Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സുവിശേഷ പ്രസംഗം നടത്തിയാൽ നാവ് മരണശേഷം അഴുകില്ല! 21 വർഷം മുമ്പ് മരിച്ച വിക്ടർ ബ്രദറിന്റെ കല്ലറ തുറന്ന നോക്കിയപ്പോൾ കണ്ടത് ദിവ്യാത്ഭുദം തന്നെയെന്ന് വിശ്വാസികൾ; ഫോർട്ടുകൊച്ചിയിലെ ധ്യാന കേന്ദ്രത്തിലേക്ക് വിശ്വാസികളുടെ കുത്തൊഴുക്ക്; മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ വത്തിക്കാനിലേക്ക് അയച്ച് വിക്ടർ ബ്രദർ വിശുദ്ധനാവുന്നതും കാത്ത് വിശ്വാസികൾ; പ്രബുദ്ധ കേരളത്തിൽ പുതിയ ഒരു ദിവ്യാത്ഭുദ തട്ടിപ്പിനു കൂടി കളമൊരുങ്ങുമ്പോൾ

സുവിശേഷ പ്രസംഗം നടത്തിയാൽ നാവ് മരണശേഷം അഴുകില്ല! 21 വർഷം മുമ്പ് മരിച്ച വിക്ടർ ബ്രദറിന്റെ കല്ലറ തുറന്ന നോക്കിയപ്പോൾ കണ്ടത് ദിവ്യാത്ഭുദം തന്നെയെന്ന് വിശ്വാസികൾ; ഫോർട്ടുകൊച്ചിയിലെ ധ്യാന കേന്ദ്രത്തിലേക്ക് വിശ്വാസികളുടെ കുത്തൊഴുക്ക്; മൃതദേഹം പുറത്തെടുക്കുന്ന വീഡിയോ വത്തിക്കാനിലേക്ക് അയച്ച് വിക്ടർ ബ്രദർ വിശുദ്ധനാവുന്നതും കാത്ത് വിശ്വാസികൾ; പ്രബുദ്ധ കേരളത്തിൽ പുതിയ ഒരു ദിവ്യാത്ഭുദ തട്ടിപ്പിനു കൂടി കളമൊരുങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: 21 വർഷം മുമ്പ് മരിച്ച സുവിശേഷ പ്രാസംഗികൻ വിക്ടർ ബ്രദറിന്റെ കല്ലറ തുറന്ന നോക്കിയപ്പോൾ നാവ് അഴുകാതെ കിടന്നുവെന്ന് പറഞ്ഞ് കൊച്ചിയിൽ ആത്മീയ തട്ടിപ്പെന്ന് ആക്ഷേപം. സോഷ്യൽ മീഡിയയിലൂടെ ദിവ്യാത്ഭുത വീഡിയോ പുറത്തുവിട്ടാണ് വിക്ടർ ബ്രദറിന്റെ ഭാര്യ ഡോ. ക്ലാരയടക്കമുള്ളവർ തട്ടിപ്പു നടത്തുന്നത് എന്നാണ് ആക്ഷേപം. വീടുകൾ താറും സുവിശേഷപ്പെട്ടികൾ നൽകി പിരിവെടുത്ത് രോഗശാന്തി പ്രാർത്ഥന നടത്തിയാണ് ഫോർട്ട്‌കൊച്ചിയിലെ വിക്ടർ ബ്രദർ പ്രശസ്തനായത്. ഇദ്ദേഹം മരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നാവ് അഴുകിയിട്ടില്ലെന്നും അത് സുവിശേഷം നടത്തിയത് ഒന്നുകൊണ്ട് മാത്രമാണെന്നുമാണ് പ്രചാരണം. ഇതോടെ തീരപ്രദേശങ്ങളിൽ നിന്ന് ധാരാളം പേർ വിക്ടർ ബ്രദറിന്റെ നാവുകാണാനും അദ്ദേഹത്തിന്റെ ഭാര്യ ഡോ. ക്ലാരയെക്കൊണ്ട് തലയിൽ കൈവെച്ച് പ്രാർത്ഥിക്കാനുമായി എത്തുന്നുണ്ട്. 

താമസിയാതെ ഫോർട്ട് കൊച്ചിയിലെ ഇവരുടെ കേന്ദ്രം ഒരു ആത്മീയ തീർത്ഥാടന കേന്ദ്രം ആകുമെന്ന് ഉറപ്പാണ്. ഈ തട്ടിപ്പിനെതിരെ സജീവ പ്രചാരണവുമായി യുക്തിവാദി പ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്. കൊച്ചിയിലെ ഒരു സാധാ വക്കീലായിരുന്നു ബ്രദർ വിക്ടർ. വീടുകൾ തോറും കയറി സുവിശേഷം പ്രസംഗിച്ച അദ്ദേഹം എറെ വൈകിയാണ് അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞത്. ജീസസ് ആൻഡ് വിക്ടർ അസോസിയേറ്റ്‌സ് എന്നായിരുന്നു അദ്ദേഹം തന്റെ സ്ഥാപനത്തിന് പേരിട്ടത്.

പത്തുവർഷം കൊച്ചിയിൽ പ്രാക്ടീസ് തുടരുമ്പോഴും അദ്ദേഹം സുവിശേഷം പ്രഭാഷണം തുടർന്നു. 21 വർഷം മുൻപ് ഹൈദരാബാദിലേക്കുള്ള ഒരു യാത്രക്കിടയിൽ ഹൃദയാഘാതം വന്നാണ് അദ്ദേഹം മരിച്ചത്. ഫോർട്ട് കൊച്ചി സൗദി എന്ന സ്ഥലത്തെ സെമിത്തേരിയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം അടക്കിയത്. എന്നാൽ ഈയിടെ പള്ളി പുതുക്കിയായി ശവക്കല്ലറ മാറ്റിയപ്പോഴാണ് ബ്രദർ വിക്ടറിന്റെ നാക്ക് അടക്കമുള്ള ഭാഗങ്ങൾ അഴുകാതെ കിടക്കുന്നതായി കണ്ടതായി പറയുന്നത്. ഇത് വലിയ ദിവ്യാത്ഭുദമായണ് സോഷ്യൽ മീഡിയയിൽ അനുയായികൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ശവക്കല്ലറ തുറക്കുമ്പോൾ തന്നെ എന്തോ അത്ഭുതം സംഭവിക്കാൻ പോകുന്നു എന്ന് മുൻകൂട്ടി തീരുമാനിച്ചതായി വീഡിയോയിലെ സംഭാഷണങ്ങൾ കേട്ടാൽ മനസിലാകും. ഒരു സ്ത്രീ നിന്ന് കല്ലറ തുറക്കുന്നവർക്ക് നിർദ്ദേശം കൊടുക്കുന്നുണ്ട്. സൂക്ഷിച്ച് ചെയ്യാനും നല്ല ആഴത്തിലാണ് ഉള്ളതെന്നും. വളരെ പാടുപെട്ടാണ് അടക്കിയതെന്നുമൊക്കെ അവർ പറയുന്നുണ്ട്. സ്ത്രീയെ കാണുന്നില്ല. ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ. വിക്ടറിന്റെ ഭാര്യ ക്ലാരയാണോ ഈ ശബ്ദത്തിനുടമയെന്ന് വ്യക്തമല്ല. പക്ഷേ ദിവ്യാത്ഭുദം ഉണ്ടാക്കണം എന്ന ശ്രമം ഇതിൽ നിന്ന് പ്രകടമാണ്.

മൃതദേഹം അഴുകാതിരിക്കുന്നത് രണ്ടു സാധ്യതകളാണ് ശാസ്ത്ര പ്രചാരകർ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് നാച്ച്വറൽ മമ്മിഫിക്കേഷൻ ആവാം. മമ്മിഫിക്കേഷന് സഹായിക്കുന്നു എന്തെങ്കിലും വസ്തുക്കൾ മൃതദേഹത്തിൽ ഉൾപ്പെട്ടതാവാം. രണ്ടാമത് ആർട്ടിഫിഷ്യൽ മമ്മി ഫിക്കേഷൻ. പൗരാണിക കാലത്തുതന്നെ ഈ രീതിയിൽ മമ്മിഫൈ ചെയ്യുന്ന രീതി ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളിൽ ഉണ്ട്. മാത്രവുമല്ല വിക്ടറിന്റെ ഭാര്യ ക്ലാര ഡോക്ടർ കൂടിയാണ്. മൃതദേഹം അഴുകാതിരിക്കാൻ എന്തുചെയ്യണമെന്ന് അവർക്ക് നന്നായി അറിയാം. 'അതനുസരിച്ച് 1997 ൽ വിക്ടർ ബ്രദർ മരിക്കുമ്പോൾ തന്നെ വേണ്ടകാര്യങ്ങൾ ക്ലാര ചെയ്തിരുന്നു എന്നുവേണം അനുമാനിക്കാൻ. എല്ലാവരുടെയും കാര്യത്തിൽ മരിക്കുമ്പോൾ ആത്മാവ് പോയി എന്നാണ് പറഞ്ഞിരുന്നതെങ്കിൽ വിക്ടർ ബ്രദറിന്റെ ചൈതന്യം പോയി എന്നാണ് പ്രചരിപ്പിച്ചിരുന്നത്'- ദിവ്യാത്ഭുദ തട്ടിപ്പുകൾക്കെതിരെ ശക്തമായി പ്രചരിക്കുന്ന ഡോ. ആൽബി ഫിലിപ്പ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

ഈ പാറ്റേണിൽ തന്നെയാണ് മുംബൈയിലും ഗോവയിലുമൊക്കെ വിശുദ്ധരെ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 'ആദ്യം ആരുമറിയാതെ എംബാം ചെയ്ത് മൃതദേഹം അടക്കും. പിന്നെ കുറെ നാൾ കഴിയുമ്പോൾ കുഴിമാന്തി നോക്കിയിട്ട് അഴുകിയില്ലെന്നും ഇത് സുവിശേഷ പ്രചാരകൻ ആയിരുന്നതുകൊണ്ടാണെന്നും പറയും. രോഗം മാറിയതിന് സാക്ഷ്യം പറയാൻ കാശുകൊടുത്തൽ ഐഎംഎക്കാർ ഡോക്ടർമാരെ വരെ കിട്ടും. പിന്നെന്ത് വേണം വിശ്വാസികളെ പറ്റിക്കാൻ? പോരാത്തതിന് ക്ലാര ഐഎംഎ അംഗവും. ഈയിടെ വത്തിക്കാനിൽ നടന്ന വിശുദ്ധരാക്കൽ പക്രിയയിൽ ഐഎംഎ ഡോക്ടറുടെ പങ്ക് ഓർക്കുക.'- ഡോ ആൽബി ഫിലിപ്പ് ചൂണ്ടിക്കാട്ടി.

എന്നാൽ ബ്രദർ വിക്ടറിന്റെ ദിവ്യത്ഭുദം പ്രചരിപ്പിക്കുന്നതിൽ സഭക്ക് വലിയ താൽപ്പര്യമൊന്നുമില്ല എന്നാണ് അറിയുന്നത്. വിക്ടർ ബ്രദറിന്റെ മരണശേഷം ധ്യാന കേന്ദ്രം നടത്തിവന്നിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ ക്ലാരയാണ്. അവരുടെ സ്വകാര്യ സംരംഭമാണ് ഇത്. പക്ഷേ ഇവിടുത്തെ വിശ്വാസികൾ ഫോട്ടോയും വീഡിയോയുമൊക്കെ വത്തിക്കാനിലേക്ക് അയച്ചിട്ടുണ്ട്. വിക്ടർ ബ്രദർ വിശുദ്ധനാകുന്നതും കാത്ത് ഇരിക്കുകയാണ് ഇവർ എന്നാണ് നാട്ടുകാർ പറയുന്നത്. എന്തായാലും ഫോർട്ടുകൊച്ചിയിലെ ക്ലാരയുടെ ധ്യാനകേന്ദ്രത്തിലേക്ക് വിശ്വാസികളുടെ വൻ ഒഴുക്കാണ്. 

ശാസ്ത്രലോകം പറയുന്നത് ഇങ്ങനെ

മൃതദേഹം എംബാം ചെയ്യുകയോ, തണുപ്പിക്കുകയോ ചെയ്യുന്നതിനാലാണ് അഴുകാതിരിക്കുന്നതെന്നാണ് ശാസ്ത്ര ലോകം ചൂണ്ടിക്കാട്ടുന്നത്. ശവപ്പെട്ടിയിൽ അടക്കുന്ന മൃതദേഹത്തിലും വിഘടനം വൈകും. കുഴിച്ചിടാതെ വെറുതെ വലിച്ചെറിഞ്ഞാൽ 15 ദിവസംകൊണ്ട് അഴുകുമെന്നാണ് ഫോറൻസിക്ക് വിദഗ്ദ്ധർ അടക്കമുള്ളവർ പറയുന്നത്. എന്നാലും എല്ലുകൾ, ദ്രാവകങ്ങൾ, വാതകങ്ങൾ, ലവണങ്ങൾ എന്നിവ അവശേഷിക്കും. അതയാത് എല്ലും പല്ലുമൊക്കെ ദ്രവിക്കാതെ കിടക്കുന്നത് അത്്ഭുദമല്ല. ഇവിടെ നാവാണ് അഴുകാതെ കിടന്നതായി പറയുന്നത്. ഇതിനാകട്ടെ വ്യക്തമായ തെളിവുമില്ല.

ശവപ്പെട്ടിയിൽ അടക്കം ചെയ്ത മൃതദേഹം പൂർണ്ണമായി വിഘടിപ്പിക്കുന്നതിന് കുറഞ്ഞത് പതിനഞ്ച് വർഷമെങ്കിലും എടുക്കം. എന്നാൽ സീൽ ചെയ്ത കണ്ടെയിനറിലാണെങ്കിൽ മനുഷ്യാവശിഷ്ടങ്ങളുടെ അന്തിമ വിഘടനത്തിന് 100 വർഷം വരെ എടുക്കാം. ഒരു വ്യക്തിയുടെ ആന്തരിക അവയവങ്ങളും ടിഷ്യുകളും മരണശേഷം ഉടൻ വിഘടിക്കാൻ തുടങ്ങും. ഒരു നിശ്ചിത സമയത്തിനുശേഷം, ക്ഷയിക്കൽ ആരംഭിക്കുന്നു.

മനുഷ്യ ശരീരത്തിൽ വളരെയധികം സൂക്ഷ്മാണുക്കൾ ജീവിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. കഡാവെറിക് ദ്രാവകങ്ങൾ തീറ്റുന്ന ഇവയുടെ പ്രക്രിയ കൂടുതൽ വികസിക്കുന്നതിലേക്ക് നയിക്കുന്നു. കുറച്ച് സമയത്തിനുശേഷം, എല്ലാ ടിഷ്യൂകളും പൂർണ്ണമായും അഴുകുകയും നഗ്നമായ ഒരു അസ്ഥികൂടം അവശേഷിക്കുകയും ചെയ്യുന്നു, ഇതും നാശത്തിന് വിധേയമാണ്, പ്രത്യേകിച്ച് ശക്തമായ അസ്ഥികൾ ഒഴികെ. പക്ഷേ എംബാം ചെയ്യുകയാണെങ്കിൽ ഈ വിഘടനം നടക്കില്ല. ബ്രദർ വിക്ടർ മരിച്ചത് വിമാനയാത്രക്കിടെ ആയതിനാൽ വിമാനത്താവളത്തിൽവെച്ചു തന്നെ എംബാമിങ്ങ് നടന്നിട്ടുണ്ടാകും. സത്യം ഇതായിരിക്കെ എല്ലാം മറിച്ചുവെച്ചുള്ള വിശ്വാസത്തട്ടിപ്പാണ് ഫോർട്ട് കൊച്ചിയിൽ നടക്കുന്നത്.

എന്നാൽ ഈ കേന്ദ്രത്തിന്റെ മറവിൽ ദുരൂഹതകൾ ഒന്നുമില്ലെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നതെന്നും ബന്ധപ്പെട്ടവർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ബ്രദർ വിക്ടർ ഒരു പാട് പേർക്ക് സൗഖ്യം കൊടുത്ത വ്യക്തിയാണെന്നും നാട്ടുകാർ അദ്ദേഹത്തെ മഹാത്മായി തന്നെയാണ് കാണുന്നതെന്നും ധ്യാനകേന്ദ്രം അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP