Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'തൃശൂർ മെഡിക്കൽ കോളജിലെ ആ ഡോക്ടറും ഈ ഡോക്ടറും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്'; ഈ പേരുകാരിൽ ഒരാൾ കടുംകൈ ചെയ്താൽ ആർക്കാണ് ഉത്തരവാദിത്വമെന്ന് ഐ.എം.എ; ഹൗസ് സർജന്റെ വീഡിയോ പുറത്തുവിട്ട പൊലീസിനെതിരെ ഡോക്ടർമാർ; വീഡിയോ ലീക്കിൽ അന്വേഷണവുമായി പൊലീസ്

'തൃശൂർ മെഡിക്കൽ കോളജിലെ ആ ഡോക്ടറും ഈ ഡോക്ടറും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്'; ഈ പേരുകാരിൽ ഒരാൾ കടുംകൈ ചെയ്താൽ ആർക്കാണ് ഉത്തരവാദിത്വമെന്ന് ഐ.എം.എ; ഹൗസ് സർജന്റെ വീഡിയോ പുറത്തുവിട്ട പൊലീസിനെതിരെ ഡോക്ടർമാർ; വീഡിയോ ലീക്കിൽ അന്വേഷണവുമായി പൊലീസ്

എം റിജു

കോഴിക്കോട്: തൃശൂരിൽ മയക്കുമരുന്ന് ഉപയോഗം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഹൗസ് സർജനെ ചോദ്യം ചെയ്യുന്ന വീഡിയോ പുറത്തുവിട്ട പൊലീസിനെതിരെ വ്യാപക പ്രതിഷേധം. ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എയും മനുഷ്യാവകാശ പ്രവർത്തകരും ഈ വിഷയത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. ഒരാൾ മയക്കുമരുന്നിന് അടിമയാണെന്ന് വിവരം കിട്ടിയാൽ അയാളെ ചികിത്സിച്ച് സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരികയും, മൊഴിയെടുത്ത് മയക്കുമരുന്നിന്റെ ഉപയോഗം കണ്ടെത്തി ആ വിതരണക്കാരെ പിടികൂടുകയുമാണ് വേണ്ടതെന്ന് മനുഷ്യാവകാശ പ്രവർത്തകൾ ചൂണ്ടിക്കാട്ടുന്നു. അതിനുപകരം തൃശൂർ മെഡിക്കൽ കോളജിലെ ആരൊക്കെ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന ഹൗസ് സർജൻ പറയുന്ന വീഡിയോ പുറത്തുവിടുകയാണ് പൊലീസ് ചെയ്യുന്നത്.

ഇവിടെ പൊലീസ് സദാചാര ഗുണ്ടകളെ പോലെയാണ് പെരുമാറിയതെന്നും സോഷ്യൽ മീഡിയയിലും വിമർശനം ഉയരുന്നുണ്ട്. വീഡിയോയിൽ മെഡിക്കൽ കോളജിലെ മയക്കുമരുന്ന് ഉപയോഗിക്കുന്ന വിവിധ ഡോക്ടമാരുടെ പേരുകൾ ഈ ഹൗസ് സർജൻ വെളിപ്പെടുത്തുകയാണ്. ഇത് ശരിയാവണം എന്നുണ്ടോയെന്നും ഈ പേരുകളിൽ ഒരാൾ മനം നൊന്ത് കടുംകൈ കാട്ടിയാൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക എന്ന് ഐ.എം.എ ചോദിക്കുന്നത്. ഹൗസ് സർജന്റെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്ന്, തൃശൂർ അസിസ്റ്റന്റ് കമ്മീഷണർ സംഭവം അന്വേഷിക്കുകയാണ്.

വീഡിയോ ചോർച്ചയിൽ അന്വേഷണം തുടങ്ങി

കഴിഞ്ഞ ദിവസം രാത്രി തൃശൂർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.പി. ജോയിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. തുടർന്ന് മൊഴിയെടുക്കുന്ന രംഗങ്ങൾ വീഡിയോവിൽ പകർത്തി തൃശൂരിലെ ചില മാധ്യമ പ്രവർത്തകർക്ക് കൈമാറുകയായിരുന്നു. ഹൗസ് സർജൻ കോഴിക്കോട് ജാഫർഖാൻ കോളനി സ്വദേശി അക്വീൽ മുഹമ്മദ് ഹുസൈനെ (24) അറസ്റ്റ് ചെയ്യാൻ ഹോസ്റ്റലിലെത്തിയ പൊലീസ് സംഘത്തിലെ രണ്ട് പേരെയാണ് സംശയിക്കുന്നത്. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ലെന്നിരിക്കെയാണ് പൊലീസിന്റെ ഈ ചോദ്യം ചെയ്യൽ വീഡിയോ ലീക്കാവുന്നത്. പല പ്രമുഖ കേസുകളിലും യാതൊരു വിഷയങ്ങളും വെളിപ്പെടുത്താത്ത പൊലീസ് ഈ കേസിൽ കാട്ടിയ അമിതമായ ഉത്സാഹവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

തൃശൂർ സിറ്റി പൊലീസിന്റെ അറിയിപ്പിൽ ഇങ്ങനെ പറയുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു മെഡിക്കൽ വിദ്യാർത്ഥിയെ മയക്കുമരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയും ഇക്കാര്യത്തിന് തശൂർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ 18.01.2022 തിയതി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. കേസന്വേഷണവുമായി ബന്ധപ്പെട്ട്, യാതൊരു വിധ വിവരങ്ങളും വെളിപ്പെടുത്താൻ പാടില്ല എന്നിരിക്കെ, ആയതിന് വിരുദ്ധമായി ഈ കേസിലെ പ്രതിയെ ചോദ്യം ചെയ്യുന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുള്ളതാണ്. ഇക്കാര്യത്തെക്കുറിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇതിനു ഉത്തരവാദികളായിട്ടുള്ളവരെ കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുന്നതിന് തൃശൂർ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുള്ളതാണ്.

ഇവർ ആത്മഹത്യ ചെയ്താൽ ആര് സമാധാനം പറയും?

സംഭവത്തിൽ ഐ.എം.എയും ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. ഐ. എം. എ കോഴിക്കോട് പ്രസിഡന്റ് ഡോ. ശങ്കർ മഹാദേവൻ എഴുതിയ കുറിപ്പ് ഇങ്ങനെ. 'ഈ കഴിഞ്ഞ ദിവസം ഒരു ഹൗസ് സർജൻ മയക്ക് മരുന്നു ഉപയോഗിച്ചത് ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി വന്നിരുന്നു. വിവിധ മാധ്യമ ചാനലുകൾ ഇവ പുറത്ത് വിടുകയും ആഘോഷിക്കുകയും ഉണ്ടായി. പല പേരുകളും പ്രസ്തുത വ്യക്തി പുറത്ത് പറയുക ഉണ്ടായി.

എന്തൊരു അതിക്രമം ആണ് ഇവിടെ നടന്നിരിക്കുന്നത്. ഇവിടെ മയക്കുമരുന്നു ഉപയോഗിച്ചതിനെ ന്യായീകരിക്കുകയൊ, പൊലീസിന്റെ അന്വേഷണത്തെ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. എന്നാൽ ഇവ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ കൊടുക്കുകയും , മാധ്യമങ്ങൾ യാതൊരു ഉത്തരവാദിത്വ ബോധം ഇല്ലാതെ തങ്ങളുടെ ചാനലിൽ കാണിക്കുകയും ചെയ്യുന്നതിനെ അതിശക്തമായ ഭാഷയിൽ എതിർക്കുകയാണ്. ഇവരുടെ മാതാപിതാക്കൾ എന്ത് പിഴച്ചു. ഇവൻ പറഞ്ഞ പേരുകൾ നേരല്ലെങ്കിൽ, അവനു ഇഷ്ടമല്ലാത്ത പേരുകൾ അവൻ പറഞ്ഞിട്ടുണ്ടെങ്കിൽ, അവനെ പ്രേരിപ്പിച്ചു, പീഡിപ്പിച്ച് ചില പേരുകൾ പൊലീസ് പറയിച്ചതാണെങ്കിൽ ആരാണ് ഉത്തരവാദി? ഇവർക്ക് ഉണ്ടായിട്ടുള്ള മാനനഷ്ടത്തിനു, ഇവരുടെ മാതാപിതാക്കൾക്ക് ഉണ്ടായ മാനഹാനിക്ക് ആരാണ് സമാധാനം പറയുക?

ഇങ്ങനെയാണോ മയക്ക് മരുന്നിനു അടിമയായ ഒരാളെ കൈകാര്യം ചെയ്യേണ്ടത്? തെറ്റ് മനസ്സിലാക്കി, തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതിനു പകരം അയാളെ മയക്കുമരുന്നു ഉപയോഗിക്കുന്നവനായി സമൂഹത്തിൽ പ്രദർശിപ്പിച്ച് അവനെ സമൂഹത്തിൽ ഒറ്റപ്പെടുത്തി, വീണ്ടും സംഘടിത കുറ്റക്യത്യങ്ങളിലേക്ക് തള്ളിവിടുന്നതാണോ സാമൂഹിക നീതി. ഇതു മനുഷ്യത്വ രഹിതമാണ്, കാടത്തമാണ്, മൗലികമായ അവകാശങ്ങളുടെ ലംഘനമാണ്. ഈ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് ആരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

ശിക്ഷ വിധിക്കേണ്ടത് കോടതിയാണ്, കുറ്റം തെളിയിക്കേണ്ടത് പൊലീസാണ്. ഇവിടെ വേലി തന്നെ വിളവ് തിന്നുന്നതാണ് കണ്ടതു. ഇതു ചിത്രീകരിച്ച് പുറത്ത് വിട്ടതിന്റെ പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കേണ്ടതാണ്. പ്രമാദമായ പല കേസുകളിലെ പ്രതികളുടെ പേര് പോലും വെളിപ്പെടുത്താത്ത പൊലീസ്, ഇതിലും വലിയ പ്രതികളെ മുഖം മറച്ച് പുറത്ത് കാണിക്കാതെ കൊണ്ട് നടക്കുന്ന പൊലീസ് ഒരു ഹൗസ് സർജന്റെ വീഡിയോ ചിത്രീകരിച്ച് പ്രദർശിപ്പിച്ചിരിക്കുന്നു. ഈ പേരുകളിൽ ഒരാൾ എങ്കിലും നിരപരാധിയായി ഉണ്ടെങ്കിൽ, ആരെങ്കലും മനം നൊന്ത് കടും കൈയ് കാട്ടിയാൽ ആരാണ് ഉത്തരവാദിത്വം ഏറ്റെടുക്കുക?

ഇനി ഇതു ഒരു സെക്കൻഡ് കൊണ്ട് കൈവിരൽ തുമ്പ് കൊണ്ട് ഫോർവേർഡ് ചെയ്തു മന സുഖം (ഭ്രാന്തൻ സുഖം) അനുഭവിക്കുന്നവരോട് - ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല രസമാണ്. സ്വന്തം മക്കൾക്കാണ് ഈ ഗതി ഉണ്ടായെങ്കിലോ? അതിനാൽ ഇതു ചെയ്യാതിരിക്കുക. കുറ്റം ചെയ്തവൻ നാട്ടിലെ നിയമ വ്യവസ്ഥ അനുസരിച്ച് ശിക്ഷിക്കപ്പെടട്ടെ, സോഷ്യൽ മീഡിയയിൽ ഇരുന്നു വിധി പ്രസ്താവിക്കരുതു.

ഇനി ഈ പൊതു സമൂഹത്തിനോട്, :-ഈ കുട്ടികൾക്ക് തെറ്റ് തിരുത്താൻ ഒരു അവസരം കൊടുക്കണം. യഥാർത്ഥ കുറ്റക്കാർ മറഞ്ഞിരിക്കുന്നുണ്ട്, വളരെ വേരോടിയ ഒരു മാഫിയ ആണ് മയക്കുമരുന്നു റാക്കറ്റ്. അതിലെ സപ്ളൈ ചെയ്യിൻ കണ്ട് പിടിക്കണം, ഇടനിലക്കാരെ കണ്ടുപിടിക്കണം, ഉറവിടം കണ്ടെത്തണം. ഇറങ്ങി തിരിച്ചാൽ വലിയ വലിയ കണ്ണികളിലേക്ക് ഇവ പോകും. അതിനുള്ള ധൈര്യം പൊലീസിനു ഉണ്ടാകണം. വെറുതെ കണ്ണിൽ പൊടി ഇടാനുള്ള നീക്കം അല്ല വേണ്ടതു. ചാഞ്ഞ മരം ആയതു കൊണ്ട് കയറി കളയാം എന്ന് ധരിക്കരുതു.''- ഇങ്ങനെയാണ് ശങ്കർ മഹാദേവൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കൾ

അതിനിടെ കേസിൽ ഗൂഡാചോലനയുണ്ടെന്നാണ് ഹൗസ് സർജന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. തൃശൂർ മെഡിക്കൽ കോളജിലെ ഹൗസ് സർജനും കോഴിക്കോട് സ്വദേശിയുമായ അക്വീലിനെ 2.4 ഗ്രാം എം.ഡി.എം.എ സഹിതം തിങ്കളാഴ്‌ച്ച രാത്രി പിടികൂടിയെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ പൊലീസ് പുറത്തുവിട്ട വീഡിയോ ചിത്രീകരിച്ചത് പകലാണെന്ന് സംശയിക്കുന്നു. ഭീഷണിപ്പെടുത്തിയോ, മയക്കുമരുന്ന് നിർബ്ബന്ധിച്ച് ഉപയോഗിപ്പിച്ചതിനു ശേഷമോ യുവാവിന്റെ മൊഴിയെടുത്തതാണെന്ന് ബന്ധുക്കൾ പറയുന്നു. ശരിയായ മാനസീകാവസ്ഥയിലുള്ള ആരും കൂട്ടുകാരെ ഒറ്റുകൊടുക്കില്ലെന്നിരിക്കെ, യുവാവിനെ കൊണ്ട് പതിനഞ്ചോളം ഡോക്ടർമാരുടെ പേരുകൾ പൊലീസ് പറയിക്കുന്നുണ്ട്. യുവ ഡോക്ടർ കേവലം കുറ്റാരോപിതൻ മാത്രമാണെന്നിരിക്കെ , ഇയാളെ പ്രതിയാക്കാൻ പൊലീസ് അതീവ വ്യഗ്രത കാണിക്കുന്നതായാണ് വീഡിയോ ദൃശ്യങ്ങൾ .

പതിനഞ്ച് ദിവസത്തിനകം ഹൗസ് സർജൻസി കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുന്ന യുവ ഡോക്ടറാണെന്ന മാനുഷിക പരിഗണന പോലും ഈ വിഷയത്തിൽ പൊലീസിന് ഉണ്ടായിട്ടില്ല. മയക്കുമരുന്നിന് അടിമകളായവരെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന് സർക്കാർ ആവിഷ്‌ക്കരിച്ച 'വിമുക്തി ' തുടങ്ങി പദ്ധതികൾ നിലവിലിരിക്കെ അത്തരം സാധ്യതകൾ ഒന്നും പൊലീസ് പരിശോധിച്ചില്ല. വീഡിയോ ചിത്രീകരിച്ചതിനു പിന്നിൽ ചില ഒത്തുകളികൾ നടന്നതായാണ് ബന്ധുക്കൾ സംശയിക്കുനന്നുണ്ട്. യുവാവിന്റെ പിതാവ് അറിയപ്പെടുന്ന പ്രവാസി സംരഭകനാണ്. അദ്ദേഹത്തിന്റെ ബിസിനസ് തകർക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച ചിലർക്കൊപ്പം പൊലീസും ഒത്തുകളിച്ചു എന്ന ആരോപണവും ശക്തമാണ്. ഇക്കാര്യവും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP