Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഞാൻ ക്രിസ്ത്യൻ മതത്തിൽ ജനിച്ച ഒരാളാണ്; എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും; ഞാൻ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളിൽ ഇടപ്പെട്ടിട്ടില്ല; വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെൺകുട്ടിയെയാണ്; വിവാഹം ക്രിസ്ത്യൻ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ': സംഘപരിവാറിനെ തേച്ചൊട്ടിക്കുന്ന മറുപടിയുമായി ഇളയദളപതിയുടെ പിതാവ് ചന്ദ്രശേഖർ

'ഞാൻ ക്രിസ്ത്യൻ മതത്തിൽ ജനിച്ച ഒരാളാണ്; എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും; ഞാൻ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളിൽ ഇടപ്പെട്ടിട്ടില്ല; വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെൺകുട്ടിയെയാണ്; വിവാഹം ക്രിസ്ത്യൻ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ': സംഘപരിവാറിനെ തേച്ചൊട്ടിക്കുന്ന മറുപടിയുമായി ഇളയദളപതിയുടെ പിതാവ് ചന്ദ്രശേഖർ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്യും സംഘപരിവാറുമായുള്ള അസ്വാരസ്യങ്ങൾ തമിഴകത്ത് ഇപ്പോൾ ശക്താമാണ്. വിജയ്ക്കെതിരെ വിദ്വേഷ പ്രചാരണവുമായാണ് പലപ്പോഴും സംഘപരിവാർ നീങ്ങിയത്. വിജയ് ഒരു ഹിന്ദുവല്ലെന്നും അദ്ദേഹം ക്രിസ്ത്യാനിയാണെന്നും പേര് ജോസഫ് ചന്ദ്രശേഖർ വിജയ് എന്നുമാണെന്നുമാണ് സംഘപരിവാർ വ്യാപകമായി പ്രചരിപ്പിച്ചത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിൽ നടൻ വിജയ്യുടെ വസതയിൽ കുറച്ച് കാലങ്ങൾക്ക് മുൻപ് റെയ്ഡ് നടന്നിരുന്നു. ബിഗിൽ എന്ന സിനിമയുടെ വരുമാനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് റെയ്ഡ് നടന്നത്. എന്നാൽ അദ്ദേഹത്തിന്റെ വസതിയിൽ അനധികൃത പണമൊന്നും കണ്ടെടുക്കാൻ ആദായ നികുതി വകുപ്പിനായില്ല. ഇതിന് തൊട്ടുപിന്നാലെ വിജയ്, വിജയ് സേതുപതി തുടങ്ങിയ താരങ്ങൾക്കെതിരേ മതപരിവർത്തന വിവാദം ഉന്നയിച്ച് സാമൂഹിക മാധ്യമങ്ങളിൽ സംഘപരിവാർ അനുഭാവികൾ രംഗത്തെി. ഇവർക്ക് ശക്തമായ മറുപടിയുമായി വിജയ് സേതുപതി രംഗത്ത് വന്നിരുന്നുവെങ്കിലും വിജയ് പ്രതികരിച്ചിരുന്നില്ല.

വിവാദങ്ങൾക്ക് മറുപടിയുമായി വിജയ്യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ രംഗത്ത് വന്നിരിക്കുകയാണിപ്പോൾ്.'ഞാൻ ക്രിസ്ത്യൻ മതത്തിൽ ജനിച്ച ഒരാളാണ്. എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും. 45 വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം. ഞാൻ ഒരിക്കലും അവരുടെ മതവിശ്വാസങ്ങളിൽ ഇടപ്പെട്ടിട്ടില്ല. ജീവിതത്തിൽ ഒരുവട്ടം മാത്രം ഞാൻ ജറുസലേമിൽ പോയിട്ടുണ്ട്, മൂന്ന് വട്ടം തിരുപ്പതിയിലും. തിരുപ്പതിയിൽ പോയി തലമൊട്ടയടിച്ചിട്ടുണ്ട്. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെൺകുട്ടിയെയാണ് (സംഗീത). ഞങ്ങളുടെ വീട്ടിൽ ഒരു വലിയ പൂജ മുറിയുണ്ട്. വിജയ്യുടെ വിവാഹം ക്രിസ്ത്യൻ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവർ തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാൽ ആരോപണം ഉന്നയിച്ചവർ പരസ്യമായി മാപ്പ് പറയുമോ?'- ഒരു മാസികക്ക് നൽകിയ അഭിമുഖത്തിൽ ചന്ദ്രശേഖർ വ്യക്തമാക്കി.

സംഭവത്തിൽ തന്റെ പേരും വലിച്ചിഴക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നേരത്തെ നടൻ വിജയ് സേതുപതിയും പ്രതികരിച്ചിരുന്നു.മതപരമായി ബന്ധമുള്ള സ്ഥാപനങ്ങൾ തമിഴ് സിനിമാ താരങ്ങളിൽനിന്നു പണം സ്വീകരിച്ച് ആളുകളെ മതപരിവർത്തനം നടത്തുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നതെന്നും പറയുന്നു. വിജയ് സേതുപതി, ആര്യ, രമേഷ് കണ്ണ, ആരതി തുടങ്ങിയവർ മതം മാറിയെന്നും ഇവർ ആരോപിക്കുന്നു. തമിഴ് സിനിമാ പ്രവർത്തകരുടെ വീട്ടിൽ ഇനിയും റെയ്ഡ് നടക്കുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം നൽകുന്നു.പോയി വേറെ പണി നോക്കെടാ എന്നായിരുന്നു വിജയ് സേതുപതിയുടെ പ്രതികരണം. ആരോപണങ്ങളുടെ സ്‌ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചാണ് അദ്ദേഹത്തിന്റെ മറുപടി.

കഴിഞ്ഞ ആഴ്ചയാണ് ചെന്നൈയിലുള്ള വിജയ്യുടെ വീട്ടിൽ അടക്കം ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. തുടർന്ന് നെയ്വേലിയിൽ ഷൂട്ടിങ് ലൊക്കേഷനിലെത്തി വിജയ്യെ കസ്റ്റഡിയിലെടുക്കുകയും 24 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വിജയ് നായകനായ 'ബിഗിൽ' എന്ന ചിത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആദായ നികുതി വെട്ടിപ്പ് ആരോപിച്ചായിരുന്നു പരിശോധനയും ചോദ്യംചെയ്യലും.

രാഷ്ട്രീയം പറഞ്ഞ് കേന്ദ്രത്തിന്റെ കരടായ നടൻ

കേന്ദ്ര സർക്കാരിനെ സിനിമകളിലൂടെ വിമർശിച്ചതിന്റെ പേരിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിടേണ്ടി വന്ന നടനാണ് വിജയ്. തമിഴ്‌നാട് സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിച്ച് വിജയ് കഴിഞ്ഞദിവസവും രംഗത്തെത്തിയിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളിൽ ബിജെപിയ്‌ക്കെതിരെയും തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിക്കുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ എഐഎഡിഎംകെ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു.

വിജയ് ചിത്രമായ മെർസലിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന പേരിലാണ് സംഘപരിവാർ അനുഭാവികളും നേതാക്കളും താരത്തിനെതിരെ രംഗത്തെത്തിയത്. മെർസൽ സിനിമയുടെ പേരിൽ വംശീയമായി പോലും വേട്ടയാടപ്പെട്ട ഇളയ ദളപതി ഈ അഗ്നിപരീക്ഷകളെ അതിജീവിച്ച് ശക്തമായി തിരിച്ചെത്തും എന്നാണ് ആരാധകർ പറയുന്നത്.വിജയ് ചിത്രമായ മെർസലിൽ മോദി സർക്കാരിനെതിരെ പരാമർശം ഉണ്ട് എന്ന പേരിൽ ബിജെപിയും സംഘപരിവാറും അപ്പോൾ തന്നെ രംഗത്തിറങ്ങിയിരുന്നു.പിന്നീട്, വിജയ് ഹിന്ദു വിരുദ്ധനാണെന്ന രീതിയിൽ പ്രചാരണം ശക്തമായി. അതിന് വിജയുടെ മതം തന്നെയാണ് ഇവർ ഉപയോഗിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളിൽ അഭിനയിക്കുന്ന വിജയ് ഒരു ക്രിസ്ത്യാനി ആണെന്ന് എത്ര പേർക്ക് അറിയാം എന്ന ചോദ്യമാണ് സംഘപരിവാർ കേന്ദ്രങ്ങൾ ഉയർത്തിയത്. അമ്പലമല്ല, ആശുപത്രിയാണ് വേണ്ടത് എന്നൊരു ഡയലോഗ് ഉണ്ട് സിനിമയിൽ. ഈ ഡയലോഗിൽ ക്ഷേത്രത്തിന് പകരം പള്ളി എന്ന് വിജയ് പറയുമോ എന്നാണ് സംഘപരിവാർ അനുകൂലികളുടെ ചോദ്യം. വിജയ്ക്കെതിരെ കേരളത്തിൽ പോലും വിദ്വേഷ പ്രചാരണം രൂക്ഷമായിരുന്നു. വിജയ് ക്രിസ്ത്യാനിയാണ് എന്നാണ് ഇവർ കൂട്ടത്തോടെ പ്രചരിപ്പിക്കുന്നത്. ഹൈന്ദവ വിരുദ്ധ ചിത്രങ്ങളിൽ ആണ് വിജയ് അഭിനയിക്കുന്നത് എന്നും ഇവർ ആക്ഷേപിക്കുന്നു.

ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് വിജയുടെ മുഴുവൻ പേര്. സോഷ്യൽ മീഡിയയിലെ ഫേക്ക് അക്കൗണ്ടുകൾ മാത്രമല്ല ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്. ബിജെപിയുടെ ഔദ്യോഗിക നേതാക്കളും വിജയ്ക്കെതിരെ രംഗത്തിറങ്ങിയിരുന്നു. തമിഴ്‌നാട്ടിലെ ബിജെപി നേതാവ് എച്ച് രാജ വിജയ് ക്രിസ്ത്യാനിയാണ് എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു. വിജയുടെ മുഴുവൻ പേരും എഴുതിക്കൊണ്ടായിരുന്നു രാജയുടെ ട്വീറ്റ്.സിനിമയിലെ ഡയലോഗുകളിൽ വിജയുടെ മത വിശ്വാസത്തിന് പങ്കുണ്ട് എന്നാണ് അടുത്ത വിമർശനം. മോദി സർക്കാരിനെ വിമർശിക്കുന്നതിന്റെ പേരിലായിരുന്നു ഈ യുദ്ധമെല്ലാം. നരേന്ദ്ര മോദി സർക്കാരിന്റെ നോട്ട് നിരോധനവും കാഷ് ലെസ് എക്കോണമിയും എല്ലാം സിനിമയിൽ പരിഹസിക്കപ്പെടുന്നുണ്ട്. ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ആണ് ഈ രംഗം.

സിംഗപ്പൂരിൽ ഏഴ് ശതമാനം ജിഎസ്ടി ഈടാക്കുമ്പോൾ ഇന്ത്യയിൽ 28 ശതമാനം ആണ് ജിഎസ്ടി. എന്നാൽ സിംഗപ്പൂരിൽ കുറഞ്ഞ ചെലവിൽ വൈദ്യസഹായം ലഭ്യമാകുമ്പോൾ ഇന്ത്യയിൽ അത് സാധ്യമാകുന്നില്ലെന്നാണ് വിജയുടെ ഒരു ഡയലോഗ്. അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടത് എന്നും വിജയ് പറയുന്നുണ്ട്. ഇതെല്ലാം ബിജെപി പ്രവർത്തകരെ മാത്രമല്ല, നേതാക്കളെ പോലും ചൊടിപ്പിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് നാളുകൾക്ക ശേഷം വിജയുടേതായി ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം ബിഗിലിന്റെ നിർമ്മാതാക്കളായ എവി എസ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് ഇരുപതോളം കേന്ദ്രങ്ങളിൽ ഇന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിജയിയെ സെറ്റിലെത്തി ചോദ്യം ചെയ്യുന്നത്. രണ്ട് വർഷം മുൻപ് മെർസൽ സിനിമ റിലീസായ സമയത്തും സമാനമായ പരിശോധന ആദായനികുതി വകുപ്പ് നടത്തിയിരുന്നു എന്നാൽ അന്നും ചട്ടവിരുദ്ധമായി ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല.

പുതിയ ചിത്രമായ മാസ്റ്ററിന്റെ ചിത്രീകരണത്തിലായിരുന്നു വിജയ്. അതേസമയം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നിർദ്ദേശത്തെ തുടർന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകൾ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. രജനീകാന്തിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ നടപടി.അതിനിടെ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും റിപ്പോർട്ടുണ്ട്. അപ്പോഴും എതിരാളിയായി സംഘപരിവാർ കാണുന്നത് സാക്ഷാൽ രജനിയെയാണ്. വിജയ്യുടെ പിതാവ് കോൺഗ്രസ് അനുഭാവിയാണെന്നത് ആ തമിഴനാട്ടിൽ വെടിതീർന്ന് നിൽക്കുന്ന കോൺഗ്രസിനും പ്രതീക്ഷ നൽകുന്നതാണ്.

തുടർച്ചയായ വിജയചിത്രങ്ങളിലൂടെ തമിഴിൽ തിളങ്ങിനിൽക്കുന്ന സൂപ്പർതാരമാണ് ദളപതി വിജയ്. നടന്റെതായി പുറത്തിറങ്ങാറുള്ള മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വിജയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ബിഗിൽ ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിൽ നിന്നായി വലിയ വിജയം നേടിയിരുന്നു. അറ്റ്ലീ സംവിധാനം ചെയ്ത ബിഗിൽ മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു. മെർസൽ, സർക്കാർ,ബിഗിൽ എന്നീ മെഗാഹിറ്റുകളോടെ തമിഴിൽ താരമൂല്യം ഉയർന്ന താരമായും ദളപതി മാറിയിരുന്നു. വിജയ് ചിത്രങ്ങൾ നിർമ്മിച്ചാൽ സാമ്പത്തിക ലാഭം ഉറപ്പായും ലഭിക്കുമെന്ന തരത്തിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ. അതിനിടയിലാണ് പുതിയ വിവാദങ്ങളും പ്രശ്‌നങ്ങളും താരത്തെ തേടിയെത്തുന്നത്. ഇപ്പോഴിതാ രാഷ്ട്രീയത്തിൽ ഇറങ്ങാനും വിജയ് നിർബന്ധിക്കപ്പെട്ടിരിക്കയാണ്.അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ കളികൾ ഇനി വേറെ ലെവലായിരിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP