Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിജയ് ബാബു തിങ്കളാഴ്ച കേരളത്തിൽ മടങ്ങിയെത്തും; മടക്കയാത്രാ ടിക്കറ്റ് കോടതിയിൽ ഹാജരാക്കി അഭിഭാഷകർ; നീക്കം, മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് കോടതി തടയിട്ടതോടെ; തീരുമാനത്തിന് പിന്നിൽ റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കം; ഇനിയെല്ലാം അന്വേഷണ സംഘത്തിന്റെ വഴിയെ

വിജയ് ബാബു തിങ്കളാഴ്ച കേരളത്തിൽ മടങ്ങിയെത്തും; മടക്കയാത്രാ ടിക്കറ്റ് കോടതിയിൽ ഹാജരാക്കി അഭിഭാഷകർ; നീക്കം, മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് കോടതി തടയിട്ടതോടെ; തീരുമാനത്തിന് പിന്നിൽ റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കം; ഇനിയെല്ലാം അന്വേഷണ സംഘത്തിന്റെ വഴിയെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിലായിരുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു തിങ്കളാഴ്ച കേരളത്തിൽ മടങ്ങിയെത്തുമെന്ന് അഭിഭാഷകർ ഹൈക്കോടതിയെ അറിയിച്ചു. മടക്കയാത്രാ രേഖ ഹാജരാക്കിയാൽ ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചതോടെയാണ് നീക്കം. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കോടതിയിൽ ഹാജരാക്കി.

മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ വിജയ് ബാബു തയ്യാറായത്. ജോർജിയയിൽനിന്നു വിജയ് ബാബു ഇന്നലെ ദുബായിൽ മടങ്ങിയെത്തിയിരുന്നു. പാസ്‌പോർട്ട് റദ്ദാക്കപ്പെട്ടതോടെ എംബസിയുടെ പ്രത്യേക യാത്രാനുമതി തേടിയാണ് നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുന്നത്.

തിങ്കളാഴ്ച വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് നാട്ടിലേക്കുള്ള മടക്കയാത്രാ ടിക്കറ്റ് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയത്. ആദ്യം കോടതിയുടെ അധികാരപരിധിയിൽ വരട്ടെ, അതിനുശേഷം മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നായിരുന്നു ജസ്റ്റിസ് പി. ഗോപിനാഥ് പറഞ്ഞത്.

കൊച്ചിയിലേക്കുള്ള ചൊവ്വാഴ്ചത്തെ വിമാന യാത്രക്കാരുടെ പട്ടികയിൽ വിജയ് ബാബുവിന്റെ പേരുണ്ടായിരുന്നില്ല. ഇന്നുതന്നെ മടങ്ങിയെത്തിയില്ലെങ്കിൽ വൈകിട്ട് 5ന് ശേഷം റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചിരുന്നു. ഇതിന്റെ പിന്നാലയാണ് ടിക്കറ്റ് കോടതിയിൽ ഹാജരാക്കിയത്.

ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകളാണ് പ്രതിഭാഗം അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കിയത്. മെയ് മാസം മുപ്പതിനുള്ള ദുബായ് - കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിശദമായ യാത്രരേഖകൾ നാളെ ഹാജരാക്കമെന്നും അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്.

പൊലീസ് കേസെടുക്കുന്നതിന് മുൻപായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി ധാരണയിൽ എത്താത്ത രാജ്യമാണ് ജോർജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകാതിരുന്നതോടെ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കൊച്ചി സിറ്റി പൊലീസ് നീക്കം തുടങ്ങിയിരുന്നു.

ഈ മാസം മെയ് 19 ന് പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം ദുബായിൽ നിന്ന് ജോർജിയയിലേക്ക് കടന്നു. ജാമ്യം ലഭിക്കുന്നവരെ വിദേശത്ത് തുടരാനായിരുന്നു വിജയ് ബാബുവിന്റെ നീക്കം. എന്നാൽ ആ ശ്രമം പാളി. ആദ്യം കോടതിയുടെ അധികാര പരിധിയിൽ വരട്ടെ. എന്നിട്ട് ജാമ്യപേക്ഷ പരിഗണിക്കാമെന്ന് കോടതി നിർദേശിച്ചതോടെയാണ് വിജയ് ബാബു നാട്ടിലേക്ക് വരാൻ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP