വദേശത്ത് മടങ്ങിയെത്തി സ്വന്തം പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. തന്റെ തിരക്കുപിടിച്ച ജീവിതത്തിനിടെ സാമൂഹ്യ- സാംസ്കാരിക പ്രവർത്തനങ്ങളിലും വിജയകുമാർ സജീവമായിരുന്നു. സേവാഭാരതി നെടുമ്പ്രം യൂണിറ്റിലെ സജീവ പ്രവർത്തകനായിരുന്ന വിജയകുമാർ മഹാപ്രളയകാലത്ത് സ്വന്തം പ്രായം പോലും മറന്ന് സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നുവെന്ന് നാട്ടുകാർ ഓർമിക്കുന്നു.

നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും ബിജെപി മഹിളാ മോർച്ച , ക്ഷേത്രസംരക്ഷണ സമിതി മാതൃ സമിതി എന്നിവയുടെ സംസ്ഥാന സമിതി അംഗം കൂടിയായ രമാദേവിയാണ് ഭാര്യ. ബാംഗ്ലൂരിൽ കുടുംബ സമേതം താമസിക്കുന്ന നോബിൾ , അഹമ്മദാബാദിൽ എയർ ഫോഴ്‌സ് നഴ്‌സായ ബ്രൈറ്റി, അമേരിക്കയിൽ ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന രോഹിത്ത് എന്നിവർ മക്കളും ശ്യാം ബാലചന്ദ്രൻ , മീര എന്നിവർ മരുമക്കളുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP