Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ ഞാനും അപ്പയും തമ്മിൽ ചേരില്ല; ഞാൻ അഞ്ച് വർഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്; പ്രാർത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു'; സർവമത വിശ്വാസിയായ യേശുദാസിന്റെ മകൻ വിജയ് വിശ്വാസം വെടിയുന്നു; 'വനിത'യുടെ വിവാദ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ

ദൈവവിശ്വാസത്തിന്റെ കാര്യത്തിൽ ഞാനും അപ്പയും തമ്മിൽ ചേരില്ല; ഞാൻ അഞ്ച് വർഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്; പ്രാർത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു'; സർവമത വിശ്വാസിയായ യേശുദാസിന്റെ മകൻ വിജയ് വിശ്വാസം വെടിയുന്നു; 'വനിത'യുടെ വിവാദ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അവഗണനമൂലം ഇനി മലയാള സിനിമയിൽ പാടില്ലെന്ന് വിജയ് യേശുദാസിന്റെ വെളിപ്പെടുത്തൽ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ അടക്കം വലിയ ചർച്ചയായത്. 'വനിത'യ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം പറയഞ്ഞത്. എന്നാൽ അഭിമുഖത്തിൽ അതിലേറെ വിവാദമായ കാര്യങ്ങൾ വേറയുമുണ്ട്. അതിൽ പ്രധാനപെട്ടതാണ് സർവമത വിശ്വസിയായ യേശുദാസിന്റെ മകൻ വിശ്വാസം ഉപേക്ഷിച്ചുവെന്നതാണ്.

'ദൈവവിശ്വാസത്തിന്റേയും ഭക്തിയുടേയും കാര്യങ്ങളിൽ ഞാനും അപ്പയും തമ്മിൽ ചേരില്ല. അപ്പയുടെ ദൈവവിശ്വാസം പ്രശസ്തമല്ലേ, എല്ലാ ജന്മനാളിലും അപ്പ മൂകാംബികയിലാകും. ശബരിമല അയ്യപ്പനെ പാടി ഉറക്കുന്നതും ഉണർത്തുന്നതും അപ്പയാണ്. കച്ചേരിക്ക് മുൻപ് പ്രത്യേക വ്രതചിട്ടയുമുണ്ട്. എല്ലാ ദൈവങ്ങളേയും ബഹുമാനിക്കണമെന്നാണ് അപ്പയും അമ്മയും പഠിപ്പിച്ചത്.പണ്ടൊക്കെ വീട്ടിലെ പൂജാമുറിയിലായിരുന്നു എന്റേയും ദിവസം ആരംഭിച്ചിരുന്നത്. ഒരു ഘട്ടത്തിൽ തോന്നി ഇതൊക്കെ വെറും മിഥ്യയാണെന്ന്. ഇപ്പോൾ അഞ്ച് വർഷമായി ക്ഷേത്രത്തിലോ പള്ളിയിലോ പോയിട്ട്. പ്രാർത്ഥന കൊണ്ടും മന്ത്രം കൊണ്ടും ഒരു കാര്യവുമില്ലെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.'- വിജയ് പറയുന്നു. ഈ അഭിമുഖം അച്ചടിച്ചുവന്നാൽ തനിക്ക് വീട്ടിൽനിന്ന് കണക്കിന് കിട്ടുമെന്നും വിജയ് പറയുന്നുണ്ട്.

'നമ്മുടെ സ്വർണമാല കളഞ്ഞുപോയെന്ന് കരുതുക. അതുകിട്ടാൻ വഴിപാടും നേർച്ചയുമൊക്കെ നേരും. ഒരുപാട് തപ്പുമ്പോൾ അത് കണ്ടുകിട്ടിയേക്കും. ഉടനെ വഴിപാട് കഴിക്കാൻ ഓടാനാണ് എല്ലാവരും ശ്രമിക്കുക. ഒന്നോർത്തു നോക്കൂ. അത് മുൻപും അവിടെ തന്നെ ഇരിപ്പില്ലേ. വഴിപാടും നേർച്ചയും നേരുമ്പോൾ ദൈവം അവിടെ കൊണ്ടു വയ്ക്കുന്നതല്ലല്ലോ.കയ്യിൽ ധാരാളം പണം വരാൻ വേണ്ടി പ്രാർത്ഥിക്കണം എന്നൊക്കെ പറയുന്നത് എന്ത് ലോജിക്കാണ്. പോസിറ്റീവും നെഗറ്റീവുമായ എനർജി ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മളെ പോസിറ്റീവാക്കുന്ന എനർജിയാണ് എന്റെ ദൈവം. നമ്മുടെ പ്രശ്‌നങ്ങൾ നമ്മൾ തന്നെ വേണം പരിഹരിക്കാൻ. - വിജയ്   പറയുന്നു.

എന്റെ അടുത്ത സുഹൃത്താണ് ബ്ലോഗർ കൂടിയായ ശരത് കൃഷ്ണൻ. വലിയ ഗുരുവായൂരപ്പൻ ഭക്തനാണ്. അവനെ കാണുമ്പോൾ അമ്മ ചോദിക്കും 'കൂട്ടുകാരനെ ഒന്നു ഉപദേശിച്ചുകൂടെ' എന്ന്. അവനറിയാം. എന്നെ ഉപദേശിച്ചിട്ടൊന്നും കാര്യമില്ലെന്ന്, വിജയ് യേശുദാസ് പറയുന്നു. 'എന്റെ തീരുമാനങ്ങളെല്ലാം എന്റേതുമാത്രമാണ്. പാട്ടും അഭിനയവും ബിസിനസുമെല്ലാം ഞാൻ ഇഷ്ടപ്പെട്ടു ചെയ്യുന്നതാണ്. ഈ പ്രായത്തിലും അച്ഛന്റെ സമ്മതങ്ങൾ ചോദിച്ച് തീരുമാനമെടുക്കാൻ പറ്റുമോ. യേശുദാസ് ലെജൻഡ്് ആണ്. വർഷങ്ങളായി അദ്ദേഹം ആർജ്ജിച്ചെടുത്തതാണ് ആ സ്ഥാനം. ഞാൻ എന്തുചെയ്താലും അതിന് ഒരു പോറൽപോലും ഏൽക്കില്ല. അപ്പയുടെ രീതിയിൽ ഞാനും ജീവിക്കണമെന്ന് ആരും നിർബന്ധം പറയാറില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഉൾക്കൊള്ളാറുണ്ട്. പക്ഷേ എല്ലാത്തിനും അപ്പയുടെ അനുവാദം ചോദിക്കുന്ന മകനല്ല ഞാൻ.മുൻപ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ അപ്പയുടെ അനുവാദം വാങ്ങിയോ എന്ന് ചിലർ ചോദിച്ചു. അപ്പയെ അക്കാര്യം അറിയിച്ചിരുന്നു. അനുവാദം ചോദിക്കാനൊന്നും നിന്നില്ല. ഇത്രയും പ്രായം ആയിട്ടും അനുവാദം വാങ്ങാനൊക്കെ നിന്നാൽ ഞാൻ ഒരു അച്ഛനാണെന്ന് പറയുന്നതിൽ എന്തർത്ഥം' -വിജയ് പറയുന്നു.

മലയാള സിനിമയിൽ ഇനി പാടില്ല

മലയാള സിനിമയിൽ ഇനി പാടില്ലെന്ന് വിജയ് യേശുദാസ് ഈ അഭിമുഖത്തിൽ പറഞ്ഞത് വിവാദമായിരുന്നു. അവഗണന സഹിക്കാനാകുന്നില്ലെന്നും മലയാളത്തിൽ സംഗീത സംവിധായകർക്കും ഗായകർക്കും അർഹിക്കുന്ന വില കിട്ടുന്നില്ലെന്നും മടുത്തിട്ടാണ് ഇനി പാടില്ലെന്ന തീരുമാനമെടുത്തതെന്നുമായിരുന്നു വിജയ് യേശുദാസ് പറഞ്ഞത്.താൻ ഇങ്ങനെയൊരു തീരുമാനമെടുത്തത് അവഗണിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടിയാണെന്ന് വിജയ് യേശുദാസ് അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. തനിക്ക് മാത്രമല്ല പല ഗായകരും വലിയ അവഗണനയാണ് മലയാള സിനിമയിൽ നേരിടുന്നതെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്.

'കോടികൾ മുടക്കി സിനിമ എടുക്കുന്ന നിർമ്മാതാക്കൾ താരങ്ങൾക്ക് വലിയ പ്രതിഫലം നൽകും. പക്ഷേ സംഗീത സംവിധായകർക്കും ഗായകർക്കും അർഹിക്കുന്ന പ്രതിഫലം പോലും നൽകാൻ മടിയാണ്. അടുത്തിടെ ഒരു പ്രമുഖ നിർമ്മാതാവ് വിളിച്ചു. അവർക്ക് അപ്പയെ കൊണ്ട് പാട്ടുപാടിക്കണം. ഞാൻ മാനേജരുടെ നമ്പർ കൊടുത്തു. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹം വീണ്ടും വിളിച്ചു. ' ദാസേട്ടൻ ഇത്ര രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. അത് വലിയ കൂടുതലാണല്ലോ' ഞാൻ ചോദിച്ചു, ' ചേട്ടാ നിങ്ങൾക്ക് യേശുദാസിന്റെ ശബ്ദമല്ലേ വേണ്ടത്. ആ ശബ്ദത്തിന് അദ്ദേഹം പറഞ്ഞ തുക കൂടുതലാണെന്നാണോ പറയുന്നത്'.
അര നൂറ്റാണ്ടിലധികമായി പാടുന്ന, അര ലക്ഷത്തിലധികം പാട്ടുകൾ പാടിയ യേശുദാസ് ആറക്കസംഖ്യ പ്രതിഫലം ചോദിക്കുമ്പോഴാണ് 'വലിയ തുക'യെന്ന് പറയുന്നതെന്നോർക്കണം. അപ്പോൾ എങ്ങനെയാണ് മറ്റ് ഗായകർ നിൽക്കുക. 20 വർഷമായി മലയാളത്തിൽ പാടുന്ന എനിക്കിപ്പോഴും താരതമ്യേന തീരെ കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നത്. ഞാൻ ആരേയും കുറ്റപ്പെടുത്തുകയല്ല. ഈ ഇൻഡസ്ട്രി ഇങ്ങനെയാണ്. അതുകൊണ്ട് അവഗണിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടി ഞാനിങ്ങനെയൊരു കഠിന തീരുമാനമെടുത്തു.

ഈയിടെ കൊച്ചിയിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയപ്പോൾ കുറച്ചുപേർ അടുത്തെത്തി. സംസാരം ലോക്ക്ഡൗണിനെ കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ഒക്കെയായി. പ്രളയവും തുടർന്നെത്തിയ ലോക്ക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്ന് ഞാൻ പറഞ്ഞപ്പോൾ അവർക്ക് ചിരി. യേശുദാസിന്റെ മകന് ഇഷ്ടംപോലെ കാശുണ്ടാകുമല്ലോ എന്നാണ് അവർ പറയുന്നത്. ഒരു സിനിമയിൽ പാടുന്നതിന് എനിക്ക് എത്ര പ്രതിഫലം കിട്ടുമെന്ന് ഊഹിച്ചുപറയാമോ എന്ന് ഞാൻ ചോദിച്ചു. അവർ പറഞ്ഞ തുക അഞ്ച് സിനിമയിൽ പാടിയാൽ പോലും എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. ലോക്ക്ഡൗണും കൊറോണയും മൂലം പ്രോഗ്രാമുകൾ ക്യാൻസൽ ആയെങ്കിലും നമ്മളെ ആശ്രയിച്ചു കഴിയുന്നവരെ നമ്മൾ തന്നെ നോക്കേണ്ടേ.

സിനിമ മാത്രമല്ലല്ലോ സംഗീതത്തിനുള്ള വഴി. മറ്റു ചില പദ്ധതികൾ മനസിലുണ്ട്. ഇൻഡിപെൻഡന്റ് മ്യൂസിക്കിന് ഇവിടെ വലിയ സാധ്യതകളുണ്ട്. പ്രളയവും കൊറോണയുമൊക്കെ വന്നപ്പോൾ ജോലി നഷ്ടപ്പെട്ടു ബുദ്ധിമുട്ടിയവരിൽ വലിയൊരു വിഭാഗം സംഗീതജ്ഞരുണ്ട്. അതൊക്കെ കണ്ടപ്പോഴാണ് ഈ ആഗ്രഹം ശക്തമായത്. സ്വന്തം മ്യൂസിക് കമ്പനി ആഗ്രഹങ്ങളിൽ ഒന്നാണ്. പുതിയ ടാലന്റുകൾക്ക് വഴിയൊരുക്കാനുള്ള വേദിയൊരുക്കാനാകും ഇനി എന്റെ പരിശ്രമം. അത്ര മോഹിപ്പിക്കുന്ന ഗാനവും ഈണവുമായി ആരെങ്കിലും സമീപിച്ചാൽ മാത്രമേ ഈ തീരുമാനം മാറ്റുന്നതിനെ കുറിച്ച് ഞാൻ ചിന്തിക്കുക പോലുമുള്ളൂ', -വിജയ് യേശുദാസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP