Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുവകകൾ പിടിച്ചെടുത്ത് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്; ഇഡി കണ്ടുകെട്ടിയത് 1.6 ദശലക്ഷം യൂറോയുടെ സ്വത്ത്; കിങ്ഫിഷർ എയർലൈൻസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി കണ്ടെത്തിയെന്നും ഇഡി

വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുവകകൾ പിടിച്ചെടുത്ത് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്; ഇഡി കണ്ടുകെട്ടിയത് 1.6 ദശലക്ഷം യൂറോയുടെ സ്വത്ത്; കിങ്ഫിഷർ എയർലൈൻസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി കണ്ടെത്തിയെന്നും ഇഡി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായി വിജയ് മല്യയുടെ ഫ്രാൻസിലെ സ്വത്തുവകകൾ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്. 1.6 ദശലക്ഷം യൂറോ(ഏകദേശം 14 കോടി ഇന്ത്യൻ രൂപ) സ്വത്തുവകകൾ പിടിച്ചെടുത്തതായാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവനയിൽ പറയുന്നത്.

ഫ്രാൻസിലെ 32 അവന്യൂ എഫ്ഒസിഎച്ചിലുള്ള വിജയ് മല്യയുടെ സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വത്തുവകകളുടെ ആകെ മൂല്യം 1.6 മില്യൺ യൂറോയാണ്. കിങ്ഫിഷർ എയർലൈൻസ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

2016 മുതൽ വിജയ് മല്യ യുകെയിലാണ്. നേരത്തേ, ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള വിധിക്കെതിരേ ബ്രിട്ടിഷ് സുപ്രീംകോടതിയിൽ അപ്പീൽ പോവാനുള്ള വിജയ് മല്യയുടെ നീക്കത്തിന് തിരിച്ചടി നേരിട്ടിരുന്നു. 8 ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവിനെതിരായ അപ്പീൽ നൽകുന്നതിനായി മല്യ സമർപിച്ച അപേക്ഷ കോടതി തള്ളുകയായിരുന്നു. കിട്ടാക്കടവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ വകുപ്പുകൾ പ്രകാരം മല്യക്കെതിരേ ഇന്ത്യയിൽ കേസുകൾ നിലനിൽക്കുന്നുണ്ട്.

രാജ്യത്ത് ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുമ്പോൾ തട്ടിപ്പ് നടത്തി സ്വന്തമാക്കിയ പണം പൂർണമായും മടക്കി നൽകാൻ തയാറാണെന്ന് വിജയ് മല്യ പറഞ്ഞിരുന്നു. 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമനോട് ഇയാൾ അഭ്യർഥിച്ചത്. ബാങ്കുകൾ പണം സ്വീകരിച്ച് കണ്ടുകെട്ടിയ സ്വത്ത് വകകൾ തിരികെ നൽകാൻ തയാറാവണമെന്നും മല്യ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ തന്റെ ഈ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇയാൾ ട്വിറ്ററിൽ കുറിച്ചു.

കിങ്ഫിഷർ വിമാനക്കമ്പനി ഏറ്റെടുത്തതോടെയാണ് മല്യയുടെ വ്യവസായ സാമ്രാജ്യത്തിലേക്ക് കടം പറന്നിറങ്ങിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നുമാത്രം 1600 കോടി രൂപയാണ് കിങ്ഫിഷർ വായ്പയെടുത്തത്. ഐഡിബിഐ (800 കോടി), പി.എൻ.ബി (800 കോടി), ബാങ്ക് ഓഫ് ഇന്ത്യ (650 കോടി), ബാങ്ക് ഓഫ് ബറോഡ (550 കോടി) യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (430 കോടി), സെൻട്രൽ ബാങ്ക് (410 കോടി), യൂക്കോ ബാങ്ക് (320 കോടി), കോർപറേഷൻ ബാങ്ക് (310 കോടി), സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ (150 കോടി), ഇന്ത്യൻ ഓവർസീസ് ബാങ്ക് (140 കോടി), ഫെഡറൽ ബാങ്ക് (90 കോടി), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (60 കോടി), ആക്‌സിസ് ബാങ്ക് (50 കോടി) എന്നിവയ്ക്ക് പുറമെ, മറ്റു മൂന്നുബാങ്കുകളിൽനിന്നായി 603 കോടി രൂപയും കിങ്ഫിഷർ വായ്പയെടുത്തിട്ടുണ്ട്. ഇതിനകം 6963 കോടി രൂപയാണ് കിങ്ഫിഷറിന്റെ പേരിൽ മല്യ എടുത്തിട്ടുള്ള വായ്പകൾ.

28ാം വയസിൽ പിതാവിന്റെ മരണശേഷം (സ്വത്തിനായി മല്യ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവും പലപ്പോഴായി ഉയർന്നിരുന്നു) യുബി ഗ്രൂപ്പിന്റെ ചെയർമാനായിട്ടാണ് മല്യയുടെ കടന്നുവരവ്. അതുവരെ പരമ്പരാഗത ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന യുബി ഗ്രൂപ്പിന് പിന്നീട് വളർച്ചയുടെ കാലഘട്ടമായിരുന്നു. മദ്യ വ്യവസായത്തിലൂടെ കോടികൾ പോക്കറ്റിലാക്കാൻ മല്യക്കായി. ഇത് പിന്നീട് വിമാന കമ്പനി, ഐപിഎൽ, ഫാഷൻ, മോട്ടോർ സ്പോട്സ് ഇങ്ങനെ വളർന്നു കൊണ്ടിരുന്നു. വിമാന കമ്പനിയിൽ എരിഞ്ഞു വീഴുന്നതുവരെ ഇന്ത്യൻ വ്യവസായ ലോകത്തെ രാജാവ് തന്നെയായിരുന്നു മല്യ.

ലോകത്തെ തന്നെ ഒന്നാംനിര മദ്യവ്യവസായിയായിരുന്ന വിജയ് മല്യയുടെ കഷ്ടകാലം തുടങ്ങുന്നത് കിങ്ഫിഷർ എയർലൈൻസിന്റെ വരവോടെയാണ്. തന്റെ ആഡംബര ജീവിതത്തിന്റെ പ്രതീകം പോലെ മല്യ കിങ്ഫിഷർ എയർലൈൻസിന് തുടക്കമിട്ടത് 2005 മെയ് മാസത്തിലാണ്. എയർലൈൻസിനുവേണ്ടി ബാങ്കുകളിൽനിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പയാണ് മല്യയുടെ വ്യവസായ സാമ്രാജ്യം തകർത്തത്.

തന്റെ വ്യവസായ സാമ്രാജ്യം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു മല്യ ഇക്കാലമത്രയും. മദ്യവ്യവസായ രംഗത്തെ തന്റെ എതിരാളിയായ മനു ഛബാരിയയുടെ നിര്യാണത്തെത്തുടർന്ന് 2002-ൽ ഇന്ത്യയിലെ ഏറ്റവും വലിയ മദ്യക്കമ്പനിയായ ഷോവാലാസ് 1300 കോടി രൂപയ്ക്ക് മല്യ സ്വന്തമാക്കി. മല്യയുടെ യുണൈറ്റഡ് ബ്രുവറീസിൽ 37.5 ശതമാനം ഓഹരി നൽകി ബ്രിട്ടീഷ് ബിയർ കമ്പനിയായ സ്‌കോട്ടിഷ് ആൻഡ് ന്യൂകാസിലിനെക്കൂടി ഉൾപ്പെടുത്തിയാണ് ഈ കച്ചവടം മല്യ നടത്തിയത്.

വ്യോമയാന രംഗം തകർച്ചയെ നേരിടുന്ന ഘട്ടത്തിലാണ് കിങ്ഫിഷറിലേക്ക് മല്യ കാലെടുത്തുവച്ചത്. ഇന്ധന വില വർധനയെത്തുടർന്ന് ്‌വ്യോമയാന മേഖല അപ്പാടെ തകർച്ചയിലായിരുന്നു. എന്നാൽ, ഏറ്റവും മികച്ച സേവനങ്ങൾ നൽകണമെന്ന് വാശിപിടിച്ച മല്യ, ബോളിവുഡ് സുന്ദരിമാരെയും നേരിട്ട് തിരഞ്ഞെടുത്ത എയർഹോസ്റ്റസുമാരെയും ഉപയോഗിച്ചാണ് കിങ്ഫിഷറിന്റെ പ്രചാരണം നടത്തിയത്. തുടക്കത്തിൽ കിങ്ഫിഷർ ഒട്ടേറെ യാത്രക്കാരെ ആകർഷിച്ചിരുന്നു. കിങ്ഫിഷർ വളർന്നപ്പോൾ എയർ ഡെക്കാണിനെപ്പോലുള്ള ചെറുകിട വിമാനക്കമ്പനികൾ തകർന്നു തരിപ്പണമായി. 2007-ൽ എയർ ഡെക്കാൺ ഏറ്റെടുക്കാൻ മല്യ തയ്യാറായി. 550 കോടി രൂപ മുടക്കിയാണ് യുണൈറ്റഡ് ബ്രുവറീസ് ഡെക്കാണിൽ 26 ശതമാനം ഓഹരികൾ വാങ്ങിയത്. എയർ ഡെക്കാൺ വാങ്ങാനുള്ള തീരുമാനമാണ് കിങ്ഫിഷറിനെ നിലത്തിറക്കിയതെന്ന് വിലയിരുത്തുന്നവരേറെയാണ്.

ഒരുഘട്ടത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു കിങ്ഫിഷർ. 2008-ൽ ലണ്ടനിലേക്ക് വിമാനം പറത്തിക്കൊണ്ട് അന്താരാഷ്ട്ര വ്യോമയാന രംഗത്തും മല്യ ചുവടുവച്ചു. അന്താരാഷ്ട്ര വിമാന സർവീസുകളും ബജറ്റ് ആഭ്യന്തര സർവീസുകളും ഒരുമിച്ച് നടത്തിക്കൊണ്ടുപോയിരുന്ന കിങ്ഫിഷറിന് ഇന്ധന വില വർധിച്ചതോടെ പിടിച്ചുനിൽക്കാനാകാതെയായി. 2008 മാർച്ചിൽ കിങ്ഫിഷറിന്റെ കടം 934 കോടി രൂപയായി. ഒരുവർഷം കഴിഞ്ഞപ്പോൾ അത് 5665 കോടി രൂപയായി വർധിച്ചു. 2007-08ൽ 188 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി ഒരുവർഷം കഴിഞ്ഞപ്പോൾ 1608 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

എയർ ഡെക്കാൺ ഏറ്റെടുക്കാനുള്ള തീരുമാനമാണ് കിങ്ഫിഷറിനെ തകർത്തതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. അന്താരാഷ്ട്ര വ്യോമയാന അസോസിയേഷൻ 5.2 ബില്യൺ ഡോളർ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഘട്ടത്തിലാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഡെക്കാണിനെ സ്വന്തമാക്കാൻ മല്യ പണമിറക്കിയത്. 2009-10 ആയപ്പോഴേക്കും കിങ്ഫിഷറിന്റെ കടനം 7000 കോടി കവിഞ്ഞു. കിങ്ഫിഷറിന് നൽകിയ വായ്പകൾ ബാങ്കുകളുടെ കിട്ടാക്കടമായി മാറിയത് അക്കൊല്ലമാണ്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകൾ 1335 കോടി രൂപയുടെ കടം കിങ്ഫിഷറിലെ ഓഹരികളാക്കി മാറ്റി. കടം തിരിച്ചടയ്ക്കാനുള്ള കാലയളവ് ഒമ്പത് വർഷമായി ഉയർത്തുകയും ചെയ്തു.

എന്നാലിതൊന്നും കിങ്ഫിഷറിനെ സഹായിച്ചില്ല. എന്നാൽ, മല്യയാകട്ടെ ഇക്കാലയളവിനിടെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിനെ 450 കോടിയോളം രൂപ മുടക്കി സ്വന്തമാക്കി. ഫോർമുല വണ്ണിൽ ഫോഴ്‌സി ഇന്ത്യ എന്ന പേരിൽ കാറും മത്സരത്തിനിറക്കി. ഇതിനിടെ 2010-ൽ കോടികൾ മുടക്കി രാജ്യസഭാ എംപി സ്ഥാനവും മല്യ സ്വന്തമാക്കി. കർണാടകയിൽനിന്നുള്ള സ്വതന്ത്രനായാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്.

കോടികളുടെ കടം പെരുകിയപ്പോഴും കിങ്ഫിഷറിൽനിന്ന് മല്യ കോടികൾ വേതനം പറ്റിയിരുന്നു. 2011-ലും 2012-ലും 33.46 കോടി രൂപ വീതം. ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാനില്ലാതെ 2012-ൽ കിങ്ഫിഷർ എയർലൈൻസ് നിലത്തിറങ്ങി. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുപോലും കമ്പനി അടച്ചിരുന്നില്ല. 16,023 കോടിയായി കമ്പനിയുടെ നഷ്ടം.

സ്വകാര്യ വിമാനത്തിൽ കറങ്ങി നടന്നിരുന്ന മല്യക്ക് 2015 ഏപ്രിലിൽ സ്വകാര്യ വിമാനവും നഷ്ടമായി. എയർപോർട്ട് വാടക നൽകാത്തതിന്റെ പേരിൽ മുംബൈ വിമാനത്താവള അധികൃതർ മല്യയുടെ സ്വകാര്യ വിമാനം 22 ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റു. സേവന നികുതിയിനത്തിൽ 115 കോടി രൂപ അടയ്ക്കാത്തതിന്റെ പേരിൽ നികുതി വകുപ്പ് കിങ്ഫിഷറിന്റെ എട്ട് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും പിടിച്ചെടുത്തു. എ319 എയർബസടക്കം പിടിച്ചെടുത്തവയിൽപ്പെടുന്നു. കിങ്ഫിഷറിന്റെ ഫ്‌ളൈയിങ് പെർമിറ്റുകൾ 2013 ഫെബ്രുവരിയിൽ റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ, ഇത് പുതുക്കാനുള്ള 24 മാസ കാലയളവ് ഉപയോഗിച്ച് പുനരുജ്ജീവന പരിപാടികളുമായി മല്യ രംഗത്തുവന്നു. എന്നാൽ അതും പരാജയപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP