Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന വിജയ് മല്യയുടെ അപ്പീൽ തള്ളി യുകെ ഹൈക്കോടതി; ചുറ്റിനും സുന്ദരികളുമായി ഇന്ത്യൻ വ്യവസായ ലോകത്ത് ഒരുകാലത്ത് കിരീടം വെക്കാത്ത രാജാവായി വിലസിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട്സ് കോടതി ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി; വിവിധ ഇന്ത്യൻ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപ തട്ടിപ്പ് നടത്തിയ വ്യവസായ ഭീമനെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ ഇനി തീരുമാനം എടുക്കുക ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും

ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന വിജയ് മല്യയുടെ അപ്പീൽ തള്ളി യുകെ ഹൈക്കോടതി; ചുറ്റിനും സുന്ദരികളുമായി ഇന്ത്യൻ വ്യവസായ ലോകത്ത് ഒരുകാലത്ത് കിരീടം വെക്കാത്ത രാജാവായി വിലസിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട്സ് കോടതി ഉത്തരവ് നടപ്പാക്കണമെന്നും ഹൈക്കോടതി; വിവിധ ഇന്ത്യൻ ബാങ്കുകളിൽ നിന്നായി 9000 കോടി രൂപ തട്ടിപ്പ് നടത്തിയ വ്യവസായ ഭീമനെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ ഇനി തീരുമാനം എടുക്കുക ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്കു നാടുകടത്താനുള്ള നീക്കത്തിനെതിരെ വിജയ് മല്യ നൽകിയ അപ്പീൽ തള്ളി യു.കെ ഹൈക്കോടതി. 9000 കോടി രൂപയുടെ പണം തട്ടിപ്പ് കേസാണ് മല്യക്കെതിരെ ഇന്ത്യയിലുള്ളത്. വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷർ എയർലൈൻസ് വിവിധ ഇന്ത്യൻ ബാങ്കുകളിൽ നിന്നായാണ് 9000 കോടി രൂപ വരെ വായ്‍പയെടുത്തത്. ഈ കേസിൽ വിചാരണ ചെയ്യുന്നതിനാണ് ഇന്ത്യ മല്യയെ കൈമാറാൻ ബ്രിട്ടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അപ്പീൽ കോടതി തള്ളിയതോടെ മല്യയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് ഇനി തീരുമാനമെടുക്കുക.

ഇന്ത്യൻ ജയിലുകളിൽ വൃത്തിഹീനമായ സാഹചര്യമായതിനാൽ തന്നെ കൈമാറരുതെന്ന് കാണിച്ച് മല്യ നൽകിയ അപേക്ഷ കോടതി തള്ളിയിരുന്നു. മല്യയെ ഇന്ത്യക്കു കൈമാറാൻ കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട്സ് കോടതി ഉത്തരവിട്ടത്. വായ്പാത്തട്ടിപ്പു കേസിൽ പ്രഥമദൃഷ്ട്യാ മല്യ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനാലായിരുന്നു വിധി. അപ്പീൽ കോടതി തള്ളിയതോടെ മല്യയെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തിൽ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് ഇനി തീരുമാനമെടുക്കുക. 2017ലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. അതേസമയം,​ കിങ്ഫിഷർ എയർലൈൻസ് വായ്‍പയെടുത്ത മുഴുവൻ തുകയും തിരിച്ചുനൽകാൻ തയ്യാറാണെന്ന് മാർച്ച് 31-ന് മല്യ ട്വീറ്റ് ചെയ്‍തിരുന്നു.

രാജ്യത്ത് ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുമ്പോൾ തട്ടിപ്പ് നടത്തി സ്വന്തമാക്കിയ പണം പൂർണമായും മടക്കി നൽകാൻ തയാറാണെന്ന് വിജയ് മല്യ പറഞ്ഞിരുന്നു. 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമനോട് ഇയാൾ അഭ്യർഥിച്ചത്. ബാങ്കുകൾ പണം സ്വീകരിച്ച് കണ്ടുകെട്ടിയ സ്വത്ത് വകകൾ തിരികെ നൽകാൻ തയാറാവണമെന്നും മല്യ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ തന്റെ ഈ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇയാൾ ട്വിറ്ററിൽ കുറിച്ചു.

കിങ്ഫിഷർ വിമാനക്കമ്പനി ഏറ്റെടുത്തതോടെയാണ് മല്യയുടെ വ്യവസായ സാമ്രാജ്യത്തിലേക്ക് കടം പറന്നിറങ്ങിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നുമാത്രം 1600 കോടി രൂപയാണ് കിങ്ഫിഷർ വായ്പയെടുത്തത്. ഐഡിബിഐ (800 കോടി), പി.എൻ.ബി (800 കോടി), ബാങ്ക് ഓഫ് ഇന്ത്യ (650 കോടി), ബാങ്ക് ഓഫ് ബറോഡ (550 കോടി) യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ (430 കോടി), സെൻട്രൽ ബാങ്ക് (410 കോടി), യൂക്കോ ബാങ്ക് (320 കോടി), കോർപറേഷൻ ബാങ്ക് (310 കോടി), സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ (150 കോടി), ഇന്ത്യൻ ഓവർസീസ് ബാങ്ക് (140 കോടി), ഫെഡറൽ ബാങ്ക് (90 കോടി), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (60 കോടി), ആക്‌സിസ് ബാങ്ക് (50 കോടി) എന്നിവയ്ക്ക് പുറമെ, മറ്റു മൂന്നുബാങ്കുകളിൽനിന്നായി 603 കോടി രൂപയും കിങ്ഫിഷർ വായ്പയെടുത്തിട്ടുണ്ട്. ഇതിനകം 6963 കോടി രൂപയാണ് കിങ്ഫിഷറിന്റെ പേരിൽ മല്യ എടുത്തിട്ടുള്ള വായ്പകൾ.

28ാം വയസിൽ പിതാവിന്റെ മരണശേഷം (സ്വത്തിനായി മല്യ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന ആരോപണവും പലപ്പോഴായി ഉയർന്നിരുന്നു) യുബി ഗ്രൂപ്പിന്റെ ചെയർമാനായിട്ടാണ് മല്യയുടെ കടന്നുവരവ്. അതുവരെ പരമ്പരാഗത ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന യുബി ഗ്രൂപ്പിന് പിന്നീട് വളർച്ചയുടെ കാലഘട്ടമായിരുന്നു. മദ്യ വ്യവസായത്തിലൂടെ കോടികൾ പോക്കറ്റിലാക്കാൻ മല്യക്കായി. ഇത് പിന്നീട് വിമാന കമ്പനി, ഐപിഎൽ, ഫാഷൻ, മോട്ടോർ സ്പോട്സ് ഇങ്ങനെ വളർന്നു കൊണ്ടിരുന്നു. വിമാന കമ്പനിയിൽ എരിഞ്ഞു വീഴുന്നതുവരെ ഇന്ത്യൻ വ്യവസായ ലോകത്തെ രാജാവ് തന്നെയായിരുന്നു മല്യ.

ലോകത്തെ തന്നെ ഒന്നാംനിര മദ്യവ്യവസായിയായിരുന്ന വിജയ് മല്യയുടെ കഷ്ടകാലം തുടങ്ങുന്നത് കിങ്ഫിഷർ എയർലൈൻസിന്റെ വരവോടെയാണ്. തന്റെ ആഡംബര ജീവിതത്തിന്റെ പ്രതീകം പോലെ മല്യ കിങ്ഫിഷർ എയർലൈൻസിന് തുടക്കമിട്ടത് 2005 മെയ് മാസത്തിലാണ്. എയർലൈൻസിനുവേണ്ടി ബാങ്കുകളിൽനിന്നെടുത്ത കോടിക്കണക്കിന് രൂപയുടെ വായ്പയാണ് മല്യയുടെ വ്യവസായ സാമ്രാജ്യം തകർത്തത്.

തന്റെ വ്യവസായ സാമ്രാജ്യം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു മല്യ ഇക്കാലമത്രയും. മദ്യവ്യവസായ രംഗത്തെ തന്റെ എതിരാളിയായ മനു ഛബാരിയയുടെ നിര്യാണത്തെത്തുടർന്ന് 2002-ൽ ഇന്ത്യയിലെ ഏറ്റവും വലിയ മദ്യക്കമ്പനിയായ ഷോവാലാസ് 1300 കോടി രൂപയ്ക്ക് മല്യ സ്വന്തമാക്കി. മല്യയുടെ യുണൈറ്റഡ് ബ്രുവറീസിൽ 37.5 ശതമാനം ഓഹരി നൽകി ബ്രിട്ടീഷ് ബിയർ കമ്പനിയായ സ്‌കോട്ടിഷ് ആൻഡ് ന്യൂകാസിലിനെക്കൂടി ഉൾപ്പെടുത്തിയാണ് ഈ കച്ചവടം മല്യ നടത്തിയത്.

വ്യോമയാന രംഗം തകർച്ചയെ നേരിടുന്ന ഘട്ടത്തിലാണ് കിങ്ഫിഷറിലേക്ക് മല്യ കാലെടുത്തുവച്ചത്. ഇന്ധന വില വർധനയെത്തുടർന്ന് ്‌വ്യോമയാന മേഖല അപ്പാടെ തകർച്ചയിലായിരുന്നു. എന്നാൽ, ഏറ്റവും മികച്ച സേവനങ്ങൾ നൽകണമെന്ന് വാശിപിടിച്ച മല്യ, ബോളിവുഡ് സുന്ദരിമാരെയും നേരിട്ട് തിരഞ്ഞെടുത്ത എയർഹോസ്റ്റസുമാരെയും ഉപയോഗിച്ചാണ് കിങ്ഫിഷറിന്റെ പ്രചാരണം നടത്തിയത്. തുടക്കത്തിൽ കിങ്ഫിഷർ ഒട്ടേറെ യാത്രക്കാരെ ആകർഷിച്ചിരുന്നു. കിങ്ഫിഷർ വളർന്നപ്പോൾ എയർ ഡെക്കാണിനെപ്പോലുള്ള ചെറുകിട വിമാനക്കമ്പനികൾ തകർന്നു തരിപ്പണമായി. 2007-ൽ എയർ ഡെക്കാൺ ഏറ്റെടുക്കാൻ മല്യ തയ്യാറായി. 550 കോടി രൂപ മുടക്കിയാണ് യുണൈറ്റഡ് ബ്രുവറീസ് ഡെക്കാണിൽ 26 ശതമാനം ഓഹരികൾ വാങ്ങിയത്. എയർ ഡെക്കാൺ വാങ്ങാനുള്ള തീരുമാനമാണ് കിങ്ഫിഷറിനെ നിലത്തിറക്കിയതെന്ന് വിലയിരുത്തുന്നവരേറെയാണ്.

ഒരുഘട്ടത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു കിങ്ഫിഷർ. 2008-ൽ ലണ്ടനിലേക്ക് വിമാനം പറത്തിക്കൊണ്ട് അന്താരാഷ്ട്ര വ്യോമയാന രംഗത്തും മല്യ ചുവടുവച്ചു. അന്താരാഷ്ട്ര വിമാന സർവീസുകളും ബജറ്റ് ആഭ്യന്തര സർവീസുകളും ഒരുമിച്ച് നടത്തിക്കൊണ്ടുപോയിരുന്ന കിങ്ഫിഷറിന് ഇന്ധന വില വർധിച്ചതോടെ പിടിച്ചുനിൽക്കാനാകാതെയായി. 2008 മാർച്ചിൽ കിങ്ഫിഷറിന്റെ കടം 934 കോടി രൂപയായി. ഒരുവർഷം കഴിഞ്ഞപ്പോൾ അത് 5665 കോടി രൂപയായി വർധിച്ചു. 2007-08ൽ 188 കോടി രൂപ നഷ്ടത്തിലായിരുന്നു കമ്പനി ഒരുവർഷം കഴിഞ്ഞപ്പോൾ 1608 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

എയർ ഡെക്കാൺ ഏറ്റെടുക്കാനുള്ള തീരുമാനമാണ് കിങ്ഫിഷറിനെ തകർത്തതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. അന്താരാഷ്ട്ര വ്യോമയാന അസോസിയേഷൻ 5.2 ബില്യൺ ഡോളർ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ഘട്ടത്തിലാണ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഡെക്കാണിനെ സ്വന്തമാക്കാൻ മല്യ പണമിറക്കിയത്. 2009-10 ആയപ്പോഴേക്കും കിങ്ഫിഷറിന്റെ കടനം 7000 കോടി കവിഞ്ഞു. കിങ്ഫിഷറിന് നൽകിയ വായ്പകൾ ബാങ്കുകളുടെ കിട്ടാക്കടമായി മാറിയത് അക്കൊല്ലമാണ്. സ്റ്റേറ്റ് ബാങ്ക് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകൾ 1335 കോടി രൂപയുടെ കടം കിങ്ഫിഷറിലെ ഓഹരികളാക്കി മാറ്റി. കടം തിരിച്ചടയ്ക്കാനുള്ള കാലയളവ് ഒമ്പത് വർഷമായി ഉയർത്തുകയും ചെയ്തു.

എന്നാലിതൊന്നും കിങ്ഫിഷറിനെ സഹായിച്ചില്ല. എന്നാൽ, മല്യയാകട്ടെ ഇക്കാലയളവിനിടെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിനെ 450 കോടിയോളം രൂപ മുടക്കി സ്വന്തമാക്കി. ഫോർമുല വണ്ണിൽ ഫോഴ്‌സി ഇന്ത്യ എന്ന പേരിൽ കാറും മത്സരത്തിനിറക്കി. ഇതിനിടെ 2010-ൽ കോടികൾ മുടക്കി രാജ്യസഭാ എംപി സ്ഥാനവും മല്യ സ്വന്തമാക്കി. കർണാടകയിൽനിന്നുള്ള സ്വതന്ത്രനായാണ് അദ്ദേഹം രാജ്യസഭയിലെത്തിയത്.

കോടികളുടെ കടം പെരുകിയപ്പോഴും കിങ്ഫിഷറിൽനിന്ന് മല്യ കോടികൾ വേതനം പറ്റിയിരുന്നു. 2011-ലും 2012-ലും 33.46 കോടി രൂപ വീതം. ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാനില്ലാതെ 2012-ൽ കിങ്ഫിഷർ എയർലൈൻസ് നിലത്തിറങ്ങി. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടുപോലും കമ്പനി അടച്ചിരുന്നില്ല. 16,023 കോടിയായി കമ്പനിയുടെ നഷ്ടം.

സ്വകാര്യ വിമാനത്തിൽ കറങ്ങി നടന്നിരുന്ന മല്യക്ക് 2015 ഏപ്രിലിൽ സ്വകാര്യ വിമാനവും നഷ്ടമായി. എയർപോർട്ട് വാടക നൽകാത്തതിന്റെ പേരിൽ മുംബൈ വിമാനത്താവള അധികൃതർ മല്യയുടെ സ്വകാര്യ വിമാനം 22 ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റു. സേവന നികുതിയിനത്തിൽ 115 കോടി രൂപ അടയ്ക്കാത്തതിന്റെ പേരിൽ നികുതി വകുപ്പ് കിങ്ഫിഷറിന്റെ എട്ട് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും പിടിച്ചെടുത്തു. എ319 എയർബസടക്കം പിടിച്ചെടുത്തവയിൽപ്പെടുന്നു. കിങ്ഫിഷറിന്റെ ഫ്‌ളൈയിങ് പെർമിറ്റുകൾ 2013 ഫെബ്രുവരിയിൽ റദ്ദാക്കപ്പെട്ടിരുന്നു. എന്നാൽ, ഇത് പുതുക്കാനുള്ള 24 മാസ കാലയളവ് ഉപയോഗിച്ച് പുനരുജ്ജീവന പരിപാടികളുമായി മല്യ രംഗത്തുവന്നു. എന്നാൽ അതും പരാജയപ്പെടുകയായിരുന്നു.

കേസുകളുടെ തുടക്കം യുപിഎ സർക്കാരിന്റെ കാലത്ത്

യുപിഎ സർക്കാരിന്റെ കാലത്ത് 2012 '13ലാണു വിജയ് മല്യയ്‌ക്കെതിരായ കേസുകളുടെ തുടക്കം. 2005 ൽ ആരംഭിച്ച കിങ്ഫിഷർ എയർലൈൻസിനായി എടുത്ത വായ്പകൾ തിരിച്ചടയ്ക്കാത്തതു 2011 ൽ തന്നെ പ്രശ്‌നമായിരുന്നു. 2015 ഫെബ്രുവരിയിൽ 17 ബാങ്കുകളുടെ കൺസോർഷ്യം കിങ്ഫിഷർ എയർലൈൻസിന്റെ മുംബൈയിലെ ആസ്ഥാനമന്ദിരം നിയമനടപടികളിലൂടെ പിടിച്ചെടുത്തു.

മല്യ ലണ്ടനിലേക്കു താമസം മാറ്റിയേക്കുമെന്ന വാർത്തകൾ 2016 ഫെബ്രുവരിയിൽ പുറത്തുവന്നിരുന്നു. രാജ്യസഭാ എംപിയായി മാർച്ച് ഒന്നിനു പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുത്ത മല്യ പിറ്റേന്നു രാജ്യം വിട്ടു. ഇക്കാര്യം പുറത്തറിഞ്ഞതു പോലും ഒരാഴ്ചയ്ക്കു ശേഷം സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി അറിയിച്ചപ്പോൾ മാത്രം. ഇന്ത്യയുടെ അപേക്ഷ പ്രകാരം 2017 ഏപ്രിലിലും ഒക്ടോബറിലും മല്യയെ ലണ്ടനിൽ അറസ്റ്റ് ചെയ്‌തെങ്കിലും ഉടൻ ജാമ്യത്തിലിറങ്ങി.

എന്നാൽ അന്തിമ വിധി വിജയ് മല്യയ്ക്ക് തിരിച്ചടിയായി. ബാങ്കുകളോടു പറഞ്ഞ കാര്യങ്ങൾക്കല്ല വായ്പാതുക ചെലവഴിച്ചത്. തന്റെ താരപരിവേഷം വച്ചു മല്യ ബാങ്ക് അധികൃതരെ വിഡ്ഢികളാക്കിയതാകാം. വായ്പയ്ക്കു വേണ്ടി സമർപ്പിച്ചതു വ്യാജ രേഖകളാണ്. ഒരു ആരോപണം പോലും കെട്ടിച്ചമച്ചതാണെന്നു കരുതാവുന്ന സൂചനകളില്ല. തെളിവുകളെല്ലാം കണക്കിലെടുക്കുമ്പോൾ വ്യക്തമായും നിലനിൽക്കുന്ന കേസാണിതെന്നു കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അപേക്ഷ പ്രകാരം 2017 ഏപ്രിലിലും ഒക്ടോബറിലും മല്യ അറസ്റ്റിലായെങ്കിലും ഉടൻ ജാമ്യത്തിലിറങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP