Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നിങ്ങൾ ഭരണഘടനക്കൊപ്പമോ ഖുർആന് ഒപ്പമോ' എന്ന ചോദ്യം ഉയർത്തി ജാമിദ ടീച്ചർ; 'കാലനില്ലാത്ത കാലം' എന്ന വിഷയവുമായി സി രവിചന്ദ്രൻ; സവർക്കറിസവും ഗോൾവാൾക്കറിസവും മൗദൂദിസവും ഖുത്തുബിസവും വിമർശനാത്മകമായി വിലയിരുത്തി ഹമീദ് ചേന്ദമംഗല്ലൂർ; ജനകീയ സംവാദവുമായി മൈത്രേയനും ഡോ കെ പി മോഹനനും; ഒപ്പം ജോസ് കണ്ടത്തിൽ, ഡോ ജോസ്റ്റിൻ ഫ്രാൻസിസ്, ഡോ സുനിൽകുമാർ, ഡോ സാബുജോസ് എന്നിവരും; ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറിന് ഒരുങ്ങി മുക്കം

'നിങ്ങൾ ഭരണഘടനക്കൊപ്പമോ ഖുർആന് ഒപ്പമോ' എന്ന ചോദ്യം ഉയർത്തി ജാമിദ ടീച്ചർ; 'കാലനില്ലാത്ത കാലം' എന്ന വിഷയവുമായി സി രവിചന്ദ്രൻ; സവർക്കറിസവും ഗോൾവാൾക്കറിസവും മൗദൂദിസവും ഖുത്തുബിസവും വിമർശനാത്മകമായി വിലയിരുത്തി ഹമീദ് ചേന്ദമംഗല്ലൂർ; ജനകീയ സംവാദവുമായി മൈത്രേയനും ഡോ കെ പി മോഹനനും; ഒപ്പം ജോസ് കണ്ടത്തിൽ, ഡോ ജോസ്റ്റിൻ ഫ്രാൻസിസ്, ഡോ സുനിൽകുമാർ, ഡോ സാബുജോസ് എന്നിവരും; ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാറിന് ഒരുങ്ങി മുക്കം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മൊയ്തീൻ-കാഞ്ചനമാല പ്രണയ ജോടികളുടെ അനശ്വരമായ ജീവിതം അഭ്രപാളികളിൽ ഹിറ്റായതോടെ മാത്രം ശ്രദ്ധേയമായ പ്രദേശമായിരുന്നില്ല കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ മുക്കം. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെയും, എം എൻ കാരശ്ശേരിയുടെയും, സുരാസുവിന്റെയും, ഹമീദ് ചേന്ദമംഗല്ലൂരിന്റെയുമൊക്കെ നാടാണിത്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് അന്ത്യശ്വാസം വലിച്ച മണ്ണ്. അടിയന്തരവാസ്ഥക്കെതിരെ പ്രതിഷേധിക്കാൻ ചങ്ങലയിൽ സ്വയം ബന്ധിതനായി സുരാസു കിടന്ന നാട്. മുക്കം ഭാസിയുടെയും, മതാതീതമായ പ്രണയത്തിലൂടെ കേരളത്തെ കീഴടക്കിയ മൊയീതീനിന്റെയും കാഞ്ചനമാലയുടെയും കൂടി നാടാണിത്. ഒരു കാലത്ത് മലബാറിന്റെ തന്നെ സാംസ്കാരിക തലസ്ഥാനമായിരുന്നു, എസ് കെ പൊറ്റക്കാട് എഴുതിയപോലെ, ഇരുവഴിഞ്ഞിപ്പുഴ അരഞ്ഞാണം ചാർത്തുന്ന ഈ നാട്.

പക്ഷേ കഴിഞ്ഞ കുറേക്കാലമായി മതവാദികളുടെ അങ്ങോട്ടും ഇങ്ങോട്ടുമുള്ള മറ്റുമുള്ള മറുപടി പ്രസംഗങ്ങൾ അല്ലാതെ, സ്വതന്ത്രചിന്തകളുടെയും ശാസ്ത്ര പ്രചാരകരുടെയും പരിപാടികൾ ഒന്നും തന്നെ മുക്കത്ത് നടക്കാറുണ്ടായിരുന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബൽ, വിബിജിയോർ-2020 എന്ന സെമിനാറുമായി എത്തുന്നത്. ഫെബ്രുവരി 9ന് ഞായറാഴ്ച മുക്കം ഇഎംഎസ് ഹാളിൽ രാവിലെ 11 മണി മുതൽ നടക്കുന്ന പരിപാടിയിൽ ജാമിദ ടീച്ചർ, ജോസ് കണ്ടത്തിൽ, ഡോ ജോസ്റ്റിൻ ഫ്രാൻസിസ്, ഡോ സുനിൽകുമാർ, ഡോ സാബുജോസ,് പ്രൊഫ: ഹമീദ് ചേന്ദമംഗല്ലൂർ, മൈത്രേയൻ, ഡോ കെ പി മോഹനൻ, സി രവിചന്ദ്രൻ എന്നിവർ പങ്കെടുക്കും. പരിപാടിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

'നിങ്ങൾ ഭരണഘടനക്കൊപ്പമോ ഖുർആന് ഒപ്പമോ' എന്ന ചോദ്യം ഉയർത്തി ജാമിദ ടീച്ചർ 'ഇഷാ അള്ളാ ഇൻക്വിലാബ്- ഇസ്ലാമിലെ സ്ത്രീ' എന്ന വിഷയം അവതരിപ്പിക്കുന്നത്.'കാലനില്ലാത്ത കാലം' എന്ന വിഷയത്തിൽ സി രവിചന്ദ്രൻ പോപ്പുലേഷൻ ബോംബിനെ കുറിച്ചാണ്് ചൂണ്ടിക്കാട്ടുന്നത്. സവർക്കറിസവും ഗോൾവാൾക്കറിസവും മൗദൂദിസവും ഖുത്തുബിസവും വിമർശനാത്മകമായി വിലയിരുത്തുകയാണ് പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ. ജനകീയ സംവാദവുമായി മൈത്രേയനും ഡോ കെ പി മോഹനനും. ഒപ്പം ജോസ് കണ്ടത്തിൽ, ഡോ ജോസ്റ്റിൻ ഫ്രാൻസിസ്, ഡോ സുനിൽകുമാർ, ഡോ സാബുജോസ് എന്നിവരും ഈ സെമിനാറിന് മാറ്റൂകൂട്ടുന്നു.

മതത്തെ എതിർക്കേണ്ടതില്ല, പൗരോഹിത്യത്തെ മാത്രം എതിർത്താൽ മതിയെന്ന് കേരളത്തിൽ നന്നായി പ്രചരിപ്പിക്കുന്ന പൊതുബോധത്തെ എതിർത്തുകൊണ്ടാണ് എസ്സൻസ് തങ്ങളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. മതവും മതാധിഷ്ഠിത യുക്തിയും തന്നെയാണ്, മനുഷ്യസമൂഹത്തെ പിറകോട്ട് അടുപ്പിക്കുന്നതെന്നും, ആധുനികതക്കും, നാഗരികതയ്ക്കും ഏറ്റവും കൂടുതൽ വിലങ്ങ് നിൽക്കുന്നതെന്നും എസ്സൻസ് പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മതം മാത്രമല്ല മതേതര അന്ധവിശ്വാസങ്ങളെയും എതിർക്കാനും എസ്സൻസ് ശ്രമിച്ചിട്ടുണ്ട്. ഹോമിയോപ്പതി, ആയുർവേദം, സിദ്ദ-യുനാനി തുടങ്ങിയ കപട വൈദ്യങ്ങൾ, യോഗ, ജൈവകൃഷി തുടങ്ങിയ വളരെ പ്രചാരം കിട്ടിയ മതേതര അന്ധവിശ്വാസങ്ങൾ എന്നിവ തൊട്ട് മാർക്സിസവും വൈരുധ്യാധിഷ്ഠിത ഭൗതികവാദവും അടക്കമുള്ള പ്രത്യയശാസ്ത്ര അന്ധവിശ്വാസങ്ങളെയും എസ്സൻസ് തുറന്നു കാട്ടാറുണ്ട്. ഇത്തരം സെഷനുകൾ ഇത്തവണത്തെ വിബ്ജിയോറിലും ഉണ്ട്.

വിബ്ജിയോർ വിഷയങ്ങൾ

'ഇൻഷാ അള്ളാ ഇൻക്വിലാബ്'- ഇസ്ലാമിലെ സ്ത്രീ

ജാമിദ ടീച്ചർ ( രാവിലെ 11 മുതൽ- 12വരെ)

'സ്ത്രീയുടെ ഖബർ ആണോ ഇസ്ലാം? ഇസ്ലാമിൽ വനിതകൾക്ക് എത്രത്തോളം സ്വാതന്ത്രമുണ്ട്. ഭരണഘടന ഉയർത്തിപ്പടിക്കുന്ന സമരങ്ങൾക്ക് പകരം ഖുർആൻ ഉയർത്തിപ്പിടിക്കുന്ന സമരങ്ങൾ എത്രത്തോളം ആശാസ്യകരമാണ്. ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന സ്ത്രീക്ക് ഇസ്ലാമിലെ ഇടം എവിടെയാണ്.....' - ജാമിദ ടീച്ചർ പരിശോധിക്കുന്നു.

സാത്താനിക്ക് ത്രോൺ ഓഫ് വത്തിക്കാൻ

ജോസ് കണ്ടത്തിൽ ( 12- 1.15)

സമാധാനത്തിലുടെയല്ല യുദ്ധത്തിലൂടെയാണ് ഓരോ മതവും വളർന്നത്. ഇന്ന് കത്തോലിക്കാസഭ ബോധപൂർവം മറച്ചുവെക്കുന്ന 18ഉം 19ഉം നുറ്റാണ്ടിലെ അതിഭീകരമായ കൊലകളടെ ചരിത്രം അനാവരണം ചെയ്യുകയാണ് ഇവിടെ. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കിയ ചരിത്രത്തിൽനിന്ന് സഭയ്ക്ക് മാറി നിൽക്കാൻ കഴിയുമോ?- ജോസ് കണ്ടത്തിൽ വിലയിരുത്തുന്നു

സയൻസ് ട്രസ്റ്റ്: ശാസ്ത്രബോധം സമൂഹത്തിൽ- പാനൽ ഡിബേറ്റ് ( ഉച്ചക്ക് 2മണി മുതൽ 3വരെ)

ഡോ ജോസ്റ്റിൻഫ്രാൻസിസ്, ഡോ സുനിൽകുമാർ, ഡോ സാബുജോസ്
കൂടത്തായിയിലെ സയനൈഡ് കൊലപാതക പരമ്പര നോക്കുക? ഈ കാലത്തും നാലു മരണങ്ങൾ പോസ്റ്റ്‌മോർട്ടംചെയ്യപ്പെട്ടിട്ടില്ല. നമ്മൾ ശാസ്ത്രം പഠിക്കുമ്പോളും എത്രമാത്രം ശാസ്ത്രബോധം ഉള്ളവർ ആണ്. നമുക്ക് സയൻസിൽ എത്രമാത്രം വിശ്വാസമുണ്ട്. വാട്‌സാപ്പ് വിജ്ഞാനകോശങ്ങളും, കേശവമാമന്മാരുംഈ സമൂഹത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്.

സീരിയൽ കില്ലേഴ്സിന്റെ മനഃശാസ്ത്രം എന്താണ്.- ഡിബേറ്റ് പരിശോധിക്കുന്നു

മതമൗലികവാദത്തിന്റെ നാനാർഥങ്ങൾ

പ്രൊഫ: ഹമീദ് ചേന്ദമംഗല്ലൂർ ( ഉച്ചക്ക് 3 മുതൽ 4വരെ)

മതതീവ്രവാദത്തിന്റെ അടിവേരുകൾ എവിടെയാണ്. എങ്ങനെയാണ് ഇന്റലക്ച്ച്വൽ ജിഹാദി ഗ്രൂപ്പുകൾ യുവാക്കളെ വഴിതെറ്റിക്കുന്നത്. സർവർക്കറിസവും ഗോൾവാൾക്കറിസവും മൗദൂദിസവും ഖുത്തുബിസവും വിമർശനാത്മകമായി ഹമീദ് ചേന്ദമംഗല്ലൂർ പരിശോധിക്കുന്നു.

ചാറ്റ് വിത്ത് മൈത്രേയൻ- ജനകീയ സംവാദം-

മൈത്രേയൻ- ഡോ കെ പി മോഹനൻ ( വൈകീട്ട് 4 മുതൽ 5 വരെ)

ഒരു ആത്മീയ ജീവിയായി തുടങ്ങി ശാസ്ത്രത്തിന്റെ സ്വതന്ത്ര ചിന്തയുടെയും മേഖലയിൽ സജീവസാന്നിധ്യമായ മൈത്രേയൻ, ഡോ കെ പി മോഹനുമായി സംവദിക്കുന്നു. ഈ സെഷനിൽ മതം, ആത്മീയത, മാർകിസിസം, സ്വതന്ത്രചിന്ത, ലിംഗനീതി, സ്വതന്ത്ര ലൈംഗിക തൊട്ടുള്ള എത് വിഷയങ്ങളിലും പ്രേക്ഷകർക്ക് മൈത്രേയനുമായി സംവദിക്കാം.

കാലനില്ലാ കാലം

സി രവിചന്ദ്രൻ- ( വൈകീട്ട് 5 മുതൽ )

'പെറ്റുപെരുകുക, പടരുക, പരമാവധി അംഗസഖ്യ' വർധിപ്പിക്കുക... എല്ലാമതങ്ങളും ഒരുപോലെ പ്രചരിപ്പിക്കുന്ന അശാസ്ത്രീയമായ ആശയങ്ങളിൽ ഒന്നാണിത്; സയൻസ് മാത്രമാണ് ഇക്കാര്യത്തിൽ നിയന്ത്രണം ആവശ്യപ്പെടുന്നത്; ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീതികളിൽ ഒന്നായ പോപ്പുലേഷൻ ബോംബിനെ ഗൗരവത്തിലെടുക്കാതെയുള്ള ന്യായവാദങ്ങളിലൂടെയുള്ള ഒരു അന്വേഷണം. തുടർന്ന് പ്രേക്ഷകർക്ക് സി രവിചന്ദ്രനുമായി വിവിധ വിഷയങ്ങളിൽ സംവദിക്കുകയും ചെയ്യാം.

എന്താണ് എസ്സൻസ്?

അത്രയൊന്നും ജനകീയമല്ലാതെ വെറും പത്തും അമ്പതും പേർ അടങ്ങുന്ന ചെറിയ വേദികളിൽ ഒതുങ്ങിയിരുന്ന, കേരളത്തിന്റെ യുക്തിവാദ പ്രവർത്തനത്തിന്റെ ഗതിമാറിയത് പ്രശസ്ത എഴുത്തുകാരനും ചിന്തകനും പരിണാമ ശാസ്ത്രജ്ഞനുമായ റിച്ചാർഡ് ഡോക്കിൻസിന്റെ 'ഗോഡ് ഡെല്യൂഷൻ' എന്ന പ്രശസ്തമായ പുസ്തകത്തിന്റെ സ്വതന്ത്ര വിവർത്തനമായ 'നാസ്തികനായ ദൈവവുമായി' സി രവിചന്ദ്രൻ രംഗത്ത് എത്തിയതോടെയായിരുന്നു. ഒമ്പതുവർഷംമുമ്പ് കോഴിക്കോട് നളന്ദ ഹോട്ടൽ ഓഡിറ്റോറിയത്തിൽ രവിചന്ദ്രന്റെ ആദ്യ പ്രഭാഷണം, യൂറോപ്യൻ രീതിയിലുള്ള നവ നാസ്തികതയിലേക്കുള്ള കേരളത്തിന്റെ ചുവടുവെപ്പായി.

മതങ്ങളെയും മതേതര പ്രത്യയശാസ്ത്രങ്ങളെയും അവയുടെ ആഭ്യന്തര വൈരുദ്ധ്യങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യുന്ന പരമ്പരാഗത യുക്തിവാദ രീതിയിൽ നിന്ന് മാറി, തീർത്തും സയൻസിന്റെ മാനദണ്ഡങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു സി രവിചന്ദ്രൻ സ്വീകരിച്ചത്. വളരെ പെട്ടെന്നുതന്നെ ഇത് ഒരു പുതിയ തരംഗമായി മാറുകയും യുവാക്കൾ അടക്കമുള്ള വലിയ സംഘം ഇതിലേക്ക് ആകൃഷ്ടരാവുകയും ചെയ്തു.
ഇതോടൊപ്പം ഡോ അഗസ്റ്റ്‌സ് മോറിസ്, വൈശാഖൻ തമ്പി, മനോജ് ബ്രൈറ്റ് തുടങ്ങിയ ഒട്ടനവധി പ്രഭാഷകരും ശാസ്ത്രപ്രചാരകരും ഈ മേഖലയിലേക്ക് കടന്നുവരികയും ചെയ്തു. നവാസ്ജാനെ, ജേക്കബ് വടക്കൻചേരി, സന്ദീപാനന്ദഗിരി, ചിദാന്ദപുരി തൊട്ട് കെ. വേണു വരെയുള്ളവരുമായുള്ള രവിചന്ദ്രന്റെ സംവാദങ്ങൾ യൂ ട്യൂബിൽ വൈറൽ ആവുകയും ചെയ്തു. ലോകത്തിന്റെ നാനാഭാഗങ്ങളിലായി ചിതറിത്തെറിച്ച് കിടക്കുന്ന ശാസ്ത്രകുതുകികളുടെ ചുവടുപിടിച്ചാണ് 2016 ഒക്ടോബർ രണ്ടാം തീയതി ലടെഋചടഋ എന്ന സംഘടന ഉദ്ഘാടനം ചെയ്യപ്പെട്ടത്.

ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. രണ്ടായിരത്തിൽപരം അംഗസംഖ്യയുള്ള 'നാസ്തികനായ ദൈവം' ഫേസ്‌ബുക്ക് സീക്രട്ട് ഗ്രൂപ്പിലാണ് ഈ എന്ന ആശയം 2016 ഓഗസ്റ്റിൽ രൂപം കൊള്ളുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്‌മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രൻ ആണ് ഈ ആശയം നിർദ്ദേശിക്കുന്നതും പ്രസ്തുത പേര് കണ്ടെത്തുന്നതും. പിന്നീടുവന്ന ലോകമെമ്പാടുമുള്ള വിവിധങ്ങളായ എസ്സെൻസ് ഗ്രൂപ്പുകളും കൂട്ടായ്മകളുമെല്ലാം 'നാസ്തികനായ ദൈവം' ഗ്രൂപ്പിന്റെ അനുബന്ധങ്ങളാണ്.

കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് കേരളത്തിലെ എസ്സെൻസ് മൂവ്‌മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും യൂണിറ്റുകളുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകൾ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു. മതം തിന്ന് ജീവിക്കുന്ന ജനസമൂഹത്തെ പ്രതിഫലേച്ഛയോടെ പ്രീണിപ്പിക്കാനോ അവരുടെ മുന്നിൽ സ്വയം മിനുക്കാനോ, ശാസ്ത്രപക്ഷപാതത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായില്ലെന്നതാണ് ഈ സംഘടനയെ വ്യത്യസ്തമാക്കുന്നത്. എസ്സെൻസ് മെംബെർഷിപ്പിന് ഫീസ് ഈടാക്കാറില്ല. താല്പര്യമുള്ളവർക്ക് എസ്സെൻസ് ഗ്ലോബൽ പേജിൽ റിക്വസ്റ്റ് അയച്ചു എസ്സെൻസിൽ ചേരാവുന്നതാണ്. ഈ കൂട്ടായ്മയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും പരിപാടികൾ അവതരിപ്പിക്കാനും താല്പര്യമുള്ളവർക്ക് എസ്സെൻസ് കണക്ട് എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.http://essenseglobal.com/office/manager/memberadd.p-hp

2016 സെപ്റ്റംമ്പർ നാലിനാണ് എസ്സെൻസ് ഫ്രീതിങ്കേഴ്‌സ് ഡയറി എന്നൊരു ഫേസ് ബുക്ക് ചാനൽ നാസ്തികനായ ദൈവം (എൻ ഡി ഗ്രൂപ്പ്) തുടങ്ങുന്നത്. തുടർന്ന് അതേപേരിൽ വെബ് മാഗസിനും ട്വിറ്റർ അക്കൗണ്ടും ഓഡിയോ ചാനലും തുടങ്ങി. 2016 ഒക്ടോബർ രണ്ടിന് ഈ നാല് സംരംഭങ്ങളും മൂവാറ്റുപുഴ വെച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. രാജ്യാന്തര പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി 2018 ജൂണിൽ esSENSE Global (TSR/TC/352/2018) എന്നൊരു ക്ലബും തൃശൂർ കേന്ദ്രമായി ഗ്രൂപ്പ് ആംരംഭിച്ചു.

തുടർന്നങ്ങോട്ട് ഏസ്സൻസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞതവണ കോഴിക്കോട് ഒക്ടോബർ 2ന് കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ലിറ്റ്മസ്-2019ൽ എണ്ണായിരത്തോളം പേരാണ് പങ്കെടുത്തത്. ആളുകളുടെ തിരക്ക് അനിനിയന്ത്രിതമായതോടെ രജിസ്ട്രേഷൻ രാവിലെ 11 മണിയോടെ നിർത്തിവെക്കയായിരുന്നു. കേരളത്തിലെ സ്വതന്ത്രചിന്തകരുടെ ഏറ്റവും വലിയ സമ്മേളനം എന്ന ഖ്യാതിയോടെയാണ് ലിറ്റ്മസ് 19ന് തിരശ്ശീല വീണത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP