Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

ജെല്ലിക്കെട്ടിൽ ഉയർത്തിയത്‌ തമിഴ് വികാരം; ജി എസ് ടിയേയും നോട്ട് നിരോധനത്തേയും പരിഹസിച്ചത് ദ്രാവിഡ വഴിയിൽ; തൂത്തുക്കുടി വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് സന്ദേശമായി; കസ്റ്റഡിയിൽ എടുക്കൽ രാഷ്ട്രീയ പ്രതികാരമെന്ന് ആരാധകർ; 30 മണിക്കൂർ ചോദ്യം ചെയ്തിട്ടും 'ദളപതിയുടെ' വീട്ടിൽ നിന്ന് ഇഡി മടങ്ങിയത് വെറും കൈയോടെ; ഫാൻസുകാർ കാത്തിരിക്കുന്നത് സൂപ്പർതാരത്തിന്റെ പ്രതികരണം അറിയാൻ; തമിഴകം 'വിജയ് ' ബ്രാൻഡിന്റെ രാഷ്ട്രീയ ലോഞ്ചിങിന് ഒരുങ്ങുമ്പോൾ

ജെല്ലിക്കെട്ടിൽ ഉയർത്തിയത്‌ തമിഴ് വികാരം; ജി എസ് ടിയേയും നോട്ട് നിരോധനത്തേയും പരിഹസിച്ചത് ദ്രാവിഡ വഴിയിൽ; തൂത്തുക്കുടി വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് സന്ദേശമായി; കസ്റ്റഡിയിൽ എടുക്കൽ രാഷ്ട്രീയ പ്രതികാരമെന്ന് ആരാധകർ; 30 മണിക്കൂർ ചോദ്യം ചെയ്തിട്ടും 'ദളപതിയുടെ' വീട്ടിൽ നിന്ന് ഇഡി മടങ്ങിയത് വെറും കൈയോടെ; ഫാൻസുകാർ കാത്തിരിക്കുന്നത് സൂപ്പർതാരത്തിന്റെ പ്രതികരണം അറിയാൻ; തമിഴകം 'വിജയ് ' ബ്രാൻഡിന്റെ രാഷ്ട്രീയ ലോഞ്ചിങിന് ഒരുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ജെല്ലിക്കെട്ട് സമരത്തിലുൾപ്പെടെ നയം തുറന്നടിച്ചു. മെർസൽ സിനിമയിൽ ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും പരിഹസിച്ചതോടെ രാഷ്ട്രീയ ചർച്ചകളിലെ താരവുമായി. 'സർക്കാരി' ൽ കളിയാക്കിയത് അണ്ണാഡിഎംകെ പദ്ധതികളെ. തൂത്തുക്കുടി വെടിവയ്പിൽ കൊല്ലപ്പെട്ട സ്റ്റെർലൈറ്റ് വിരുദ്ധ സമരക്കാരുടെ വീടുകൾ സന്ദർശിച്ചതും ദളപതിയെ താരമാക്കി. ഇളയ ദളപതിയിൽ ദളപതിയിലേക്ക് വളർന്ന വിജയിനെ തേടി ആദായ നികുതി അധികൃതർ എത്തിയതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നാണ് ഫാൻസുകാരുടെ വാദം. എംജിആറും കരുണാനിധിയും ജയലളിതയും നയിച്ച തമിഴ് രാഷ്ട്രീയത്തിലെ പുതിയ തലൈവറായി ഇനി വിജയ് മാറുമെന്ന് കരുതുന്നവരുമുണ്ട്. സിനിമകളിലൂടെ ബിജെപി വിരുദ്ധ ദ്രാവിഡ രാഷ്ട്രീയം ചർച്ചയാക്കിയ വിജയ് താമസിയാതെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

വിജയ് ആദായ നികുതി വകുപ്പിന്റെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാകുമ്പോൾ അതിനു പിന്നിലെ രാഷ്ട്രീയം അടക്കമുള്ള കാരണങ്ങൾ ചർച്ചയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുകയും തന്റെ സിനിമകളിലൂടെ പ്രത്യക്ഷ വിമർശനം നടത്തുകയും ചെയ്തിട്ടുള്ള താരമാണ് വിജയ് എന്നതുതന്നെ അതിനു കാരണം. ബിഗിലിന്റെ നിർമ്മാതാക്കളായ എജിഎസ് എന്റർടെയ്ന്മെന്റിന്റെ ഓഫീസുകളിൽ നടന്ന പരിശോധനകളുടെ തുടർച്ചയായാണ് വിജയിയെ ഷൂട്ടിങ് നടക്കുന്ന സിനിമയുടെ സെറ്റിലെത്തി കസ്റ്റഡിയിലെടുത്തത്. വിജയ് കൈപ്പറ്റിയ പണത്തിന് നികുതി നൽകിയിട്ടുണ്ടോ? അദ്ദേഹം ആദായ നികുതി വെട്ടിപ്പ് നടത്തുന്ന ആളാണോ? ഇതൊക്കെയാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്. തമിഴ് രാഷ്ട്രീയത്തിൽ ജയലളിതയും കരുണാനിധിയും മരിച്ചതോടെ ഉണ്ടായ നേതാവിന്റെ കുറവ് ഇപ്പോഴുമുണ്ട്. അത് വിജയ് നികുത്തുമോ എന്നതാണ് ഏവരും ഉറ്റു നോക്കുന്നുണ്ട്.

മൂത്ത ദളപതിയായ രജനീകാന്ത് അടക്കമുള്ള സൂപ്പർ താരങ്ങൾ ആദായ നികുതി വകുപ്പിന്റെ നടപടികളിൽനിന്ന് ഒഴിവായി നിൽക്കുകയാണ്. രജനികാന്തിന് പല വിഷയത്തിലും ബിജെപി അനുകൂല മനസ്സാണ്. പൗരത്വ ഭേദഗതി നിയമം ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് സൂപ്പർ താരം രജനീകാന്ത് പ്രസ്താവന നടത്തിയ അതേ ദിവസമാണ് വിജയ്ക്കെതിരെ നടപടിയുണ്ടായത് എന്നത് ശ്രദ്ധേയമാണ്. ശക്തമായ ആരാധക അടിത്തറയുള്ള വിജയ് എന്ന താരത്തോട് ബിജെപി സർക്കാരിനുള്ള അതൃപ്തി പരസ്യമായ രഹസ്യവുമാണ്. മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും ജനവിരുദ്ധമാണെന്ന് സൂചിപ്പിക്കുന്ന സംഭാഷണങ്ങൾ വിജയുടെ കഥാപാത്രങ്ങൾ ഈ ചിത്രങ്ങളിൽ പറയുന്നുണ്ട്. കസ്റ്റഡിയിൽ എടുക്കലിനും ചോദ്യം ചെയ്യലിനും ശേഷം വിജയ് മനസ്സ് തുറന്നിട്ടില്ല. ആരാധകരോട് വിജയ് കാരണങ്ങൾ വിശദീകരിക്കുമ്പോൾ അത് രാഷ്ട്രീയമായ ചലനങ്ങൾ തമിഴകത്ത് ഉണ്ടാക്കുമെന്നാണ് വിലയിരുത്തലുകൾ.

മെർസലിൽ ജിഎസ്ടിയെക്കുറിച്ച് വിജയിയുടെ ഇരട്ട കഥാപാത്രങ്ങൾ പറയുന്ന സംഭാഷണങ്ങൾ രൂക്ഷമായ രാഷ്ട്രീയ വിമർശനമായിരുന്നു. ജിഎസ്ടി എങ്ങനെ സാധാരണക്കാരനെ ബാധിക്കുന്നു എന്ന് വിജയുടെ വെട്രിമാരൻ എന്ന കഥാപാത്രം പറയുന്നു. നിങ്ങളുടെ കുട്ടികൾക്ക് ചികിത്സ കിട്ടുന്നില്ലെങ്കിൽ, വൃദ്ധർക്ക് വൈദ്യസഹായം കിട്ടുന്നില്ലെങ്കിൽ അതിന് വേണ്ടതെന്താണെന്നാണ് ആലോചിക്കേണ്ടത്. അമ്പലങ്ങൾ പണിയാനല്ല, ആശുപത്രികൾ പണിയാനാണ് പണം ചെലവഴിക്കേണ്ടത്, എന്നായിരുന്നു മെർസലിലെ വിജയുടെ മറ്റൊരു കഥാപാത്രത്തിന്റെ സംഭാഷണം. ചിത്രത്തിൽ വിജയ് കഥാപാത്രം പറയുന്ന അഞ്ചു മിനിറ്റ് നീളമുള്ള സംഭാഷണത്തിന്റെ പേരിൽ ബിജെപി തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധം അഴിച്ചുവിട്ടു. എന്നാൽ തമിഴ്‌നാട് ഒന്നങ്കം ആ പ്രതിഷേധത്തെ നേരിട്ടു. അത്തരത്തിലൊരു താരത്തിനെതിരെയാണ് ആദായ നികുതി വകുപ്പ് നടപടികളെടുത്തത്. ഏതായാലും മോദി വിരുദ്ധ രാഷ്ട്രീയം വിജയ് ഇനിയും ചർച്ചയാക്കും. അത് താരത്തിന്റെ രാഷ്ട്രീയ പ്രവേശത്തിലേക്കും കാരങ്ങളെത്തിക്കും.

തമിഴ്‌നാട്ടിൽ രാഷ്ട്രീയം കളിക്കാൻ ഇറങ്ങി കമലാഹസന് കൈപൊള്ളിയിരുന്നു. രജനികാന്തിന് എന്ത് ചെയ്യണമെന്ന് അറിയില്ല. എന്നാൽ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ അത് വമ്പൻ വിജയമാകുമെന്ന് കരുതുന്നവരുമുണ്ട്. സമീപകാല സിനിമകൾ നേടിയ വിജയമാണ് ഇതിന് കാരണം. പത്താം വയസ്സിൽ വെള്ളിത്തിരയിലെത്തി. സംവിധായകൻ കൂടിയായ അച്ഛൻ എസ്.എ.ചന്ദ്രശേഖറിന്റെ ചില പടങ്ങളിൽ അഭിനയിച്ചെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. 1996-ൽ 'പൂവെ ഉനക്കാകെ' മുതൽ ഹിറ്റുകൾ. നിലവിൽ തമിഴ് സിനിമയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടൻ; 45 മുതൽ 50 കോടി വരെയെന്നു സൂചന. രജനീകാന്തിന് 60 കോടിയും. വിജയിന്റെ ഭാര്യ സംഗീത സുവർണലിംഗം ശ്രീലങ്കൻ തമിഴ് വ്യവസായിയുടെ മകളാണ്. ആദായ നികുതി വകുപ്പിന്റെ റെയ്ഡും മറ്റും വിജയിന് അനൂകല രാഷ്ട്രീയ സാഹചര്യം തമിഴ്‌നാട്ടിലുണ്ടാക്കിയെന്ന വിലയിരുത്തലും സജീവമാണ്.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആവേശം ആവാഹിക്കാനുള്ള കരുത്ത് വിജയിനുണ്ടെന്ന് തന്നെയാണ് ഏവരുടേയും വിലയിരുത്തൽ. വിജയ്യുടെ വസതിയിൽ നടന്ന ചോദ്യംചെയ്യൽ വ്യാഴാഴ്ച രാത്രിയോടെ അവസാനിച്ചിരുന്നു. ബിഗിൽ എന്ന സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ടാണ് ആദായനികുതി വകുപ്പ് നടനെ മണിക്കൂറുകളോളം ചോദ്യംചെയ്തത്. വിജയ്യുടെ വസതിയിൽ റെയ്ഡും നടത്തിയിരുന്നു. വിജയ്യുടെ ഭാര്യയെയും അധികൃതർ ചോദ്യംചെയ്തെന്നും സൂചനയുണ്ട്. വിജയ്യുടെ വസതിയിൽ നടത്തിയ റെയ്ഡിൽ അനധികൃത പണമൊന്നും പിടിച്ചെടുത്തിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ നൽകുന്ന സൂചന. വിജയ്യുടെ നിക്ഷേപങ്ങളും പ്രതിഫലത്തുകയും സംബന്ധിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നതെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ബിഗിലിന്റെ നിർമ്മാതാവായ അൻപു ചെഴിയന്റെ പക്കൽനിന്ന് കണക്കിൽപ്പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തെന്നും ആദായനികുതി വകുപ്പ് കമ്മീഷണർ സുരഭി അഹ്ലുവാലിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

വിജയ്യുടെ വീട്ടിൽ നിന്ന് ഭൂമിയുടെ ആധാരങ്ങളും നിക്ഷേപങ്ങളുടെ രേഖകളും പിടിച്ചെടുത്തതായാണ് വിവരം. ചെന്നൈ ഇസിആർ റോഡ് പനയൂരിലെ നടന്റെ വീട്ടിൽ ബുധനാഴ്ച രാത്രി തുടങ്ങിയ പരിശോധന 30 മണിക്കൂറോളം നീണ്ടു. ആദായ നികുതി വകുപ്പ് ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്. പരിശോധനയുടെ ഭാഗമായി വിജയ്യെ നെയ്വേലിയിലെ ഷൂട്ടിങ് സ്ഥലത്ത് നിന്ന് ബുധനാഴ്ച രാത്രി ഒൻപതിനാണ് ഇസിആർ റോഡിലെ വീട്ടിലെത്തിച്ചത്. ദീപാവലിക്കു തിയറ്ററുകളിൽ എത്തിയ പണംവാരി പടം ബിഗിലിൽ കൈപറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകൾ ആണ് വിജയിന് വിനയാകുന്നത്.

ബിഗിൽ ചിത്രത്തിൽ താരം 30 കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് രേഖകളിൽ ഉള്ളത്. എന്നാൽ നിർമ്മാതാവ് പറയുന്നത് മറ്റൊരു കണക്കാണ്. നടനു നൽകിയ പ്രതിഫലം സംബന്ധിച്ച് അൻപ് ചെഴിയന്റെയും നിർമ്മാതാവിന്റെയും മൊഴികളും താരത്തിന്റെ ആദായനികുതി രേഖകളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടായതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. ബിഗിൽ വമ്പൻ വിജയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP