Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിഎച്ച്.ഡി പ്രവേശനത്തിന് കെ.വിദ്യയുടെ പേര് ഉൾപ്പെടുത്തിയത് പതിനഞ്ചാമത്തെ വിദ്യാർത്ഥിയായി; ശുപാർശ ചെയ്തത് വകുപ്പ് മേധാവി; എസ്.സി/എസ്.ടി സംവരണം അട്ടിമറിച്ചു; സംവരണ അട്ടിമറി ഉൾപ്പെടെ പുനഃപരിശോധിക്കാൻ കാലടി സർവകലാശാല

പിഎച്ച്.ഡി പ്രവേശനത്തിന് കെ.വിദ്യയുടെ പേര് ഉൾപ്പെടുത്തിയത് പതിനഞ്ചാമത്തെ വിദ്യാർത്ഥിയായി; ശുപാർശ ചെയ്തത് വകുപ്പ് മേധാവി; എസ്.സി/എസ്.ടി സംവരണം അട്ടിമറിച്ചു; സംവരണ അട്ടിമറി ഉൾപ്പെടെ പുനഃപരിശോധിക്കാൻ കാലടി സർവകലാശാല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാലക്കാട് അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ അഭിമുഖത്തിനു മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ആരോപണ വിധേയയായ മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയ്ക്ക് കനത്ത തിരിച്ചടി. വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ പുനഃപരിശോധിക്കാൻ കാലടി സർവകലാശാല തീരുമാനിച്ചു. സിൻഡിക്കേറ്റിന്റെ ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിക്കുക. വിദ്യ ഉൾപ്പെട്ട പിഎച്ച്.ഡി പ്രവേശനത്തിലെ സംവരണ അട്ടിമറി ഉൾപ്പെടെ കമ്മിറ്റി പരിശോധിക്കും.

പിഎച്ച്.ഡി പ്രവേശനത്തിനായി വിദ്യയെ സർവകലാശാല വഴിവിട്ട് സഹായിച്ചെന്നും എസ്.സി/എസ്.ടി സംവരണം അട്ടിമറിച്ചാണ് പ്രവേശനം നൽകിയതെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്ന് വിദ്യക്കൊപ്പം നിൽക്കുന്ന നിലപാടായിരുന്നു സർവകലാശാല സ്വീകരിച്ചത്. വിഷയം കോടതിയിലെത്തിയപ്പോൾ വിദ്യക്ക് അനുകൂലമായാണ് കോടതിയിൽ സർവകലാശ നിലപാടെടുത്തത്. വ്യാജരേഖ സമർപ്പിച്ച സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണിപ്പോൾ വിദ്യയുടെ പിഎച്ച്.ഡി പ്രവേശനം പുനഃപരിശോധിക്കാൻ സർവകലാശാല തീരുമാനിച്ചത്.

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഉൾപ്പെട്ട കെ. വിദ്യയുടെ പിഎച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട കാലടി സർവകലാശാലയുടെ രേഖകൾ പുറത്തുവന്നിരുന്നു. കാലടി സർവകലാശാല മലയാള വകുപ്പ് മേധാവി ഡോ. ബി.എ വത്സലൻ രജിസ്റ്റ്രാർക്ക് നൽകിയ കത്താണ് പുറത്തുവന്നത്. പത്ത് പേരുടെ പട്ടികയാണ് റിസർച്ച് കമ്മിറ്റി മലയാള വിഭാഗത്തിലെ ഗവേഷണത്തിനായി തിരഞ്ഞെടുപ്പിനായി തയ്യാറാക്കിയത്. ഈ പട്ടികയിലേക്ക് അഞ്ച് പേരുകൾകൂടി ഉൾപ്പെടുത്താൻ മേധാവി ശുപാർശ ചെയ്തതായാണ് പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്. ഇതിൽ പതിനഞ്ചാമത്തെ വിദ്യാർത്ഥിയായാണ് കെ.വിദ്യയുടെ പേര് ഉൾപ്പെടുത്തിയത്.

റിസർച്ച് കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് വിദ്യയെ ഉൾപ്പെടുത്തിയതെന്നാണ് ബി.എ വത്സലന്റെ വാദം. കൂടുതൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ റിസർച്ച് കമ്മിറ്റിക്ക് ശുപാർശ ചെയ്യാനാകും. ഇതേത്തുടർന്നാണ് ആവശ്യം മുന്നോട്ടുവെച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നു. അവസാനത്തെ അഞ്ചുപേരുടെ പട്ടികയിൽ മൂന്ന് പേർക്ക് ജെ.ആർ.എഫ്. ഉണ്ടായിരുന്നു. ജെ.ആർ.എഫ് നേടിയത് കണക്കിലെടുത്ത് ഇവർക്ക് പ്രവേശനം നൽകാൻ തീരുമാനിച്ചു. ഇതോടെ വിദ്യയും മറ്റൊരു വിദ്യാർത്ഥിയും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ഇവരുടെ ആവശ്യം കൂടെ പരിഗണിക്കാൻ കോടതി നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവിന്റെ ബലത്തിലാണ് സർവകലാശാല വിഷയം പുനഃപരിശോധിക്കുകയും പ്രവേശനം നൽകുകയും ചെയ്തത്.

2020-ൽ 10 സീറ്റുകൾ ഒഴിവുള്ളതിനാൽ 10 പേർക്ക് മാത്രമായിരുന്നു കാലടി യൂണിവേഴ്‌സിറ്റിയിൽ പിഎച്ച്.ഡിക്ക് പ്രവേശനം നൽകിയത്. പിന്നീട് റിസർച്ച് സമിതി അഞ്ചുപേരെ കൂടി അധികമായി ഉൾപ്പെടുത്താൻ തീരുമാനിച്ചതാണ് വിവാദത്തിൽ കലാശിച്ചത്. അഞ്ചു പേരെ കൂടുതലായി ഉൾപ്പെടുത്തിയത് വിദ്യയ്ക്ക് വഴിവിട്ട സഹായം നൽകാനാണെന്ന് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു.

അഞ്ചുപേരിൽ ഒരാൾ എസ്.സി എസ്ടി വിഭാഗത്തിൽനിന്നാവണമെന്ന് സംവരണ ചട്ടമുള്ളതിനാൽ പട്ടികയിൽ അഞ്ചാമാതായി ഉൾപ്പെട്ട വിദ്യയ്ക്ക് പകരം വരേണ്ടിയിരുന്നത് എസ്.സി എസ്ടി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയായിരുന്നു. നേരത്തെ 10 പേർക്ക് പ്രവേശനം നൽകിയപ്പോൾ അതിൽ രണ്ടുപേർ എസ്.സി എസ്ടി ആയിരുന്നു. അതിനാൽ എസ്.സി എസ്ടി സംവരണച്ചട്ടം അട്ടിമറിച്ചാണ് വിദ്യയ്ക്ക് സീറ്റ് നൽകിയതെന്നായിരുന്നു ആരോപണം.

ഒരുഘട്ടത്തിൽ വിദ്യക്കെതിരായ ആരോപണങ്ങൾ തള്ളിക്കളഞ്ഞ കാലടി സർവകലാശാല അതേ ആരോപണങ്ങളിൽ തന്നെ അന്വേഷണം നടത്താൻ ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണെന്നതാണ് ശ്രദ്ധേയം.

അതേ സമയം എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ചിട്ടില്ലെന്ന് എസ്എഫ്‌ഐ നേതാവ് കെ.വിദ്യ പ്രതികരിച്ചു. മഹാരാജാസ് കോളജിൽ ജോലി ചെയ്‌തെന്ന എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എവിടെയും നൽകിയിട്ടില്ലെന്നും വിദ്യ അവകാശപ്പെട്ടു. അതേസമയം, അട്ടപ്പാടി സർക്കാർ കോളജിൽ അഭിമുഖത്തിൽ പങ്കെടുത്തിരുന്നുവെന്ന് വിദ്യ പറഞ്ഞു. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ കെ.വിദ്യയ്‌ക്കെതിരെ (വിദ്യ വിജയൻ) ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP