Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പട്ടാളക്കാരനാകാൻ ആഗ്രഹിച്ച് ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ വി ജി സിദ്ധാർഥ പരായജയം സമ്മതിച്ചത് ജീവൻ അടിയറവെച്ച്; ജന്മനാട്ടിലേക്കുള്ള യാത്ര നേത്രാവതി പുഴയിൽ അവസാനിപ്പിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ കുടുംബവും സുഹൃത്തുക്കളും; കാറിലിരുന്നുള്ള ഫോൺ കോളുകളും ടീ ഷർട്ട് കാണാതായതും വർദ്ധിപ്പിക്കുന്നത് കോഫി രാജാവിന്റെ മരണത്തിലെ ദുരൂഹതകൾ

പട്ടാളക്കാരനാകാൻ ആഗ്രഹിച്ച് ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ വി ജി സിദ്ധാർഥ പരായജയം സമ്മതിച്ചത് ജീവൻ അടിയറവെച്ച്; ജന്മനാട്ടിലേക്കുള്ള യാത്ര നേത്രാവതി പുഴയിൽ അവസാനിപ്പിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ കുടുംബവും സുഹൃത്തുക്കളും; കാറിലിരുന്നുള്ള ഫോൺ കോളുകളും ടീ ഷർട്ട് കാണാതായതും വർദ്ധിപ്പിക്കുന്നത് കോഫി രാജാവിന്റെ മരണത്തിലെ ദുരൂഹതകൾ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പട്ടാളത്തിൽ ചേർന്ന് രാജ്യ സേവനം നടത്താൻ കുട്ടിക്കാലത്ത് ആഗ്രഹിച്ച വി ജി സിദ്ധാർഥ ജീവിതത്തിൽ തോറ്റ് പിന്മാറിയതെന്തുകൊണ്ടെന്ന് മനസ്സിലാകാതെ കുടുംബവും സൗഹൃദവലയവും. ഒറ്റമകനായതുകൊണ്ട് പൊതുവെ അന്തർമുഖനായിരുന്നെങ്കിലും സൈന്യത്തിൽ പ്രവേശനം ലഭിക്കാതെ വന്നതോടെ ബിസിനസ്സിലേക്ക് തിരിയാൻ സിദ്ധാർത്ഥ തീരുമാനിക്കുകയായിരുന്നു. ഗംഗയ്യ ഹെഗ്ഡേയുടെ ഒറ്റമകനായ സിദ്ധാർഥ തന്റെ അച്ഛന്റെ തോട്ടം നോക്കി നടത്തി ജീവിക്കാനല്ല, മറിച്ച് സ്വന്തം സാമ്രാജ്യം സ്ഥാപിക്കാനാണ് ഇറങ്ങിത്തിരിച്ചത്.

കുട്ടിക്കാലത്തെ തീരുമാനപ്രകാരം തന്റെ പതിനെട്ടാമത്തെ വയസ്സിൽ സൈന്യത്തിൽ ചേരാനുള്ള പ്രവേശന പരീക്ഷയിൽ സിദ്ധാർഥ പക്ഷേ പരാജയപ്പെട്ടു. ഇതോടെ സെന്റ് അലോഷ്യസ് കോളജിൽ ധനതത്വശാസ്ത്രം പഠിക്കാൻ ചേർന്നു. ഇതിന് ശേഷമാണ് തന്റെ അച്ഛന്റെ ആഗ്രഹത്തിന് വിരുദ്ധമായി ബിസിനസ് രംഗത്തേക്ക് തിരിയാൻ തീരുമാനിച്ചത്.

പതിവ് പോലൊരു തിങ്കളാഴ്‌ച്ച

ഇത്രയധികം പ്രതിസന്ധികളെ എല്ലാം അതിജീവിച്ച് സ്വന്തം ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ സിദ്ധാർഥ പക്ഷേ സ്വന്തം ജീവിതം അടിയറവെച്ച് പരാജയം സമ്മതിക്കുവാൻ തക്ക പ്രശ്നം എന്തായിരുന്നു എന്നാണ് ഏവരും ചോദിക്കുന്നത്. ആത്മഹത്യ ചെയ്ത ദിവസം പോലും സ്വന്തം ഭാര്യക്കും വീട്ടുകാർക്കും പോലും അസ്വാഭാവികമായി ഒന്നും തോന്നിയിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്‌ച്ച രാവിലെയും സാധാരണ പോലെയാണ് സിദ്ധാർഥ എല്ലാവരോടും പെരുമാറിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും അത് അദ്ദേഹത്തിന്റെ അവസാന യാത്രയായിരിക്കുമെന്ന് അവരാരും ചിന്തിച്ചിരുന്നില്ല.

സിദ്ധാർഥയുടെ ഭാര്യയോ മറ്റ് കുടുംബാംഗങ്ങളോ ഒന്നും അന്നേ ദിവസം അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയൊന്നും കണ്ടിരുന്നില്ല. സാധാരണ 9.30 നും 10 മണിക്കും ഇടയിൽ ഓഫീസിൽ പോയിരുന്ന സിദ്ധാർഥ അന്നേദിവസം 8 മണിക്കാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.

മരിക്കുന്നതിന്റെ തലേദിവസമായ ഞായറാഴ്ച സിദ്ധാർഥ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഭാര്യയ്ക്കും ഭാര്യ പിതാവിനും ഒപ്പമാണ് അന്നദ്ദേഹം ഉച്ചഭക്ഷണവും കഴിച്ചത്. വൈകുന്നേരത്തോടെ പുറത്ത് പോയ അദ്ദേഹം രാത്രിയോടെയാണ് തിരിച്ചെത്തിയത്. പെട്ടെന്നുള്ള ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമയതെന്തോ അന്ന് രാത്രി സംഭവിച്ചിരിക്കാമെന്നാണ് സിദ്ധാർഥയുമായി അടുപ്പമുള്ളവർ ഉറപ്പിച്ച് പറയുന്നത്.

തിങ്കളാഴ്ച എട്ട് മണിയോടെ വീട്ടിൽ നിന്നിറങ്ങിയ സിദ്ധാർഥ ഡ്രൈവറോട് ഓഫീസിലേക്ക് പോവാനാണ് പറഞ്ഞത്. പിന്നീട് 11 മണിയോടെ സകലേഷ്പുരയിലേക്ക് പോവാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാരോടും സകലേഷ്പുരയിലേക്ക് പോകുന്ന കാര്യം സിദ്ധാർഥ പറഞ്ഞിരുന്നു.

വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായിരിക്കുമ്പോഴും ശാന്ത സ്വഭാവക്കാരനും ഉൾവലിയുന്ന പ്രകൃതമുള്ളയാളുമായിരുന്നു സിദ്ധാർഥ. താരതമ്യേനെ ലളിതമായ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നതെന്ന് സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള ജനങ്ങളുമായും ഒരുപോലെ ഇടപഴകാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ആ ഫോൺകോളുകൾ യാത്രാമൊഴി ആയിരുന്നോ?

ഡ്രൈവർ ബസവരാജ് പാട്ടീൽ നൽകിയ മൊഴി പ്രകാരം തന്റെ അവസാന യാത്രയിൽ കാറിലിരുന്ന് 15-20 ഫോൺകോളുകളാണ് സിദ്ധാർഥ നടത്തിയത്. എല്ലാ കോളുകളിലും അദ്ദേഹം ആരോടൊക്കയോ ക്ഷമ ചോദിക്കുകയായിരുന്നു. ഫോണിൽ സംസാരിക്കുന്ന അദ്ദേഹത്തിന്റെ ശബ്ദം ഇടറിയിരുന്നതായി തനിക്ക് തോന്നിയിരുന്നെങ്കിലും അദ്ദേഹം ആത്മഹത്യ ചെയ്യുമെന്ന് താൻ സ്വപനത്തിൽ പോലും കരുതിയില്ലെന്നും ബസവരാജ് പാട്ടീൽ പറയുന്നു. നേത്രാവതി പാലത്തിലിറങ്ങിയശേഷവും അദ്ദേഹം പലരോടും ഫോണിൽ സംസാരിക്കുന്നുണ്ടായിരുന്നു. മുഴുവൻ കോളുകളിലും അദ്ദേഹം ആരൊടൊക്കെയോ ക്ഷമാപണം നടത്തിക്കൊണ്ടിരുന്നു. സിദ്ധാർഥയുടെ ഡ്രൈവർ മംഗളുരു പൊലീസിനു നൽകിയ മൊഴിയിലാണ് ഈ വിവരങ്ങളുള്ളത്.

വാഹനത്തിലിരുന്ന് അദ്ദേഹം പലരോടും ഫോണിൽ സംസാരിച്ചു. പല കോളുകളും അധികനേരം നീണ്ട് നിന്നിരുന്നില്ല. പാലത്തിന്റെ തുടക്കത്തിൽ വണ്ടി നിർത്താൻ ആവശ്യപ്പെട്ട അദ്ദേഹം വാഹനത്തിൽ നിന്നിറങ്ങിയ ശേഷം പാലത്തിന്റെ അങ്ങേ തലയ്ക്കൽ കാത്ത് നിൽക്കാൻ ആവശ്യപ്പെട്ടു എന്നും ഡ്രൈവർ പറയുന്നു. ഇതനുസരിച്ച് കാത്തുനിന്ന ഡ്രൈവറുടെ അടുത്തേക്ക് ഫോൺ ചെയ്ത് തന്നെയാണ് സിദ്ധാർഥ എത്തിയത്. എന്നാൽ, വീണ്ടും അവിടെ തന്നെ തുടരാൻ പറഞ്ഞ ശേഷം വീണ്ടും തിരികെ നടക്കുകയാണ് ചെയ്തതെന്നും ഡ്രൈവറുടെ മൊഴിയിൽ പറയുന്നു.

ടീ ഷർട്ടിലും ദുരൂഹത

കാണാതായ സമയം സിദ്ധാർഥ ധരിച്ചിരുന്ന ടീ ഷർട്ട് മൃതദേഹത്തിൽ കാണാഞ്ഞതും സംശയങ്ങൾക്ക് ഇടനൽകുന്നു. ഷർട്ട് അഴിച്ച ശേഷം പുഴയിൽ ചാടിയതാണെങ്കിൽ പാലത്തിൽ അതു കാണേണ്ടതാണ്. എന്നാൽ ഷർട്ട് കണ്ടെത്താനായിട്ടില്ല.വെള്ളത്തിൽ ചാടിയ ശേഷം ഷർട്ട് അഴിച്ചുമാറ്റാനുള്ള സാധ്യത വിരളമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും കാണാതായ ഫോൺ സംബന്ധിച്ച വിവരങ്ങളും ലഭിക്കേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. അതിനുശേഷമേ മരണകാരണം സംബന്ധിച്ചു പൊലീസിന്റെ സ്ഥിരീകരണമുണ്ടാവൂ.

പൂർത്തിയാകാത്ത യാത്ര ഇഷ്ടനഗരത്തിലേക്ക്

സകലേഷ് പുരയിലേക്ക് പോകുന്നു എന്നാണ് സിദ്ധാർഥ വീട്ടുകാരോട് പറഞ്ഞത്. ഡ്രൈവറോടും സകലേഷ് പുരയിലേക്ക് പോകാനാണ് നിർദ്ദേശിച്ചത്. അതിനിടയിലാണ് നേത്രാവതി പാലത്തിൽ അദ്ദേഹം തന്റെ യാത്ര അവസാനിപ്പിച്ചത്. സിദ്ധാർഥക്ക ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് സകലേഷ് പുര. അദ്ദേഹത്തിന്റെ ജന്മനാട് കൂടിയാണ് സകലേഷ്പുര. അദ്ദേഹത്തിന്റെ അച്ഛന്റെ കാപ്പി എസ്റ്റേറ്റും സകലേഷ് പുരയിലെ ചേതനഹള്ളിയിലാണ്. 95കാരനായ അദ്ദേഹത്തിന്റെ പിതാവ് ഇപ്പോൾ മൈസൂറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP