Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിപ്പിച്ച എട്ടു തവണയും ഹാജരായില്ല; പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ ജനുവരി 15 ന് വച്ച സിറ്റിങ് മുടങ്ങിയപ്പോൾ കമ്മിഷൻ സിറ്റിങ് ഇന്നത്തേക്ക് മാറ്റി; സുഖമില്ലെന്ന് പറഞ്ഞ് മുങ്ങിയപ്പോൾ നേരെ വീട്ടിലെത്തി തെളിവെടുത്ത് കമ്മീഷൻ; സ്വന്തം പാർട്ടിക്കാരിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കൽപ്പിക്കുന്നത് തടയാനുള്ള യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വിക്ടർ ടി തോമസിന്റെ നാടകം പൊളിച്ചടുക്കി കമ്മിഷൻ

തെരഞ്ഞെടുപ്പ് കമ്മിഷൻ വിളിപ്പിച്ച എട്ടു തവണയും ഹാജരായില്ല; പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ ജനുവരി 15 ന് വച്ച സിറ്റിങ് മുടങ്ങിയപ്പോൾ കമ്മിഷൻ സിറ്റിങ് ഇന്നത്തേക്ക് മാറ്റി; സുഖമില്ലെന്ന് പറഞ്ഞ് മുങ്ങിയപ്പോൾ നേരെ വീട്ടിലെത്തി തെളിവെടുത്ത് കമ്മീഷൻ; സ്വന്തം പാർട്ടിക്കാരിയെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത കൽപ്പിക്കുന്നത് തടയാനുള്ള യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വിക്ടർ ടി തോമസിന്റെ നാടകം പൊളിച്ചടുക്കി കമ്മിഷൻ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സ്വന്തം പാർട്ടിക്കാരിയായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യത കൽപ്പിക്കുന്നത് തടയാൻ യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി തോമസിന്റെ നാടകം. എട്ടു തവണ കമ്മിഷൻ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്ത വിക്ടറിന് വേണ്ടി കമ്മിഷൻ ഇന്നലെ പത്തനംതിട്ട ഗവ ഗസ്റ്റ്ഹൗസിൽ സിറ്റിങ് വച്ചു. അവസാന നിമിഷം തനിക്ക് അസൗകര്യമുണ്ടെന്ന് ഇ മെയിൽ അയച്ച ശേഷം വിക്ടർ പിന്മാറി. സിറ്റിങ് ഇന്നത്തേക്ക് മാറ്റി കമ്മിഷൻ പുതുക്കി നിശ്ചയിച്ചു. കമ്മിഷൻ ഇന്ന് രാവിലെ തന്നെ ഗസ്റ്റ്ഹൗസിൽ എത്തി വിക്ടറെ കാത്തിരിക്കുമ്പോൾ തനിക്ക് രോഗം ബാധിച്ച് കിടപ്പിലാണെന്ന് വിശദീകരണം എത്തി. എവിടെയാണ് കിടക്കുന്നത് എന്നായി കമ്മിഷൻ. സ്വന്തം വീട്ടിലെന്ന് വിക്ടർ. കമ്മിഷൻ മറ്റൊന്നും ചിന്തിച്ചില്ല നേരെ കോഴഞ്ചേരിയിലുള്ള വിക്ടറിന്റെ വീട്ടിലേക്ക് പോയി. മൊഴി എടുക്കുകയും ചെയ്തു. കേരളത്തിലെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമായി ഇതു മാറി.

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരളാ കോൺഗ്രസ്-എമ്മുകാരിയുമായിരുന്ന സൂസനെ രക്ഷിക്കാൻ വേണ്ടിയായിരുന്നു വിക്ടറിന്റെ നാടകം. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫ്-ആറ്, യുഡിഎഫ്-ആറ്, ബിജെപി-ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. കഴിഞ്ഞ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗം വിട്ടു നിന്നപ്പോൾ ഇരുവിഭാഗത്തിലും തുല്യംവോട്ട് ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന നിർമലാ മാത്യൂസിനെ ഭാഗ്യം തുണച്ചു. അവർ പ്രസിഡന്റുമായി. പിന്നീട് മാറി വന്ന സാഹചര്യത്തിൽ ഭരണം അട്ടിമറിക്കാൻ സിപിഎം തയാറായി. കെഎം മാണി യുഡിഎഫുമായി അകന്നു നിന്ന സമയത്തായിരുന്നു ഇത്. കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റായിരുന്ന വിക്ടർ ടി തോമസായിരുന്നു യുഡിഎഫ് ജില്ലാ ചെയർമാൻ. മാണി സിപിഎമ്മിലേക്ക് അടുക്കുന്നുവെന്ന സൂചന വന്ന സമയത്താണ് കോയിപ്രത്ത് നിർമലാ മാത്യൂസിനെതിരേ അവിശ്വാസം കൊണ്ടു വന്നത്. ബിജെപി പതിവു പോലെ മൗനം പാലിക്കുന്ന സാഹചര്യത്തിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനത്തിന് ഭീഷണി ഉണ്ടായിരുന്നില്ല.

എന്നാൽ, എല്ലാവരെയുംഞെട്ടിച്ചു കൊണ്ട് കേരളാ കോൺഗ്രസ് എമ്മിലെ സൂസൻ എൽഡിഎഫ് പക്ഷത്തേക്ക് കൂറുമാറി. അഞ്ചിനെതിരേ ഏഴു വോട്ടുകൾക്ക് നിർമല മാത്യൂസിനെതിരായ അവിശ്വാസം പാസായി. തുടർന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സൂസൻ ഒപ്പം നിന്നതിനാൽ സിപിഎമ്മിലെ ആർ കൃഷ്ണകുമാർ പ്രസിഡന്റായി. സൂസനെ വൈസ് പ്രസിഡന്റുമാക്കി. ഇതിനെതിരേ നിർമലാ മാത്യൂസ് ആണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. അവിശ്വാസ വോട്ടെടുപ്പിൽ യുഡിഎഫിനൊപ്പം നിൽക്കണമെന്ന് സൂസന് കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡന്റായിരുന്ന വിക്ടർ ടി തോമസ് വിപ്പു നൽകിയിരുന്നു.

യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിലാണ് വിപ്പ് നൽകിയതും. ഇതിന് സാക്ഷികളുമുണ്ടായിരുന്നു. വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ എത്തിയതോടെ സൂസന് അയോഗ്യത വരുമെന്ന് ഉറപ്പായി. നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ഇവർ മറുകണ്ടം ചാടി യുഡിഎഫിലെത്തി. മാത്രവുമല്ല, വിഘടിച്ചു നിൽക്കുന്ന കേരളാ കോൺഗ്രസ് എമ്മിലെ ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റായ വിക്ടർക്കൊപ്പം ഇവർ നിലയുറപ്പിക്കുകയും ചെയ്തു. അവിശ്വാസ ചർച്ചയുടെ സമയത്ത് സൂസൻ മറുകണ്ടം ചാടിയതും വിക്ടറിന്റെ അറിവോടെയായിരുന്നു. ഈ രണ്ടു കാരണങ്ങളാൽ സുസനെ സംരക്ഷിക്കേണ്ട ചുമതല വിക്ടറിനായി. ഇതു കാരണമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ എട്ടു തവണ നോട്ടീസ് കൊടുത്ത് വിളിപ്പിച്ചിട്ടും വിക്ടർ ഹാജരാകാതിരുന്നത്. ഒടുവിൽ താൻ വിപ്പ് നൽകിയിട്ടില്ല എന്നു പറയാനായിരുന്നു വിക്ടറിന്റെ തീരുമാനം.

എന്നാൽ, യുഡിഎഫ് യോഗത്തിൽ വിപ്പ് നൽകിയതിന് തെളിവുണ്ടെന്ന് വന്നതോടെ വിപ്പ് നൽകിയിട്ടില്ല എന്നു കമ്മിഷനോട് പറയാനും പറ്റാതെയായി. ധർമസങ്കടത്തിലായ വിക്ടർ കമ്മിഷനെ അഭിമുഖീകരിക്കാനാകാതെ മുങ്ങുകയായിരുന്നു. ഒടുവിൽ പരാതിക്കാരിയായ നിർമല മാത്യൂസ് ചെലവ് കെട്ടിവച്ചപ്പോഴാണ് കമ്മിഷൻ പത്തനംതിട്ടയിൽ സിറ്റിങ് വച്ചത്. ഇവിടെയും ഹാജരാകാതിരിക്കാനുള്ള വിക്ടറിന്റെ തന്ത്രം വെട്ടിനിരത്തിയാണ് കമ്മിഷൻ വീട്ടിൽ ചെന്ന് മൊഴി എടുത്തത്. വിക്ടറിന്റെ മൊഴി എന്തു തന്നെ ആയാലും സൂസനെതിരേ നടപടി വരുമെന്നാണ് സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP