Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധുവിധു കഴിഞ്ഞതോടെ ജേക്കബ് തോമസിനെതിരെ പ്രതികാര നടപടിക്ക് സർക്കാർ നീക്കം; അവധി കഴിഞ്ഞ് തിരികെ കയറിയ ദിവസം തന്നെ മുൻ വിജിലൻസ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം; അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടത് പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള സാധ്യത അടയ്ക്കാനോ?

മധുവിധു കഴിഞ്ഞതോടെ ജേക്കബ് തോമസിനെതിരെ പ്രതികാര നടപടിക്ക് സർക്കാർ നീക്കം; അവധി കഴിഞ്ഞ് തിരികെ കയറിയ ദിവസം തന്നെ മുൻ വിജിലൻസ് ഡയറക്ടർക്കെതിരെ വിജിലൻസ് അന്വേഷണം; അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടത് പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള സാധ്യത അടയ്ക്കാനോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ഭരണത്തിലെ മധുവിധു അവസാനിച്ചതോടെ ഐഎംജി ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസിനെ വരുതിയിൽ നിർത്താൻ സർക്കാർ നീക്കം ശക്തമാക്കി. അവധി കഴിഞ്ഞ ജേക്കബ് തോമസ് തിരികെ പ്രവേശിച്ച ദിവസം തന്നെ അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നത്.

സത്യൻ നരവൂർ എന്നയാൾ നൽകിയ പരാതിയിലാണ് അന്വേഷണം. തമിഴ്‌നാട്ടിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നാണ് പരാതി. ജേക്കബ് തോമസ് തമിഴ്‌നാട്ടിൽ 100 ഏക്കർ ഭൂമി വാങ്ങി കൂട്ടിയെന്നാണ് പരാതി. വിജിലൻസ് ഡയറക്ടർ സ്ഥാനം തിരികെ നൽകാത്തതിൽ അദ്ദേഹത്തിന് സർക്കാറുമായി എതിർപ്പുണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ എതിർപ്പുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയു കൈവിട്ടതോടെ ജേക്കബ് തോമസ് ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതിനിടെയാണ് അദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചിരക്കുന്നത്.

സർക്കാറിനെതിരെ നിരവധി ഒളിയമ്പുകൾ എയ്തുകൊണ്ടാണ് ജേക്കബ് തോമസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചത്. ഇതിൽ മുഖ്യമന്ത്രിക്കും സർക്കാറിനും നീരസമുണ്ട് താനും. തന്റെ അപ്രധാന വകുപ്പിൽ ഒതുക്കിയതിൽ ജേക്കബ് തോമസിനു അമർഷമുണ്ട്. ഇപ്പോഴത്തെ നീക്കം ഡിജിപി സ്ഥാനത്തേക്കുള്ള ജേക്കബ് തോമസിന്റെ അവകാശവാദത്തെ തടയുക എന്നതിന് പിന്നിലുണ്ടെന്നുമാണ് അറിയുന്നത്. കോടതി ഉത്തരവ് പ്രകാര നിയമിതനായ ഡിജിപി സെൻകുമാർ ഈമാസം സർവീസിൽ നിന്നും വിരമിക്കും. ഇതോടെ സർവീസിൽ സീനിയറായ ജേക്കബ് തോമസാണ് സ്വാഭാവികമായു വരേണ്ടത്. എന്നാൽ, അദ്ദേഹത്തെ ക്രമസമാധാന ചുമതലയുള്ള ഡിജിപി ആക്കുന്നതിനോട് സിപിഎമ്മിന് യാതൊരു താൽപ്പര്യവുമില്ല. ലോകനാഥ് ബഹ്‌റയെ തന്നെ തിരികെ നിയമിക്കാനാണ് സാധ്യത.

എന്നാൽ, വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നിലെ കളികളെ കുറിച്ച് പിന്നീട് ഒരു അവസരത്തിൽ പറയുമെന്ന് ജേക്കബ് തോമസ് പറഞ്ഞു കഴിഞ്ഞു. ഇതോടെ സർക്കാറുമായി തുറന്നയുദ്ധം പ്രഖ്യാപിച്ചിരിക്കയാണ് എന്ന ധ്വനിയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ ഉള്ളത്. ഇതിനിടെയാണ് ഇപ്പോൾ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതും. ഈ വിഷയത്തിൽ നേരത്തെ ജേക്കബ് തോമസിനെ പിന്തുണക്കുന്ന നിലപാടായിരുന്നു സർക്കാറിന്റേത്. ഉന്നതർക്കെതിരായ പരാതി അന്വേഷിക്കണമെങ്കിൽ വിജിലൻസ് ഡയറക്ടറുടെ അനുമതി വേണമെന്ന വിധത്തിൽ പരിഷ്‌ക്കരണം അടുത്തിടെയാണ് സർക്കാർ കൊണ്ടുവന്നത്. എന്നിട്ടും ജേക്കബ് തോമസിനെതിരെ ഇപ്പോൾ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിൽ ഏറെ ദുരൂഹതകളുണ്ട്.

ഇന്ന് ഉത്തരവിറങ്ങിയതിന് പിന്നാലെ ഐഎംജി ഡയറക്ടറായി ജേക്കബ് തോമസ് ചുമതലയേൽക്കുകയും ചെയ്തിരുന്നു. നേരത്തെ ജേക്കബ് തോമസിന്റെ പദവിയിൽ അവ്യക്തതകൾ ഏറെയുണ്ടായിരുന്നു. അത് പരിഹരിക്കണമെന്നും താൻ അവധി കഴിഞ്ഞ് എവിടെയാണ് പോയി ചുമതലേൽക്കേണ്ടതെന്നും ജേക്കബ് തോമസ് സർക്കാരിനോട് തിരക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് സർക്കാർ ഉത്തരവിറക്കിയത്.

താൻ വിജിലൻസിൽനിന്നാണ് അവധിയിൽ പോയതെന്നും അതിനാൽ അവധി കഴിഞ്ഞ് വിജിലൻസ് ആസ്ഥാനത്ത് എത്തി ചുമതലയേൽക്കുമെന്നും ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലുള്ള പരോക്ഷ സൂചനകൾ രാവിലെ മറുനാടന് ജേക്കബ് തോമസ് നൽകുകയും ചെയ്തു. ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നു. ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സീറ്റിലെ നമ്പർ 27 ആണ്. ട്രെയിൻ നിർത്തുമ്പോൾ ചായ കുടിക്കാൻ ഇറങ്ങി. തിരികെ വന്നാലും ഇരിക്കേണ്ടത് 27 എന്ന നമ്പറിലെ സീറ്റിലാണ്. എന്നാൽ തിരികെ എത്തിയപ്പോൾ അവിടെ മറ്റൊരാൾ. അയാളുടെ കൈയിലും 27 എന്ന നമ്പറിലേക്കുള്ള ടിക്കറ്റുണ്ട്. പിന്നെ എന്തു ചെയ്യും. പിടിച്ചു മാറ്റി ഇരിക്കാൻ പറ്റുമോ? അവിടെയാണ് ടിടിയുടെ പ്രസക്തി. ടിടി എത്തി ടിക്കറ്റ് പരിശോധിച്ച് തീരുമാനം പറയും. അതിന് അനുസരിച്ച് പ്രവർത്തിക്കണം. അങ്ങനെ ടിക്കറ്റ് പരിശോധിക്കുന്ന ടിടി , സീറ്റ് അടുത്ത ബർത്തിലെ 27 നമ്പറിലാണെന്ന് പറയും. അപ്പോൾ അത് അനുസരിച്ച് അങ്ങോട്ട് പോകും. അത്രയേ ഉള്ളൂവെന്ന് ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.

അതേസമയം ജേക്കബ് തോമസ് വിജിലൻസ് ആസ്ഥാനത്ത് ചുമതലയേൽക്കാൻ എത്തുന്നത് ഒഴിവാക്കണമെന്ന് ബെഹ്‌റ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് രാവിലെ ഒൻപതരയോടെ തന്നെ ജേക്കബ് തോമസിന് പുതിയ തസ്തിക നൽകി ഉത്തരവിറങ്ങിയത്. അവധി കഴിഞ്ഞ് തിരിച്ചെത്തിയാലും വിജിലൻസ് സ്ഥാനത്ത് ജേക്കബ് തോമസ് ഉണ്ടാകുമെന്ന തരത്തിലായിരുന്നു നേരത്തെ പിണറായി വിജയൻ പ്രതികരിച്ചിരുന്നത്. അതിന് മുമ്പ് ആ കസേര കണ്ട് പനിക്കേണ്ടെന്നും നിയമസഭയിൽ ജേക്കബ് തോമസ് വിഷയത്തിലെ ചർച്ചയിൽ പിണറായി മറുപടി നൽകിയിരുന്നു. അതുകൊണ്ട് കൂടിയാണ് അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന ജേക്കബ് തോമസിന്റെ പദവി സംബന്ധിച്ച ആകാംഷ ഏറിയതും.

വിജിലൻസ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് അവധിക്ക് പോയത്. അതിന് ശേഷം ലോക്നാഥ് ബെഹ്റയെ വിജിലൻസിലേക്ക് മാറ്റേണ്ട സാഹചര്യവും ഉണ്ടായി. കോടതി ഉത്തരവുമായി ടിപി സെൻകുമാർ പൊലീസ് മേധാവിയായതായിരുന്നു ഇതിന് കാരണം. എന്നാൽ ബെഹ്റയെ വിജിലൻസിൽ നിയമിച്ചത് ഔദ്യോഗികമായി ജേക്കബ് തോമസിനെ അറിയിച്ചതുമില്ല. ഇതാണ് ആശക്കുഴപ്പത്തിന് കാരണമായത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാരിന് ജേക്കബ് തോമസ് കത്ത് നൽകിയിരുന്നു. എന്നാൽ അവധിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ബാക്കിയെന്നതായിരുന്നു സർക്കാർ നിലപാട്. ഇതുകൊണ്ട് തന്നെ ഇവിടെ ചെന്ന് ജേക്കബ് തോമസ് ചുമതലയേൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അവധിയിൽ പോയത്. അതുകൊണ്ട് തന്നെ അവിടെ പോയി അതേ കസേരയിൽ ഇരിക്കാംമെന്ന നിലപാട് ജേക്കബ് തോമസ് പരോക്ഷമായി പ്രഖ്യാപിച്ചത്. ഇത് മനസ്സിലാക്കിയാണ് ഐഎംജി ഡയറക്ടറാക്കി ഉത്തരവിറങ്ങിയത്.

കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള രണ്ട് ഡി.ജി.പി.കേഡർ തസ്തികയേ സംസ്ഥാനത്തുള്ളൂ-സംസ്ഥാന പൊലീസ് മേധാവിയുടേതും വിജിലൻസ് ഡയറക്ടറുടേതും. മുമ്പ് രണ്ടു തസ്തികയിലും ഒരേ പദവിയും ശമ്പളവുമായിരുന്നു. പുതിയ ശമ്പളകമ്മിഷൻ റിപ്പോർട്ട് വന്നപ്പോൾ പൊലീസ്‌മേധാവിക്ക് അടിസ്ഥാനശമ്പളത്തിൽത്തന്നെ 7000 രൂപ അധികമുണ്ട്. ഇക്കാരണത്താൽ സീനിയർ ഉദ്യോഗസ്ഥന് പദവി നിഷേധിച്ചാൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ സാധ്യത ഏറെയാണ്. സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് സെക്രട്ടറിയുടേതിനു തുല്യമായ ശമ്പളമാണ്. അതുകൊണ്ട് തന്നെ സെൻകുമാർ ഈ മാസം സ്ഥാനം ഒഴിയുമ്പോൾ ജേക്കബ് തോമസിനാണ് പൊലീസ് മേധാവിയാകാനുള്ള യോഗ്യത കൂടുതൽ.

സീനിയോറിട്ടി മാനദണ്ഡം മറികടന്ന് ജേക്കബ് തോമസിന്റെ നിയമനം അട്ടിമറിക്കാനുള്ള കളികളും ഇപ്പോൾ സജീവമാണ്. ഇതിന്റെ ഭാഗമായി ജേക്കബ് തോമസിനെ മലബാർ സിമന്റ്സ് എംഡി സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാൽ ഇത് ജേക്കബ് തോമസ് അംഗീകരിച്ചില്ല. ഒപ്പം സിപിഎമ്മിന്റെ വിശ്വസ്തനായ ചാക്ക് രാധാകൃഷ്ണനും ഇതിനെ എതിർത്തു. ഇതോടെ മലബാർ സിമന്റ്സിലും നിയമിക്കാൻ പറ്റാത്ത അവസ്ഥയായി. അതിനിടെ സംസ്ഥാന പൊലീസ്‌മേധാവിയായി ഇഷ്ടമുള്ളവരെ നിയമിക്കുന്നതിന് സർക്കാരിനു തടസ്സമാകുന്നത് നിയമവ്യവസ്ഥകളാണെന്നും സൂചനയുണ്ട്. രാഷ്ട്രീയതാത്പര്യപ്രകാരംമാത്രം നിയമനം നടത്തേണ്ട പദവിയല്ല ഇതെന്ന് സുപ്രിംകോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഡി.ജി.പി. ആയിരുന്ന പ്രകാശ് സിങ്ങിന്റെ കേസിൽ 2006ലാണ് സുപ്രിംകോടതിയുടെ നിർണായകവിധിയുണ്ടായത്. പൊലീസ്‌മേധാവിക്കുമേൽ അമിതമായ രാഷ്ട്രീയനിയന്ത്രണമുണ്ടാകുന്നത് നിയമവാഴ്ചയ്ക്കു ദോഷകരമാകുമെന്ന് കോടതി വിലയിരുത്തിയിട്ടുണ്ട്.

പൊലീസ്‌മേധാവിസ്ഥാനത്തിന് അർഹതയുള്ള ഒരാളെ ഒഴിവാക്കാൻ മതിയായ കാരണം വേണം. നിയമന ശുപാർശയ്ക്ക് സ്വതന്ത്രസംവിധാനവും വേണം. ഒരിക്കൽ നിയമിച്ചയാളെ മതിയായ കാരണമില്ലാതെ രണ്ടുവർഷത്തിനുള്ളിൽ നീക്കരുത്. കേരള പൊലീസ് ആക്ടിലും ഈ വ്യവസ്ഥയുണ്ട്. ഈ കേസിലെ വിധി മുൻനിർത്തിയാണ് ടി.പി.സെൻകുമാർ സുപ്രിംകോടതിയെ സമീപിച്ചതും സർക്കാരിനെതിരേ ഉത്തരവുനേടി തിരിച്ചുവന്നതും. സെൻകുമാർ കേസിൽ സംസ്ഥാനസർക്കാർ ഉന്നയിച്ച വാദങ്ങളിലൊന്ന്, അദ്ദേഹത്തെ മുൻസർക്കാർ നിയമിച്ചത് സീനിയോറിട്ടിയും ചട്ടങ്ങളും മറികടന്നാണെന്നായിരുന്നു. അങ്ങനെയെങ്കിൽ ബെഹ്‌റയെ നിയമിച്ചത് എങ്ങനെയെന്ന ചോദ്യം കോടതി ഉന്നയിച്ചപ്പോൾ സർക്കാർ പ്രതിരോധത്തിലായിരുന്നു. ഒടുവിൽ മാപ്പുപറഞ്ഞു തലയൂരി. നിലവിൽ സീനിയോറിറ്റിയിൽ മൂന്നാമതേ ബെഹ്‌റ വരുന്നുള്ളൂ. ഈ സാഹചര്യത്തിൽ, സെൻകുമാർ വിരമിക്കുമ്പോൾ സീനിയറായ ജേക്കബ് തോമസിനെ നിയമിക്കേണ്ടി വരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP