Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബ്രിട്ടനിലെ കോടതി കൈവിടുകയും സ്വത്തുക്കൾ കണ്ടെത്താൻ രാജ്യത്തു നിയമം കൊണ്ടു വരികയും ചെയ്തതോടെ അഹങ്കാരം മാറ്റിവെച്ച് നിയമത്തിന് മുമ്പിൽ എത്താൻ ആലോചിച്ച് വിജയ് മല്യ; നാട്ടിലെ ബാങ്കുകളെ പറ്റിച്ചു ഇംഗ്ലണ്ടിലെത്തി സ്ത്രീകൾക്കൊപ്പം അടിച്ചു പൊളിച്ചു ആഡംബര ജീവിതം നയിച്ച കിങ് ഫിഷർ മുതലാളി ബ്രിട്ടൻ പുറത്താക്കും മുമ്പേ മടങ്ങിവന്നേക്കും

ബ്രിട്ടനിലെ കോടതി കൈവിടുകയും സ്വത്തുക്കൾ കണ്ടെത്താൻ രാജ്യത്തു നിയമം കൊണ്ടു വരികയും ചെയ്തതോടെ അഹങ്കാരം മാറ്റിവെച്ച് നിയമത്തിന് മുമ്പിൽ എത്താൻ ആലോചിച്ച് വിജയ് മല്യ; നാട്ടിലെ ബാങ്കുകളെ പറ്റിച്ചു ഇംഗ്ലണ്ടിലെത്തി സ്ത്രീകൾക്കൊപ്പം അടിച്ചു പൊളിച്ചു ആഡംബര ജീവിതം നയിച്ച കിങ് ഫിഷർ മുതലാളി ബ്രിട്ടൻ പുറത്താക്കും മുമ്പേ മടങ്ങിവന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളെ കബളിപ്പിച്ച പണവുമായി ബ്രിട്ടനിലേക്ക് കടന്ന് ആഡംബര ജീവിതം നയിക്കുന്ന വിജയ് മല്യക്ക് മേൽ കുരുക്ക് മുറുകുന്നു. മല്യയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ബ്രിട്ടീഷ് കോടതി അനുമതി നൽകുകയും സ്വത്തുക്കൾ കണ്ടെത്താൻ രാജ്യത്ത് നിയമം കൊണ്ടുവരുകയും ചെയ്തതോടെ മല്യ സമാവായത്തിന്റെ പാതയിലേക്ക് നീങ്ങിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കുരുക്കു മുറുകിയതോട മല്യ ഇന്ത്യയിലേക്ക് മടങ്ങിവരാൻ തയ്യാറെടുക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിയമപരമായ നടപടികൾ നേരിടാൻ തയ്യാറാണെന്ന് കാട്ടി മല്യ ഇന്ത്യൻ അധികൃതരെ സമീപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിന് അടുത്തിടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമാണ് മല്യയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഈ നിയമമനുസരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ വിദേശത്തുള്ളതടക്കമുള്ള സമ്പാദ്യം കേന്ദ്രസർക്കാരിന് കണ്ടുകെട്ടാം. ഈ നീക്കം മല്യയെ ലക്ഷ്യമിട്ടാണെന്നും വിലയിരുത്തൽ ഉണ്ടായി. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്. അതേസമയം, മല്യയെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച അവസാന വട്ട ചർച്ചകൾ നടക്കുന്നതിനാൽ ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആവില്ലെന്നാണ് അധികൃതരുടെ നിലപാട്.

ഇന്ത്യയിലെ നിരവധി ബാങ്കുകളിൽ നിന്നായി മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഏകദേശം 9000 കോടി രൂപയുടെ വായ്&്വംിഷ;പ്പാ തുക തിരിച്ചടക്കാനുണ്ട്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങവെയാണ് മല്യ വിദേശത്തേക്ക് കടന്നത്. അതേസമയം, കോടതി നിർദ്ദേശ പ്രകാരം തന്റെ സമ്പാദ്യങ്ങൾ മുഴുവൻ കൈമാറാൻ തയ്യാറാണെന്ന് മല്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2016 ഏപ്രിലിൽ തന്റെ അവസ്ഥ വിവരിച്ച് കൊണ്ട് പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിലെ വോട്ടുകൾക്ക് വേണ്ടി തന്നെ കുരിശിലേറ്റണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനായി അവർ തന്നെ സാമ്പത്തിക കുറ്റവാളിയായി മുദ്ര കുത്തുകയാണെന്നും ഇപ്പോൾ ലണ്ടനിൽ കഴിയുന്ന മല്യ ആരോപിച്ചിരുന്നു.

യു.കെ അധികാരികളുമായി സഹകരിച്ച് മല്യയുടെ പരമാവധി ആസ്തികൾ കണ്ടുകെട്ടാനുള്ള ശ്രമം ബാങ്കുകൾ ആരംഭിച്ചെന്ന് എസ്.ബി.ഐ മാനേജിങ് ഡയറക്ടർ അരിജിത് സിങ് ബസുവും അടുത്തിടെ വ്യക്തമാക്കിയിരുന്നു. മല്യയുടെ സ്വത്തിനെ കുറിച്ച് അന്വേഷണം നടത്താനും കണ്ടുകെട്ടാനും ബ്രിട്ടീഷ് ഹൈക്കോടതി ബാങ്കുകൾക്ക് അനുമതി നൽകിയതോടെയാണ് പുതിയ നീക്കം ആരംഭിച്ചത്. ഈ നീക്കവും മല്യയെ പുനരാലോചനയ്ക്ക് പ്രേരിപ്പിച്ചു. കോടതി വിധിയിൽ അതീവ സന്തുഷ്ടരാണെന്നും മല്യയുടെ സ്വത്ത് കണ്ടുകെട്ടുന്നതിലൂടെ ബാങ്കുകൾക്ക് ലഭിക്കാനുള്ള പണം ലഭ്യമാകുമെന്നും എസ്.ബി.ഐ എം.ഡി പ്രതികരിച്ചു. ഒരു പ്രത്യേക തുക പറയാതെ തങ്ങളിൽ നിന്നും എടുത്ത വായ്പയുടെ ഒരു ഭാഗം ഇതിലൂടെ വീണ്ടെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകവ്യാപകമായുള്ള മല്യയുടെ ആസ്തികളെല്ലാം മരവിപ്പിക്കുന്നതായിരുന്നു യു.കെ എൻഫോഴ്‌സ്മന്റെിന്റെ വിധി. ഇന്ത്യയിലെ ബാങ്കുകളെല്ലാം അവർക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെയും ബാങ്കുകൾ നിയമിച്ചിട്ടുണ്ട്. 13 ബാങ്കുകളടങ്ങിയ കൺസോർട്യത്തിന്റെ നേതാവ് എസ്.ബി.ഐ ആണ്. 9000 കോടി രൂപയുടെ വായ്പ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലുമടക്കമുള്ള കുറ്റങ്ങൾക്ക് വിചാരണ നേരിടാതെ 2016 മാർച്ചിലാണ് മല്യ ലണ്ടനിലേക്ക് കടന്നത്. ഇതേതുടർന്ന് വായ്പ നൽകിയ ബാങ്കുകളുടെ കൺസോർട്യം നിയമനടപടികളുമായി മുന്നോട്ടുവരുകയും ബ്രിട്ടനിലെ ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. ലോകമാകെയുള്ള തന്റെ ആസ്തികൾ മരവിപ്പിച്ച ഇന്ത്യൻ കോടതി ഉത്തരവിനെതിരെ വിജയ് മല്യ നൽകിയ ഹരജി ലണ്ടനിലെ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

വായ്പ തിരിച്ചടയ്ക്കാതെ ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട വിജയ് മല്യയുടെ സ്വകാര്യ ആഡംബര വിമാനം ലേലത്തിൽ വിറ്റിരുന്നു. 34.8 കോടി രൂപയ്ക്ക് അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഒരു ഏവിയേഷൻ മാനേജ്‌മെന്റ് സ്ഥാപനമാണ് വിമാനം സ്വന്തമാക്കിയത്. 152 കോടി രൂപ അടിസ്ഥാന വിലയിട്ട വിമാനം മുമ്പ് നിരവധി തവണ ലേലത്തിൽ വെച്ചിരുന്നെങ്കിലും ആരും സ്വന്തമാക്കാൻ എത്തിയിരുന്നില്ല. ഇതേ തുടർന്നാണ് കുറഞ്ഞ വിലയ്ക്ക് അമേരിക്കൻ കമ്പനി വിമാനം സ്വന്തമാക്കിയത്.

വിജയ് മല്യ 800 കോടി രൂപ സേവന നികുതി അടയ്ക്കാത്തതിനെ തുടർന്ന് 2013 ലാണ് സർവീസ് ടാക്‌സ് ഡിപ്പാർട്ടുമെന്റ് വിമാനം ജപ്തി ചെയ്തത്. മല്യയുടെ എയർബസ് എസിജെ 319 (വിജെഎം 319) എന്ന വിമാനമാണ് ലേലത്തിൽ വിറ്റുപോയത്. ഏകദേശം 130 മുതൽ 140 വരെ പേർക്ക് സഞ്ചരിക്കാവുന്ന എയർബസ് എ 319 ന്റെ ലക്ഷ്വറി പതിപ്പാണ് എസിജെ 319. 25 യാത്രക്കാർക്കും 6 വിമാന ജോലിക്കാർക്കും സഞ്ചരിക്കാൻ സാധിക്കുന്ന ജെറ്റിൽ അത്യാഡംബര സൗകര്യങ്ങളുണ്ട്.

2006 ൽ വിജയ് മല്യ ഏകദേശം 400 കോടിരൂപ മുടക്കിയാണ് ഈ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കുന്നത്. കോൺഫറൻസ് റൂം, ലിവിങ് റൂം, ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഈ ജെറ്റിലുണ്ട്. ഏകദേശം 10 കോടി രൂപയാണ് വിമാനത്തിന്റെ ചെലവുകൾക്കായി മല്യ ഓരോ വർഷവും മുടക്കിയിരുന്നത്. 2001 എപ്രിൽ മുതൽ 2012 സെപ്റ്റംബർ വരെ ഏകദേശം 812 കോടിരൂപ സർവീസ് ടാക്‌സ് അടക്കാത്തതിനായിരുന്നു മല്യയുടെ പ്രൈവറ്റ് ജെറ്റ് അടക്കമുള്ള വിമാനങ്ങൾ സർക്കാർ കണ്ടുകെട്ടിയത്. നിലവിൽ മുംബൈ രാജ്യാന്തര വിമാനത്താവളത്തിലുള്ള പ്രൈവറ്റ് ജെറ്റ് ലേലത്തിൽ വിൽക്കാൻ മുമ്പും ശ്രമിച്ചിരുന്നെങ്കിലും ആരും വാങ്ങാൻ എത്തിയിരുന്നില്ല.

നേരത്തെ മല്യയുടെ 11 സീറ്റർ പ്രൈവറ്റ് ജെറ്റ് സർക്കാർ വിറ്റിരുന്നു. 9000 കോടി രൂപ ഇന്ത്യയിലെ വിവിധ ബാങ്കുകൾക്ക് തിരിച്ചടയ്ക്കാതെയാണ് വിജയ് മല്യ മുങ്ങിയത്. കിങ്ഫിഷർ എയർലൈൻസ് വരുത്തിവെച്ച നഷ്ടം മല്യയുടെ സമ്പാദ്യത്തെ കാര്യമായി ബാധിച്ചു. മല്യയുടെ വീടും കാറുകളും, കിങ്ഫിഷറിന്റെ വസ്തുവകകളും ലേലത്തിൽ സർക്കാർ കണ്ടുകെട്ടിയിരിക്കുകയാണ്.

ഇന്ത്യൻ ബാങ്കുകൾ തന്നെ തട്ടിപ്പിന്റെ പ്രതീകമാക്കി മാറ്റിയെന്നും അങ്ങനെ പൊതുജനങ്ങൾക്കിടയിൽ താൻ വെറുക്കപ്പെട്ടവനായെന്നും മദ്യരാജാവ് വിജയ് മല്യ അടുത്തിടെ പരാതിപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും അയച്ച കത്തിലാണ് വിജയ് മല്യ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ബാങ്കുകളുമായുള്ള ഇടപാട് തീർക്കാനായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും കത്തയച്ചിരുന്നു. പക്ഷെ അവരിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും വിജയ് മല്യ പറഞ്ഞു.

ബാധ്യതകളെല്ലാം തീർക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. എന്നാൽ രാഷ്ട്രീയപരമായ ഇടപെടൽ ഇതിലുണ്ടായാൽ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളുമെല്ലാം ചേർന്ന് താൻ 9000 കോടി മോഷ്ടിച്ച് കടന്നുകളഞ്ഞുവെന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്. ഒരു ന്യായീകരണവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് തനിക്കെതിരെ സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്റേറ്റും കുറ്റം ചുമത്തിയിരിക്കുന്നത്. മാത്രമല്ല 13900 കോടി രൂപ മൂല്യമുള്ള തന്റെ സ്ഥാപനങ്ങൾ അടക്കമുള്ളവ എൻഫോഴ്സ്മെന്റ് വിഭാഗം പിടിച്ചെടുത്തു.കോടതി മേൽനോട്ടത്തിൽ തന്റെ സ്വത്തുക്കൾ വിറ്റഴിച്ച് ബാധ്യത തീർക്കാൻ കോടതിയോട് അനുമതി തേടിയിട്ടുണ്ടെന്നും മല്യ കത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP